ചിത്രശലഭങ്ങളോട് സാദൃശ്യമുള്ള വീട്, അറിഞ്ഞിരിക്കാം ഗ്രീസിൽ സ്ഥിതിചെയ്യുന്ന സുന്ദര ഭവനത്തിന്‍റെ അറിയാകഥകൾ.

സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായി ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? എന്നാൽ തീർത്തും വ്യത്യസ്തമായി നിർമ്മിച്ച അത്തരമൊരു വീടിന്റെ കഥയാണ് ഇവിടെ പറയുന്നത്.

കാഴ്ചയിൽ ആരുടെയും മനം കവരുന്ന ഈ ഒരു വീട് കണ്ടാൽ ഒരു ചിത്രശലഭം ഇരിക്കുകയാണെന്നേ തോന്നുകയുള്ളൂ.

കെട്ടിലും മട്ടിലും സാധാരണ വീടുകളെ വെല്ലുന്ന രീതിയിൽ നിർമ്മിച്ച ഈ വീട് മറ്റുള്ളവർക്കു മുന്നിൽ ഒരുക്കുന്നത് ഒരു അത്ഭുത ലോകം തന്നെയാണ്.

വൗലിയാഗ്മെനി നദിയോട് ചേർന്ന തീരപ്രദേശത്താണ് ഇത്തരത്തിലുള്ള ഒരു വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ സവിശേഷതകൾ വാക്കുകൾ കൊണ്ട് വർണിക്കുന്നതിലും ഒരു പടി മുകളിലാണ്.

മറ്റ് വീടുകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്ന കാര്യങ്ങള്‍

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി ഒരു ഓപ്പൺ ലിവിങ് ഏരിയ, 5 കിടപ്പുമുറികൾ, സ്വകാര്യ ബേസ്മെന്റ്, വീടിനകത്ത് സജ്ജീകരിച്ച സ്വിമ്മിംഗ് പൂൾ, 4 കുളിമുറികൾ എന്നിവയെല്ലാം കാഴ്ചക്കാരുടെ മനസ്സ് കുളിർപ്പിക്കുന്ന കാഴ്ചകൾ തന്നെയാണ്.

പേരിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒരു ചിത്രശലഭം ചിറകുകൾ വിരിച്ചു നിൽക്കുന്ന രീതിയിൽ വീടിന്റെ സീലിംഗ് നിർമിച്ചിട്ടുണ്ട്.

5 മുറികൾ ഉൾപ്പെടുന്ന വീടിന്റെ ആകെ വിസ്തീർണ്ണം 5381 ചതുരശ്ര അടിയാണ്.

ഭിത്തികളിൽ നിന്നും മാറി നിൽക്കുന്ന രീതിയിൽ സ്ഥിതി ചെയ്യുന്ന വീട് ഓപ്പൺ ഫ്ലോർ ഡിസൈനിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നു.

പ്രകൃതിയോടിണക്കുന്ന കാര്യങ്ങൾ

ഒരു യഥാർത്ഥ തടാകത്തിന്റെ അതേ പ്രതീതി ഉളവാക്കുന്നതിനു വേണ്ടി താഴത്തെ നിലയിലായി ഒരു കൃത്രിമ തടാകം സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. താഴെ രണ്ട് കിടപ്പുമുറികൾ, മുകളിൽ മൂന്ന് എന്ന രീതിയിലാണ് നൽകിയിട്ടുള്ളത്.

അതോടൊപ്പം തന്നെ ഒരു ഹോം തിയേറ്റർ കൂടി താഴത്തെ നിലയിൽ സജ്ജീകരിച്ച് നൽകിയിരിക്കുന്നു.

ഇത്രയും വലിയ വീടിനകത്തേക്ക് സഞ്ചരിക്കാൻ എലിവേറ്റർ വേണ്ടേ എന്ന് സംശയിക്കുന്നവർക്ക് അതിനുള്ള ഉത്തരവും വീട്ടിനകത്ത് തന്നെയുണ്ട്. വീടിന്റെ ഓരോ ഭാഗങ്ങളിലും എത്തിച്ചേരുന്നതിന് അനുസൃതമായ രീതിയിൽ എലിവേറ്ററുകൾ നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകൾ നിറയ്ക്കുന്ന ചിത്രശലഭ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ വില കേട്ട് ഞെട്ടേണ്ട.53 കോടി രൂപയാണ് ഈ ഒരു ആഡംബര ഭവനത്തിന് വില. എന്നാൽ മറ്റുള്ള വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായി ശാന്തമായ നദിയോട് ചേർന്നുള്ള ഒരു വീട് ആഗ്രഹിക്കുന്നവർക്ക് ചിത്രശലഭ വീട്ടിലേക്ക് പറന്നെത്താം.