മരത്തിന് പകരക്കാരനായി ഉപയോഗപ്പെടുത്താം, എന്നാൽ മരം തന്നെയാണ്.

പലർക്കും വീട് നിർമ്മാണത്തിൽ മരം തന്നെ ഉപയോഗിക്കാനാണ് കൂടുതൽ പ്രിയം. പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ നിർമ്മാണ പ്രവർത്തികൾക്കായി തിരഞ്ഞെടുത്തിരുന്നത് മരങ്ങളാണ്.

വീടിന്റെ, കട്ടിള ജനാലകൾ എന്ന് മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ ചെയറുകൾ, ഡൈനിങ് ടേബിൾ, കട്ടിൽ എന്നിങ്ങനെ ആവശ്യമായ സാധനങ്ങളെല്ലാം നിർമ്മിച്ചെടുക്കുന്നത് മരത്തിൽ തന്നെയാണ്.

ഇതിനുള്ള ഒരു പ്രധാന കാരണം വീടുപണിക്ക് ആവശ്യമായ മരങ്ങൾ എല്ലാം തൊടിയിൽ തന്നെ ഉണ്ടായിരുന്നു എന്നതാണ്.

എന്നാൽ ഇന്ന് കാലം മാറി പലരും ഫ്ലാറ്റ് ജീവിതങ്ങളിലേക്കും, വളരെ കുറച്ചു സ്ഥലം മാത്രം വിലയ്ക്ക് വാങ്ങി വീട് വയ്ക്കുന്ന രീതിയിലേക്കും മാറിക്കഴിഞ്ഞു.

അത്തരം സാഹചര്യങ്ങളിൽ മരത്തിന് പകരമായി ഉപയോഗപ്പെടുത്താവുന്ന എന്നാൽ മരത്തിന്റെ ഗുണങ്ങൾ ലഭിക്കുന്ന എന്ത് മെറ്റീരിയൽ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും.

മരത്തിന് ബദലായി ഉപയോഗപ്പെടുത്താവുന്ന ചില മാർഗ്ഗങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

മരത്തിന് ബദലായി

സാധാരണ മരം മുറിച്ച ശേഷം അവ ചെറിയ കഷ്ണങ്ങൾ ആക്കി മാറ്റുകയും തുടർന്ന് സീസണിങ്‌,കെമിക്കൽ പ്രോസസ് ചെയ്ത് ആവശ്യമുള്ള രീതിയിലേക്ക് മാറ്റി എടുക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ അതിന് പകരമായി മരത്തിന്റെ വെനീർ ഉപയോഗിച്ചു കൊണ്ട് വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ നിർമ്മിച്ച് എടുക്കാവുന്നതാണ്.

പലർക്കും ഇത്തരം ഒരു രീതിയെ പറ്റി അറിയാമെങ്കിലും അവയുടെ കൃത്യമായ ഉപയോഗത്തെ പറ്റി അത്ര ധാരണ ഉണ്ടായിരിക്കുകയില്ല. അതേസമയം മരത്തിന് ബദലായി ഉപയോഗപ്പെടുത്താവുന്ന റോസ് വുഡ്, പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചും ഇവ നിർമിച്ച് എടുക്കാവുന്നതാണ്.ഇവ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്. പലപ്പോഴും അവയുടെ വില കൂടുതലും, ക്വാളിറ്റി സംബന്ധിച്ച സംശയങ്ങളുമാണ് ആളുകളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങൾ.

മരത്തിന്റെ വെനീർ ഉപയോഗിക്കുമ്പോൾ

മരത്തിനെ മുറിച്ച് അതിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നവയാണ് വെനീർ. സാധാരണയായി വീടിന്റെ ഷെൽഫുകൾ ഫർണിച്ചറുകൾ എന്നിവ നിർമ്മിക്കുന്നതിന് തേക്ക് പോലുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. അതേസമയം ഇവ വ്യത്യസ്ത അളവുകളിൽ കട്ട് ചെയ്തു ഫിക്സ് ചെയ്ത് വരുമ്പോഴേക്കും വളരെ വലിയ രീതിയിലുള്ള ചിലവാണ് വരുന്നത്.

അത്തരം സന്ദർഭങ്ങളിൽ അതിനുള്ള ഒരു ബദൽ മാർഗം എന്ന രീതിയിൽ ഉപയോഗപ്പെടുത്താവുന്നവയാണ് വെനീർ.മരത്തിന്റെ ഏറ്റവും ഉള്ളിലെ ലെയർ ഉപയോഗിച്ചു കൊണ്ടാണ് വെനീർ ഉപയോഗപ്പെടുത്തുന്നത്. അതേസമയം ആ മരത്തിന്റെ എല്ലാ ക്വാളിറ്റിയും ഉള്ള ഒരു പാർട്ടായി ഇതിനെ കണക്കാക്കുകയും ചെയ്യാം. തേക്കിനെ തന്നെ 1 അല്ലെങ്കിൽ 1.5mm
കട്ടിയിൽ ഒരു പ്രത്യേക രീതിയിൽ കട്ട് ചെയ്ത് എടുത്താണ് വെനീർ നിർമ്മിക്കുന്നത്.

വെനീർ നിർമ്മിച്ചെടുക്കുന്ന രീതി

ചില പ്രത്യേക പ്രോസസുകൾ വഴിയാണ് വെനീർ നിർമ്മിച്ചെടുക്കുന്നത്. സാധാരണ ഉണ്ടാകുന്ന ഉരുളൻ തേക്കു തടി ഒരു പ്രത്യേക മെഷീനിലേക്ക് കയറ്റുന്നു. തുടർന്ന് പ്രത്യേക ബ്ലേഡ് ഉപയോഗിച്ച് മരം കനം കുറച്ച ലെയറുകൾ ആക്കി കട്ട് ചെയ്ത് എടുക്കുന്നു. വളരെയധികം സ്കിൽഡ് ആയ ലേബർമാരെ ഉപയോഗി ച്ചുകൊണ്ടാണ് മരം കട്ട് ചെയ്ത് എടുപ്പിക്കുന്നത്. അളവിൽ വരുന്ന വ്യത്യാസങ്ങൾ പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധ നൽകിയാണ് കട്ട് ചെയ്ത് എടുക്കേണ്ടത്.

തുടർന്ന് കട്ട് ചെയ്ത് എടുക്കുന്ന മെറ്റീരിയൽ 4mm അല്ലെങ്കിൽ 6mm പ്ലൈവുഡിന് മുകളിൽ ഒട്ടിച്ച് നൽകുന്നു. അതായത് ഇത്തരം ബോർഡുകൾ ഉപയോഗിച്ച് ഷെൽഫുകൾ, വാർഡ്രോബ്കൾ എന്നിവ നൽകുമ്പോൾ ഒരു തേക്കിൻ തടിയിൽ നിർമ്മിച്ചെടുത്ത അതേ ഫിനിഷിംഗ് ലഭിക്കുന്നു. ഇവയിൽ തന്നെ ഏറ്റവും എടുത്തുപറയേണ്ട ഒരു ഗുണം ഓൾറെഡി സീസൺ ചെയ്താണ് വെനീർ നിർമ്മിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ വലിഞ്ഞു പോകാനോ മറ്റോ ഉള്ള സാധ്യത ഇല്ല. കൂടാതെ കൂടുതൽ ഭംഗി നിലനിർത്തുന്നതിനായി പോളിഷിംഗ് ചെയ്തും ഉപയോഗിക്കാൻ സാധിക്കും. മറ്റ് മെറ്റീരിയലുകൾ ഉപയോഗിക്കാൻ താല്പര്യമുള്ളവർക്ക് റോസ് വുഡ് മെറ്റീരിയൽ ഉപയോഗിച്ചും വെനീർ എടുക്കാൻ സാധിക്കും. അതിനുശേഷം നേരത്തെ ചെയ്തതുപോലെ പ്ലൈവുഡിൽ ഒട്ടിച്ച് ഉപയോഗപ്പെടുത്താൻ സാധിക്കും. ഇതിനായി ഉപയോഗിക്കുന്ന മറ്റ് മാർഗങ്ങളാണ് കോൾഡ് ആൻഡ് ഹോട്ട് പ്രസ് രീതികൾ.

ഗുണങ്ങൾ

  • ഒരു മരത്തിൽ തീർതെടുത്ത അതെ ഫിനിഷിംഗ് ഫർണ്ണിച്ചറുകൾക്ക് ലഭിക്കുന്നു.
  • കൃത്യമായ ഇടവേളകളിൽ പോളിഷ്,റി പോളിഷ് ചെയ്ത് നൽകാൻ സാധിക്കും.
  • വളരെയധികം ചിലവ് കുറവാണ്.
  • വ്യത്യസ്ത ഡിസൈനുകളിൽ ചെയ്തെടുക്കാം
  • കൂടുതൽ ഫിനിഷിംഗ് ലഭിക്കുന്നു.
  • കൂടുതൽ കാലം ഈടു നിൽക്കും.
  • സീസനിംഗ് ചെയ്തു വരുന്ന മരങ്ങൾ ആയതുകൊണ്ട് പിന്നീട് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല.

വീട്ടിൽ ഉപയോഗിക്കുന്ന ഫർണ്ണിച്ചറുകൾക്ക് ഒരു മരത്തിന്റെ പൂർണ ഭംഗി നൽകുകയും അതേ സമയം ചിലവ് കുറച്ചും ഉപയോഗിക്കാവുന്ന ഒരു പകരക്കരനായ മെറ്റീരിയലാണ് വെനീർ.