ഫർണിച്ചർ വാങ്ങുമ്പോൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ഇവ ഒന്ന് അറിഞ്ഞിരിക്കാം.

ഇന്റീരിയറിനു മോടി കൂട്ടാൻ ലെതറിന്റെ പ്രൗഢി ഒന്നു വേറെ തന്നെ. ഈടും മികവും സൗന്ദര്യവുമാണ് ലെതറിനെ സ്വീകാര്യമാക്കിയത്. അതുകൊണ്ടുതന്നെ വില അല്‍പം ഏറിയാലും ഗുണനേന്മ ഒട്ടും കുറയാതെ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

ചുരുങ്ങിയ വിലയ്ക്ക് ലെതര്‍ എന്ന പരസ്യ വാചകം കണ്ടാല്‍ ഉറപ്പിക്കുക, അതിൽ എന്തോ കള്ളമുണ്ടെന്ന്. കാരണം യഥാര്‍ഥ ലെതര്‍ വാങ്ങാൻ അല്‍പം പണം മുടക്കിയേ തീരൂ , അതിന്റെ മെച്ചവുമുണ്ട് ആ ലെതറിന് ഉണ്ടാകും. പലപ്പോഴും ലെതര്‍ എന്ന പേരില്‍ വിപണിയിലെത്തുന്നത് ഒറിജിനലാകാറില്ല. യഥാര്‍ഥ ലെതർ തിരിച്ചറിയാന്‍ ഇതാ ചില എളുപ്പ വഴികൾ.

ഒറിജിനൽ ലെതറിനെ അറിയാം

  • യഥാര്‍ഥ ലെതറിനു പുറത്തു കുറച്ചു വെള്ളം ഒഴിച്ചാൽ അതു സാവധാനം ഉള്ളിലേക്ക് ഇറങ്ങി പോവും. എന്നാല്‍ വ്യാജ ലെതറിന് പുറത്തു വെള്ളമൊഴിച്ചാൽ ഇങ്ങനെ സംഭവിക്കില്ല. ചില നിറവ്യതാസങ്ങള്‍ രൂപപ്പെടുകയും ചെയ്യും.
  • പൂർണമായും മൃഗങ്ങളുടെ തൊലി കൊണ്ട് നിര്‍മിക്കുന്നതാണ് ലെതര്‍. അതിന്റെ എല്ലാ സംസ്കരണ പ്രക്രിയകൾക്കു ശേഷവും വരകളും കുറികളും അവശേഷിക്കും. എന്നാല്‍ വ്യാജ ലെതറിന് പുറത്തുള്ള വരകളും കുറികളും കൃത്രിമമായി ഉ ണ്ടാക്കിയതാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും.
  • വ്യാജ ലെതറിന് പ്ലാസ്റ്റിക്കിന്റെ പോലുള്ള മണമായിരിക്കും. യഥാര്‍ഥ ലെതറിന്റെ മണം അങ്ങിനെയല്ല.
  • ശരിക്കുള്ള ലെതര്‍ അനായാസം വലിയുകയും നീളുകയും ചെയ്യും. അതുകൊണ്ടുതന്നെ അതു മടക്കുന്ന സമയത്തോ ചുരുട്ടുന്ന സമയത്തോ ചെറിയ നിറവ്യത്യാസങ്ങളേ ഉണ്ടാകൂ. എന്നാല്‍ ‘വ്യാജന്’ ഈ ശേഷി ഉണ്ടാകില്ല. അനായാസം മടക്കാനോ ചുരുട്ടാനോ സാധിക്കില്ലെന്ന് മാത്രമല്ല, ആ നിമിഷം തന്നെ പൊട്ടിപോകാനും സാധ്യതയുണ്ട്.
  • ദേഹത്ത് നുള്ളുകയോ പിച്ചുകയോ ചെയ്താല്‍ കുറച്ചു നേരത്തേക്ക് അവിടെ ചുളിവോ പാടോ ഉണ്ടാകാറില്ലേ. അതുപോലെയാണ് യഥാര്‍ഥ ലെതറും. അതിൽ പിച്ചുകയോ അമര്‍ത്തുകയോ ചെയ്താൽ ആ പാട് കുറച്ചു നേരത്തേക്ക് നില നിൽക്കും. എന്നാൽ ഡ്യൂപ്ലിക്കേറ്റ് ലെതര്‍ ചുളിയുകയോ മടങ്ങുകയോ ചെയ്യാത്ത രീതിയിലാണ് നിര്‍മിക്കുന്നത്.
  • ലെതര്‍ ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ആവശ്യമെങ്കില്‍ തിരിച്ചു നല്‍കുകയും ചെയ്യും. അതിനാല്‍ ഈര്‍പ്പവും തണുപ്പും ഒരു പോലെയുള്ളതാണ് ലെതർ ഇരിപ്പിടം. മറ്റു മെറ്റീരിയലുകൾ കൊണ്ടുണ്ടാക്കിയ സോഫയിലും സെറ്റിയിലും ഈ സുഖം ലഭിക്കില്ല. ഫാബ്രിക്ക് സോഫയെക്കാള്‍ നാലിരട്ടി ആയുർദൈര്‍ഘ്യം നന്നായി മെയിന്റെയ്ൻ ചെയ്യുന്ന ലെതർ സോഫയ്ക്കുണ്ട്. യഥാര്‍ഥ ലെതറിന്റെ നിറം മങ്ങിപോകില്ല.
  • ആരോഗ്യത്തിന് ഏറ്റവും അനുകൂലമായ വസ്തുവാണ് ലെതര്‍. പ്രകൃതി നിര്‍മിതമല്ലാത്ത മെറ്റീരിയല്‍ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ലെതർ ഉപയോഗിച്ചാൽ ഉണ്ടാകില്ല.

ലെതറിന് കരുതൽ

  • ആഴ്ചയിലൊരിക്കൽ ലെതൽ ഉൽപന്നങ്ങൾ വൃത്തിയാക്കണം. ഒന്നു ബ്രഷ് ചെയ്തു വിട്ടശേഷം വെള്ളത്തി ൽ മുക്കി പിഴിഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. സോപ്പോ, ഷാംപൂവോ വൃത്തിയാക്കാൻ ഉപയോഗിക്കരുത്.
  • ലെതർ ഫർണിച്ചറിലും മറ്റും കറ പറ്റാതെ സൂക്ഷിക്കണം. എന്തെങ്കിലും കറ വീണാൽ കോൺഫ്ലോറോ ബേബി പൗഡറോ ആ ഭാഗത്തിട്ട ശേഷം തുണി കൊണ്ടു തൂത്തു കളയുകയേ ആകാവൂ.

content courtesy : fb group