വീടുപണിക്ക് കമ്പി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ നൽകിയില്ലെങ്കിൽ അത് മുഴുവൻ പണിക്കും പാരയായി മാറും.

വീട് നിർമ്മാണത്തിന് ആവശ്യമായ മെറ്റീരിയൽ വീട്ടുടമ തന്നെ പർച്ചേസ് ചെയ്ത് ലേബർ കോൺട്രാക്ട് ആണ് നൽകുന്നത് എങ്കിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പലപ്പോഴും വീട്ടുടമ നേരിട്ട് പോയി സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം മെറ്റീരിയലിന്റെ ക്വാളിറ്റി ചെക്ക് ചെയ്ത് വാങ്ങാൻ അറിയില്ല എന്നതാണ്. ക്വാളിറ്റി ഇല്ലാത്ത മെറ്റീരിയലുകൾ വാങ്ങി വീട് പണി പൂർത്തിയാക്കി കഴിഞ്ഞാൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരും.

പരസ്യങ്ങളിലും മറ്റും കാണുന്ന മെറ്റീരിയലുകൾ കടയിൽ പോയി വാങ്ങി കുറച്ചുകാലത്തെ ഉപയോഗം കൊണ്ട് തന്നെ അവ നശിച്ചു പോകുന്ന അവസ്ഥ വരാറുണ്ട്. പ്രത്യേകിച്ച് ഒരു വീട് നിർമ്മാണത്തിൽ വളരെയധികം പങ്കു വഹിക്കുന്ന ഒന്നാണ് കമ്പികൾ.

ബിൽഡർമാർ, എഞ്ചിനീയർമാർ എന്നിവർക്ക് കെട്ടിട നിർമാണത്തിന് ആവശ്യമായ കമ്പിയുടെ ക്വാളിറ്റി നോക്കി തിരഞ്ഞെടുക്കാൻ അറിയും.

അതേസമയം സാധാരണക്കാരായ ആളുകൾക്ക് സ്റ്റീൽ ക്വാളിറ്റി ചെക്ക് ചെയ്യേണ്ടത് എങ്ങിനെയാണ് എന്ന് കൃത്യമായി അറിവുണ്ടാകില്ല. അതുകൊണ്ടുതന്നെ പറ്റുന്ന അബദ്ധങ്ങളും കൂടുതലാണ്. എങ്ങിനെയാണ് നല്ല ക്വാളിറ്റിയുള്ള സ്റ്റീൽ കമ്പി വീട് നിർമാണത്തിനായി തിരഞ്ഞെടുക്കാൻ സാധിക്കുക എന്ന് മനസ്സിലാക്കാം.

കമ്പി തിരഞ്ഞെടുക്കുമ്പോൾ

കമ്പിയുടെ ക്വാളിറ്റി നിശ്ചയിക്കുന്നതിൽ കമ്പനിയുടെ പേര്, ഗ്രേഡ്, ISI മാർക്ക് എന്നിവയ്ക്ക് വളരെയധികം പങ്കുണ്ട്.

പ്രധാനമായും ഷോപ്പുകളിൽ നേരിട്ട് പോയോ അതല്ല എങ്കിൽ സ്റ്റീൽ യാഡ്കളിൽ പോയോ ആണ് വീട് നിർമ്മാണത്തിന് ആവശ്യമായ കമ്പി വാങ്ങേണ്ടി വരിക.

യാതൊരുവിധ അറിവുമില്ലാതെ കമ്പി വാങ്ങുന്നതിന് പകരം ഏത് ഗ്രേഡിലുള്ള കമ്പി ആണ് വാങ്ങേണ്ടി വരിക എന്ന് ഒരു എൻജിനീയറുടെ അല്ലെങ്കിൽ കോൺട്രാക്ടറുടെ സഹായത്തോടെ ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.

കമ്പി പരിശോധിക്കുമ്പോൾ എൻജിനീയർ നിർദ്ദേശിച്ച അതെ ഗ്രേഡിൽ ഉള്ള കമ്പിയാണോ കടയിൽ ഉള്ളത് എന്ന കാര്യം ശ്രദ്ധിക്കുക.

കമ്പിയുടെ വ്യാസം / ഡയ മീറ്റർ നോക്കേണ്ട രീതി

വ്യത്യസ്ത ഡയ മീറ്ററിൽ വരുന്ന സ്റ്റീൽ കമ്പികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

എന്നാൽ ഇവിടെ ക്വാളിറ്റി ചെക്ക് ചെയ്യാനായി നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് 16mm കമ്പി ആണ് എങ്കിൽ ആ കമ്പിയുടെ മുഴുവൻ നീളവും ഒരേ കേജ് തന്നെയാണ് നൽകിയിട്ടുള്ളത് എന്ന കാര്യം ഉറപ്പു വരുത്തുക. കമ്പിയുടെ തിക്നെസ്സ് പരിശോധിക്കുകയാണെങ്കിൽ 10mm,12mm,16mm,20mm, 25mm,32mm,40mm,50 mm എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

ഒരു കമ്പിയുടെ നീളം 12 മീറ്റർ ആണ്. അതുകൊണ്ടുതന്നെ അതേ തിക്ക്നെസ് തന്നെയാണോ കമ്പിയുടെ മുഴുവൻ ഭാഗത്തും നൽകിട്ടുള്ളത് എന്ന് പരിശോധിക്കണം. ഇതിനായി ഉപയോഗപ്പെടുത്തുന്ന ഉപകരണമാണ് ‘വേർനിയർ കാലിപ്പർ ‘.

ഇപ്പോഴത്തെ നിയമം അനുസരിച്ച് സ്റ്റീൽ വിൽക്കുന്ന എല്ലാ കടകളിലും നിർബന്ധമായും ഈ ഒരു ഉപകരണം ഉണ്ടായിരിക്കണം. ഈ ഒരു ഉപകരണം വെച്ച് ഒരു കമ്പിയുടെ എല്ലാ ഭാഗത്തും നൽകിയിട്ടുള്ള ഡയ മീറ്റർ കൃത്യമാണോ എന്ന് പരിശോധിച്ച് മനസ്സിലാക്കാൻ സാധിക്കും.

പലപ്പോഴും നിസ്സാരമായി തോന്നുന്ന ഒരു കാര്യമാണ് ഇതെങ്കിലും, നല്ല ക്വാളിറ്റിയിൽ കമ്പികൾ നിർമ്മിച്ച് നൽകുന്ന കമ്പനികൾ മാത്രമാണ് കമ്പിയുടെ ഡയ മീറ്റർ കൃത്യമായി പാലിച്ച് കമ്പി നിർമ്മിക്കുമെന്നുള്ളു.

ഒരു സ്റ്റീൽ റോഡിന്റെ വെയിറ്റ്

സാധാരണയായി വിപണിയിൽ ഒരു സ്റ്റീൽ റോഡ് വരുന്നത് 12 മീറ്റർ ലെങ്ത്തിൽ ആണ്. ഇത്തരത്തിലുള്ള ഒരു കമ്പിയെ വ്യത്യസ്ത വലിപ്പത്തിൽ മുറിച്ച് തൂക്കി നോക്കുമ്പോൾ എത്ര വെയിറ്റ് ആണ് ഉണ്ടാകേണ്ടത് എന്ന് BIS സ്റ്റാൻഡേർഡിൽ പറയുന്നുണ്ട്.

ഇത് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടൊന്നുമില്ല. കാൽക്കുലേറ്റർ ഉപയോഗിച്ച് നോക്കാവുന്നതേയുള്ളൂ.

അതല്ല എങ്കിൽ ഒരു ഫോർമുല ഉപയോഗപ്പെടുത്തിയും കമ്പിയുടെ വെയിറ്റ് കണ്ടെത്താൻ സാധിക്കും.

അതായത് ഡയമീറ്റർ സ്ക്വയർ ചെയ്ത് അതിനെ 162 കൊണ്ട് ഹരിച്ചാൽ മതി.

12 mm തിക്ക്നെസ് ഉള്ള കമ്പിയുടെ വെയിറ്റ് കണ്ടെത്താൻ 20*20/162 എന്ന രീതിയാണ് ഉപയോഗപ്പെടുത്തേണ്ടത്. അങ്ങനെ ചെയ്യുന്നത് വഴി ആ റോഡിന്റെ മുഴുവൻ വെയിറ്റ് അറിയാൻ സാധിക്കും.

തുരുമ്പ് പിടിച്ച കമ്പി തിരിച്ചറിയാം

കമ്പി തുരുമ്പിച്ചതാണോ എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കും. പലപ്പോഴും കമ്പിയുടെ മുകളിൽ കളർ വ്യത്യാസം കാണാൻ സാധിക്കുന്നതാണ്.

എന്നാൽ ഇത് അത്ര വലിയ പ്രശ്നമല്ല എന്ന് കരുതി വീട് നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞാൽ പിന്നീട് പല പ്രശ്നങ്ങളും നേരിടേണ്ടി വരും.

അതുകൊണ്ടുതന്നെ തുരുമ്പ് ഉള്ള കമ്പി ഉപയോഗിച്ച് ഒരു കാരണവശാലും വീടുപണി നടത്താതെ ഇരിക്കുന്നതാണ് നല്ലത്.

കമ്പിയുടെ മുകളിൽ കൂടുതൽ തരികൾ കാണുകയാണെങ്കിൽ അത് ക്വാളിറ്റി ഇല്ലാത്ത കമ്പി ആണ് എന്ന് മനസ്സിലാക്കാം.ഇത്തരത്തിലുള്ള കമ്പികളും തിരഞ്ഞെടുക്കരുത്.

സാധാരണയായി കോൺക്രീറ്റ്, സ്റ്റീൽ എന്നിവ തമ്മിൽ നല്ല ബലം ലഭിക്കുന്നതിനായി കമ്പിയുടെ മുകളിൽ ഒരു പ്രത്യേക ഡിസൈൻ നൽകുന്നുണ്ട്.

അതിന് ഉറപ്പുണ്ടോ എന്ന കാര്യം കൃത്യമായി ചെക്ക് ചെയ്യണം.

കമ്പി സൈറ്റിൽ കൊണ്ടു വന്ന് ബെൻഡ് ചെയ്യുമ്പോൾ ക്രാക്കുകൾ കാണുന്നുണ്ടെങ്കിൽ അത് ക്വാളിറ്റി ഇല്ലാത്ത കമ്പി ആണ് എന്ന് മനസ്സിലാക്കാം.

കമ്പി വാങ്ങാനായി ഷോപ്പ് തിരഞ്ഞെടുക്കുമ്പോൾ

വീട് നിർമ്മാണത്തിന് കമ്പി തെരഞ്ഞെടുക്കുന്നതിനായി ഒരു ഷോപ്പിൽ പോകുമ്പോൾ വെള്ളം തട്ടുന്ന രീതിയിൽ നിലത്താണ് കമ്പി കിടക്കുന്നത് എങ്കിൽ അവിടെ നിന്നും കമ്പി വാങ്ങാതെ ഇരിക്കുന്നതാണ് നല്ലത്.

നല്ല ഒരു ഷോപ്പിലാണ് കമ്പി ഉള്ളത് എങ്കിൽ മിനിമം നാല് ഇഞ്ച് ഉയരത്തിൽ വെള്ളം നനയാത്ത രീതിയിലാണ് കമ്പി വച്ചിട്ടു ണ്ടാവുക.

ഷോപ്പിൽ നിന്നും കമ്പി പർച്ചേസ് ചെയ്തു സൂക്ഷിക്കാനായി കൊണ്ടു വരുമ്പോഴും ഇതേ രീതിയിൽ തന്നെ വേണം കമ്പി സ്റ്റോർ ചെയ്യാൻ.

വീട് നിർമ്മാണത്തിനായി കമ്പി തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ പിന്നീട് പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല. വ്യത്യസ്ത ബ്രാൻഡുകളുടെ കമ്പികൾ ഇത്തരത്തിൽ ക്വാളിറ്റി ചെക്ക് ചെയ്ത നോക്കിയശേഷം വീട് നിർമാണത്തിനായി തിരഞ്ഞെടുക്കാം.