റെഡിമെയ്ഡ് ബോർഡും ഭിത്തി നിർമ്മാണവും.കുറഞ്ഞ സമയത്തിനുള്ളിൽ ആഗ്രഹിച്ച രീതിയിൽ വീട് നിർമ്മാണം പൂർത്തീകരിക്കപെടണമെന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ?
അതും കുറഞ്ഞ ചിലവിൽ സ്വപ്ന ഭവനം നിർമ്മിക്കാൻ സാധിക്കുമെങ്കിൽ അതിനുള്ള വഴികൾ അന്വേഷിക്കുന്നവരായിരിക്കും മിക്ക ആളുകളും. വീട് നിർമ്മാണത്തിൽ വളരെയധികം ചിലവേറിയ ഒരു ഘട്ടമാണ് ഭിത്തി നിർമ്മാണവും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും.
ഭിത്തിക്ക് അനുയോജ്യമായ രീതിയിൽ പെയിന്റ്, പുട്ടി എന്നിവ തിരഞ്ഞെടുക്കാനും ചോർച്ചയിൽ നിന്നും സുരക്ഷ ഉറപ്പു വരുത്താനുമുള്ള പോംവഴികൾ അന്വേഷിക്കുന്നതിനിടയിൽ പലരും അറിയാതെ പോകുന്ന ഭിത്തി നിർമ്മാണ രീതിയാണ് റെഡിമെയ്ഡ് ബോർഡുകൾ.
ഇന്ന് നമ്മുടെ നാട്ടിൽ ഇവക്ക് വളരെയധികം പ്രചാരം ലഭിച്ചു തുടങ്ങിയെങ്കിലും ഇപ്പോഴും അവ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകാൻ സാധ്യതയുള്ള ഗുണ ദോഷങ്ങളെ പറ്റി പലർക്കും ഒരു കൃത്യമായ ധാരണയില്ല.
റെഡിമെയ്ഡ് ബോർഡുകൾ ഭിത്തി നിർമ്മാണത്തിനായി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
റെഡിമെയ്ഡ് ബോർഡും ഭിത്തി നിർമ്മാണവും ചില വസ്തുതകൾ.
സിമന്റും,മണലും, കട്ടയും ഉൾപ്പെടുന്ന വീട് നിർമ്മാണ സാമഗ്രികൾക്ക് ദിനംപ്രതി വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് റെഡിമെയ്ഡ് ബോർഡ് ഉപയോഗപ്പെടുത്തിയുള്ള ഭിത്തി നിർമ്മാണ രീതിക്ക് പ്രാധാന്യമേറുന്നത്.
റെഡിമെയ്ഡ് ആയി ഫാക്ടറകളിൽ നിർമ്മിക്കുന്ന ബോർഡുകൾ സൈറ്റുകളിൽ കൊണ്ടു വന്ന് ഫിക്സ് ചെയ്ത് നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.
ഇത്തരത്തിൽ നിർമ്മിക്കുന്ന ബോർഡുകൾക്ക് ഈടും ഉറപ്പും ലഭിക്കില്ല എന്ന് കരുതുന്നവർക്ക് തെറ്റി.
ബൈസൻ പാനൽ, സിമന്റ് ഫൈബർ ബോർഡ് എന്നിവ ഉപയോഗപ്പെടുത്തിയാണ് റെഡിമെയ്ഡ് സിമന്റ് ബോർഡുകൾ നിർമ്മിക്കുന്നത്.
മാത്രമല്ല ഇവ നിർമ്മിക്കുന്നതിനായി ഏകദേശം 40 മുതൽ 60 ശതമാനം വരെ അളവിൽ സിമന്റ് ഉപയോഗപ്പെടുത്തുന്നുണ്ട്.
അതുകൊണ്ടു തന്നെ ഉറപ്പിന്റെ കാര്യത്തിൽ വലിയ പേടിയൊന്നും വേണ്ട.
സിമന്റ് ബോർഡുകൾ നിർമ്മിക്കാനായി ഉപയോഗിക്കുന്ന മെറ്റീരിയലുകളിൽ അടങ്ങിയിട്ടുള്ള മൈക്ക, സെല്ലുലോയ്ഡ് പോലുള്ള മെറ്റീരിയലുകളും അവയുടെ ഈടും ഉറപ്പും വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.
പ്രധാന ഗുണങ്ങളും ദോഷങ്ങളും
ഗുണങ്ങളും ദോഷങ്ങളും ഒരേ രീതിയിൽ ഉള്ള ഒരു മെറ്റീരിയൽ ആയി സിമന്റ് ബോർഡുകളെ പറയേണ്ടി വരും.സെല്ലുലോയ്ഡ്, മൈക്ക പോലുള്ള മെറ്റീരിയലുകൾ ഉപയോഗിക്കുമ്പോൾ ആവശ്യത്തിന് ഉറപ്പ് ലഭിക്കണമെന്നില്ല.
അതുകൊണ്ടു തന്നെ ഈർപ്പം കൂടുതലുള്ള ഭാഗങ്ങളിലേക്ക് ഇത്തരം മെറ്റീരിയലുകൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് നല്ലത്. അതേസമയം ചൂടിനെയും തണുപ്പിനേയും പ്രതിരോധിക്കാനുള്ള ശേഷി സിമന്റ് ബോർഡുകൾക്ക് കൂടുതലാണ്.
ഇരുനില വീടുകളിൽ വീടിന്റെ മുകൾ ഭാഗം നിർമ്മിക്കാനായി റെഡിമെയ്ഡ് ബോർഡുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.
എന്നാൽ താഴെ ഭാഗത്തു നിന്നും ഈർപ്പം മുകളിലേക്ക് എത്തില്ല എന്ന കാര്യം ഉറപ്പു വരുത്തണം പാർട്ടീഷൻ ബോർഡുകൾ എന്ന രീതിയിലാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.
ഈർപ്പത്തിന്റെ പ്രശ്നം വലിയ രീതിയിൽ ബാധിക്കും എന്നത് കൊണ്ടു തന്നെ വീടിന്റെ പുറംഭിത്തികൾ ബാത്റൂമുകൾ എന്നിവിടങ്ങളിലേക്ക് റെഡിമെയ്ഡ് ബോർഡുകൾ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.
വ്യത്യസ്ത തിക്നസിൽ ലഭിക്കുന്ന റെഡിമെയ്ഡ് ബോർഡുകൾ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് എത്ര കനം വേണം എന്ന കാര്യം തീരുമാനിക്കുന്നത്.4mm തിക്നെസിൽ തുടങ്ങി 6,8 എന്നിങ്ങനെ 40 mm കനത്തിൽ വരെ ഇവ ലഭ്യമാണ്.
പഴയ വീടുകൾ പുതുക്കി പണിയുന്ന സാഹചര്യങ്ങളിലും, വീടുകളുടെ മുകളിലത്തെ നില നിർമ്മിക്കുന്നതിനും വളരെയധികം നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയൽ ആണ് റെഡിമെയ്ഡ് ബോർഡുകൾ എന്ന കാര്യത്തിൽ സംശയമില്ല.
മാത്രമല്ല ഭിത്തി നിർമ്മിച്ചശേഷം ആവശ്യമെങ്കിൽ മാത്രം പുട്ടി,പെയിന്റ്, വാർണിഷ് എന്നിവയെല്ലാം ഉപയോഗിച്ചാൽ മതി.
ഇത്തരത്തിൽ വലിയ രീതിയിൽ പെയിന്റിംഗ് കോസ്റ്റ് കുറയ്ക്കാനും സാധിക്കും.
റെഡിമെയ്ഡ് ബോർഡും ഭിത്തി നിർമ്മാണവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.