വീട് നിർമ്മാണത്തിന് അനുയോജ്യമായ ഗ്ലാസ് കൾ

ചുണ്ണാമ്പുകല്ല്, സോഡ-ആഷ്, മണൽ തുടങ്ങിയവയുടെ മിശ്രിതത്തിൽ നിന്ന് നിർമ്മിക്കുന്ന ഗ്ലാസ് കെട്ടിടനിർമ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു നിർമാണ സാമഗ്രി തന്നെ.
ഒരു വീടിന്റെ പുറംഭാഗങ്ങൾക്കും ഇന്റീരിയറുകൾക്കും അലങ്കാരത്തേക്കാൾ ഉപരി അത്യാവശ്യമായ ഒന്നാണ് ഗ്ലാസുകൾ. ഉൽ‌പാദന സമയത്ത് മെറ്റൽ ഓക്സൈഡുകളും മറ്റ് രാസവസ്തുക്കളും ചേർത്ത് ട്രീറ്റ് ചെയ്താണ് വിവിധ തരത്തിലുള്ള ഗ്ലാസുകൾ തയ്യാറാക്കുന്നത്. അടിസ്ഥാന നിർമ്മാണ സാമഗ്രഹികൾ ഒന്ന് തന്നെ ആയാലും ഓരോ തരത്തിലുള്ള ഗ്ലാസുകളും തികച്ചും വ്യത്യസ്തമായ സ്വഭാവസവിശേഷതകൾ കാണിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇവയുടെ തിരഞ്ഞെടുപ്പും അല്പം ബുദ്ധിമുട്ട് ഏറും.


കൃത്യമായി ഗ്ലാസ്സുകൾ തിരഞ്ഞെടുക്കണമെങ്കിൽ വ്യത്യസ്ത തരം ഗ്ലാസുകളും അവയുടെ പ്രത്യേകതകളും അറിയേണ്ടതുണ്ട്. ഭവനനിർമ്മാണത്തിലുൾപ്പെടുത്താവുന്ന വൈവിധ്യമാർന്ന ഗ്ലാസ് ഇനങ്ങളെക്കുറിച്ചും അവയുടെ ആപ്ലിക്കേഷനുകളെക്കുറിച്ചും കൂടുതൽ അറിയാം .

കടുപ്പമുള്ള ഗ്ലാസ് (Toughened glass)

ഗ്ലേസിംഗ്, പാർട്ടീഷനുകൾ, ഫ്രെയിംലെസ് വാതിലുകൾ തുടങ്ങിയവയ്ക്ക് വളരെ അനുയോജ്യമായ ഗ്ലാസാണിത്. കാലാവസ്ഥയെ നന്നായി പ്രതിരോധിക്കുന്ന ഇത്തരം ഗ്ലാസുകൾ ഇടുങ്ങിയ സ്ഥലം പോലെതന്നെ വലിയ ഏരിയയിലും ഉപയോഗിക്കാൻ കഴിയും . toughened ഗ്ലാസ് പാനലുകൾ പരമാവധി 20 അടി വീതിയിലും 12 അടി ഉയരത്തിലും നിർമ്മിക്കാനാവും. കേടുപാടുകൾ സംഭവിച്ചാൽ മൂർച്ച കുറഞ്ഞ, വളരെ ചെറിയ കഷ്ണങ്ങളായിട്ടാണ് പോട്ടി വരിക. അതുകൊണ്ട് തന്നെ അപകട സാധ്യതകൾ കുറവാണ്.

ഗ്ലാസ് കട്ടിയാക്കാനായി ട്രീറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നീട് യാതൊരു മാറ്റവും വരുത്താൻ കഴിയുകയില്ല. അതിനാൽ, ഗ്ലാസ് ശരിയായ വലുപ്പത്തിൽ മുറിച്ചിട്ടുണ്ടെന്നും ഫ്രെയിം കുറവുള്ള വാതിലുകൾക്കായി വശങ്ങൾ ആവശ്യത്തിന് ഡ്രില്ല് ചെയ്തുവെന്നും നേരത്തെ ഉറപ്പാക്കാൻ ശ്രദ്ധിക്കുക. 

ലാമിനേറ്റഡ് ഗ്ലാസ്

സുരക്ഷാ ഗ്ലാസ് എന്നും ഇവ അറിയപ്പെടാറുണ്ട്. രണ്ട് ഗ്ലാസ് കഷണങ്ങൾക്കിടയിൽ ശക്തമായ പശയും പിവിബിയും (പോളി വിനൈൽ ബ്യൂട്ടൈറൽ) ചേർത്ത് ശക്തമായി പ്രസ് ചെയ്തു ഒട്ടിച്ചാണ് ഈ ഗ്ലാസുകൾ നിർമ്മിക്കുന്നത്. കേടുപാടുകൾ സംഭവിച്ചാൽ പിവിബി ലെയറിനൊപ്പം അപകടകരമല്ലാത്ത വിധത്തിലാണ് ഗ്ലാസ് തകരുക. ഈ സ്വഭാവം ലാമിനേറ്റഡ് ഗ്ലാസിനെ ഗ്ലാസ് ഫ്ലോറിംഗിന് അനുയോജ്യമാക്കുന്നു.

എല്ലാ ഗ്ലാസ് ഫ്ലോറുകളും സ്ലിപ്പറി ആയിരിക്കാമെന്ന് കൂടി ഓർമ്മിക്കുക. ഗ്ലാസ് ഫ്ലോറിംഗിനുള്ളിൽ മെറ്റൽ സ്ട്രിപ്പുകൾ സ്ലിപ്പ്-റെസിസ്റ്റന്റ് ആക്കി ഉപയോഗിക്കാനാവും.

ടിൻ‌ഡ് ഗ്ലാസ്

ഏറ്റവുമധികം ജനപ്രീതിയാർജ്ജിച്ച ഗ്ലാസ്‌ മെറ്റീരിയലാണ് ടിൻഡ് ഗ്ലാസുകൾ . ഇവയ്ക്ക് ഇവയിൽ പതിക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കാനാവും എന്നതാണ് പ്രധാന പ്രത്യേകത. ബ്രോൺസ്, നീല, പച്ച, ചാര നിറങ്ങളിൽ ടിൻ‌ഡ് ഗ്ലാസുകൾ ലഭ്യമാണ്. സ്റ്റാൻഡേർഡ് ഗ്ലാസുകളിൽ മെറ്റൽ ഓക്സൈഡ് ചേർത്താണ് ഇവ തയ്യാറാക്കുന്നത്.

വീടിനുള്ളിലേക്ക് സൗരോർജ്ജവും അൾട്രാവയലറ്റ് രശ്മികളും എത്തുന്നത് കാര്യമായി കുറയ്ക്കാൻ ടിൻഡ് ഗ്ലാസ് സഹായിക്കും. അൾട്രാവയലറ്റ് രശ്മികൾ കാരണം അപ്ഹോൾസ്റ്ററിയും കർട്ടനുകളുടെയും നിറം മങ്ങാതിരിക്കാൻ ഇവ ഫലപ്രദമാണ്. സ്വകാര്യ സ്‌ക്രീനുകളും ഗ്ലാസ് വാതിലുകളിലും കൂടാതെ വിൻഡോ പാനുകളിലും ടിൻ‌ഡ് ഗ്ലാസ് വ്യാപകമായി ഉപയോഗിക്കാറുണ്ട് .

റിഫ്ലെക്റ്റീവ് ഗ്ലാസ്

പ്രതിഫലനത്തിലെ പ്രത്യേകതയാണ് ഈ റിഫ്ലെക്റ്റീവ് ഗ്ലാസുകളെ ഏറെ ആകർഷകമാക്കുന്നത്. ഇവ ദിവസം മുഴുവൻ ചുറ്റുപാടുകളിലെ മാറിമാറിവരുന്ന പ്രകാശത്തെയും നിറങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഒരു പ്രത്യേക തരത്തിലുള്ള മൾട്ടി-കോട്ടിംഗ് ഗ്ലാസിൽ പ്രയോഗിച്ചിരിക്കുന്നതിനാൽ അകത്ത് നിന്നുള്ള കാഴ്ചകളെ പൂർണ്ണമായും തടയാൻ സാധിക്കും ഈ ഗ്ലാസുകൾക്ക് .ഉള്ളിൽ നിന്ന് പുറത്തെ കാഴ്ചകൾ കാണാൻ യാതൊരു തടസ്സവും ഉണ്ടാവുകയുമില്ല. സ്വകാര്യത ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷൻ തന്നെയാണ് ഈ ഗ്ലാസുകൾ .

നിറത്തിന്റെയും ടിന്റുകളുടെയും നിരവധി ഓപ്ഷനുകളിൽ റിഫ്ലക്ടീവ് ഗ്ലാസ് ലഭ്യമാണ്. ഇത് കെട്ടിടത്തിന് ഒരു ആധുനിക രൂപം നൽകും. കൂടാതെ നിയന്ത്രിത അളവിലുള്ള പ്രകാശം മുറിയിലേക്ക് ഫിൽട്ടർ ചെയ്ത് പ്രവേശിപ്പിക്കുകയും ചെയ്യും ഇവ .

ലാക്വർഡ് ഗ്ലാസുകൾ

ലാക്വേർഡ് ഗ്ലാസ് ഉപയോഗിച്ച് വീടിന് ഒരു ബോൾഡ് സ്റ്റേറ്റ്മെന്റ് നൽകാനാവും. ഇത് അതാര്യവും ആകർഷകമായ നിരവധി ഷേഡുകളിൽ ലഭ്യവുമാണ്. ഇവ ഈർപ്പത്തെ പ്രതിരോധിക്കുന്നവയും വളരെ മോടിയുള്ളതുമാണ്. നിറമുള്ള ലാക്വർ, ഗ്ലാസിന്റെ പിൻഭാഗത്ത് പ്രയോഗിക്കുന്നതിനാൽ കോട്ടിംഗ് എളുപ്പത്തിൽ മോശമാകില്ല.

ബെവെൽഡ് ഗ്ലാസുകൾ

ബെവൽഡ് ഗ്ലാസ് ഉപയോഗിച്ച് ടേബിൾ-ടോപ്പുകളുടെയും അലമാരകളുടെയും ഫ്രെയിമുകൾ തയ്യാറാക്കാനാവും. ഫാബ്രിക്കേഷൻ സമയത്ത് ഗ്ലാസിന്റെ വശങ്ങൾ ചെരിച്ച് മുറിച്ച ശേഷം മിനുക്കുന്നതിനാൽ ഗ്ലാസ് മൃദുവായതും അരികുകളിൽ കനംകുറഞ്ഞതുമായി മാറും. ബാക്കിയുള്ള ഭാഗങ്ങൾ കട്ടിയുള്ളതായിരിക്കും.

സൂര്യപ്രകാശം അല്ലെങ്കിൽ ആക്സന്റ് ലൈറ്റിംഗിന്റെ സാന്നിധ്യത്തിൽ, ബെവെൽഡ് എഡ്ജ് ഒരു പ്രിസം പോലെ പ്രവർത്തിക്കും. ഇത് വർണ്ണങ്ങളുടെ സ്പെക്ട്രത്തെ പ്രതിഫലിപ്പിക്കുന്നു. ഈ പ്രോപ്പർട്ടിയുള്ളതിനാൽ, കാബിനറ്റുകളിലും വാതിൽ പാനലുകളിലും ഇൻസെറ്റുകളായി ഉപയോഗിക്കുമ്പോൾ ബെവെൽഡ് ഗ്ലാസ് പാനലുകളുടെ സംയോജനം മുറികൾക്ക് ഒരു നൂതന രൂപം നൽകും.

സ്റ്റെയിൻ ഗ്ലാസുകൾ

ഒരു ക്ലാസ്സ്‌ ടച്ച് ലഭിക്കാനായി കാബിനറ്റുകൾ, വിൻഡോകൾ, വാതിലുകൾ എന്നിവയിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന ഗ്ലാസാണിത്. നിറമുള്ള ഗ്ലാസ് കഷ്ണങ്ങൾ ഉപയോഗിച്ച് ഹാൻഡ്മെയ്ഡ് അലങ്കാരവസ്തുക്കളും എളുപ്പത്തിൽ തയാറാക്കാനാവും.

ഫ്രോസ്റ്റഡ് ഗ്ലാസുകൾ

വെളിച്ചം ഫിൽട്ടർ ചെയ്യുമ്പോൾ പുറത്ത് നിന്നും അകത്തേക്കുള്ള കാഴ്ചകൾക്ക് തടസ്സം സൃഷ്ടിക്കുന്ന ഈ ഗ്ലാസുകൾ നിങ്ങളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നവയാണ്. സാൻഡ് ബ്ലാസ്റ്റിംഗ് അല്ലെങ്കിൽ ആസിഡ്-എച്ചിംഗ് പ്രക്രിയ ഉപയോഗിച്ചാണ് ഗ്ലാസിന് ഫ്രോസ്റ്റഡ് രൂപം നൽകുന്നത്. ഇവ ഷവർ സ്‌ക്രീനുകൾ, പാർട്ടീഷനുകൾ വിൻഡോകൾ എന്നിവയ്ക്കായി വ്യാപകമായി ഉപയോഗിക്കുന്നു.

ടെക്സ്ചർഡ് ഗ്ലാസുകൾ

വ്യത്യസ്ത പാറ്റേണുകളിൽ ലഭ്യമാവുന്ന ഒരു അലങ്കാര ഗ്ലാസാണ് ടെക്സ്ചർഡ് ഗ്ലാസ്‌. ഉരുകിയൊലിച്ചതുപോലുള്ള പാറ്റേണുകൾ, ടെക്സ്ചറുകൾ എന്നിവയ്ക്ക് ആരാധകരേറെയാണ്. പാർട്ടീഷനുകൾ, ടേബിൾടോപ്പുകൾ, ഷവറുകൾ, സ്‌ക്രീനുകൾ എന്നിവയിൽ ഉപയോഗിക്കാൻ ഈ ഗ്ലാസ് ഡിസൈനുകൾ ഏറെ അനുയോജ്യമാണ്.