അപ്പർ ലിവിങ് വീടുകളിൽ ആവശ്യമോ?ഇരു നില വീടുകൾ എന്ന സങ്കല്പം വന്ന കാലം തൊട്ടു തന്നെ ലിവിങ് ഏരിയ ,ഡൈനിങ് ഏരിയ എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം ലഭിച്ചു.

അതേ സമയം ഒരു അപ്പർ ലിവിങ് ഏരിയ ആവശ്യമാണോ എന്നത് ഇപ്പോഴും പലര്‍ക്കുമിടയില്‍ സംശയം ഉണ്ടാക്കുന്ന കാര്യമാണ്.

താഴത്തെ നിലയിൽ നിന്നും സ്റ്റെയർകെയ്സ് കയറി എത്തുന്ന ഭാഗമാണ് അപ്പര്‍ ലിവിങ് എന്ന പേരില്‍ അറിയപ്പെടുന്നത്.

വീടിന്‍റെ താഴത്തെ നിലയിൽ ഒരു ലിവിങ് ഏരിയ ഒരുക്കുമ്പോൾ അതേ പ്രാധാന്യത്തോടെ കൂടി തന്നെ മുകളിലത്തെ നിലയിലും ഒരു ലിവിങ്ങ് നൽകേണ്ടതുണ്ടോ എന്നത് വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ ചിന്തിക്കേണ്ട കാര്യമാണ്.

പലവീടുകളിലും യാതൊരുവിധ ഉപയോഗവും ഇല്ലാതെ ഇത്തരം അപ്പർ ലിവിങ് ഏരിയകൾ സ്ഥലം മുടക്കുകയാണ് പതിവ്.ഇവ വീടിന്റെ നിർമ്മാണ ചിലവ് കൂടുന്നതിനും കാരണമാകുന്നു.

മുകളിലത്തെ മുറികളിലേക്കും ബാൽക്കണിയിലേക്കും പ്രവേശിക്കാനുള്ള ഒരിടം എന്ന രീതിയിൽ ഡിസൈൻ ചെയ്യുന്ന അപ്പര്‍ ലിവിങ് ഏരിയയുടെ ഉപയോഗത്തെ പറ്റിയും, അവ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാം.

അപ്പർ ലിവിങ് വീടുകളിൽ ആവശ്യമോ?

വീടിന്റെ താഴത്തെ നിലയിൽ വിശാലമായി തന്നെ ഒരു ലിവിങ് ഏരിയ നൽകുമ്പോൾ മുകളിലായി ഒരു ലിവിങ് നൽകേണ്ടതിന്‍റെ ആവശ്യം വരുന്നില്ല.

കാരണം താഴത്തെ ലിവിങ് ഏരിയയില്‍ തന്നെ പ്രധാന ടിവി യൂണിറ്റ് അതിനോടനുബന്ധിച്ച് സോഫ എന്നിവ നൽകിയിട്ടുണ്ടാകും.

വീണ്ടും മുകളിൽ ഒരു ടിവി ഏരിയ സെറ്റ് ചെയ്ത് നൽകാൻ ആരും താല്പര്യപ്പെടുന്നുണ്ടാകില്ല.

അതുകൊണ്ടുതന്നെ താഴെ നിന്നും മുകളിലേക്ക് പ്രവേശിക്കാനുള്ള ഒരു ഇടം എന്ന രീതിയിൽ മാത്രമാണ് അപ്പര്‍ ലിവിങിന് പലപ്പോഴും പ്രാധാന്യം വരുന്നുള്ളൂ.

വലിയ അപ്പർ ലിവിങ് നൽകാതെ ഒരു ചെറിയ പാസ്സേജ് മാത്രം നൽകി ബാല്‍ക്കണി,ബെഡ്റൂം എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്ന രീതിയിലും അപ്പർ ലിവിങ് നൽകാവുന്നതാണ്.

ഉപയോഗങ്ങള്‍

വീട്ടിൽ പിറന്നാൾ പോലുള്ള ആഘോഷങ്ങൾ നടത്താൻ ഉപയോഗിക്കാവുന്ന ഒരു ഇടമായി പലരും അപ്പർ ലിവിങ് കണക്കാക്കുന്നു.

കുടുംബാംഗങ്ങൾ മുഴുവൻ ഒത്തുകൂടുന്ന സാഹചര്യങ്ങളിൽ വലിയ അപ്പർ ലിവിങ് വളരെയധികം ഉപകാരപ്രദമാണ്. ആവശ്യമെങ്കിൽ ഒരു കട്ടില്‍ കൂടി ഇവിടെ സജ്ജീകരിച്ച നൽകാം.

മാത്രമല്ല ഒരു സോഫാ കൂടി നൽകുകയാണെങ്കിൽ എല്ലാവർക്കും സംസാരിച്ചിരിക്കാൻ ഉള്ള ഒരിടമായി ഈ ഒരു സ്പേസ് ഉപയോഗപ്പെടുത്താൻ സാധിക്കും.

പല വീടുകളിലും ഹോംതീയേറ്റർ രൂപത്തിലും അപ്പർ ലിവിങ് നൽകിവരുന്നുണ്ട്. പഠിക്കുന്ന കുട്ടികളുള്ള വീടുകളിൽ ഒരു സ്റ്റഡി ഏരിയ ചെയ്ത നൽകാനും ഇത്തരം ഭാഗങ്ങൾ ഉപയോഗപ്പെടുത്താം .

പഴയ കാല വീടുകളിൽ കണ്ടു വന്നിരുന്ന ആട്ടു കട്ടിലുകൾ നൽകാൻ ഏറ്റവും അനുയോജ്യമായ ഒരിടമാണ് അപ്പർ ലിവിങ്.

പലർക്കും പറ്റുന്ന അബദ്ധങ്ങൾ

വീട് നിർമ്മിക്കുമ്പോൾ അപ്പർ ലിവിങ് നൽകിയതു കൊണ്ട് ഏതെങ്കിലും രീതിയില്‍ ഗുണമുണ്ടോ എന്ന് ചിന്തിക്കാതെ ഇത്തരമൊരു സ്പെയ്സ് നൽകുന്നവരും കുറവല്ല. വീട് പണി മുഴുവൻ പൂർത്തിയായി താമസം തുടങ്ങുമ്പോൾ യാതൊരു ഉപകാരവും ഇല്ലാതെ ഇത്തരം ഭാഗങ്ങൾ മാറിപ്പോകുന്നു. വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് ഇടാനുള്ള ഒരിടമായി പോലും പല വീടുകളിലും അപ്പർ ലിവിങ് മാറുന്നുണ്ട്. അപ്പർ ലിവിങ് നൽകുകയാണ് എങ്കിൽ തന്നെ ചെറിയ അളവിൽ നൽകേണ്ട ആവശ്യമേ വരുന്നുള്ളൂ. അതല്ല ഒരു വലിയ ഹോൾ രൂപത്തിൽ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ചുള്ള സജ്ജീകരണങ്ങളും അപ്പർ ലിവിങ്ങിൽ നൽകാം. ഒന്നില്‍ കൂടുതല്‍ ടിവി ഉപയോഗപ്പെടുത്തുന്ന വീടുകളിൽ മുകളിലത്തെ ഏരിയയിലുള്ള ടിവി യൂണിറ്റ് സെറ്റ് ചെയ്യാൻ അപ്പർ ലിവിങ് ഉപയോഗിക്കാം.

വീട് വാടകയ്ക്ക് കൊടുക്കാൻ താല്പര്യപ്പെടുന്നവർക്ക് പുറത്തു നിന്നും ഒരു സ്റ്റെയർകേസ് നൽകി അപ്പർ ലിവിങ്ങിലേക്ക് പ്രവേശിക്കുന്ന രീതിയിൽ താഴെയുള്ള എല്ലാ സജ്ജീകരണങ്ങളും മുകളിലും നൽകാവുന്നതാണ്. ചുരുക്കത്തില്‍ അപ്പർ ലിവിങ് നൽകുന്നതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാൽ അവ ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചാണ് മാറ്റം വരുന്നത്.

അപ്പർ ലിവിങ് വീടുകളിൽ ആവശ്യമോ? അത് നിങ്ങളുടെ വീടെന്ന സങ്കല്പത്തിന് അനുസരിച്ചാണ് മാറുന്നത്.