വീടിനകത്ത് പ്രകാശം നിറയ്ക്കാൻ പരീക്ഷിക്കാം ഈ വഴികൾ .

പലപ്പോഴും വലിയ വീടുകൾ നിർമ്മിച്ചു കഴിഞ്ഞ് പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് വീട്ടിനകത്തേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്നില്ല എന്നത്. വീടിനകത്ത് ആവശ്യത്തിന് വായു സഞ്ചാരവും, പ്രകാശവും ആവശ്യമാണ്.

നമ്മുടെ മനസ്സിന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ ഉള്ള കഴിവ് പ്രകാശത്തിനുണ്ട്. അതും പ്രകൃതിദത്തമായ വെളിച്ചം വീട്ടിനകത്തേക്ക് എത്തിക്കുക എന്നതിലാണ് കൂടുതൽ പ്രാധാന്യം. ഇരുട്ട് മൂടിയ സ്ഥലത്ത് ഇരിക്കേണ്ടി വരുമ്പോൾ പലപ്പോഴും നമ്മുടെ മനസ്സും അത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.

മനസ്സിൽ നെഗറ്റീവ് ചിന്തകൾ കൂടുതലായി ഉണ്ടാക്കുന്നതിന് കാരണമാകുന്നു. എന്നാൽ ഏതൊരു വീടിനെയും കൂടുതൽ പ്രകാശപൂരിതമാക്കാൻ സഹായിക്കുന്ന ചില വഴികൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

1)ഉപയോഗിക്കാം ഇളം നിറങ്ങൾ

വീടിന്റെ അകം ചുമരുകൾക്ക് നൽകാം ഇളം നിറങ്ങൾ. ഡാർക്ക് ബ്ലോക്ക് ടൈപ്പ് നിറങ്ങൾ, എന്തെങ്കിലും സ്റ്റേറ്റ്മെന്റ് നൽകിക്കൊണ്ടുള്ള വാൾപേപ്പറുകൾ എന്നിവ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്.

പ്രധാനമായും വീടിനകത്ത് വെള്ളനിറം ഉപയോഗപ്പെടുത്തുകയാണെങ്കിൽ അത് പുറത്തു നിന്നും വരുന്ന വെളിച്ചത്തെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിന് സഹായിക്കും. എന്നാൽ ഇവയിൽ തന്നെ ഗ്ലിറ്റർ മിക്സ് ചെയ്ത് വരുന്ന രീതിയിലുള്ള വെള്ള നിറങ്ങൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.

ഓഫ് വൈറ്റ് നിറങ്ങൾ വീടിനകത്ത് ഉപയോഗിക്കുന്നതും കൂടുതൽ വെളിച്ചം തരുന്നതിന് സഹായിക്കുന്നു. പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ സാറ്റിൻ ഫിനിഷ് ഉള്ളവ തിരഞ്ഞെടുത്താൽ മറ്റ് പെയിന്റ് കളെക്കാൾ കൂടുതൽ പ്രകാശം ലഭിക്കുന്നതായി അനുഭവപ്പെടും.

2) ഫ്ലോറിങ് ലും ശ്രദ്ധ പുലർത്താം.

ഗ്ലെസിങ് ടൈപ്പ് ടൈലുകൾ ഫ്ലോറിങ്ങിന് ആയി തിരഞ്ഞെടുത്താൽ കൂടുതൽ പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ സാധിക്കും.

ഇത് വീടിനകത്ത് കൂടുതൽ തിളക്കവും പ്രകാശവും നൽകുന്നതിന് സഹായിക്കുന്നു. പ്രകാശം കൂടുതൽ ആവശ്യമുള്ള കിച്ചൺ, ബാത്റൂം എന്നിവിടങ്ങളിൽ ഇത്തരം തിളങ്ങുന്ന പ്രതലങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്.

റൂമുകൾക്ക് വലിപ്പം തോന്നിക്കുന്നതിനും, ഫിൽട്ടറിംഗ് കൂടുതലായി ലഭിക്കുന്നതിനും തിളക്കമുള്ള പ്രതലങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇവയിൽ തന്നെ തിളക്കമുള്ള ചാരനിറം, നീല എന്നിവയും പരീക്ഷിച്ചു നോക്കാവുന്നതാണ്.

3) തിരഞ്ഞെടുക്കുന്ന അക്സസ്സറീസിനും ഉണ്ട് പ്രത്യേകത.

പ്രധാനമായും ഫ്ലോറിൽ ഉപയോഗപ്പെടുത്തുന്ന പരവതാനി, മിറർ എന്നിവയ്ക്കെല്ലാം വീട്ടിനകത്ത് പ്രകാശം നിറയ്ക്കുന്നതിൽ വലിയ ഒരു പങ്കുണ്ട്.

അതുപോലെ ഡോറുകൾക്കും വിൻഡോ കൾക്കും വേണ്ടി തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ കനം കുറവുള്ളതും ഇളം നിറമുള്ളതും ആണെങ്കിൽ വീട്ടിനകത്തേക്ക് കൂടുതൽ പ്രകാശം ലഭിക്കും.

കട്ടിയുള്ള കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ അവ പ്രകാശത്തെ അകത്തേക്ക് ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നതിന് കാരണമായേക്കാം. ഓരോ ചെറിയ ആക്സസറീസ് തിരഞ്ഞെടുക്കുമ്പോഴും അവ പ്രകാശത്തെ എങ്ങിനെ പ്രതിഫലിപ്പിക്കുന്നു എന്ന കാര്യത്തിൽ ശ്രദ്ധ നൽകുക.

ഇരുണ്ട നിറത്തിലുള്ള ഫർണിച്ചറുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ അവയോടൊപ്പം ലൈറ്റ് ഷേഡുകൾ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്. അതല്ല എങ്കിൽ കൂടുതൽ ഇരുട്ടുള്ള അവസ്ഥയാണ് വീടിനകത്ത് തോന്നുക.

4) പച്ചപ്പിന് നൽകണം കരുതൽ

വീടിന് പുറത്ത് പച്ചപ്പ് നിറയുന്നത് വീടിനകത്തേക്ക് ഉള്ള പ്രകാശത്തെയും സ്വാധീനിക്കുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്.

വീടിന് പുറത്ത് പൂന്തോട്ടങ്ങളിൽ വലിയ മരങ്ങൾ ഉണ്ടെങ്കിൽ അവ വീടിനകത്തേക്ക് ഉള്ള പ്രകാശത്തിന് തടസ്സം സൃഷ്ടിക്കുന്നില്ല എന്ന കാര്യം ഉറപ്പു വരുത്തണം.

ജനലിനോട് ചേർന്ന് വലിയ മരങ്ങൾ ഉണ്ടെങ്കിൽ അവയുടെ കൊമ്പുകളും ശാഖകളും മുറിച്ച് മാറ്റാവുന്നതാണ്.

കൂടാതെ വീടിനോട് ചേർന്ന് വള്ളിപ്പടർപ്പുകൾ ഉണ്ട് എങ്കിൽ അവ വെട്ടി മാറ്റുന്നതാണ് നല്ലത്.

ഇവ പലപ്പോഴും പായലും പൂപ്പലും പിടിച്ച് വീട് വൃത്തികേട് ആക്കും എന്നത് മാത്രമല്ല ഇഴജന്തുക്കൾ അകത്തേക്ക് കയറുന്നതിനും കാരണമായേക്കാം. മാത്രമല്ല ആവശ്യത്തിന് വെളിച്ചം വീട്ടിനകത്തേക്ക് ലഭിക്കുന്നതിലും കുറവ് വരുത്തും.

5) കൃത്യമായ ഇടവേളകളിൽ വിൻഡോ ഗ്ലാസുകൾ വൃത്തിയാക്കുക.

പലപ്പോഴും ജനാലകൾ എത്ര പൊടിപിടിച്ചു കിടന്നാലും പലരും അവയിൽ ശ്രദ്ധ നൽകുന്നില്ല. ജനാല കളുടെ ഗ്ലാസുകളിലും ഡോറിന്റെ ഗ്ലാസ് ഏരിയയിലും പൊടി നിറയുന്നത് വീട്ടിനകത്തേക്ക് ഉള്ള പ്രകാശം കുറയുന്നതിന് കാരണമാകുന്നു.

പ്രകൃതിദത്തമായ വെളിച്ചം വീട്ടിനകത്തേക്ക് എത്തിക്കണം എങ്കിൽ വൃത്തിയായ ഗ്ലാസ് ജനാലകളിൽ ഉണ്ടായിരിക്കണം.

പൊടി നിറഞ്ഞ പ്രതലത്തിലൂടെ അകത്തേക്ക് വരുന്ന വെളിച്ചത്തിന് തിളക്കം കുറവായിരിക്കും.

എന്നുമാത്രമല്ല ആവശ്യത്തിന് ഫിൽറ്ററിംഗ് നടക്കുന്നുമില്ല. കൂടാതെ വീട് കൂടുതൽ പ്രകാശം നിറഞ്ഞതാകണം എന്ന് ആഗ്രഹിക്കുന്നവർക്ക് വീടിന്റെ മുഴുവൻ ഭിത്തിയും ഗ്ലാസ് രൂപത്തിലാക്കി മാറ്റാവുന്നതാണ്.

എന്നാൽ ഇത് കുറച്ചു ചിലവേറിയ കാര്യമാണ് എന്നത് മറക്കേണ്ട. ഗ്ലാസ് പ്രതലങ്ങൾ വഴി വീട്ടിലേക്കുള്ള

പ്രകാശം വർധിപ്പിക്കാൻ സാധിക്കുമെങ്കിലും അവ ഡാമേജ് ആകാതെ സൂക്ഷിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്.

കൃത്രിമ വെളിച്ചം നൽകിയും വീട്ടിലേക്ക് പ്രകാശം എത്തിക്കാൻ സാധിക്കുമെങ്കിലും അവ പലപ്പോഴും ഫലപ്രദമായ രീതിയിൽ വർക്ക് ചെയ്യില്ല.

എന്നാൽ ചെറിയ ഇടനാഴികൾ, കോണുകൾ പോലുള്ള ഭാഗങ്ങളിൽ ഇരുട്ട് കുറയ്ക്കുന്നതിനായി കൃത്രിമ വെളിച്ചങ്ങൾ ഉപയോഗപ്പെടുത്താം.

നാം ജീവിക്കുന്ന വീട്ടിലേക്ക് ആവശ്യത്തിന് വെളിച്ചം ലഭിച്ചാൽ അത്‌ നമ്മുടെ മനസ്സിലും പ്രകാശം നിറയ്ക്കുമെന്ന കാര്യം മറക്കണ്ട.