കിച്ചൺ ഉപയോഗത്തിലെ വലിയ അപാകതകൾ.ഏതൊരു വീടിന്റെയും കേന്ദ്ര ഭാഗമായി അടുക്കളയെ വിശേഷിപ്പിക്കാം.

അതിനുള്ള പ്രധാന കാരണം അടുക്കള ഒഴിവാക്കിയുള്ള ഒരു ദിവസത്തെ ജീവിതത്തെപ്പറ്റി ആർക്കും ചിന്തിക്കാനാകില്ല എന്ന സത്യം തന്നെയാണ്.

മുൻകാലങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്ന ഒരിടം എന്ന രീതിയിൽ മാത്രം കണ്ടിരുന്ന അടുക്കളകൾ ഇന്ന് ആഡംബരത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

നിർമ്മാണ രീതി, ഉപയോഗിക്കുന്ന പാത്രങ്ങൾ, ഉപകരണങ്ങൾ, സിങ്ക് എന്നിവയിലെല്ലാം വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നു കഴിഞ്ഞു.

എന്നാൽ പലരും ഉപയോഗം നോക്കിയല്ല അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കുന്നത്.

മാത്രമല്ല പല വീടുകളിലും ഒരു കിച്ചൻ എന്നത് മാറി 2 കിച്ചൻ എന്ന രീതിയിലേക്ക് മാറുകയും ചെയ്തു.

പേരിനു വേണ്ടി നിർമ്മിച്ചിടുന്ന ഇത്തരം കിച്ചണുകളിൽ മിക്കതും യാതൊരു ഉപയോഗവും ഇല്ലാതെ കിടക്കുകയാണ് എന്നത് മറ്റൊരു സത്യം. അടുക്കള ഒരുക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന അപാകതകളെ പറ്റി മനസ്സിലാക്കാം.

കിച്ചൺ ഉപയോഗത്തിലെ വലിയ അപാകതകൾ ഇവയെല്ലാമാണ്.

തിരക്കേറിയ ജീവിതത്തിനിടയിൽ അടുക്കള ഉപയോഗം പല വീടുകളിലും കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഭക്ഷണം ഓൺലൈൻ ആയി വീട്ടിൽ എത്തുന്നതു കൊണ്ടുതന്നെ ജോലി തിരക്കുകൾ ഉള്ള ദിവസങ്ങളിൽ മിക്ക ആളുകളും പുറത്തു നിന്ന് ഭക്ഷണം വാങ്ങിക്കുന്ന പതിവാണ് ഉള്ളത്.

അത്തരം വീട്ടിലെ അടുക്കളകൾ വലിയ രീതിയിലുള്ള ഉപയോഗം ഒന്നുമില്ലാതെ കിടക്കുകയാണ് പതിവ്. എന്നാൽ കാഴ്ചയിൽ വലിയ ആഡംബരം കാണിക്കുന്നതിനായി വിലകൂടിയ സ്റ്റൗ മറ്റ്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൊണ്ടെല്ലാം കിച്ചൻ നിറച്ചിട്ടുണ്ടാവും.

അതേ സമയം വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന സിങ്ക് യാതൊരു വൃത്തിയുമില്ലാതെ കിടക്കുന്നുണ്ടാകും.

വല്ലപ്പോഴും മാത്രമേ പാചകം അടുക്കളയിൽ ചെയ്യുന്നുള്ളൂ എങ്കിലും ഉപയോഗിച്ച പാത്രങ്ങൾ അപ്പോൾ തന്നെ കഴുകി വയ്ക്കുന്നതാണ് അടുക്കളയുടെ വൃത്തിക്കും ആരോഗ്യത്തിനും എപ്പോഴും നല്ലത്.

കിച്ചൻ നിറയെ കബോർഡുകൾ നിർമ്മിച്ചിട്ട് അവ യാതൊരു ഉപയോഗവും ഇല്ലാതെ കിടക്കുന്ന അവസ്ഥയും കുറവല്ല.

ആവശ്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് മാത്രം കബോർഡുകൾ നിർമ്മിച്ച് നൽകുകയാണെങ്കിൽ അവ ശരിയായ രീതിയിൽ ഉപയോഗിക്കാനും നിർമ്മാണ ചിലവ് കുറയ്ക്കാനും സാധിക്കും.

മറ്റുപല വീടുകളിലും കണ്ടു വരുന്ന ഒരു കാര്യം കബോർഡുകൾ ധാരാളം ഉണ്ടെങ്കിലും പാത്രങ്ങൾ പുറത്തു തന്നെ നിരത്തി വയ്ക്കുന്ന കാഴ്ചയാണ്.

എന്നാൽ പിന്നെ എന്തിനാണ് അത്രയും കബോർഡുകൾ നിർമ്മിച്ച് നൽകിയിട്ടുള്ളത് എന്ന് തോന്നിപ്പോകുന്ന അവസ്ഥ.

വലിയ അടുക്കളകളും അസൗകര്യതയും.

അടുക്കളയുടെ വലിപ്പത്തിൽ കുറവൊന്നും വരുത്തേണ്ട എന്ന് കരുതി വീട്ടിലെ വലിയ ബെഡ്റൂമിന്റെ അതേ വലിപ്പത്തിൽ അടുക്കള പണിതിടും.

എന്നാൽ അവിടെ പാചകം ചെയ്യുന്നത് ഒന്നോ രണ്ടോ പേർ മാത്രമായിരിക്കും. വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് മാത്രം മതി അടുക്കളയുടെ വലിപ്പവും.

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലേയും അടുക്കളുകളിൽ കാണുന്ന മറ്റൊരു വലിയ അബദ്ധമാണ് ഉപയോഗമില്ലാതെ കിടക്കുന്ന വിറകടുപ്പുകൾ.

പാചകത്തിനായി ഇപ്പോൾ മിക്ക വീടുകളിലും പാചകവാതക സിലിണ്ടറുകളാണ് ഉപയോഗപ്പെടുത്തുന്നത്.

എന്നിരുന്നാലും വീട്ടിൽ ഒരു അടുപ്പ് നിർബന്ധമാണെന്ന് പറഞ്ഞ് അത് ഉണ്ടാക്കിയിടുകയും പിന്നീട് അവ ഉപയോഗിക്കാതെ മാറാല പിടിച്ചു കിടക്കുകയുമാണ് പല വീടുകളിലെയും അവസ്ഥ.

വീട്ടിനകത്ത് ഉയർന്ന വിലകൊടുത്ത വാങ്ങുന്ന ഗ്യാസ് സ്റ്റൗവും, ചിമ്മിനിയും വാങ്ങിവെച്ചതിനു ശേഷം പിന്നീട് വൃത്തിയാക്കുന്ന ശീലവും പലർക്കുമില്ല.

കൃത്യമായ ഇടവേളകളിൽ സ്റ്റൗ വൃത്തിയാക്കുകയും, ചിമ്മിനിയുടെ മുകൾഭാഗം തുടച്ച് നൽകുകയും ചെയ്തില്ലെങ്കിൽ അതിൽ നിന്നും എണ്ണയും മറ്റും ഭക്ഷണം പാകം ചെയ്യുമ്പോൾ അതിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്.

അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വലിപ്പം കുറച്ച് കൂടുതൽ സൗകര്യങ്ങൾ നൽകി നിർമ്മിക്കുന്ന അടുക്കളകളാണ് എപ്പോഴും നല്ലത്.

അതുപോലെ ആവശ്യമുള്ള പാത്രങ്ങൾ മാത്രം പുറത്തെ ഷെൽഫിലും, ആവശ്യമില്ലാത്തവ കബോർഡുകൾക്കുള്ളിലും സെറ്റ് ചെയ്ത് നൽകാനായി ശ്രദ്ധിക്കുക.

എല്ലാ ദിവസവും ഉപയോഗിക്കേണ്ട മസാല കൂട്ടുകളും പൊടികളും കൈയെത്തുന്ന ദൂരത്ത് തന്നെ നൽകാം. അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ഒരു ടോൾ യൂണിറ്റ് നൽകുന്നത് എപ്പോഴും നല്ലതാണ്.

കിച്ചൺ ഉപയോഗത്തിലെ വലിയ അപാകതകൾ മനസിലാക്കിയെങ്കിൽ ഇനിയെങ്കിലും അവ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം.