വീടുകളിൽ സ്റ്റോർ റൂം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

കേരളത്തിലെ പല വീടുകളിലും കൃഷി ഒരു പ്രധാന വരുമാന മാർഗ്ഗമാണ്. അതുകൊണ്ടുതന്നെ കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ സൂക്ഷിച്ച് വയ്ക്കുന്നതിന് ഒരു പ്രത്യേക സ്ഥലം കണ്ടെത്തേണ്ടതുണ്ട്.

പുതിയതായി പണിയുന്ന പല വീടുകളിലും സ്റ്റോർ റും വേണോ വേണ്ടയോ എന്നത് ഒരു സംശയമായി തുടരുമ്പോഴും അടുക്കളയോട് ചേർന്ന് ഒരു സ്റ്റോറും നൽകുന്നത് എപ്പോഴും ഗുണകരമാണ്.

പണ്ടു കാലങ്ങളിൽ വീടുകളിലെ കൃഷി സംബന്ധമായ സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക അറകൾ തന്നെ വീടുകളിൽ സജ്ജീകരിച്ചു നൽകിയിരുന്നു. പിന്നീട് കാലം മാറി കൃഷി ഉപേക്ഷിച്ച് തുടങ്ങിയപ്പോൾ അത്തരം അറകളുടെ പ്രാധാന്യവും ഇല്ലാതായി.

അതിനുശേഷമുള്ള കാലഘട്ടത്തിൽ അടുക്കളയോട് ചേർന്ന് സ്റ്റോറുകൾ നൽകുന്ന രീതി ആരംഭിച്ചു.

ഒരു മാസത്തേക്ക് വീട്ടിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ കൊണ്ടു വന്ന് സൂക്ഷിക്കാനുള്ള ഒരു ഇടമായും, അതേസമയം വീട്ടിൽ ഉള്ള പച്ചക്കറികളും, പഴങ്ങളും സൂക്ഷിക്കുന്ന ഒരിടമായും സ്റ്റോർ റൂമുകളെ കണക്കാക്കുന്നു. വീടിന് സ്റ്റോർ റൂം നൽകേണ്ടതിന്റെ ആവശ്യകത ഗുണദോഷങ്ങൾ എന്നിവ മനസിലാക്കാം.

സ്റ്റോർ റൂം നൽകുമ്പോൾ

മുൻ കാലങ്ങളിൽ വീടുകളിൽ തന്നെ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറി,പാൽ എന്നിവ ഉപയോഗപ്പെടുത്തിയാണ് പാചക കാര്യങ്ങൾ ചെയ്തിരുന്നത്.

ഓരോ ദിവസത്തേക്കും ആവശ്യമായ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തിയുള്ള പാചക രീതികൾ ആണ് ഉണ്ടായിരുന്നത്.

അതേസമയം ഇന്ന് പുറത്തു നിന്നും കൊണ്ടു വരുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് പാചക രീതികളെല്ലാം ചെയ്യുന്നത്.

ഇത്തരത്തിൽ കൊണ്ടുവരുന്ന പാൽ, പഴം,പച്ചക്കറി എന്നിവയെല്ലാം സൂക്ഷിക്കുന്നതിനുള്ള സ്ഥാനം ഫ്രിഡ്ജുകൾ കയ്യടക്കി കഴിഞ്ഞു.

അതേസമയം ഓരോ മാസത്തേക്കും ആവശ്യമായ അരി പഞ്ചസാര ഉൾപ്പെടുന്ന പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്നതിന് വീട്ടിലൊരു പ്രത്യേക ഇടം കണ്ടെത്തേണ്ടി വരുന്നു. അത്തരം സന്ദർഭങ്ങളിലാണ് സ്റ്റോർ റൂം എന്ന ആശയത്തിന് പ്രാധാന്യം വർധിക്കുന്നത്.

അതേസമയം സാധനങ്ങൾ ഒന്നും ഇല്ലാതെ പൊടിയും, മാറാലയും പിടിച്ച് കിടക്കുന്ന സ്റ്റോർ റൂമുകളും നമ്മുടെ നാട്ടിലെ വീടുകളിൽ കണ്ടു വരുന്ന മറ്റൊരു കാഴ്ചയാണ്.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ വീടിന് ഒരു സ്റ്റോറും നിർമ്മിക്കുമ്പോൾ അത് വേണോ വേണ്ടയോ എന്ന കാര്യം ചിന്തിച്ച് ഉറപ്പു വരുത്തുക.

സ്റ്റോർ റൂം ആവശ്യമായി വരുന്ന സാഹചര്യങ്ങൾ

സാധാരണയായി ഒരു അഞ്ച് സെന്റ് സ്ഥലത്ത് പണിയുന്ന വീടിനെ സംബന്ധിച്ച് സ്റ്റോർ റൂം ആവശ്യമാണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

അതിനുള്ള പ്രധാന കാരണം വീടിന്റെ ചുറ്റളവ് കുറവായതുകൊണ്ട് തന്നെ അതിന് ചുറ്റുപാടും വച്ചുപിടിപ്പിക്കുന്ന ചെടികളുടെയും മരങ്ങളുടെയും എണ്ണവും കുറവാണ് എന്നതാണ്.

കൂടാതെ വീട് നിർമ്മിക്കാനുള്ള സ്ഥലവും കുറവായിരിക്കും. വലിയ രീതിയിലുള്ള കൃഷികൾ ഒന്നും തന്നെ ഇത്രയും കുറഞ്ഞ സ്ഥലത്ത് നടത്താൻ സാധിക്കുകയില്ല.

എന്നു മാത്രമല്ല പല വീടുകളിലെയും ചൂല് മൺവെട്ടി പോലുള്ള സാധനങ്ങൾ വയ്ക്കുന്ന ഒരിടമായി പിന്നീട് സ്റ്റോർ റും മാറുകയും ചെയ്യുന്നു.

അതിനായി ഒരു പ്രത്യേക ഇടം വീട്ടിൽ നൽകേണ്ടതുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

സ്റ്റോർ റൂമിന് പകരമായി

സ്റ്റോർ റും കെട്ടി സ്ഥലം കളയുന്നതിന് പകരമായി മറ്റ് പല രീതികളും ഇപ്പോൾ ഉപയോഗപ്പെടുത്താവുന്നതാണ്.

അതായത് വീടിന്റെ വർക്ക് ഏരിയയോട് ചേർന്ന് ഒരു ടാൾ യൂണിറ്റ്,ടവർ എന്നിവ നൽകുകയാണെങ്കിൽ അത്തരം സാധനങ്ങൾ സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല.

ഇനി അതല്ല സ്റ്റോറും വേണമെന്ന് നിർബന്ധമാണെങ്കിൽ വർക്ക്‌ ഏരിയയോട് ചേർന്ന് ഏതെങ്കിലുമൊരു കോർണർ ഭാഗം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ടോൾ യൂണിറ്റാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഓപ്പൺ ആയ രീതിയിൽ സെറ്റ് ചെയ്യാൻ പറ്റുന്ന തുറസ്സായ ഭാഗം കണ്ടെത്താവുന്നതാണ്.60 സെന്റിമീറ്റർ നീളം, ആഴം എന്നിവ നൽകിക്കൊണ്ടാണ് ടോൾ യൂണിറ്റുകൾ സജ്ജീകരിക്കാൻ സാധിക്കുകയുള്ളു.

അനുയോജ്യമായ സ്ഥലം

പലപ്പോഴും കുട്ടികളുള്ള വീടുകളിൽ ഓരോ വർഷത്തെയും ബുക്കുകൾ സൂക്ഷിക്കുന്നതിനുള്ള ഒരിടമായി സ്റ്റോർ റൂം ആവശ്യമായി വരും.അതിന് ഏറ്റവും അനുയോജ്യമായ സ്ഥലം സ്റ്റെയർകെയ്സിന്റെ താഴെ ഭാഗം തന്നെയാണ്. ഇവിടെ ഒരു പ്രത്യേക ക്യാബിനറ്റ് സ്പേസ് നൽകിക്കൊണ്ട് സ്റ്റോർ ചെയ്യാനുള്ള സാധനങ്ങൾ നല്ല വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ സാധിക്കും. ഇപ്പോഴും മിക്ക വീടുകളിലും യൂസ് ചെയ്യപ്പെടാത്ത ഒരു ഏരിയ ആയി മാറുകയാണ് സ്റ്റെയർ കേസിന്റെ അടി ഭാഗം. സ്റ്റെയർകേസിന്റെ സ്റ്റെപ്പുകളിൽ നിന്ന് ഏകദേശം മൂന്നോ നാലോ അടി ഉയരത്തിൽ വേണം സ്റ്റോർ ഏരിയ നിർമിച്ച് നല്കാൻ.സ്റ്റെയറിനു താഴെ ഭാഗത്തായാണ് സ്റ്റോർ റൂം സജ്ജീകരിച്ച് നൽകുന്നത് എങ്കിൽ തീർച്ചയായും ഒരു എക്സോസ്റ്റ് ഫാൻ നൽകാനായി ശ്രദ്ധിക്കണം.
അതോടൊപ്പം ഒരു വോൾ മൗണ്ട് ഫാൻ, ലൈറ്റ് എന്നിവകൂടി നൽകുന്നത് കൂടുതൽ നല്ലതായിരിക്കും.

ഈ കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് വീടിന് ഒരു സ്റ്റോർ റൂം വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് തന്നെ നിശ്ചയിക്കാവുന്നതാണ്.