വെള്ളത്തിൽ വളർത്താവുന്ന ഇൻഡോർ പ്ലാന്റുകൾ.വീടിനകത്ത് പച്ചപ്പ് നിറയ്ക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും.

അമിതമായ വായു മലിനീകരണവും, പച്ചപ്പും തണലും ഇല്ലാത്ത അവസ്ഥയും ഇൻഡോർ പ്ലാന്റുകളോടുള്ള പ്രിയം വർധിപ്പിക്കുന്നതിനുള്ള കാരണങ്ങളായി.

പ്രത്യേകിച്ച് ഫ്ലാറ്റ് ജീവിതം നയിക്കുന്നവർക്ക് വീടിനു ചുറ്റും പച്ചപ്പ് നിറയ്ക്കാനും ഗാർഡനുകൾ സെറ്റ് ചെയ്യാനുമുള്ള ഇടം വീടുകളിൽ ലഭിക്കണമെന്നില്ല.

മാത്രമല്ല ചെടികൾ നടാനായി മണ്ണ് പോലും പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ് ഉള്ളത്. അത്തരം സാഹചര്യങ്ങളിൽ വീടിനകത്ത് വെള്ളത്തിൽ വളർത്തിയെടുക്കാവുന്ന ചില ചെടികളും പരിചരണ രീതിയും മനസ്സിലാക്കാം.

വെള്ളത്തിൽ വളർത്താവുന്ന ഇൻഡോർ പ്ലാന്റുകൾ ഇവയെല്ലാമാണ്.

സാധാരണയായി മണ്ണിൽ വളരുന്ന ചെടികൾക്ക് ആവശ്യത്തിന് വളവും മണ്ണുമെല്ലാം പരിചരണത്തിനായി ആവശ്യമാണ്.

എന്നാൽ ഇത്തരം പരിചരണങ്ങൾ ഒന്നും നൽകാതെ തന്നെ വീടിനകത്ത് വളർത്തിയെടുക്കാവുന്ന ചെടികളാണ് ഫിലോ ടെൻഡ്രോൺ, ലക്കി ബാംബൂ പോലുള്ള ചെടികളെല്ലാം.

ചേമ്പിലയോട് സാമ്യം തോന്നിപ്പിക്കുന്ന രീതിയിൽ ഇലകൾക്ക് അത്യാവിശ്യം വലിപ്പമുള്ള ചെടികളാണ് ഫിലോഡെൻഡ്രോൺ.

കുറഞ്ഞത് ആറിഞ്ച് വലിപ്പത്തിലുള്ള ഒരു കുപ്പി അല്ലെങ്കിൽ ഗ്ലാസ് ബൗളിൽ വെള്ളം നിറച്ച് ഇവ വളർത്തി എടുക്കാവുന്നതാണ്.

മൂന്നോ നാലോ ദിവസം കൂടുമ്പോൾ വെള്ളം മാറ്റി നൽകി സൂര്യപ്രകാശം അധികം പതിക്കാത്ത ഭാഗങ്ങളിൽ ബൗളുകൾ സെറ്റ് ചെയ്ത് നൽകാം.

വെള്ളത്തിൽ വളരുന്ന ചെടി ആയതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ വെള്ളം മാറ്റി നൽകിയില്ലെങ്കിൽ ചെടി ചീഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.

ഫംഗസും ആൽഗകളും വെള്ളത്തിൽ പടരാതെ ഇരിക്കാനായി കരി ആഡ് ചെയ്തു നൽകുന്നതും ഗുണം ചെയ്യും.

വളരെ ഭംഗിയായി ഇൻഡോറിൽ അറേഞ്ച് ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന മറ്റൊരു ചെടിയാണ് ലക്കി ബാംബൂ. വെള്ളത്തിൽ വളർത്തിയെടുക്കാവുന്ന ചെടികൾക്ക് അവയുടെ വലിപ്പം അനുസരിച്ചാണ് ബൗളുകൾ തിരഞ്ഞെടുക്കേണ്ടത്.

വെള്ളത്തോടൊപ്പം കുറച്ച് ചരൽ കൂടി നിറച്ച് നൽകുകയാണെങ്കിൽ ചെടി ബൗളിൽ ഫിക്സ് ആയിക്കോളും.

സ്പൈഡർ പ്ലാന്റ് , പോത്തോസ്, ഡംമ്പെയിൻ പ്ലാന്റ് എന്നിവയും തിരഞ്ഞെടുക്കാം.

ഹാർട്ട് ഷെയ്പ്പിൽ ഇലകൾ ഉള്ള പോത്തോസ് വളർത്താനായി പ്രത്യേക ബൗളുകൾ ഉപയോഗപ്പെടുത്തേണ്ടതില്ല. വീട്ടിലെ ചെറിയ ഫിഷ് ബൗളുകൾ ഉണ്ടെങ്കിൽ ഇവ വളർത്തിയെടുക്കാനായി സാധിക്കും.

ആറ് മുതൽ 7 ദിവസത്തിനുള്ളിൽ വെള്ളം മാറ്റി നൽകേണ്ട ഈയൊരു ചെടി അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് ഉയർത്താനായി സഹായിക്കുന്നു.

ചെറിയ വേരുകളോട് കൂടി ഫിഷ് പോണ്ടുകൾ ഗ്ലാസ് ബൗളുകൾ എന്നിവയിൽ വളർത്തിയെടുക്കാവുന്ന ചെടിയാണ് ഡമ്പെയിൻ.

ഏത് സാഹചര്യത്തിലും ഇൻഡോറിൽ വളർത്താവുന്ന ചെടികളിൽ ഒന്നാണ് സ്പൈഡർ പ്ലാന്റുകൾ.

ഗ്ലാസ് ബൗളുകൾ കുപ്പികൾ എന്നിവയിൽ വളർത്തിയെടുക്കുന്ന ചെടി കൂടുതൽ വലിപ്പം വരുമ്പോൾ ഇലകൾ വെട്ടിയൊതുക്കി ഭംഗിയാക്കുകയോ മുറിച്ചെടുത്ത് മറ്റ് പാത്രങ്ങളിൽ വളർത്തുകയോ ചെയ്യാം.

എന്നാൽ ബൗളിലെ വെള്ളം 2 മുതൽ 3 ദിവസം കൂടുമ്പോൾ മാറ്റി നൽകിയില്ലെങ്കിൽ ചെടി ചീഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.

വെള്ളത്തിൽ വളർത്താവുന്ന ഇൻഡോർ പ്ലാന്റുകൾ മണ്ണില്ലാത്ത സാഹചര്യങ്ങളിൽ വീടിനകത്ത് പച്ചപ്പ് നിറയ്ക്കാനായി ഉപയോഗപ്പെടുത്താം.

ഇന്റീരിയറിൽ ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുക്കുമ്പോൾ അവ കാഴ്ചയിൽ ഭംഗിയും വീടിനകത്ത് പച്ചപ്പും നിറയ്ക്കുന്നു.

അതോടൊപ്പം തന്നെ ശുദ്ധ വായു ലഭ്യതയും ഉറപ്പു വരുത്തുന്നു. മണ്ണിൽ വളർത്തുന്ന ചെടികളുടെ അത്ര പരിചരണം വേണ്ട എന്നതും വാട്ടർ പ്ലാന്റുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഒരു പ്രധാന ഗുണമാണ്.