സ്വന്തമായി ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ.ഇന്നത്തെ കാലഘട്ടത്തിൽ ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഏരിയയാണ് ഇന്റീരിയർ ഡിസൈനിങ് പാർട്ട്‌.

പണ്ട് കാലങ്ങളിൽ വീട്ടിൽ ഒരു ആശാരിയെ വെച്ച് ആവശ്യമുള്ള ഫർണിച്ചറുകൾ, ഷെൽഫുകൾ എന്നിവ നിർമ്മിച്ച് ഫിറ്റ് ചെയ്ത് നൽകുന്ന രീതിയാണ് ഉണ്ടായിരുന്നത്.

അതുപോലെ വീട്ടിലേക്ക് ആവശ്യമായ പെയിന്റുകൾ തിരഞ്ഞെടുക്കാൻ ഇഷ്ടമുള്ള നിറങ്ങൾ പെയിന്റ് കടയിൽ നേരിട്ട് പോയി പറഞ്ഞ് വാങ്ങുന്ന രീതിയാണ് ഉണ്ടായിരുന്നത്.

ഇവയിൽ തന്നെ ഇന്റീരിയർ,എക്സ്റ്റീരിയർ എന്നിവയ്ക്ക് വേണ്ടി പ്രത്യേക പെയിന്റുകൾ ഉപയോഗിച്ചിരുന്ന രീതിയും കുറവായിരുന്നു.

എന്നാൽ ഇന്ന് ഇന്റീരിയർ ഡെക്കറേഷൻ വളരെയധികം പ്രാധാന്യം നേടിയെടുത്തിരിക്കുന്നു.

പലപ്പോഴും സ്വന്തം ആശയങ്ങൾക്ക് അനുസരിച്ച് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുക എന്നത് മിക്കവരുടെയും ആഗ്രഹമായിരിക്കും.

എന്നാൽ സ്വന്തമായി ഡിസൈൻ ചെയ്യുന്ന ഇന്റീരിയറിന് പൂർണ്ണ വിജയം കണ്ടെത്താൻ സാധിക്കുമോ എന്ന സംശയമാണ് പലരെയും പുറകോട്ട് വലിക്കുന്ന ഘടകം.

ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഏതൊരാൾക്കും തങ്ങളുടെ വീടിന്റെ ഇന്റീരിയർ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റാനായി സാധിക്കും.

സ്വന്തമായി വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

സ്വന്തമായി ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ.

ഒരു വീടിന്റെ ഇന്റീരിയർ ചെയ്യുമ്പോൾ ആ വീട്ടിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾക്ക് തുല്യ പ്രാധാന്യം നൽകുക എന്നതാണ് ഏറ്റവും പ്രാധാന കാര്യം.

അതായത് ഓരോരുത്തർക്കും അവരവരുടേതായ ആശയങ്ങൾ പറയാനുണ്ടാകും.

പ്രത്യേകിച്ച് വീട്ടിലെ കുട്ടികൾക്ക് തങ്ങളുടെ ബെഡ്റൂം ചെയ്യേണ്ട രീതികൾ പറയാൻ ഉണ്ടെങ്കിൽ അതു കൂടി കേൾക്കണം.

ഈ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ആവശ്യങ്ങൾ തിരിച്ചറിയുക എന്നതാണ് ഇന്റീരിയർ ഡിസൈനിലെ ആദ്യ പടി.

അതോടൊപ്പം തന്നെ നമ്മുടെ വീടിന്റെ പരിമിതികൾ കൂടി മനസ്സിലാക്കിയാണ് ഡിസൈനിങ് പാർട്ടിലേക്ക് പോകേണ്ടത്. ഇന്റീരിയർ ഡിസൈൻ എന്നതു കൊണ്ട് നമ്മുടെ കൺസെപ്റ്റ് എന്താണ് എന്ന കാര്യം ആദ്യം മനസ്സിലാക്കുക. ഇന്റീരിയറിലേക്ക് പ്രവേശിക്കുമ്പോൾ നമുക്ക് തോന്നേണ്ട ഫീലിന് വളരെയധികം പ്രാധാന്യമുണ്ട്. പലപ്പോഴും ഒരു വീട്ടിലേക്ക് പ്രവേശിക്കുന്ന സമയത്ത് ആദ്യം കാണുന്ന ഭാഗമായ ലിവിങ്‌ ഏരിയക്കാണ് പലരും ഇന്റീരിയർ ഡിസൈനിൽ വളരെയധികം പ്രാധാന്യം നൽകുന്നത്. അതിനുള്ള കാരണം വീട്ടിലേക്ക് വരുന്ന അതിഥികൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരിടമാണ് ലിവിങ് റൂം.

സ്വന്തമായി ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ ഓരോ ഭാഗങ്ങൾക്കും വേണം പ്രത്യേക ശ്രദ്ധ

വീടിന്റെ ഇന്റീരിയർ വർക്ക് ചെയ്യുമ്പോൾ ഓരോ ഭാഗങ്ങൾ ഡിസൈൻ ചെയ്യുമ്പോഴും ആ ഭാഗം കൂടുതലായി ആര് ഉപയോഗപ്പെടുത്തും എന്ന കാര്യം ചിന്തിക്കുന്നത് നല്ലതായിരിക്കും. തുടർന്ന് അതിനനുസരിച്ച് ഫർണിച്ചറുകളും മറ്റും തിരഞ്ഞെടുക്കുകയാണെങ്കിൽ കാര്യങ്ങൾ വളരെ എളുപ്പമാക്കാൻ സാധിക്കും. മാത്രമല്ല ആവശ്യമുള്ള കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് നമ്മുടെ മനസ്സിൽ കാണുന്ന ബഡ്ജറ്റിന് അനുസരിച്ച് ഇന്റീരിയർ ചെയ്തെടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിലും വളരെയധികം പ്രസക്തിയുണ്ട്.

ബെഡ്റൂമുകൾക്കു വേണ്ടി ഇന്റീരിയർ ചെയ്യുമ്പോൾ ആദ്യം മനസ്സിൽ കാണേണ്ട കാര്യം അത് വിശ്രമിക്കാനുള്ള ഒരിടമാണ് എന്നതാണ്.

അതുകൊണ്ടുതന്നെ അവിടെ പ്രാധാന്യം നൽകേണ്ട ഫർണിച്ചർ ബെഡ് തന്നെയാണ്. അതോടൊപ്പം തന്നെ വാർഡ്രോബ്കൾക്ക് പ്രത്യേക പരിഗണന നൽകാവുന്നതാണ്.

സ്ഥലത്തിന്റെ പരിമിതി അനുസരിച്ച് ഒരു ടേബിൾ ലാമ്പ്, ബുക്ക് ഷെൽഫ് എന്നിവ അറേഞ്ച് ചെയ്ത് നൽകുന്നതിൽ തെറ്റില്ല.

ചെറിയ ഒരു ടേബിൾ ബെഡിനോട് ചേർന്ന് അറേഞ്ച് ചെയ്ത് നൽകുകയാണെങ്കിൽ വാട്ടർ ജഗ്,അലാറം എന്നിവ സെറ്റ് ചെയ്യാൻ പ്രത്യേക ഇടം കണ്ടെത്തേണ്ടി വരുന്നില്ല.

സ്റ്റൈൽ തിരഞ്ഞെടുക്കേണ്ട രീതി

ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടാനുസരണം വീടിന്റെ ഇന്റീരിയർ സ്റ്റൈൽ തിരഞ്ഞെടുക്കാവുന്നതാണ്. ചില ആളുകൾക്ക് ഡാർക്ക്‌ നിറങ്ങളോട് ആയിരിക്കും പ്രിയം. അത്തരം ആളുകൾ വീടിന് ആവശ്യമായ പെയിന്റ്, ഫർണീച്ചർ എന്നിവ തിരഞ്ഞെടുക്കുമ്പോഴും അത്തരം നിറങ്ങൾ തന്നെ ചൂസ് ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്.

അതേസമയം ലൈറ്റ് നിറങ്ങൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കുന്ന ഫർണീച്ചറുകൾ, കർട്ടൻ പെയിന്റ് എന്നിവയെല്ലാം ലൈറ്റ് നിറങ്ങളിലുള്ള കോമ്പിനേഷനുകളിൽ പരീക്ഷിക്കാവുന്നതാണ്. കൂടാതെ ട്രെഡിഷണൽ രീതിയിൽ ഇന്റീരിയർ സെറ്റ് ചെയ്യാൻ താൽപര്യമുള്ളവർക്ക് ആ ഒരു രീതി തന്നെ പിന്തുടരാവുന്നതാണ്. അതേസമയം മോഡേൺ രീതി വേണമെന്ന് നിർബന്ധമുള്ളവർക്ക് ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ പോലും ഏറ്റവും ലേറ്റസ്റ്റ് മോഡലിൽ ഉള്ളവ തന്നെ തിരഞ്ഞെടുക്കാം.

ഭിത്തി, കർട്ടൻ എന്നിവയ്ക്ക് ആവശ്യമായ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

ഓരോരുത്തർക്കും തങ്ങൾക്ക് പ്രിയപ്പെട്ട നിറങ്ങൾ ഉണ്ടായിരിക്കും. നിരങ്ങൾക്ക് മനുഷ്യന്റെ മനസിനെ സ്വാധീനിക്കാനുള്ള കഴിവ് കൂടുതലാണ്. അതുകൊണ്ടുതന്നെ തങ്ങൾക്ക് പൂർണ തൃപ്തി നൽകുന്ന നിറങ്ങൾ ചുമരുകൾ, ഫ്ലോറിങ്, കർട്ടൻ എന്നിവയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യം. കാര്യങ്ങൾ എന്തൊക്കെ പറഞ്ഞാലും ആ വീട്ടിൽ താമസിക്കേണ്ടവരുടെ
അഭിപ്രായത്തിന് അനുസരിച്ചല്ല ഇന്റീരിയർ ചെയ്യുന്നത് എങ്കിൽ ആ വീട്ടിൽ ഒരു പോസിറ്റീവ് എനർജി ലഭിക്കണമെന്നില്ല.

ലൈറ്റ് നിറങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഹൈലൈറ്റ് ചെയ്യുന്ന ഭാഗങ്ങൾ മാത്രം ഡാർക്ക് നിറങ്ങളിലും ബാക്കി ഭാഗങ്ങൾ ലൈറ്റ് നിറങ്ങളിലും തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതലായും ബെഡ്റൂം പോലുള്ള ഏരിയകൾക്ക് ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. കുട്ടികളുള്ള വീടുകളിൽ ഇന്റീരിയർ ചെയ്യുമ്പോൾ അവർക്ക് വേണ്ടി ബെഡ് ഒരുക്കുമ്പോൾ ഒരു പ്രത്യേക ആകൃതി നൽകാവുന്നതാണ്, മാത്രമല്ല ചുമരുകൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന നിറങ്ങൾ, വാൾപേപ്പറുകൾ എന്നിവ ഇഷ്ടമുള്ള നിറങ്ങളിൽ നൽകുന്നത് കുട്ടികൾക്ക് സന്തോഷം നൽകും.

ബഡ്ജറ്റിന്റെ കാര്യം

ഇന്റീരിയർ ഡിസൈനിങ്ങിൽ ബഡ്ജറ്റിന്റെ കാര്യം തീരുമാനിക്കുന്നത് തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ ട്രാൻസ്പോർട്ടേഷൻ കോസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ്. മെറ്റീരിയൽ ക്വാളിറ്റി മാറുന്നതിനനുസരിച്ച് വിലയുടെ കാര്യത്തിലും വ്യത്യാസം വരും. മാത്രമല്ല ചില നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവയ്ക്ക് കൂടുതൽ തുക ചെലവഴിക്കേണ്ടി വരും. ഇംപോർട്ടഡ് ടൈപ്പ് മെറ്റീരിയലുകൾ, വാൾപേപ്പറുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ അവയ്ക്ക് സാധാരണ മെറ്റീരിയലുകളെക്കാൾ ചിലവ് കൂടുതലായിരിക്കും.

ഫർണിച്ചറുകൾ സ്വന്തമായി പണിയെടുപ്പിച്ച് എടുക്കുകയാണെങ്കിൽ ചിലപ്പോൾ ചെലവ് കുറയ്ക്കാൻ സാധിക്കും. അതല്ല ഇൻബിൽറ്റ് രീതിയിലുള്ള ഫർണിച്ചറുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയ്ക്ക് താരതമ്യേന ചിലവ് കുറവായിരിക്കും. ഇൻസ്റ്റാളേഷൻ കോസ്റ്റ് എപ്പോഴും ഇന്റീരിയർ ഡിസൈനിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. ഫ്ലോറിങ്ങിന് ഉപയോഗപ്പെടുത്തിയ മെറ്റീരിയലിന് അനുസൃതമായ ഒരു മെറ്റീരിയൽ തന്നെ ഇന്റീരിയറിനു വേണ്ടി തിരഞ്ഞെടുക്കുമ്പോൾ ചിലവ് കൂടാനുള്ള സാധ്യത മുന്നിൽ കാണണം. എല്ലാ രീതിയിലും ഒത്തിണങ്ങി ഒരു ഇന്റീരിയർ ഡിസൈൻ ചെയ്തു വരുമ്പോൾ അത് ബഡ്ജറ്റിൽ നിർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും റൂമിന് അനുസൃതമായി അല്ല തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ നഷ്ടം ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

സ്വന്തമായി ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ ഈ കാര്യങ്ങൾക്ക് കൂടി പ്രാധാന്യം നൽകുക.