മോഡേൺ രീതികളും ടിവി ഏരിയയും.ടെലിവിഷൻ ഉപയോഗപ്പെടുത്താത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ വളരെ കുറവാണ് എന്ന് തന്നെ പറയാം.
മാത്രമല്ല വ്യത്യസ്ത രീതികളിൽ ടിവി ഏരിയ സെറ്റ് ചെയ്യാനാണ് ഇന്ന് പലരും ശ്രമിക്കുന്നത്.
അതിനായി ഒരു പ്രത്യേക ഇടം തന്നെ വീടുകളിൽ മാറ്റി വയ്ക്കുകയും ഓരോരുത്തരും തങ്ങളുടെ ആശയങ്ങൾക്കനുസരിച്ച് ടിവി ഏരിയ നിർമ്മിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
നല്ല രീതിയിലും അതേസമയം ശബ്ദത്തിന്റെ പൂർണ്ണത ആസ്വദിച്ചു കൊണ്ട് കാണാനും പറ്റുന്ന ഒരിടം എന്ന രീതിയിൽ ലിവിങ് ഏരിയയാണ് പലരും ടിവി സെറ്റ് ചെയ്യാനുള്ള ഒരിടമായി കണക്കാക്കുന്നത്.
മുൻ രീതികളിൽ നിന്നും വ്യത്യസ്തമായി ഒരു വീട്ടിലേക്ക് ഒരു ടിവി എന്ന കൺസെപ്റ്റ് അല്ല ഇപ്പോൾ പലരും പിന്തുടരാൻ ഇഷ്ടപ്പെടുന്നത്.
ലിവിങ് ഏരിയ തന്നെ ഫോർമൽ, ഫാമിലി, അപ്പർ ലിവിങ് എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ തരം തിരിക്കുമ്പോൾ അതിനനുസൃതമായി ഓരോ ഭാഗത്തേക്കും ടിവി നൽകാനും പലരും ആഗ്രഹിക്കുന്നു.
മോഡേൺ രീതിയിൽ ടിവി ഏരിയ ഒരുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
മോഡേൺ രീതികളും ടിവി ഏരിയയും.
നേരത്തെ പറഞ്ഞതു പോലെ ആവശ്യത്തിന് വെളിച്ചം, ശബ്ദം എന്നിവ സജ്ജീകരിച്ചു നൽകാൻ സാധിക്കുന്ന ഒരിടം തന്നെ ടിവി സെറ്റ് ചെയ്യാനായി കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാന കാര്യം .
അതോടൊപ്പം പ്രായമായവർ മാത്രമുള്ള വീടുകളിൽ അവർക്ക് സ്വസ്ഥമായി ഇരുന്ന് ടിവി കാണാൻ ബെഡ്റൂ മുകളിൽ ടിവി സജ്ജീകരിച്ച് നൽകുന്ന രീതിയും കണ്ടു വരുന്നുണ്ട്.
വീടിന്റെ മാസ്റ്റർ ബെഡ്റൂമിലും ടി വി ഉപയോഗപ്പെടുത്താൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും.
അതേസമയം വീട്ടിലേക്ക് ഒരു ടിവി മാത്രമാണ് സജ്ജീകരിച്ച് നൽകുന്നതെങ്കിൽ ലിവിങ് ഏരിയ തന്നെയാണ് ഫസ്റ്റ് പ്രിഫറൻസസ് കൊടുക്കാവുന്നത്.
ടിവി സജ്ജീകരിച്ച് നൽകുന്ന ഭാഗം പ്രത്യേക രീതിയിൽ പാനൽ നൽകി ആവശ്യമെങ്കിൽ ഹൈലൈറ്റ് ചെയ്യാനായി ടെക്സ്ചർ,പെയിന്റിങ് വർക്കുകൾ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്റീരിയർ ഡിസൈനിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ ആ ഒരു തീമിനോട് യോജിച്ചു പോകുന്ന രീതിയിൽ വേണം ടിവി യൂണിറ്റും സെറ്റ് ചെയ്ത് നൽകാൻ. ടിവിയോട് ചേർന്ന് സ്പീക്കർ നൽകുന്നുണ്ടെങ്കിൽ അവയുടെ കണക്ഷൻ പുറത്തേക്ക് കാണാത്ത രീതിയിൽ നൽകാനായി പ്രത്യേകം ശ്രദ്ധിക്കണം.
ഫർണിച്ചറുകൾക്കും വേണം പ്രത്യേക ശ്രദ്ധ
കൂടുതൽ പേരും അലസമായി ഇരുന്ന് ടിവി കാണാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും. അതുകൊണ്ടു തന്നെ ഇരുന്ന് ടിവി കാണുക എന്ന രീതി മാറി കിടന്നു കൊണ്ട് ടിവി കാണാനാണ് പലരും ഇഷ്ടപ്പെടുന്നത്. കൂടുതൽ സ്പേസ് ലഭിക്കുന്ന രീതിയിൽ L ഷേപ്പ് സോഫകൾ അത്തരത്തിൽ ലിവിങ് റൂമിൽ സജ്ജീകരിക്കാം. ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണത്തിന് അനുസൃതമായി ഫർണിച്ചറുകൾ ടിവി ഏരിയയോട് ചേർന്ന് നൽകിയിട്ടുണ്ടോ എന്ന കാര്യം ശ്രദ്ധിക്കുക. അതല്ലെങ്കിൽ പിന്നീട് കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് ടിവി കാണുന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറും.
ടിവി ഏരിയയോട് ചേർന്ന് പ്രത്യേക കളർ തീമുകൾ നൽകുകയും, പ്രകാശം ലഭിക്കുന്നതിനായി കോർട്ട്‌യാർഡ്, പാഷ്യോ എന്നിവ നൽകുകയും ചെയ്യാം. ടിവി കാണാനായി ഇരിക്കുന്ന ഭാഗവും ടിവിയും തമ്മിലുള്ള അകലം കൃത്യമായ രീതിയിൽ ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ കുട്ടികളിൽ കാഴ്ച്ച പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 50 ഇഞ്ച് വലിപ്പത്തിലുള്ള ടീവി ഏകദേശം സോഫയിൽ നിന്നും മൂന്ന് മീറ്ററെങ്കിലും അകലം നൽകി വേണം സജ്ജീകരിക്കാൻ.
ഫ്ലോറിങ്, പാനലിങ് എന്നിവ ചെയ്യുമ്പോൾ
ടിവി ഏരിയ കൂടുതൽ ഭംഗി നൽകുന്നതിന് വുഡൻ ഫ്ലോറിങ് തിരഞ്ഞെടുക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഇവ ടിവി പാനലിന് അനുയോജ്യമായ രീതിയിലാണ് സെറ്റ് ചെയ്യുന്നത് എങ്കിൽ ഒരു പ്രത്യേക ലുക്ക് ലഭിക്കും. ടിവി യൂണിറ്റ് നിർമിക്കാനായി പ്ലൈവുഡ് പാനലുകൾ ഒരു നല്ല ഓപ്ഷൻ ആണ്. ടിവിക്ക് ആവശ്യമായ സൗണ്ട് ബാറുകൾ, റിസീവർ റിമോട്ട് എന്നിവ വയ്ക്കുന്നതിനുള്ള ഇടവും ടിവി യൂണിറ്റിൽ സജ്ജീകരിച്ച് നൽകാവുന്നതാണ്.
അതല്ല എങ്കിൽ ഇരിക്കുന്ന ചെയറിനോട് ചേർന്ന് തന്നെ റിമോട്ട് വെക്കുന്നതിനുള്ള സൗകര്യവും നൽകാം. ഇപ്പോൾ മിക്ക വീടുകളിലും ഹോം തിയേറ്റർ സജ്ജീകരിക്കുന്നതിനായി ഒരു പ്രത്യേക ഇടം തന്നെ കണ്ടെത്തുന്നുണ്ട്. ഹോം തിയേറ്റർ നൽകാൻ താല്പര്യമുണ്ടെങ്കിൽ കൃത്യമായ രീതിയിൽ ഫർണിച്ചറുകൾ മറ്റ് സെറ്റിംഗ്സ് എന്നിവ നൽകാൻ ശ്രദ്ധിക്കുക.
മോഡേൺ രീതികളും ടിവി ഏരിയയും പൂർണമായും മനസിലാക്കിക്കൊണ്ട് തന്നെ ഇന്റീരിയർ ഡിസൈൻ ചെയ്യാം.