വീട്ടിൽ ഒരു നടുമുറ്റം ആഗ്രഹിക്കാത്തവർ ആരുണ്ട്?? പക്ഷേ പണിയാണ്!!

വീട് നമ്മുടെയെല്ലാം സ്വപ്നമാണ് എന്ന് മാത്രമല്ല, നമ്മുടെ ചെറിയ ആഗ്രഹങ്ങളും സർഗ്ഗാത്മകതയും ഓർമ്മകളും എല്ലാം സൂക്ഷിക്കാനുള്ള ഒരിടം കൂടിയാണ്.

ഇങ്ങനെ നോക്കുമ്പോൾ മലയാളിയായ ഒരാളെ സംബന്ധിച്ച് വീട്ടിൽ ഒരു നടുമുറ്റം എന്ന ആഗ്രഹം എപ്പോഴും പൊന്തിവരുന്ന ഒന്നുതന്നെയാണ്. മഴ ആസ്വദിക്കാനും വെളിച്ചം ആസ്വദിക്കാനും ഇളംകാറ്റ് ആസ്വദിക്കാനും ഇഷ്ടമില്ലാത്ത ഏതു മലയാളി ഉണ്ട് ??

പക്ഷേ പ്രായോഗികതയിലേക്ക് വരുമ്പോൾ ഇത് എത്രത്തോളം അഭികാമ്യമാണ്?? വീട് എന്നത് ഗൃഹാതുരത്വം തീർക്കാൻ മാത്രമല്ലല്ലോ, സുസ്ഥിരവും സുരക്ഷിതവുമായ ജീവിതത്തിന് വേണ്ടി കൂടിയാണല്ലോ. അങ്ങനെ നോക്കുമ്പോൾ പ്രായോഗികത ഏറ്റവും വലിയ ഘടകങ്ങളിൽ ഒന്നാണ്

അധികംപേരും മറ്റുള്ളവർ ചെയ്തു കണ്ടിട്ട് നടുമുറ്റം ചെയ്യണമെന്ന ആഗ്രഹം വരുന്നവരാണ്. നമ്മുടെ കേരളത്തിലെ ഒരു മധ്യവർഗ്ഗ വീട്ടിൽ നടുമുറ്റം എന്ന ആശയം എത്രത്തോളം പ്രായോഗികമാണ് എന്ന് പരിശോധിക്കാം.

പണിയാകുമോ നടുമുറ്റം??

2000 സ്ക്വയർ ഫീറ്റിൽ താഴെ വിസ്തീർണമുള്ള 3 കിടപ്പുമുറികളുള്ള വീടുകൾ ആണ് കേരളത്തിലെ ഭൂരിപക്ഷം സാധാരണക്കാരും ആഗ്രഹിക്കുന്നത്. ഇങ്ങനെയുള്ള ഈ വീടിന് ഉള്ളിലേക്കാണ് നടുമുറ്റം എന്ന ആഗ്രഹം നമ്മൾ രൂപകൽപ്പന ചെയ്യാൻ ശ്രമിക്കുന്നത്.

പരമാവധി 6 അടി നീളവും 6 അടി വീതിയുമുള്ള കോർട്ട്യാർഡ് ആണ് ആളുകൾ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. 

മഴവെള്ളം വീഴുന്നതിൻ വീഴാതെയും നിർമ്മിക്കുക പതിവാണ്. 

കാലടി മുതൽ രണ്ടടി വരെ താഴ്ചയിൽ ഇത്തരം കോർട്യാർഡുകൾ പണിയാറുണ്ട്. ഫ്ലാറ്റായി വാർക്കുന്ന മേൽക്കൂരയിൽ പർഗോള ബീമുകൾ നൽകി പകൽവെളിച്ചം വീടുകൾ പ്രവേശിക്കുന്ന രീതിയിലാണ് ഇത്തരം ചെറിയ നടുമുറ്റം നിർമിക്കുന്നത്.

അത് പക്ഷേ ഭൂരിഭാഗം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആരംഭശൂരത്വം മാത്രമാകും. ഈ കോർട്യാർഡുകൾ  ഉപകാരപ്രദം അല്ലെന്നു മാത്രമല്ല പൊതു ഇടങ്ങളിലെ സൗകര്യം ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും ചെയ്യും. 

പ്രായമായവരെയും ചെറിയ കുട്ടികളുടെയും വീടിനുള്ളിലെ സഞ്ചാരപഥത്തിൽ വിഷയമായി കോർട്യാർഡുകളും അവയുടെ തൂണുകളും മാറുമെന്നതിൽ സംശയവുമില്ല. ഈ കുഴികളിൽ വീണ് പരിക്കേറ്റു സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

മിക്കവരും ഇത്തരം ഇടങ്ങളിൽ പെബിൾസ് അല്ലെങ്കിൽ ഗ്രാസും ഇൻഡോർ ചെടികൾ ഒക്കെ വെക്കാറാണ് പാതിവ്.

കൃത്യമായി പരിപാലനം ചെയ്യാമെങ്കിൽ  നല്ലത്. പക്ഷേ ജോലിത്തിരക്കും ജീവിതത്തിലേക്കും കാരണം വല്ലപ്പോഴും മാത്രം ശ്രദ്ധിക്കാനാണ് ഭാവമെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അവർ കരിഞ്ഞുണങ്ങി പൊടിപിടിച്ചു കിടക്കുന്നത് കാണേണ്ടിവരും.

ചിലർ ഒരുപടികൂടി കടന്ന് മഴവെള്ളം കൂടി അകത്തു വീഴുന്ന രീതിയിൽ തുറന്ന മേൽക്കൂരയുള്ള നടുമുറ്റങ്ങളിൽ നിർമ്മിക്കുന്നു. വർഷത്തിൽ ആറുമാസത്തോളം മഴപെയ്യുന്ന കേരളത്തിൽ ആദ്യമൊക്കെ വീടിനുള്ളിൽ മഴപെയ്യുന്നത് രസമായിരിക്കും. 

എന്നാൽ പിന്നെ മടുത്തു തുടങ്ങും.  മഴവെള്ളം സമീപത്തെ മുറികളിൽ തെറിച്ചുവീണു ടൈൽസുമായി കൂടിച്ചേരുമ്പോൾ തെന്നിവീഴുന്ന  സംഭവം അപൂര്വമല്ല. 

ചിലയിടത് നടുമുറ്റത്തിന്റെ വശങ്ങളിൽ പാരപ്പറ്റ് കെട്ടി മറക്കുന്ന രീതിയും നിലവിൽ കാണാറുണ്ട്. അതും ചെറിയ വീടുകളുടെ സൗകര്യത്തെ കുറയ്ക്കും എന്നതിൽ തർക്കമില്ല. ചുരുക്കം പറഞ്ഞാൽ വിസ്തീർണ്ണ കാര്യത്തിൽ ഇതിൽ പരിധിയുള്ള വീടുകൾ നടുമുറ്റം നൽകാത്തതാണ് നല്ലത്. 

പകരം വായുസഞ്ചാരം ഉള്ള ദിശകളിൽ രണ്ടു പാളികളായി തുറക്കാവുന്ന പൊക്കമുള്ള ജനാലകൾ കൊടുക്കുന്നതാണ് നല്ലത്.

പൊതുവിടങ്ങളിൽ വെളിച്ചം  കുറവുണ്ടെങ്കിൽ നടുക്കുള്ള കോർട്ട്‌യാർഡും തൂണുകളും ഒഴിവാക്കി സീലിംഗിൽ അഞ്ച് അടി നീളത്തിൽ മൂന്ന് അടി വീതിയിലും പർഗോള ബീമുകൾ നൽകി പകൽവെളിച്ചം അകത്തേക്ക് പ്രവേശിപ്പിക്കാൻ സാധിക്കും. 

ഇനി ചെറിയ വീടുകളിൽ തന്നെ കോർട്ട് യാർഡ് വേണം എന്ന് നിർബന്ധമുള്ളവർക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്. ഈ കോർട്യാർഡിനെ നടുക്ക് നിന്ന് ഒരു മൂലയിലേക്ക് മാറ്റുക!!

ഒരു തൂണ് മാത്രം നൽകി 5 അടി നീളവും നാലടി വീതിയും അരയടി മാത്രം താഴ്ചയിലും കോർട്യാർഡുകൾ നിർമിക്കാം. അതിനുള്ള ഭിത്തിയിൽ പ്രാർത്ഥനാ സൗകര്യമോ ഇൻഡോർ പ്ലാൻറുകളോ വച്ച് അലങ്കരിക്കാം.