മോഡുലാർ കിച്ചൻ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ പരീക്ഷിക്കാം ഈ വഴികൾ.

പുതിയതായി നിർമ്മിക്കുന്ന വീടുകളിലെല്ലാം മോഡുലാർ കിച്ചണുകൾ ആണ് ഇപ്പോൾ കൂടുതലായും കണ്ടു വരുന്നത്. എന്നാലും പലർക്കും ഒരു സാധാരണ കിച്ചണിൽ നിന്നും മോഡുലർ കിച്ചണിനെ വേർ തിരിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ് എന്ന് കൃത്യമായി അറിയുന്നുണ്ടാവില്ല.

എന്ന് മാത്രമല്ല പലരും മോഡുലാർ കിച്ചൻ എന്ന പേര് കേൾക്കുമ്പോൾ അത് വളരെയധികം ചിലവ് കൂടിയ കാര്യമാണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നുണ്ട്.

കുറച്ചു കാര്യങ്ങളിൽ ശ്രദ്ധ നൽകുകയാണെങ്കിൽ വളരെ കുറഞ്ഞ ചിലവിൽ തന്നെ ഏതൊരു ചെറിയ വീട്ടിലും മോഡുലാർ കിച്ചൻ സെറ്റ് ചെയ്തെടുക്കാൻ സാധിക്കും.

മോഡുലാർ കിച്ചൻ നിർമ്മിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, നിർമാണരീതി, ചിലവ് എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

നോർമൽ കിച്ചണിൽ നിന്നും മോഡുലാർ കിച്ചനെ വ്യത്യസ്തമാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?

ഒരു സാധാരണ കിച്ചൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അടുക്കളയിൽ ഒരു സ്ലാബ്, അതിനോട് ചേർന്ന് ഒരു സിങ്ക്, സ്ലാബിന് താഴെയായി പാത്രങ്ങൾ അടുക്കി വെക്കാൻ ഉള്ള സ്ഥലം എന്നിവ നൽകുന്നു.

അതേസമയം മോഡുലാർ കിച്ചൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കുറഞ്ഞ സ്ഥലം കൂടുതൽ ഭംഗിയായി എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതാണ്.

ഇവയിൽ തന്നെ ഓരോ സ്പേസും എങ്ങിനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താം എന്ന് നോക്കി ഒരു വ്യക്തമായ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്.

മാത്രമല്ല മാക്സിമം സ്റ്റോറേജ് സ്പേസ് ഉണ്ടാക്കുക എന്നതും മോഡുലാർ കിച്ചൻ നിർമ്മിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നു.

മോഡുലാർ കിച്ചൻ നിർമ്മിക്കുന്നതിന് ആവശ്യമായ മെറ്റീരിയലുകൾ

ഒരു മോഡുലാർ കിച്ചൻ നിർമ്മിക്കുന്നതിന് കവറിംഗ് മെറ്റീരിയൽ, ഫിനിഷിംഗ് മെറ്റീരിയൽ, യൂണിറ്റ് മെറ്റീരിയൽ എന്നിവ ആവശ്യമാണ്. ഒരു മോഡുലാർ കിച്ചന്റെ ലൈഫ് നിശ്ചയിക്കുന്നതിൽ ഈ മൂന്ന് മെറ്റീരിയലുകൾക്കും അതിന്റെതായ പ്രാധാന്യമുണ്ട്.

കവറിംഗ് മെറ്റീരിയൽ ആയി നാല് രീതിയിലുള്ള വുഡ് ആണ് ഉപയോഗപ്പെടുത്തുന്നത്.
നാച്ചുറൽ സോളിഡ് വുഡ്,പ്ലൈവുഡ്,PVC, MDF എന്നിവയാണ് കവറിംഗ് മെറ്റീരിയൽ ആയി പ്രധാനമായും ഉപയോഗിക്കുന്നത്.

ഏറ്റവും ക്വാളിറ്റി കൂടിയ കവറിംഗ് മെറ്റീരിയൽ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നാച്ചുറൽ സോളിഡ് വുഡ് തിരഞ്ഞെടുക്കാം. ഇത്തരം മെറ്റീരിയലുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ അടുക്കളക്ക് ഒരു റോയൽ ലുക്ക് ലഭിക്കുന്നതിന് സഹായിക്കും.

അതേസമയം സോളിഡ് വുഡ് തിരഞ്ഞെടുക്കുമ്പോൾ ചില പരിമിതികളും ഉണ്ട് എന്ന കാര്യം അറിഞ്ഞിരിക്കുക.

അതേ സമയം പ്ലൈവുഡ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഒന്നിലധികം മരങ്ങളെ ഒരു പശ ഉപയോഗിച്ച് ഒട്ടിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു നാച്ചുറൽ വുഡ് നൽകുന്ന ഏകദേശം അതേ ക്വാളിറ്റിയിൽ തന്നെ പ്ലൈ വുഡും ഉപയോഗപ്പെടുത്താൻ സാധിക്കും.

അതേസമയം വില കുറവുമാണ്.പ്ലൈ വുഡ് രണ്ടുതരത്തിൽ തരംതിരിക്കാം.BWP, കൊമേഴ്സ്യൽ പ്ലൈവുഡ് എന്ന പേരിൽ അവ അറിയപ്പെടുന്നു. അതായത് വാട്ടർപ്രൂഫ് വിഭാഗത്തിൽ വരുന്ന പ്ലൈവുഡ് കളാണ് BWP ഭാഗത്തിൽ ഉൾപ്പെടുന്നത്.

അത് കൊണ്ടു തന്നെ കിച്ചണിൽ കൂടുതലായി വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇത്തരം മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

മീഡിയം ഡെൻസിറ്റി ഫൈബർ വിഭാഗത്തിൽ ഉൾപ്പെടുന്ന MDF ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ മോൾഡുകളെ ആവശ്യത്തിന് നിറം നൽകി നിർമ്മിച്ചർടുക്കുന്ന മെറ്റീരിയലുകൾ ആണ് ഇവ.

മറ്റു മെറ്റീരിയലുകളെ അപേക്ഷിച്ച് അത്ര സ്ട്രോങ്ങ് അല്ല എങ്കിലും കാഴ്ചയിൽ ഭംഗി തരികയും അതേസമയം കുറഞ്ഞവിലയിൽ ഉപയോഗിക്കാനും സാധിക്കുന്നു. എന്നാൽ ഇവയ്ക്ക് ഒരു പ്ലൈ വുഡിന് താങ്ങാവുന്ന അത്രയും ഭാരം താങ്ങാനുള്ള ശേഷി ഇല്ല.

ഏറ്റവും കുറഞ്ഞ ചിലവിൽ മോഡുലാർ കിച്ചൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കുന്ന ഒരു മെറ്റീരിയലാണ് PVC. ഇവ തന്നെ രണ്ട് രീതിയിൽ തരംതിരിച്ചിരിക്കുന്നു. PVC ഹോം ബോർഡുകൾ, PVC ഹോളോ ബോർഡുകൾ. ഇത്തരം മെറ്റീരിയലുകൾ ക്ക് വില കുറവായതു കൊണ്ട് തന്നെ ലൈഫും കുറവായിരിക്കും.

മോഡുലാർ കിച്ചൻ സെറ്റ് ചെയ്യുമ്പോൾ

ഒരു സാധാരണ കിച്ചൻ നിർമ്മിച്ചെടുക്കുന്നതിനേക്കാൾ കുറഞ്ഞ സമയത്തിൽ മോഡുലാർ കിച്ചൻ സെറ്റ് ചെയ്തെടുക്കാൻ സാധിക്കും.

അതേസമയം കൃത്യമായ പ്ലാനിങ്, ഉപയോഗിക്കേണ്ട മെറ്റീരിയലിനെ പറ്റിയുള്ള ധാരണ, നിർമ്മാണ രീതി എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവ നിർണയിക്കപ്പെടുന്നത് എന്ന് മാത്രം.

ഇപ്പോൾ മിക്ക പ്രൊഫഷണൽ ഇന്റീരിയർ ഡിസൈനിങ് കമ്പനികളും 15 ദിവസത്തിനുള്ളിൽ മോഡുലാർ കിച്ചൻ സെറ്റ് ചെയ്ത് നൽകുന്നുണ്ട്.

ഫിനിഷിംഗ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ

ഫിനിഷിംഗ് മെറ്റീരിയൽ നാല് രീതിയിൽ തരംതിരിച്ചിട്ടുണ്ട്. നോർമൽ ലാമിനേറ്റസ്, അക്രലിക് ലാമിനേറ്റ്,PVC ലാമിനേറ്റ്സ്, മെമ്പരൈൻ മെറ്റീരിയൽ. ഇവയിൽ നോർമൽ ലാമിനേറ്റ്, അക്രലിക് ലാമിനേറ്റ് എന്നിവ തിരഞ്ഞെടുക്കുമ്പോൾ നല്ല രീതിയിൽ ബോർഡിന് തിളക്കം ലഭിക്കാൻ സഹായിക്കുന്നു. നോർമൽ ലാമിനേറ്റ് തന്നെ മാറ്റ് ഫിനിഷ്, മെറ്റാലിക് ഫിനിഷ് എന്നിങ്ങനെയെല്ലാം തരം തിരിക്കാം.

PVC യാണ് ഫിനിഷിങ് മെറ്റീരിയൽ ആയി തിരഞ്ഞെടുക്കുന്നത് എങ്കിൽ വാട്ടർ, ഹീറ്റ് റസിസ്റ്റന്റ് ആയ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

എന്നാൽ ഇവയുടെ വില നോർമൽ ലാമിനേറ്റഡിനെക്കാളും കൂടുതലും അക്രിലിക് ലാമിനേറ്റ് നേക്കാൾ കുറവുമാണ്.

കിച്ചണിൽ ഒരു യൂണിക് ലുക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മെറ്റീരിയലാണ് മെമ്പറയിൻ. അതുകൊണ്ടുതന്നെ ഇവയുടെ വിലയും കുറച്ചു കൂടുതൽ ആയിരിക്കും.

നിർമ്മാണ ചിലവ്

മോഡുലാർ കിച്ചൻ ചെയ്യുന്നതിന് ചിലവ് പരിശോധിക്കുകയാണെങ്കിൽ ഒരു സ്ക്വയർ ഫീറ്റിന് ഏകദേശം 500 രൂപ മുതൽ 2000 രൂപ നിരക്കിലാണ് ചിലവ് വരിക. കുറഞ്ഞ ചിലവിൽ മോഡുലാർ കിച്ചൻ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഓപ്ഷൻ ആണ് പിവിസി മെറ്റീരിയൽ.

അതേസമയം വളരെ നല്ല റിച്ച് ലുക്കിൽ കിച്ചൻ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് MDF പോലുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കാം.

ഓരോരുത്തരുടെയും ബഡ്ജറ്റിന് അനുസരിച്ച് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നത് വഴി ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി തന്നെ ഒരു മോഡുലാർ കിച്ചൻ നിങ്ങളുടെ വീട്ടിലും സെറ്റ് ചെയ്യാം.