വീട് നിർമ്മാണത്തിൽ വാസ്തു ശാസ്ത്രത്തെ കൂട്ട് പിടിക്കേണ്ടതുണ്ടോ? സത്യവും മിഥ്യയും.

സ്വന്തമായി ഒരു വീട്, അത് ഏതൊരാളുടെയും സ്വപ്നമായിരിക്കും. എന്നാൽ വീടിനെ പറ്റിയുള്ള സങ്കല്പം ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും ഉണ്ടായിരിക്കുക.

ചിലർ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ആർക്കിടെക്ടിനോട് പറഞ്ഞു പ്ലാൻ വരയ്ക്കാൻ നിർദ്ദേശിക്കുന്നു.

മറ്റ് ചിലർ തങ്ങളുടെ വീട് എല്ലാ രീതിയിലും പൂർണ്ണതയിൽ എത്തണം എന്ന് ആഗ്രഹിക്കുകയും, അതിനായി വാസ്തു ഉൾപ്പെടെയുള്ള ഓരോ കാര്യങ്ങൾക്കും പ്രത്യേക പരിഗണന നൽകുകയും ചെയ്യാറുണ്ട്.

വീട് നിർമ്മാണത്തിൽ വാസ്തു ശാസ്ത്രത്തിനുള്ള പ്രാധാന്യം പലപ്പോഴും എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. പലരും അന്ധ വിശ്വാസങ്ങളെ കൂട്ടുപിടിച്ച് വാസ്തു ശാസ്ത്രത്തെ പൂർണ്ണമായും തള്ളിക്കളയുന്നു .എന്നാല്‍ അവ സത്യത്തിൽ പൂർണ്ണമായും മിഥ്യയാണെന്ന് പറയാൻ സാധിക്കുമോ?

വാസ്തു ശാസ്ത്ര പ്രകാരം ഒരു വീടിന്റെ ഓരോ കോണുകൾക്കും പ്രത്യേക അളവുകളും, കണക്കുകളും, ആകൃതിയും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അവിടെ വരേണ്ട റൂമുകൾ, ഗോവണി എന്നിവയ്ക്കെല്ലാം പ്രത്യേക സ്ഥാനങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

വീടിന്റെ അകത്ത് മാത്രമല്ല പുറത്ത് സ്ഥിതി ചെയ്യുന്ന കിണറിനു പോലും കൃത്യമായ ഒരു സ്ഥാനം വാസ്തു പ്രകാരം നിർദ്ദേശിക്കപ്പെടുന്നുണ്ട്.

അതുകൊണ്ടുതന്നെ വാസ്തു ശാസ്ത്രം വിശ്വസിക്കുന്നവർക്ക് ഓരോ സ്ഥാനങ്ങളും കൃത്യമായി മനസ്സിലാക്കി വീട് നിര്‍മ്മിക്കാം.


ഗോവണിയിൽ വാസ്തുവിനുള്ള പ്രാധാന്യം

മിക്ക വീടുകളിലും വാസ്തുശാസ്ത്രപ്രകാരം തെറ്റു വരുന്ന ഒരു ഭാഗമായി വീടിന്റെ ഗോവണി യെ കണക്കാക്കുന്നു. കൃത്യമായ വാസ്തു അനുശാസിക്കുന്നത് ഗോവണിയുടെ മാതൃക പ്രദക്ഷിണ രൂപത്തിൽ ആകണം എന്നതാണ്.

അതായത് കോണിപ്പടികൾ നൽകുമ്പോൾ അവ ഇടത്തു നിന്നും വളഞ്ഞ് വലത്തോട്ട് പോകേണ്ട രീതിയാണ് നൽകേണ്ടത് . അതായത് സ്റ്റെയർകേസിൽ നൽകിയിട്ടുള്ള പടികൾ ലാഭം, നഷ്ടം എന്നിവയെ സൂചിപ്പിക്കുന്നു.എന്നാല്‍ പലപ്പോഴും ഇവ വാസ്തുവിൽ തെറ്റായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

എന്നാൽ ഇവിടെ യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് ഭാരതീയ സംസ്കാരത്തിൽ ശുഭകാര്യങ്ങൾ വലതുകാൽ വച്ച് തുടങ്ങണം എന്നത് മാത്രമാണ്.

അതുകൊണ്ടുതന്നെ വലതുകാലിൽ തന്നെ അവസാന പടിയും അവസാനിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഒറ്റസംഖ്യയിൽ ഗോവണിപ്പടികൾ നൽകുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

സാധാരണയായി വീടുകളിൽ സ്റ്റെയർകെയ്സിന് വാസ്തുപ്രകാരം നൽകേണ്ട സ്ഥാനം വീടിന്റെ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്ത് ആണ്.

കിണറും വാസ്തുവും

ഏതൊരു വീടിന്റെയും മർമ്മപ്രധാനമായ ഭാഗമാണ് കിണർ. അതുകൊണ്ടുതന്നെ വാസ്തു നോക്കി കിണറിന് ഉള്ള സ്ഥലം തിരഞ്ഞെടുക്കുകയാണെങ്കിൽ, വീടിന്റെ വടക്ക് ഭാഗത്തിന് മധ്യ സ്ഥാനം മുതൽ കിഴക്ക് ഭാഗത്തിന്റെ മധ്യ സ്ഥാനം വരെയുള്ള ഏത് ഭാഗത്ത് വേണമെങ്കിലും സ്ഥാനം കണ്ടെത്താവുന്നതാണ്.

എന്നാൽ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തോ, വടക്ക് പടിഞ്ഞാറ് ഭാഗത്തോ ആയി കിണറിന് സ്ഥാനം കാണില്ല എന്നത് അറിഞ്ഞിരിക്കുക.

വീടിന്റെ തെക്ക് ഭാഗത്തോ, തെക്ക് കിഴക്ക് ഭാഗത്തോ കിണറിന് സ്ഥാനം കാണുന്നതും ഒട്ടും നല്ലതായി കണക്കാക്കുന്നില്ല.

അതായത് ഇവിടെ ഭൂമിയെ ഒരു മനുഷ്യ ശരീരത്തോട് ഉപമിച്ച്, മനുഷ്യന്റെ ശരീരത്തിലൂടെ രക്തം എങ്ങനെ പ്രവഹിക്കുന്നുവോ അതെ രീതിയിൽ ഭൂമിയിലെ ഉറവ കളിലൂടെയുള്ള ജലത്തിന്റെ സഞ്ചാരത്തെ കണക്കാക്കുന്നു എന്നതാണ് സത്യം.

വാസ്തു ശാസ്ത്രത്തെ വിശ്വസിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കുന്ന ഘടകങ്ങളാണ്.