അലങ്കോലമായി കിടക്കുന്ന അലമാരകൾ അടുക്കാം.

അലങ്കോലമായി കിടക്കുന്ന അലമാരകൾ അടുക്കാം.മിക്ക വീടുകളിലും വളരെയധികം തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ് ബെഡ്റൂമുകളിലും, വീടിന്റെ മറ്റ് ഭാഗങ്ങളിലും അലങ്കോലമായി കിടക്കുന്ന അലമാരകൾ.

വീട് നിർമിച്ച് താമസം മാറി കുറച്ചു ദിവസം വൃത്തിയിലും ചിട്ടയിലും ഇവ കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിലും പിന്നീടങ്ങോട്ട് ആ ഒരു രീതി ആരും തുടർന്നു കൊണ്ടു പോകുന്നില്ല എന്നതാണ് സത്യം.

ഒരു തവണ അലങ്കോലമായി കഴിഞ്ഞാൽ പിന്നീട് അവ വൃത്തിയാക്കിയിട്ട് കാര്യമൊന്നുമില്ല എന്ന്ചിന്തിക്കുന്നവരാണ് മിക്ക ആളുകളും.

അടുക്കും ചിട്ടയുമുള്ള വീട് എന്ന സങ്കല്പം പൂർത്തീകരിക്കാൻ വീട്ടിലെ അലമാര കൾക്കും വേണം പ്രത്യേക ശ്രദ്ധ.

ബെഡ്റൂമുകളിലെ അലമാരകൾക്ക് മാത്രമല്ല കിച്ചൺ ഏരിയ പോലുള്ള ഭാഗങ്ങളിൽ നൽകുന്ന ഷെൽഫുകൾക്കും ഇതേ ശ്രദ്ധ നൽകേണ്ടതുണ്ട്.

അതല്ലായെങ്കിൽ അവ നൽകിയത് കൊണ്ടുള്ള ഗുണങ്ങൾ പോലും ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാവുക. വീട്ടിലെ അലമാരകൾ അടുക്കിപ്പെറുക്കി ഭംഗിയാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

അലങ്കോലമായി കിടക്കുന്ന അലമാരകൾ അടുക്കാം

അലങ്കോലമായ അലമാരകൾ അടുക്കി വക്കാനായി ഉപയോഗിക്കുന്ന ഓർഗനൈസറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

പ്രത്യേകിച്ച് ബെഡ്റൂ മുകളിലെ വാർഡ്രോബുകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് പ്രത്യേക വാർഡ്രോബ് സ്പേസറുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

പല വലിപ്പത്തിലും ആകൃതിയിലുമുള്ള സ്‌പേസറുകൾ ഉപയോഗപ്പെടുത്തി ഓരോന്നിനും ഓരോ സ്ഥാനം കണ്ടെത്താവുന്നതാണ്.

വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ തന്നെ ഹാങ്ങിങ് ടൈപ്പ് വസ്ത്രങ്ങൾ അറേഞ്ച് ചെയ്ത് നൽകുന്നതിന് പ്രത്യേകമായ ഒരിടം നൽകാവുന്നതാണ്.

വ്യത്യസ്ത രീതിയിൽ അറേഞ്ച് ചെയ്ത് നൽകാവുന്ന ഷെൽഫുകൾ നോക്കി ഈ ഭാഗങ്ങളിൽ ഉപയോഗപെടുത്താം.

അലമാരകൾ അറേഞ്ച് ചെയ്യുന്നതിന് മുൻപായി ആദ്യം തന്നെ ആവശ്യമുള്ളതും അല്ലാത്തതുമായ സാധനങ്ങൾ വേർതിരിച്ച് വെക്കുക എന്നതാണ് ചെയ്യേണ്ട കാര്യം.

ആവശ്യമില്ലാത്ത തുണികളും മറ്റും അലമാരയിൽ നിന്നും പൂർണമായും ഒഴിവാക്കാനായി ശ്രദ്ധിക്കണം.

ഓരോന്നിന്റെയും ആവശ്യം അനുസരിച്ച് കൂടുതൽ ഉപയോഗിക്കുന്നവ മുകൾ ഭാഗത്തും കുറവ് ഉപയോഗിക്കുന്നവ ഏറ്റവും താഴെ ഭാഗത്തേക്കോ നൽകാം.

ഉപയോഗിക്കാത്ത വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവ ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ ഒരു കവറിൽ സൂക്ഷിച്ചു വച്ച് നൽകാവുന്നതാണ്.

വാർഡ്രോബ് സ്പേസ് സേവറുകൾ

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വാർഡ്രോബ്കളിലെ സ്ഥലം നല്ല രീതിയിൽ ഉപയോഗപ്പെടുത്താനായി തിരഞ്ഞെടുക്കാവുന്നതാണ് സ്‌പേസ് സേവറുകൾ .

സോക്സ്, ടൈ പോലുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള സ്പേസ് സേവറുകളിൽ അവയും, മറ്റ് വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിന് അനുയോജ്യമായ രീതിയിലുള്ള സ്പേസ് സേവറുകൾ ഉപയോഗപ്പെടുത്തി അവയും അറേഞ്ച് ചെയ്ത് നൽകാവുന്നതാണ്.

അവ പ്രത്യേക രീതിയിൽ വേർതിരിച്ച് നൽകുമ്പോൾ പെട്ടെന്ന് എടുക്കാനും,അതേ സമയം വൃത്തിയായി സൂക്ഷിക്കാനും സാധിക്കും.

വാർഡ്രോബ് ഓർഗനൈസറുകൾ തിരഞ്ഞെടുക്കുമ്പോൾ ഓപ്പൺ രീതിയിൽ സെറ്റ് ചെയ്യാവുന്നതും ക്ലോസ് ചെയ്ത് ഉപയോഗിക്കുന്നതുമായവ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

മുഷിഞ്ഞ തുണികളും, സോക്സും അലമാരകളിൽ കൊണ്ടുപോയി ഇടുന്ന ശീലം പൂർണമായും മാറ്റേണ്ടതാണ്.

ഇവ അലമാരക്കകത്ത് കിടക്കുമ്പോൾ അതിൽ ഉണ്ടാകുന്ന വിയർപ്പിന്റെ ഗന്ധം മറ്റ് വസ്ത്രങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന അവസ്ഥ ഉണ്ടാകും. വാർഡ്രോബിനകത്ത് നല്ല ഗന്ധം ലഭിക്കുന്നതിനായി ഡിഫ്യൂസറുകൾ നൽകാവുന്നതാണ്.

സിറ്റ് ഔട്ട്,ലിവിങ് ഏരിയ

പല വീടുകളിലും ലിവിങ് ഏരിയയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഉപയോഗിക്കുന്നതും അല്ലാത്തതുമായ ചെരിപ്പുകൾ കൂടി കിടക്കുന്ന അവസ്ഥ കാണാറുണ്ട്. ഇത് പലപ്പോഴും കാഴ്ചക്കാർക്ക് അത്ര സുഖം നൽകുന്ന കാര്യമല്ല. ഷൂ റാക്കുകൾ ഉപയോഗപ്പെടുത്തുക യാണെങ്കിൽ ഉപയോഗിക്കുന്നതും അല്ലാത്തതുമായ ചെരിപ്പുകൾ നല്ല രീതിയിൽ അറേഞ്ച് ചെയ്ത് നൽകാൻ സാധിക്കും.ഷൂ റാക്ക് ഇൻബിൽട്ട് ആയോ, കടകളിൽ നിന്ന് റെഡിമെയ്ഡ് ഷെൽഫ് രൂപത്തിലോ വാങ്ങി വയ്ക്കാവുന്നതാണ്.

ലിവിങ് ഏരിയയിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ അടുക്കി വെക്കാൻ പ്രത്യേക ടോയ് ഓർഗനൈസറുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇവയിൽ തന്നെ സീറ്റിംഗ് അറേഞ്ച് മെന്റ് വരുന്ന രീതിയിലുള്ളവയും ഓൺലൈൻ വെബ്സൈറ്റുകളിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കും. കൂടുതലായി എടുക്കാത്ത ബുക്കുകൾ ഒരു കാർഡ്ബോർഡ് ബോക്സിലാക്കി മാറ്റി വക്കാം. ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ സ്റ്റോറേജ് ടൈപ്പ് തിരഞ്ഞെടുത്താൽ സ്ഥലം ലഭിക്കുക മാത്രമല്ല ആവശ്യമില്ലാത്ത സാധനങ്ങൾ എളുപ്പം സ്റ്റോർ ചെയ്ത് സൂക്ഷിക്കാനും സഹായിക്കും.

അലങ്കോലമായി കിടക്കുന്ന അലമാരകൾ അടുക്കാം കിച്ചൺ ഷെൽഫുകളിലും

ബെഡ്റൂമുകളുടേത് പോലെ വളരെയധികം അലങ്കോലമായി അലമാരകൾ കിടക്കുന്ന ഒരു ഭാഗമാണ് അടുക്കള. എണ്ണയും, കറി പൗഡറുകളുമെല്ലാം കാലങ്ങളായി കഴുകി വൃത്തിയാക്കാതെ കറ പിടിച്ച് കിടക്കുന്ന അലമാരകൾ പതിയെ ഉപയോഗിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ടുതന്നെ അടുക്കളയിലെ അലമാരകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് പ്രത്യേക മാറ്റുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഓയിൽ ക്യാൻ, ലീക്ക് ആവാൻ സാധ്യതയുള്ള അച്ചാറുകൾ ഇവയെല്ലാം സൂക്ഷിക്കുന്ന ഭാഗങ്ങളിൽ ഇത്തരത്തിൽ കിച്ചൻ മാറ്റുകൾ നൽകുന്നത് ഗുണം ചെയ്യും. കപ്പുകൾ സൂക്ഷിക്കാനായി പ്രത്യേക മഗ് ഷെൽഫ്, കത്തി, സ്പൂൺ,ഫോർക്ക് എന്നിവ സൂക്ഷിക്കുന്നതിനായി പ്രത്യേക ഓർഗനൈസർസ് എന്നിവ ഉപയോഗിക്കാം.

ഉപയോഗിക്കാത്ത പാത്രങ്ങൾ ക്രോക്കറി ഷെൽഫിൽ ഏറ്റവും മുകൾ ഭാഗത്ത് നൽകുന്ന രീതിയിൽ വേണം സജ്ജീകരിച്ചു നൽകാൻ. കൃത്യമായ ഇടവേളകളിൽ അടുക്കളയിലെ അലമാരകൾ വൃത്തിയാക്കേണ്ടത് അത്യാവശ്യ കാര്യമാണ്. ബോട്ടിലുകൾ വാങ്ങി അലമാരകളിൽ കൃത്യമായി സജ്ജീകരിച്ച് നൽകിയാൽ അവ കൈകാര്യം ചെയ്യാൻ എളുപ്പമാകും. കൂടാതെ കാഴ്ചയിൽ പ്രത്യേക ഭംഗി നൽകുകയും ചെയ്യും. ഫ്രിഡ്ജിനകത്ത് ഉപയോഗിക്കാവുന്ന സ്റ്റോറേജ് ഓർഗനൈസറു കളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഓരോ സാധനങ്ങളും വയ്ക്കുന്നതിന് പ്രത്യേകം ഓർഗനൈസറുകൾ ഉപയോഗപ്പെടുത്തുന്നത് സാധനങ്ങളുടെ ഉപയോഗം സുഗമമാക്കുകയും ചെയ്യും.

അലങ്കോലമായി കിടക്കുന്ന അലമാരകൾ അടുക്കാം, ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ.