വീട് വൃത്തിയാക്കുമ്പോൾ രാസ വസ്തുക്കൾ മൂലം വരാവുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയാം

വീട് നിർമ്മാണം പോലെതന്നെ, എന്നാൽ ഒറ്റത്തവണ അല്ല, സദാ നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് വീട് വൃത്തിയാക്കുക എന്നത്. പൊടി തൂത്തുവാരുന്നതിന് ഉപരി വീടിൻറെ പലഭാഗങ്ങളും പലതരത്തിലുള്ള കറകൾ വീഴുകയും അതിൽ പലതും നീക്കം ചെയ്യാൻ ഏറെ ബുദ്ധിമുട്ടുകയും  ചെയ്യേണ്ടിവരും. 

ഇവിടെയാണ് നാം പലതരം ക്ലീനിങ് ഏജന്റുകളും രാസവസ്തുക്കളും ഉപയോഗിക്കേണ്ടി വരുന്നത്. എന്നാൽ രാസവസ്തുക്കൾ ആയതിനാൽ തന്നെ ഇവയുടെ ഉപയോഗം ശ്രദ്ധാപൂർവം വേണം എന്ന് പറയേണ്ടതില്ലല്ലോ. മാത്രമല്ല ഈ രാസവസ്തുക്കളുടെ പ്രയോഗം ഏറെ അടുത്തുനിന്നുകൊണ്ടാണ്  എന്നുള്ളത് സുരക്ഷാപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.

ഇങ്ങനെ ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് ബ്ലീച്ചിംഗ് പൗഡർ. അനവധി ഉപയോഗങ്ങളുള്ള ഈ രാസവസ്തു പക്ഷേ മറ്റു പല വസ്തുക്കളും ആയി കൂടിച്ചേരുമ്പോൾ നാം വിചാരിക്കുന്നതിനുമപ്പുറം സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.

ഇങ്ങനെ വീട് വൃത്തിയാക്കുമ്പോൾ സാധാരണയായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ കാരണം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളും അവ എങ്ങനെ ഒഴിവാക്കാം എന്നും ചർച്ചചെയ്യുന്ന ലേഖനമാണിത്.

ബ്ലീച്ചിംഗ് പൗഡർ വിനാഗിരിയും 

രണ്ടും വീട് വൃത്തിയാക്കാൻ പുറപ്പെടുന്നവരുടെ അടുത്ത ചങ്ങാതിമാർ തന്നെയാണ്. പെട്ടെന്ന് കേൾക്കുമ്പോൾ രണ്ടും വേഗത്തിൽ വൃത്തിയാക്കുന്ന വസ്തുക്കൾ ആണെന്ന് തോന്നുകയും ചെയ്യും

എന്നാൽ ഒരിക്കലും ചേരുംപടി ചേരാത്ത വസ്തുക്കളാണ് ബ്ലീച്ചിംഗ് പൗഡറും വിനാഗിരിയും.!

രണ്ടും ചേർക്കുമ്പോൾ രൂപപ്പെടുന്ന ക്ലോറിൻ ഗ്യാസ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും, ചുമ, കണ്ണിന് ചൊറിച്ചിൽ തുടങ്ങിയവ ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു.

അതിനാൽ സാധാരണ വെള്ളത്തിൽ വേണം ബ്ലീച്ചിംഗ് പൗഡർ മിക്സ് ചെയ്യാൻ എന്ന് ഓർക്കുക.

ബ്ലീച്ചിംഗ് പൗഡറും അമോണിയയും 

മേൽ പറഞ്ഞ പോലെ തന്നെ ഒരിക്കലും ചേർക്കാൻ പാടില്ലാത്ത രണ്ടു വസ്തുക്കളാണ് ഇവയും. ഇവ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന ക്ളോറാമൈൻ എന്ന വാതകം ശ്വാസതടസ്സവും, കണ്ണുകൾക്ക് നീറ്റലും ഉണ്ടാക്കും

ബേക്കിംഗ് സോഡയും വിനാഗിരിയും 

ഇവ കൂടിച്ചേർന്നാൽ അസിറ്റേറ്റ് രൂപപ്പെടും. മാത്രമല്ല വിനാഗിരി ബേക്കിംഗ് സോഡാ നുരഞ്ഞു പൊങ്ങാൻ കാരണമാകുന്നു. തീരെ വായുസഞ്ചാരം ഇല്ലാത്ത ഒരു  അടഞ്ഞ കുപ്പിയിൽ ആയി വെച്ചാൽ കുപ്പി  പൊട്ടിത്തെറിച്ച് വരെ അപകടം സംഭവിക്കാം.

ഹൈഡ്രജൻ പെറോക്സൈഡും വിനാഗിരിയും 

മേശ ഒക്കെ വൃത്തിയാക്കാൻ ഇവ രണ്ടും കൂടി എടുക്കാറുണ്ട്. എന്നാൽ ഇവ മിക്സ് ചെയ്ത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പേറാസെറ്റിക് ആസിഡ് ഒരു വിഷവാതകം ആണെന്ന് മനസ്സിലാക്കുക.