വീടിനുള്ളിലെ ചൂടു കുറയ്ക്കാൻ പരീക്ഷിക്കാം ഈ വഴികൾ.

വേനൽക്കാലത്തെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കോൺക്രീറ്റ് കെട്ടിടങ്ങളിൽ ഓടിട്ട വീടുകളെക്കാളും ചൂട് ഇരട്ടിയായി അനുഭവപ്പെടും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി വീടിനുള്ളിലെ ചൂട് ഒരു പരിധി വരെ കുറക്കാൻ സാധിക്കും.

വീടിന് അകത്തെ ചുമരുകൾക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കടും നിറങ്ങൾ ഒഴിവാക്കി ഇളം നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

കാരണം കടുംനിറങ്ങൾ ചൂട് കൂടുതലായി ആഗിരണം ചെയ്യുന്നതിന് കാരണമാകുന്നു.

പ്രധാനമായും വീടിനകത്തെ ചുമരുകൾക്ക് ഇളം നീല, വെള്ള അല്ലെങ്കിൽ ഇളം പച്ച നിറങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.

ചൂടിനെ അതിജീവിക്കാൻ വീടിനകത്തെ ജനാലകൾ പകൽ സമയത്ത് തുറന്നിടുന്നതാണ് നല്ലത്.

കൂടാതെ കട്ടികൂടിയ രീതിയിലുള്ള കർട്ടനുകൾ കഴിവതും ഒഴിവാക്കണം. കിടക്കയിലും തലയിണ ക്കും തിരഞ്ഞെടുക്കുന്ന ഷീറ്റ്, കവറുകൾ എന്നിവ കോട്ടൺ ഉപയോഗിക്കുന്നതാണ് നല്ലത്.

റൂമില്‍ ഇന്‍കാനഡസെന്‍റ് ബൾബുകൾ ഉപയോഗിക്കുന്നത് ചൂട് കൂട്ടുന്നതിന് കാരണമാകും, അതുകൊണ്ട് എൽഇഡി ബൾബുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

വീടിനകത്ത് നൽകുന്ന ഇന്റീരിയർ പ്ലാന്റുകൾ അന്തരീക്ഷത്തെ തണുപ്പുള്ളതാക്കി മാറ്റാൻ സഹായിക്കുന്നു.

വീടിനോട് ചേർന്ന് ഓപ്പൺ ടെറസ് ഏരിയ ഉണ്ടെങ്കിൽ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്ന ‘കൂൾ റൂഫ് ടൈപ്പ്’ ടൈലുകൾ ഒട്ടിക്കുന്നതാണ് നല്ലത്.

ഏകദേശം എട്ടു മുതൽ പത്ത് എം എം കനത്തിൽ വരുന്ന കൂൾ റൂഫ് ടൈലുകൾ ഒരു ചതുരശ്ര അടി വലിപ്പത്തിൽ ഉള്ളതിന് 60 രൂപ മുതൽ 70 രൂപവരെയാണ് വില വരുന്നത്.

ടെറസിന് മുകളിൽ ചൂട് കുറയ്ക്കാനായി അടിക്കാവുന്ന ഹീറ്റ് റിഫ്ലക്റ്റീവ് പെയിൻ റുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഇത് മറ്റാരുടേയും സഹായമില്ലാതെ തന്നെ ആർക്കുവേണമെങ്കിലും ചെയ്യാവുന്ന കാര്യമാണ്.

കൂടാതെ ചൂടു കാലത്തിനു മുമ്പായി തന്നെ ടെറസിനു മുകളിൽ അടിഞ്ഞു കൂടിയ പഴയ പായൽ, ഇലകൾ എന്നിവ വൃത്തിയാക്കി വൈറ്റ് സിമന്‍റ് അടിച്ചു നൽകുന്നതും വേനൽക്കാലത്തെ ചൂടു കുറയ്ക്കാൻ സഹായിക്കും.

റൂമിലെ ചൂട് കുറയ്ക്കുന്നതിനായി ജനാലകളിൽ എക്സോസ്റ്റ് ഫാൻ ഫിറ്റ് ചെയ്തു പുറത്തേക്ക് വായു വലിച്ചെടുക്കുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്.

ഇത് രാത്രികാലങ്ങളിൽ റൂമിനകത്ത് ചൂട് കുറയ്ക്കുന്നതിന് സഹായകരമാണ്.

എന്നാൽ വീടിന്‍റെ മേൽക്കൂര, ചുമര് എന്നിവിടങ്ങളിലേക്ക് വെയിൽ അടിക്കാതിരിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം വീടിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി പച്ചപ്പ് കൂടുതലായി നൽകുന്ന മരങ്ങൾ നട്ടു വളർത്തുക എന്നത് തന്നെയാണ്‌.