മഴക്കാലവും വീട് വൃത്തിയാക്കലും.

മഴക്കാലവും വീട് വൃത്തിയാക്കലും.മഴക്കാലം എപ്പോഴും വീടിന് കൂടുതൽ സുരക്ഷ ഒരുക്കേണ്ട കാലഘട്ടമാണ്.

വീടിനു മാത്രമല്ല വീട്ടുകാർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ഉള്ള സമയം മഴക്കാലമാണ്.

പായലും പൂപ്പലും നിറയുന്നത് വീടിന് അഭംഗി മാത്രമല്ല സൃഷ്ടിക്കുന്നത് മറിച്ച് അസുഖങ്ങളെയും വിളിച്ചു വരുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നു.

വീടിന്റെ ഭിത്തികളിൽ ഉണ്ടാകുന്ന ചെറിയ ഈർപ്പം പോലും വലുതായി ലീക്കേജ് പോലുള്ള പ്രശ്നങ്ങളിലേക്ക് വഴി വെക്കുന്നു .

വീടിനോട് ചേർന്നുള്ള കിണറിൽ കോളോഫോം ബാക്ടീരിയ പെരുകുന്ന സമയവും മഴക്കാലമാണ്.

ഇത്തരത്തിൽ വീടിനും വീട്ടുകാർക്കും വളരെയധികം ശ്രദ്ധയും കരുതലും നൽകേണ്ട ഒരു സമയമായി മഴക്കാലത്തെ കരുതേണ്ടതുണ്ട്.

വീട്ടിൽ ഉപയോഗിക്കുന്ന ഫർണിച്ചറുകൾ, മാറ്റ് എന്നിവക്കെല്ലാം പ്രത്യേക കരുതൽ വേണ്ട സമയവും മഴക്കാലം തന്നെയാണ്.

വീടിനകം ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്നതിനും അസുഖങ്ങളെ പാടെ മാറ്റി നിർത്തുന്നതിനും വേണ്ടി മഴക്കാലത്ത് വീടുകളിൽ ഒരുക്കേണ്ട കരുതലിനെ പറ്റി വിശദമായി മനസ്സിലാക്കാം.

മഴക്കാലവും വീട് വൃത്തിയാക്കലും.

വീട്ടിലേക്ക് ആവശ്യമായ ഏതൊരു മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോഴും അത് നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്ക് എത്രമാത്രം അനുയോജ്യമാണ് എന്ന് നോക്കി വേണം തിരഞ്ഞെടുക്കാൻ.

മഴക്കാലം വേനൽക്കാലം എന്നിവയെ ആശ്രയിച്ച് മാത്രമല്ല എല്ലാ കാലാവസ്ഥാ വ്യതിയാനങ്ങൾക്കും അനുസരിച്ച് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ വേണം സോഫ്റ്റ് ഫർണിഷിങ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കാൻ.

ചൂട് കൂടുതൽ ഉള്ള സമയത്ത് വീടുകളിൽ ഉപയോഗപ്പെടുത്തുന്നത് ഫാൻസി ടൈപ്പ് റഗുകൾ കാർപെറ്റ് എന്നിവയായിരിക്കും.

മാത്രമല്ല കർട്ടനുകളും ഇളം നിറങ്ങളിൽ ലൈറ്റ് വെയിറ്റ് ടൈപ്പ് ആയിരിക്കും വേനൽക്കാലത്ത് ഉപയോഗപ്പെടുത്തുന്നത്. അതേസമയം മഴക്കാലം തുടങ്ങുന്നതിനു മുൻപായി തന്നെ കർട്ടനുകൾ അഴിച്ചുമാറ്റി കുറച്ചു കൂടെ കട്ടിയുള്ളത് നോക്കി തിരഞ്ഞെടുക്കാം,റഗ് ഫാൻസി ടൈപ്പ് മഴക്കാലത്ത് ഉപയോഗിച്ചാൽ അവയിൽ ഈർപ്പം നിന്ന് പെട്ടെന്ന് കേടാകാനുള്ള സാധ്യത കൂടുതലാണ്. കാർപെറ്റ്കളിലും റഗിലും വെള്ളം കെട്ടിനിന്ന് ഈർപ്പം ഉണ്ടാവുകയാണെങ്കിൽ നല്ലപോലെ ഉണക്കി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കൂടുതലായി വെള്ളം കെട്ടിനിന്ന് റഗിൽ നിന്നും ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് വീടു മുഴുവൻ പെട്ടെന്ന് പരക്കുകയും ചെയ്യും. കർട്ടനുകളിൽ ഇളം നിറങ്ങൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാം കാരണം തുണിയിൽ ഈർപ്പം നില നിന്ന് കരിമ്പന പോലുള്ള പ്രശ്നങ്ങൾ പിടിച്ച് നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.

ഫ്ലോർ ക്ലീൻ ചെയ്യേണ്ട രീതി

മഴക്കാലത്ത് ഫംഗസുകളും ബാക്ടീരിയകളും വീടിനകത്ത് ഇടം പിടിക്കാൻ അധികം സമയം വേണ്ട. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ഫ്ലോർ ക്ലീനർ ഉപയോഗപ്പെടുത്തി തറ തുടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല മഴക്കാലത്ത് ഈച്ചകൾ, ഉറുമ്പ് എന്നിവ വീട്ടിനകത്ത് നിറയുന്നതും കണ്ടു വരാറുണ്ട്. അവയെ തുരത്തുന്നതിനും ഫ്ലോർ ക്ലീനറുകൾ നല്ല രീതിയിൽ ഗുണം ചെയ്യും.

വീടിനകത്ത് എവിടെയെങ്കിലും പൊട്ടിയ ടൈലുകൾ ഉണ്ടെങ്കിൽ അവ മഴ തുടങ്ങുന്നതിനു മുൻപ് തന്നെ മാറ്റി വക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ഒരു ടൈലിൽ നിന്നും ഈർപ്പം മറ്റ് ടൈലുകളിലേക്ക് കൂടി പകരുകയും പെട്ടെന്ന് അടർന്നു വരാനുള്ള സാധ്യതയും കൂടുതലാണ്. വീടിനകത്തേക്ക് ഒരു കാരണവശാലും നനഞ്ഞ ചെരിപ്പിട്ട് കയറുകയോ ഉപയോഗിച്ച കുടകൾ കയറ്റുകയോ ചെയ്യുരുത്. വീടിനകത്ത് ആവശ്യത്തിന് വായുസഞ്ചാരം ലഭിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണം. മഴക്കാലത്ത് പലരും ചെയ്യുന്ന ഒരു അബദ്ധമാണ് വീട്ടിനകത്ത് തുണി ഉണക്കാനായി ഇടുന്നത്. ഇത് ഫ്ലോറിൽ വെള്ളം വീണ് അപകടങ്ങൾ വിളിച്ചു വരുത്തുമെന്ന് മാത്രമല്ല ആസ്ത്മ,അലർജി പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് ഈർപ്പം നില നിന്ന് അസുഖം കൂടുന്നതിനും കാരണമാകുന്നു.

ഫർണിച്ചറുകൾക്കും വേണം കരുതൽ.

തടിയിൽ തീർത്ത കട്ടിള, ജനാലകൾ,വാതിലുകൾ എന്നിവ മാത്രമല്ല സോഫ ചെയറുകൾ എന്നിവക്കും പ്രത്യേക കരുതൽ നൽകേണ്ട സമയമാണ് മഴക്കാലം. കട്ടിലകൾ ജനാലകൾ എന്നിവിടങ്ങളിലേക്ക് ഭിത്തിയിൽ നിന്നും ഈർപ്പം അരിച്ചിറങ്ങി ചിതൽ പോലുള്ള പ്രശ്നങ്ങൾ വരാനും കട്ടിളകൾ ദ്രവിച്ച് പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ മഴക്കാലം തുടങ്ങുന്നതിനു മുൻപ് പ്രൈമർ, ചിതലരിക്കാതെ ഇരിക്കുന്നതിനുള്ള പെസ്റ്റ് കൺട്രോൾ എന്നിവ ചെയ്യാനായി ശ്രദ്ധിക്കണം. ലെതർ മെറ്റീരിയൽ ഉപയോഗിച്ച സോഫകളിൽ ഈർപ്പം നിന്ന് പൂപ്പൽ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവ ശ്വസിക്കുന്നത് വഴി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് അത് കൂടാനുള്ള സാധ്യതയുണ്ട്. തടി കൊണ്ട് നിർമ്മിച്ചവ ഫർണിച്ചറുകൾ വൃത്തിയാക്കുന്നതിനു വേണ്ടി നനവുള്ള തുണികൾ ഒരുകാരണവശാലും ഉപയോഗപ്പെടുത്തരുത്. തടികൾ കൊണ്ട് നിർമ്മിച്ച കബോർഡുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി നാഫ്ത്ലീൻ,സിലിക്ക ജെൽ,ആര്യവേപ്പില എന്നിവ വാർഡ്രോബുകളിൽ സൂക്ഷിക്കാവുന്നതാണ്.

കട്ടിലിൽ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകൾ,പില്ലോ കവർ എന്നിവയ്ക്ക് ലിനൻ പോലുള്ള മെറ്റീരിയൽ ഉപയോഗിക്കുന്നത് ഒഴിവാക്കാനായി ശ്രദ്ധിക്കുക. അന്തരീക്ഷത്തിൽ കൂടുതലായി ഈർപ്പം ഉള്ള സമയമായതു കൊണ്ട് തന്നെ ഇത്തരം തുണികൾ പെട്ടെന്ന് കേടാകുന്നതിന് കാരണമാകുന്നു. ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബെഡ്ഷീറ്റുകൾ, പില്ലോ കവർ എന്നിവയിൽ നനവ് അനുഭവപ്പെടുകയാണെങ്കിൽ അവ ഉടൻ തന്നെ മാറ്റാനായി ശ്രദ്ധിക്കണം. സൺഷേഡ്,ജനാലകൾ എന്നിവടങ്ങളിൽ നിന്നും, വെള്ളം വീട്ടിനകത്തേക്ക് എത്തുന്നത് ഒഴിവാക്കുന്നതിനായി അവയ്ക്കു മുകളിൽ പ്രത്യേക ഷേഡുകൾ സ്ഥാപിച്ചു നൽകാം. പകൽ സമയത്ത് ജനാലകൾ പരമാവധി തുറന്നിടാൻ ശ്രദ്ധിക്കണം. കൂടുതൽ മഴയുള്ള സമയങ്ങളിൽ മാത്രം ജനാലകളും വാതിലുകളും അടച്ചിടുക. മഴക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ വീട്ടിലെ ഫാനുകൾ, ജനാലകൾ എന്നിവയിലുള്ള പൊടിപടലങ്ങളെല്ലാം ഒരു നനവില്ലാത്ത തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക.

മഴക്കാലവും വീട് വൃത്തിയാക്കലും വളരെയധികം പ്രാധാന്യമേറിയ ഒരു വിഷയം തന്നെയാണ്. കാരണം അസുഖങ്ങൾ കൂടുതൽ വരാനുള്ള സാധ്യതയും ഈ സമയത്ത് കൂടുതലാണ്. അതുകൊണ്ടുതന്നെ കൂടുതൽ കരുതൽ നൽകുക.