മഴക്കാലത്തെ വീട്ടിലെ എലിശല്യം ഇല്ലാതാക്കാൻ.

മഴക്കാലത്തെ വീട്ടിലെ എലിശല്യം ഇല്ലാതാക്കാൻ.മഴക്കാലം എപ്പോഴും പലവിധ അസുഖങ്ങൾ കൊണ്ടു വരുന്ന ഒരു കാലമായാണ് അറിയപ്പെടുന്നത്.

വെള്ളം, എലി പോലുള്ള ജീവികൾ എന്നിവ വഴി പല രീതിയിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യത ഈ ഒരു സമയത്ത് വളരെ കൂടുതലാണ്.

മഴക്കാലത്ത് എലികളുടെ മാളങ്ങളിൽ വെള്ളം കയറുമ്പോൾ അവ വീടുകളിലേക്ക് താമസം മാറ്റും. തുടർന്ന് സ്റ്റോറൂമിലും മറ്റും സൂക്ഷിച്ചു വെച്ചിട്ടുള്ള അരിയും പലചരക്ക് സാധനങ്ങളുമെല്ലാം കടിച്ച് നശിപ്പിക്കുകയും അത്തരം ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് വഴി കഴിക്കുന്നവർക്ക് പല രീതിയിലുള്ള അസുഖങ്ങൾ വരികയും ചെയ്യും.

എലിപ്പനി പോലുള്ള അസുഖങ്ങളെ അത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല. സാധാരണയായി എലിവിഷം ഉപയോഗിച്ച് എലിയെ തുരത്തുന്ന രീതിയാണ് നമ്മുടെ നാട്ടിൽ ഉള്ളത് എങ്കിലും കുട്ടികളുള്ള വീടുകളിൽ ഇത് സുരക്ഷിതമായ മാർഗമായി കണക്കാക്കാൻ സാധിക്കില്ല.

മാത്രമല്ല വിഷം കഴിച്ച് ചാവുന്ന എലികളെ വീട്ടിൽ കണ്ടെത്താൻ സാധിക്കാതെ വരുമ്പോൾ അവ ദുർഗന്ധം വമിപ്പിക്കുകയും അതിൽ നിന്നും പല അസുഖങ്ങൾ പടരുകയും ചെയ്തേക്കാം.

വീട്ടിലേക്കുള്ള എലിശല്യം ഒഴിവാക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

മഴക്കാലത്തെ വീട്ടിലെ എലിശല്യം ഇല്ലാതാക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ.

വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗപ്പെടുത്തി എലിയെ തുരത്താൻ സാധിക്കും. ചെറു പ്രാണികളെയും എലിയെയും വീട്ടിൽ നിന്നും തുരത്തുന്നതിനായി ബേക്കിംഗ് സോഡ അഥവാ അപ്പകാരം ഉപയോഗപ്പെടുത്താവുന്നതാണ്.

വലിയ രീതിയിലുള്ള പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ സുരക്ഷിതമായ രീതിയിൽ ബേക്കിംഗ് സോഡ ഉപയോഗപ്പെടുത്താനും സാധിക്കും.

എലികൾ സ്ഥിരമായി വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ തുടർച്ചയായി രണ്ടോ മൂന്നോ ദിവസം ബേക്കിംഗ് സോഡ വിതറിയിട്ട് നൽകാവുന്നതാണ്. പിന്നീട് രാവിലെ അവ വൃത്തിയാക്കി ഇടുകയും ചെയ്യാം.

കുറച്ച് ദിവസം കൊണ്ടു തന്നെ വീട്ടിലേക്ക് കയറുന്നത് ഒഴിവാക്കാൻ ഈയൊരു രീതി ഉപകാരപ്പെടും. മറ്റൊരു രീതി അമോണിയ സോപ്പുപൊടി എന്നിവയുടെ മിശ്രിതം വെള്ളത്തിൽ തയ്യാറാക്കുന്നതാണ്.

ഈ മിശ്രിതം എലി വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു നൽകുകയോ,ഒരു പാത്രത്തിൽ വയ്ക്കുകയോ ചെയ്യാം. അമോണിയയുടെ രൂക്ഷ ഗന്ധം എലി വീട്ടിലേക്ക് വരുന്നത് തടയാൻ സഹായിക്കും.

മോത്ത് ബോളുകളും, കർപ്പൂര തുളസിയും.

കടകളിൽ നിന്നും ലഭിക്കുന്ന മോത്ത് ബോളുകൾ വാങ്ങി എലി വരുന്ന് ഇടങ്ങളിൽ ഇടാവുന്നതാണ്. മറ്റ് എലി വിഷങ്ങൾ പോലെ തന്നെ ഇവ മനുഷ്യർ ശ്വസിക്കുന്നത് അത്ര നല്ല കാര്യമല്ലാത്തതുകൊണ്ട് ബെഡ്റൂമുകൾ, ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ ഇവ വയ്ക്കരുത്.

വീടിന് പുറത്തു നിന്നും എലി അകത്തേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ ഇത്തരം ബോളുകൾ വക്കാവുന്നതാണ്.

കൈകൊണ്ട് ഒരു കാരണവശാലും നേരിട്ട് ഇവ എടുത്തു വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

വലിയ രീതിയിൽ ഫലം ലഭിക്കുമെന്ന് ഉറപ്പില്ലാത്ത മറ്റൊരു മാർഗമാണ് കർപ്പൂരതുളസിയുടെ തൈലം സ്പ്രേ ചെയ്തു നൽകുന്ന രീതി.

എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ കർപ്പൂരതുളസിയുടെ തൈലം തളിച്ചു നൽകുകയോ ഒരു പാത്രത്തിൽ വയ്ക്കുകയോ ചെയ്യാം.

ഇവ തളിക്കുന്നത് വഴി വീടിനകത്ത് നല്ല സുഗന്ധം ലഭിക്കുകയും അതേസമയം എലിയെ തുരത്താനും സാധിക്കും.

തുണിയിൽ ഗ്രാമ്പൂ കെട്ടി എലി കയറുന്ന ഭാഗത്ത് വച്ചാൽ അവ പ്രവേശിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.

അതുപോലെ കറിവേപ്പില, പുതിന എന്നിവയുടെ ഗന്ധവും എലികൾക്ക് താല്പര്യമുള്ള ഗന്ധങ്ങൾ അല്ല. സവാള മുറിച്ച് എലി വരുന്ന ഭാഗങ്ങളിൽ വെക്കുന്നതും എലിയെ തുരത്താനുള്ള മാർഗങ്ങളിൽ ഒന്നാണ്.

മഴക്കാലത്തെ വീട്ടിലെ എലിശല്യം ഇല്ലാതാക്കാൻ ഈ രീതികളെല്ലാം തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്നതാണ്.