മഴക്കാലമെത്തി വസ്ത്രം വീട്ടിനകത്ത് ഉണക്കേണ്ട.

മഴക്കാലമെത്തി വസ്ത്രം വീട്ടിനകത്ത് ഉണക്കേണ്ട.മഴക്കാലത്ത് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം തുണി ഉണക്കൽ തന്നെയാണ്.

വീടിന് പുറത്ത് അയ കെട്ടി തുണി ഉണക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ എല്ലാവരും അത് വീട്ടിനകത്തേക്ക് മാറ്റും.

എന്നാൽ ഇങ്ങിനെ ചെയ്യുന്നത് വഴി അത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കാണ് എത്തിക്കുക എന്ന കാര്യം പലരും ചിന്തിക്കുന്നില്ല.

തുണിയിലെ ഈർപ്പം അന്തരീക്ഷത്തിൽ തങ്ങി നിന്ന് അലർജി, ജലദോഷം പോലുള്ള അസുഖങ്ങൾ എളുപ്പം വരികയും ചെയ്യും.

മഴക്കാലത്ത് വീട്ടിനകത്ത് തുണി ഉണക്കുന്നത് കൊണ്ടുണ്ടാകുന്ന ദോഷ വശങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

മഴക്കാലമെത്തി വസ്ത്രം വീട്ടിനകത്ത് ഉണക്കേണ്ട അവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ.

തണുപ്പ് കാലത്ത് അലർജി, ആസ്ത്മ പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് അത് കൂടാനുള്ള സാധ്യതയുണ്ട്.

പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും ഉള്ള വീടുകളിൽ ഒരു കാരണവശാലും നനവുള്ള തുണി അകത്തു ഉണക്കാൻ ഇടരുത്.

നനവിൽ നിന്നും ഈർപ്പം കെട്ടിനിന്ന് ഫംഗസ് ബാധ കൂടുതലായി ഉണ്ടാകാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്.

പലരും ചിന്തിക്കുന്നത് ചെറിയ ഈർപ്പമുള്ള തുണി ഉണക്കാനിട്ട് ഉയർന്ന സ്പീഡിൽ ഫാനിട്ടാൽ പെട്ടെന്ന് ഉണങ്ങി കിട്ടില്ലേ എന്നതാണ്.

എന്നാൽ തുണിയിലെ ചെറിയ ഈർപ്പം പോലും വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുക.

തുണി ഉണക്കാനായി ഇട്ട മുറിയുടെ ഭിത്തിയിലും ടൈലിലും കണ്ടു വരുന്ന ഫംഗസ് പിന്നീട് പടർന്ന് എല്ലാ ഭാഗത്തേക്കും വ്യാപിക്കുന്ന അവസ്ഥ ഉണ്ടാകും.

മറ്റൊരു പ്രധാന പ്രശ്നം ഡിറ്റർജന്റുകൾ, കണ്ടീഷണറുകൾ എന്നിവയിൽ ഉപയോഗപ്പെടുത്തുന്ന രാസവസ്തുക്കൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്.

നല്ലപോലെ വെയിലത്ത് കിടന്ന് ഉണങ്ങുന്ന വസ്ത്രങ്ങളിൽ ഇവ ശരിയായ രീതിയിൽ ബാഷ്പീകരണം സംഭവിച്ച് പോവുമെങ്കിലും അടഞ്ഞു കിടക്കുന്ന റൂമിൽ ഇവയിൽ ഗന്ധം ഉണ്ടാക്കാനായി ഉപയോഗപ്പെടുത്തിയിട്ടുള്ള രാസവസ്തുക്കൾ കെട്ടി നിന്ന് ശ്വസനസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം.

പ്രതിവിധി എന്താണ്?

മഴക്കാലത്തും അല്ലാത്ത സമയങ്ങളിലും തുണി ഉണക്കാനായി ഉപയോഗപ്പെടുത്താവുന്ന ഡ്രയറുകൾ ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.

എത്രമാത്രം തുണി ഉണക്കണം എന്നതിനെ അടിസ്ഥാനമാക്കി ഇവ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. ചെറിയ രീതിയിലുള്ള തുണികളിലെ നനവെല്ലാം മാറ്റാനായി ഹാൻഡ് ഡ്രയറുകൾ ഉപയോഗപ്പെടുത്താം.

വീട്ടിൽ ബാൽക്കണി നൽകിയിട്ടുണ്ട് എങ്കിൽ അവിടെ ചെറിയ രീതിയിലുള്ള ഡ്രയർ സ്റ്റാൻഡുകൾ വാങ്ങി തുണി ഉണക്കാനായി ഇടാവുന്നതാണ്.

ഇനി ഇത്തരം സൗകര്യങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ വീടിനകത്തു മാത്രമേ തുണി ഉണക്കാൻ സാധിക്കുകയുള്ളൂ എന്ന് തോന്നുകയാണെങ്കിൽ മുറി ഉപയോഗിക്കാത്ത സമയത്ത് ജനാലകളും വാതിലുകളും പൂർണ്ണമായും തുറന്നിട്ട് ഫാനിന്റെ സ്പീഡ് കൂട്ടി ഇടാവുന്നതാണ്.

എന്നാൽ മുറിക്കകത്ത് നല്ല രീതിയിൽ വായു സഞ്ചാരം ലഭിക്കും എന്ന കാര്യം ഉറപ്പു വരുത്തണം. വസ്ത്രങ്ങൾ ഇട്ട് ഒരു കാരണവശാലും മുറി അടച്ചിടരുത്.

വസ്ത്രങ്ങൾ തമ്മിൽ ഒരു നിശ്ചിത അകലത്തിൽ ഇട്ട് നൽകുകയാണെങ്കിൽ ഒരു പരിധിവരെ പെട്ടെന്ന് ഉണങ്ങി കിട്ടും. റൂമിനോട് ചേർന്ന് എക്സോസ്റ്റ് ഫാൻ നൽകിയിട്ടുണ്ടെങ്കിൽ അവ പ്രവർത്തിപ്പിച്ച് വായു റൂമിനകത്ത് കെട്ടി നിൽക്കുന്നത് ഒഴിവാക്കാനായി സാധിക്കും.

രാത്രി കിടക്കാനായി ഉപയോഗിക്കുന്ന റൂമുകളിൽ പകൽ സമയത്ത് പോലും നനഞ്ഞ തുണി വിരിച്ചിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വീടിന് മുകൾ ഭാഗത്ത് ഓപ്പൺ ടെറസ് ഉണ്ടെങ്കിൽ അവിടെ കുറച്ചു ഭാഗമെങ്കിലും ഷീറ്റോ, ട്രസ്സ് വർക്കോ ചെയ്ത് അടച്ചെടുത്താൽ മഴക്കാലത്തെ തുണി ഉണക്കൽ തലവേദന സൃഷ്ടിക്കുന്ന കാര്യമായി മാറില്ല.

മഴക്കാലമെത്തി, വസ്ത്രം വീട്ടിനകത്ത് ഉണക്കേണ്ട ഇത്തരം ആരോഗ്യപ്രശ്നങ്ങളെ കരുതിയിരിക്കണം.