വീട്ടിലെ എലി ശല്യം ഇല്ലാതാക്കാൻ.പണ്ടുകാലം മുതൽക്ക് തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് എലി ശല്യം.

തട്ടിൻ പുറങ്ങളിൽ ഓടി നടന്ന എലികൾ കഥകളിൽ താരങ്ങളാണെങ്കിലും അവ യഥാർത്ഥ വീടുകളിൽ വില്ലന്മാരാണ് എന്ന സത്യം പലരും തിരിച്ചറിയുന്നില്ല.

എലികൾ കടിച്ചു വയ്ക്കുന്ന ഭക്ഷണ സാധനങ്ങളും, ധാന്യങ്ങളും പിന്നീട് ഉപയോഗിക്കുമ്പോൾ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കാൻ സാധ്യതയുണ്ട്.

മാത്രമല്ല എലിപ്പനി പോലുള്ള പ്രശ്നങ്ങൾക്കും അവ വഴി വച്ചേക്കാം.

ശ്രദ്ധയില്ലാതെ കിടക്കുന്ന വീടുകളിൽ എലിശല്യം വർധിച്ച് അവ പരത്തുന്ന അസുഖങ്ങളും നിരവധിയാണ് എന്ന് പറഞ്ഞതിനുള്ള കാരണവും ഇതൊക്കെ തന്നെയാണ്.

എന്നാൽ പല മാർഗങ്ങളും പരീക്ഷിച്ചിട്ടും വീട്ടിലെ എലി ശല്യം ഒഴിവാക്കാൻ സാധിക്കാത്തവർക്ക് പരീക്ഷിക്കാവുന്ന ചില ട്രിക്കുകളാണ് ഇവിടെ വിശദമാക്കുന്നത്.

വീട്ടിലെ എലി ശല്യം ഇല്ലാതാക്കാൻ പരീക്ഷിക്കാം ഈ വഴികൾ.

പുറത്തു നിന്ന് വാങ്ങുന്ന എലിവിഷം ഉപയോഗിച്ച് എലിയെ തുരത്തുന്നത് വളരെയധികം അപകടം നിറഞ്ഞ കാര്യമാണ്.

പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ അബദ്ധത്തിൽ എങ്ങാനും ഇത്തരം സാധനങ്ങൾ അവർക്ക് കിട്ടുന്ന ഇടങ്ങളിൽ വച്ചാൽ ഉണ്ടാകുന്ന അപകടങ്ങൾ പറയേണ്ടതില്ലല്ലോ.

മാത്രമല്ല ഇത്തരം സാധനങ്ങൾ ഉപയോഗപ്പെടുത്തി പലപ്പോഴും എലിയെ വീട്ടിൽ നിന്ന് തുരത്താനും സാധിക്കാറില്ല.

എന്നാൽ വീട്ടിലുള്ളവരുടെ ആരോഗ്യത്തിന് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും വരാതെ തന്നെ വീട്ടിലെ എലിശല്യം ഒഴിവാക്കാനുള്ള ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ട്.

പല വഴികളും പരീക്ഷിച്ച് നോക്കി പരാജയപ്പെട്ടവർക്ക് ഈ വഴികൾ കൂടി ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ലല്ലോ.

എന്നാൽ ഇവയെല്ലാം തയ്യാറാക്കുന്നതിന് മുൻപായി നിങ്ങളുടെ ബാധ്യതയാണ് വീടിനകത്ത് പഴകിയ ഭക്ഷണങ്ങളും മറ്റും മൂക്കിലും മൂലയിലും കിടക്കുന്നുണ്ടെങ്കിൽ അത് വൃത്തിയാക്കുക എന്നത്.

വീട് വൃത്തിയായി സൂക്ഷിച്ചാൽ തന്നെ ഇത്തരം ജീവികൾ വീട്ടിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനായി സാധിക്കും.

വീടിനകത്ത് സുഗന്ധം നിലനിർത്താനും എലിയെ തുരത്താനും വേണ്ടി ഉപയോഗപ്പെടുത്താവുന്ന ഒരു മികച്ച മാർഗമാണ് കർപ്പൂര തുളസി ഉപയോഗിച്ച് നിർമ്മിക്കുന്ന തൈലം. ഇവ വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കുകയോ അതല്ലെങ്കിൽ പുറത്തു നിന്ന് വാങ്ങി ഉപയോഗിക്കുകയോ ചെയ്യാം.

ചെറിയ പഞ്ഞി കഷ്ണങ്ങൾ എടുത്ത് അതിൽ കർപ്പൂരതൈലം തളിച്ച ശേഷം വീടിന്റെ ജനാലകൾ ഭിത്തികളോട് ചേർന്ന് വരുന്ന മുക്ക്, ഡോറുകളുടെ താഴ്ഭാഗം എന്നിവിടങ്ങളിൽ എല്ലാം വച്ചു കൊടുക്കാവുന്നതാണ്. അതായത് എലി വരുന്ന ഇടങ്ങൾ നിങ്ങൾക്ക് ഏകദേശം വീട്ടിൽ അറിയാമെങ്കിൽ അവിടെയെല്ലാം ഇത്തരത്തിൽ ചെയ്തു നോക്കാവുന്നതാണ്.

ഇത്തരത്തിൽ ഉപയോഗപ്പെടുത്താവുന്ന മറ്റൊരു രീതിയാണ് അമോണിയ മിശ്രിതം.

അതായത് ഒരു പാത്രത്തിൽ അമോണിയ കലക്കിയോ അതല്ലെങ്കിൽ ബോട്ടിലിൽ കലക്കി സ്പ്രേ രൂപത്തിൽ തളിച്ച് നൽകിയോ എലികൾ വരുന്ന ഭാഗങ്ങളിൽ ഉപയോഗപ്പെടുത്തിയാൽ എലിയെ വീട്ടിൽ നിന്നും പാടെ തുരത്താൻ സാധിക്കും.

കാരണം അമോണിയ ഉണ്ടാക്കുന്ന രൂക്ഷ ഗന്ധം എലികളെ ആ ഭാഗങ്ങളിൽ നിന്നും അകറ്റി നിർത്താൻ സഹായിക്കും.

ഭക്ഷണ വസ്തുക്കളും ഉപയോഗപ്പെടുത്താം.

എല്ലാ വീടുകളിലും അടുക്കളയിൽ പച്ചക്കറികളോടൊപ്പം വാങ്ങുന്ന ഉള്ളി വെളുത്തുള്ളി എന്നിവ ഉപയോഗപ്പെടുത്തിയും എലിയെ തുരത്താൻ സാധിക്കും. ഇത്ര ചെറിയ സാധനങ്ങൾ കൊണ്ട് എലിയെ തുരത്താൻ സാധിക്കുമോ എന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ട.ഉള്ളിയുടെ ഗന്ധം പലപ്പോഴും നമ്മളിൽ പലർക്കും തന്നെ ഇഷ്ടമായി കൊള്ളണമെന്നില്ല.

അപ്പോൾ പിന്നെ എലികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഉള്ളിയുടെ ഗന്ധം നില നിൽക്കുന്ന ഭാഗങ്ങളിൽ എലികൾ വരാനുള്ള സാധ്യത വളരെ കുറവാണ്. ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിച്ച് ജനാലകൾ, വാതിൽ പടി എന്നിവിടങ്ങളിലെല്ലാം വെച്ച് നൽകിയാൽ ആ ഭാഗങ്ങളിലൂടെ എലി വീട്ടിനകത്തേക്ക് കയറുന്നത് ഒഴിവാക്കാനായി സാധിക്കും.

സാധാരണ ഉള്ളി മാത്രമല്ല വെളുത്തുള്ളിയും എലികൾക്ക് അത്ര പ്രിയമേറിയ കാര്യമല്ല. വീട്ടിലേക്ക് എത്തുന്ന ഭാഗങ്ങളിൽ വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി വയ്ക്കുകയോ, വെളുത്തുള്ളി ഇട്ട വെള്ളം സ്പ്രേ ചെയ്ത് നൽകുകയോ ചെയ്യുന്നത് വഴി എലിയെ പാടെ തുരത്താൻ സാധിക്കും.

വീട്ടിനകത്ത് ഉണ്ടാവുന്ന മറ്റ് ചെറുപ്രാണികളുടെ ശല്യം ഒഴിവാക്കാനും വെളുത്തുള്ളി ഒരു നല്ല പ്രതിവിധി തന്നെയാണ്.

എല്ലാ വീടുകളിലും സ്പൈസ് ബോക്സുകളിൽ സ്ഥാനം പിടിച്ച കറുവ പട്ടയും എലിയെ തുരത്താനായി ഉപയോഗപ്പെടുത്താം.

കറുവപ്പട്ട നേരിട്ട് വയ്ക്കാതെ ഒരു തുണിയിൽ പൊതിഞ്ഞ് എലി വീട്ടിലേക്ക് കയറുന്ന ഭാഗങ്ങളിൽ വയ്ക്കുകയാണെങ്കിൽ അതിന്റെ ഗന്ധം കാരണം അവ വീട്ടിലേക്ക്
കയറുന്നത് ഒഴിവാക്കാൻ സാധിക്കും.

വീട്ടിലെ എലി ശല്യം ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ലല്ലോ.