അടുക്കളയിലെ അപകടങ്ങൾ ഒഴിവാക്കാനായി.

അടുക്കളയിലെ അപകടങ്ങൾ ഒഴിവാക്കാനായി.വീട്ടിനകത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ഇടമാണ് അടുക്കള.

ആവശ്യത്തിന് ശ്രദ്ധ നൽകിയില്ല എങ്കിൽ പ്രായമായവർക്കും കുട്ടികൾക്കും ഒരേ രീതിയിൽ അപകടസാധ്യതയുള്ള ഒരിടമായി മിക്ക വീടുകളിലും അടുക്കളകൾ മാറുന്നു.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളും പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളും മാത്രമല്ല ചൂടുള്ള വെള്ളം ദേഹത്തു വീണും, തീ ആളി പിടിച്ചും അപകടങ്ങൾ ഉണ്ടാകുന്നത് പത്രമാധ്യമങ്ങളിൽ നമ്മൾ കാണാറുള്ള വാർത്തകളാണ്.

നമുക്ക് പറ്റുന്ന ചെറിയ ചില അശ്രദ്ധകൾ ആയിരിക്കും വലിയ അപകടങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നത്.

ഏറ്റവും കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്ന ഒരിടവും അടുക്കള തന്നെയാണ്. അതുകൊണ്ടു തന്നെ വയറിങ്,സ്വിച്ചുകൾ എന്നിവ നൽകുന്ന കാര്യത്തിലും അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.

അടുക്കള സുരക്ഷിതമാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

അടുക്കളയിലെ അപകടങ്ങൾ ഒഴിവാക്കാനായി.

വീട്ടിലെ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് കുറച്ച് സമയമെങ്കിലും ചിലവിടുന്ന ഒരിടമായി ഇന്ന് അടുക്കളകൾ മാറിയിരിക്കുന്നു.

അതുകൊണ്ടുതന്നെ വളരെയധികം സുരക്ഷിതത്വം നൽകേണ്ട ഒരിടവും അടുക്കള തന്നെയാണ്.

ചെറിയതും വലിയതുമായ അപകടങ്ങൾ വീട്ടിനകത്ത് നടക്കാൻ ഏറ്റവും സാധ്യത കൂടുതൽ ഉള്ള ഇടം അടുക്കളയാണ്. പാചകം ചെയ്തു കൊണ്ടിരിക്കുമ്പോൾ ചൂടുള്ള പാത്രങ്ങൾ ഒരു കാരണവശാലും കൈ ഉപയോഗിച്ച് എടുത്തു മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക.

സ്റ്റവിൽ നിന്ന് പാത്രം എടുത്ത് മാറ്റുമ്പോൾ തെർമ്മൽ ഹീറ്റ് പ്രൂഫ് നൽകുന്ന കട്ടിയുള്ള ഹാൻഡ് ഗ്ലവ്സ്,അല്ലെങ്കിൽ കട്ടിയുള്ള തുണികൾ എന്നിവ തിരഞ്ഞെടുക്കാം.

ഓവൻ ഉപയോഗപ്പെടുത്തി ബേക്ക് ചെയ്യുമ്പോഴും ഇതേ കാര്യം തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ചൂടായ പാത്രങ്ങൾ ഓവൻ ഓഫ് ചെയ്ത ഉടനെ വെറും കൈ ഉപയോഗിച്ച് എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

പലരും ഓവനിൽ നിന്നും എടുക്കുന്ന പാത്രങ്ങൾക്ക് വലിയ ചൂടില്ല എന്ന് കരുതി തൊടുമ്പോഴായിരിക്കും വലിയ പൊള്ളലുകൾ സംഭവിക്കുന്നത്.

വളരെയധികം ചൂടുള്ള ഭക്ഷണസാധനങ്ങൾ ഒരു കാരണവശാലും നേരിട്ട് കൗണ്ടർടോപ്പ് അല്ലെങ്കിൽ ഡൈനിങ് ടേബിളിൽ കൊണ്ട് വെക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ചൂട് കൂടുതൽ ഉള്ള സാധനങ്ങൾ മാറ്റി വക്കുന്നതിന് മുൻപായി അവയ്ക്ക് താഴെ ഹോട്ട് പാഡുകൾ, പോട്ട് സ്റ്റാൻഡ് എന്നിവ നൽകാവുന്നതാണ്.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം

ഒരു വീട്ടിനകത്ത് ഏറ്റവും കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്ന ഇടം അടുക്കള തന്നെയാണ്. ഫ്രിഡ്ജ്,മിക്സി, ഓവൻ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ ലിസ്റ്റിൽ ഇടം പിടിക്കുമ്പോൾ അത്രയും കൂടുതൽ സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടതുണ്ട്. മിക്സർ ഗ്രൈൻഡർ, ഫുഡ് പ്രോസസർ എന്നിവ ഉപയോഗപ്പെടുത്തുമ്പോൾ അവ പൂർണമായും ഓഫ് ആകുന്നതിനു മുൻപ് അകത്ത് കൈ ഇട്ട് നോക്കാൻ പാടുള്ളതല്ല. അവയുടെ ശക്തമായ ബ്ലേഡ് തട്ടി കൈ മുറിയാനുള്ള സാധ്യത കൂടുതലാണ്. അടുക്കളയിൽ ഏതെങ്കിലും രീതിയിൽ തീപിടിച്ച് പുക നിറയുന്ന അവസ്ഥ ഉണ്ടായാൽ അത് മറ്റുള്ളവരെ അറിയിക്കുന്നതിനായി സ്മോക്ക് അലാം സെൻസറുകൾ കിച്ചണിൽ സ്ഥാപിച്ചു നൽകുന്നത് നല്ലതാണ്. ഗ്യാസ് സിലിണ്ടർ ചോർന്ന് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഗ്യാസ് ലീക്ക് ഡിറ്റക്ടർ ഉപയോഗപ്പെടുത്താ-വുന്നതാണ്. പൊള്ളൽ, മുറിവുകൾ എന്നിവ കൂടുതലായും സംഭവിക്കുന്ന ഇടമായതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് പ്രാഥമിക ശുശ്രൂഷ ലഭിക്കുന്ന രീതിയിൽ ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്‌ അടുക്കളയിൽ നൽകാവുന്നതാണ്.

പുറത്തേക്ക് മുഴച്ച് നിൽക്കുന്ന കിച്ചൺ കൗണ്ടർ ടോപ്പ് കോർണർ ഭാഗങ്ങൾ കവർ ചെയ്യുന്നതിന് ആവശ്യമായ ക്യാപ്പുകൾ ഓൺലൈൻ സൈറ്റുകളിൽ സുലഭമായി ലഭിക്കുന്നുണ്ട്. കുട്ടികളുള്ള വീടുകളിൽ ഇത്തരം ക്യാപ്പുകൾ ഉപയോഗപ്പെടുത്തിയാൽ അവ കുട്ടികളുടെ തലയിലും മറ്റും ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി സാധിക്കും. കുട്ടികൾക്ക് പെട്ടെന്ന് തുറക്കാൻ സാധിക്കുന്ന ക്യാബിനറ്റുകൾ ക്ലോസ് ചെയ്യുന്നതിന് ആവശ്യമായ സ്റ്റിക്കർ ടൈപ്പ് ലോക്ക് കളും ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്.ഒരു കാരണവശാലും കുട്ടികൾക്ക് കിട്ടുന്ന സ്ഥലങ്ങളിൽ കത്തി മൂർച്ചയേറിയ മറ്റ് ഉപകരണം എന്നിവ സൂക്ഷിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇൻഡക്ഷൻ സ്റ്റൗ പോലുള്ള ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് മുകളിൽ ചൈൽഡ് റസിസ്റ്റന്റ് ആയിട്ടുള്ള നോബ് കവറുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. പരമാവധി കുട്ടികളെ അടുക്കളയിലേക്ക് പ്രവേശിപ്പിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.അല്ലെങ്കിൽ ആരും അടുക്കളയിൽ ഇല്ലാത്ത സമയത്ത് പോലും കുട്ടി അവിടെ കയറി ഗ്യാസ് സ്റ്റൗ ഓൺ ചെയ്യുന്നതിനോ മൂർച്ചയേറിയ വസ്തുക്കൾ ഉപയോഗപ്പെടുത്തുന്നതിനോ ഉള്ള സാധ്യത കൂടുതലാണ്. അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കേണ്ട.

അടുക്കളയിലെ അപകടങ്ങൾ ഒഴിവാക്കാനായി ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകണം.