വീട്ടിലെ ഫാനുകളും ലൈറ്റും വൃത്തിയാക്കാം.

വീട്ടിലെ ഫാനുകളും ലൈറ്റും വൃത്തിയാക്കാം.അടുക്കും ചിട്ടയും ഭംഗിയുമുള്ള വീടാണ് ഏവരും ആഗ്രഹിക്കുന്ന കാര്യം. എന്നാൽ പലപ്പോഴും ഈ കാര്യങ്ങൾ എല്ലാം അതേ പടി കാത്തുസൂക്ഷിക്കാൻ സാധിക്കാറുണ്ടോ എന്നതാണ് സംശയം.

ഫ്ളോറിങ്, അടുക്കളയിലെ സ്ലാബ് എന്നിവയെല്ലാം വൃത്തിയാക്കിയിടാൻ മിക്ക ആളുകളും ശ്രദ്ധിക്കാറുണ്ടെങ്കിലും അധികമാരുടെയും ശ്രദ്ധ പതിക്കാത്ത ഇടങ്ങളാണ് റൂഫിൽ ഫിറ്റ് ചെയ്തിട്ടുള്ള ഫാനുകളും ലൈറ്റുകളും.

പലപ്പോഴും ഫാനിലും, ലൈറ്റിലും മറ്റും അടിഞ്ഞു കൂടി കിടക്കുന്ന പൊടിപടലങ്ങൾ അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വരെ കാരണമാകാറുണ്ട്. ഇത്തരം ഭാഗങ്ങൾ വൃത്തിയാക്കുക അത്ര എളുപ്പമുള്ള കാര്യമല്ലാത്തതു കൊണ്ടാണ് പലർക്കും അത് ചെയ്യാനുള്ള മടി ഉണ്ടാകുന്നത്.

എന്നാൽ വീട്ടിലെ ഫാനും ലൈറ്റുകളുമെല്ലാം വെട്ടിത്തിളങ്ങാൻ പാകത്തിൽ ഉപയോഗപ്പെടുത്താവുന്ന ചില വിദ്യകൾ പരിചയപ്പെടാം.

വീട്ടിലെ ഫാനുകളും ലൈറ്റും വൃത്തിയാക്കാം.

വീട്ടിനകത്ത് പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റുന്ന ഇടങ്ങളാണ് ചുമരുകളും ഫ്ളോറിങ്ങും.അതുകൊണ്ടു തന്നെ അവിടെ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ കറ പോലും വൃത്തിയാക്കാനായി എല്ലാവരും ശ്രദ്ധിക്കാറുമുണ്ട്.

എന്നാൽ വീട്ടിൽ സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന ലൈറ്റും ഫാനും വൃത്തിയാക്കേണ്ട കാര്യത്തെപ്പറ്റി ആരും അധികം ചിന്തിക്കാറില്ല.

പൊടിയും മാറാലയും അടിഞ്ഞ് കൂടി ഫാനെല്ലാം ഓൺ ചെയ്യുമ്പോൾ താഴേക്ക് വീണു തുടങ്ങുമ്പോഴാണ് വൃത്തിയാക്കേണ്ട കാര്യം പലരും ഓർക്കുന്നത് തന്നെ.

മൂന്നു മാസത്തിൽ ഒരുതവണയെങ്കിലും ഫാനുകളും ലൈറ്റുകളും വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്. ചെറിയ ഇടവേളകളിൽ ഇവ വൃത്തിയാക്കി നൽകുന്നതു കൊണ്ട് ഗുണങ്ങളും നിരവധിയാണ്.

ഒരുപാട് പൊടിയടിഞ്ഞ് വൃത്തിയാക്കുന്നതിനേക്കാൾ എളുപ്പത്തിൽ ചെറിയ ഇടവേളകളിൽ വൃത്തിയാക്കി നൽകുകയാണെങ്കിൽ പണി കുറയ്ക്കുകയും ചെയ്യാം.

വളരെയധികം ശ്രദ്ധയും സമയവും എടുത്തു കൊണ്ട് ക്ലീനിങ് നടത്തേണ്ട ഭാഗങ്ങളാണ് ബൾബുകളും ലൈറ്റുകളും.

അലങ്കാര ലൈറ്റുകൾ ആണെങ്കിൽ ചിലപ്പോൾ ചെറിയ ഒരു അശ്രദ്ധ മതി മുഴുവൻ താറുമാറാകാൻ. അതുകൊണ്ടു തന്നെ ഓടിപ്പോയി വൃത്തിയാക്കി ഇടാവുന്ന ഇടങ്ങളായി ഇത്തരം ഭാഗങ്ങളെ കണക്കാക്കേണ്ട.

പ്രായമായവരും, കുട്ടികളും, ആസ്ത്മ അലർജി പോലുള്ള അസുഖങ്ങൾ അനുഭവിക്കുന്നവരും ഉള്ള വീടുകളിൽ മൂന്ന് മാസത്തിൽ ഒരിക്കൽ എന്നത് ഒരു മാസത്തിൽ ഒരു തവണയെങ്കിലും ക്ലീൻ ചെയ്യുന്ന രീതി വേണം പിന്തുടരാൻ.

മാത്രമല്ല റൂമുകളിലും മറ്റും റാക്കുകൾ നൽകി ഓപ്പൺ ആക്കി ഇടുന്ന രീതിയാണ് ഉള്ളതെങ്കിൽ അത് ഉപേക്ഷിക്കണം. റാക്കുകളിൽ നിന്നും ഉണ്ടാകുന്ന ചെറിയ പൊടി പടലങ്ങൾ ഫാനിൽ പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

വൃത്തിയാക്കൽ ആരംഭിക്കുന്നതിന് മുൻപായി

ക്ലീനിങ് സമയത്ത് ശ്രദ്ധയും കരുതലും ആവശ്യമുള്ള ഭാഗങ്ങളാണ് ചുമരിലെ ലൈറ്റുകൾ. കയ്യൊന്ന് സ്ലിപ് ആയാൽ പെട്ടെന്ന് പൊട്ടിപ്പോകും എന്ന് മാത്രമല്ല ചിലപ്പോൾ അപകടങ്ങളിലേക്കും വഴി വെക്കാം.

ഒരു കാരണ വശാലും നനഞ്ഞ തുണി കൊണ്ട് ബൾബുകൾ നേരിട്ട് തുടക്കാതിരിക്കാൻ ശ്രദ്ധിക്കുക. മാത്രമല്ല കത്തി കൊണ്ടിരിക്കുന്ന ബൾബ് ഓഫ്‌ ചെയ്ത് ചൂട് മുഴുവനായും വിട്ടതിന് ശേഷം മാത്രം തുടയ്ക്കുക.

അലങ്കാര ലൈറ്റുകൾ ക്ലീൻ ചെയ്യുന്ന സമയത്ത് ചെറിയ പാർട്ടുകൾ ഉണ്ടെങ്കിൽ അവ പൊട്ടിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക. ബൾബുകൾ വൃത്തിയാക്കാനായി കോട്ടൺ തുണി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

ഹോൾഡറിൽ ഫിറ്റ് ചെയ്യുന്ന രീതിയിലുള്ള ബൾബുകൾ ആണെങ്കിൽ അവ അഴിച്ചെടുത്ത ശേഷം ക്ലീൻ ചെയ്യുന്നതാണ് ശരിയായ രീതി.

തുണി നനച്ചാണ് തുടയ്ക്കുന്നത് എങ്കിൽ ബൾബിലെ ഈർപ്പം മുഴുവനായും പോയതിനു ശേഷം മാത്രം അവ തിരികെ ഹോൾഡറിൽ ഫിറ്റ് ചെയ്തു നൽകുക.

ഫാനുകൾ വൃത്തിയാക്കുമ്പോഴും ശ്രദ്ധ നൽകേണ്ടതുണ്ട്. ശരിയായ രീതിയിൽ അല്ല ഫാൻ ക്ലീൻ ചെയ്യുന്നത് എങ്കിൽ അവയിൽ നിന്നും പൂർണ്ണമായും പൊടി പോകില്ല എന്ന് മാത്രമല്ല ഫാനിന്റെ ബ്ലേഡുകൾ വളഞ്ഞു പോകാനുള്ള സാധ്യതയും കൂടുതലാണ്.

ഫാൻ വൃത്തിയാക്കാനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച മാർഗ്ഗം ഒരു പില്ലോ കവർ ഓരോ ബ്ലേഡിലേക്കായി കയറ്റി പൊടികൾ എടുത്ത ശേഷം ക്ലീൻ ചെയ്യുന്ന രീതിയാണ്.

ഇങ്ങിനെ ചെയ്യുന്നത് വഴി ഒരു ഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തേക്ക് പൊടി പടരാതിരിക്കുകയും ചെയ്യും.

ബ്ലേഡിന്റെ ഏറ്റവും അറ്റത്തേക്ക് കവർ കൊണ്ടു പോയി പതിയെ പുറകിലേക്ക് വലിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. പൊടിപടലങ്ങൾ ഒരു കാരണവശാലും താഴേക്ക് വീഴുന്നില്ല എന്ന കാര്യം ഉറപ്പു വരുത്തുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബൾബുകൾ കൈകാര്യം ചെയ്യുമ്പോൾ അവ താഴെ വീണ് പൊട്ടാതിരിക്കാൻ ശ്രദ്ധിക്കുക.അലർജി പോലുള്ള അസുഖങ്ങൾ ഉള്ളവർ ഫാൻ,ലൈറ്റ് എന്നിവ വൃത്തിയാക്കുമ്പോൾ ഒരു മാസ്ക് ധരിക്കുന്നത് നല്ലതാണ്.

കണ്ണിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി കണ്ണടകൾ ഉപയോഗിക്കുന്നതിലും തെറ്റില്ല.ഫാൻ,ബൾബ് എന്നിവയുടെ സ്വിച്ചുകൾ എല്ലാം ഓഫ് തന്നെയല്ലേ എന്ന കാര്യം രണ്ടു തവണ ഉറപ്പു വരുത്തുക.

വൃത്തിയാക്കുന്ന സമയത്ത് കുട്ടികളെയും പ്രായമായവരെയും ആ ഭാഗത്ത് നിന്നും മാറ്റി ഇരുത്തുന്നതാണ് കൂടുതൽ നല്ലത്.

അലങ്കാര വിളക്കുകളും അഴിച്ചെടുത്ത് ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ മുഴുവനായി അഴിച്ച് ക്ലീൻ ചെയ്ത ശേഷം തിരികെ പിടിപ്പിക്കാവുന്നതാണ്.

ഫാനിന്റെ ബ്ലേഡ് വൃത്തിയാക്കുമ്പോൾ കൈ മുറിയാതിരിക്കാൻ ശ്രദ്ധിക്കുക. ബ്ലേഡിന് വളവ് പറ്റിക്കഴിഞ്ഞാൽ പിന്നീട് അവ ഫിറ്റ് ചെയ്ത് ഉപയോഗിച്ചാലും ഫാൻ കറങ്ങുമ്പോൾ വളരെയധികം ശബ്ദം വന്നു കൊണ്ടേയിരിക്കും.

അതുകൊണ്ടുതന്നെ ശ്രദ്ധയോടെ മാത്രം ക്ലീനിങ് ചെയ്യാനായി ശ്രദ്ധിക്കുക.

വീട്ടിലെ ഫാനുകളും ലൈറ്റും വൃത്തിയാക്കാം ഈ ട്രിക്കുകൾ കൂടി പരീക്ഷിച്ചു നോക്കി.