ഫ്രിഡ്ജിനും വേണം പ്രത്യേക കരുതൽ.

ഫ്രിഡ്ജിനും വേണം പ്രത്യേക കരുതൽ.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പാചകം ചെയ്ത ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കുന്ന രീതി കൂടുതലായി കണ്ടു വരുന്നുണ്ട്.

അതിനുള്ള പ്രധാന കാരണം ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവാണ് എന്ന് തന്നെയാണ്.

പാചകം ചെയ്ത ഭക്ഷണസാധനങ്ങൾ പെട്ടെന്ന് കേടായി പോകുമെന്ന കാരണത്താൽ ഒരു ദിവസത്തെ ഉപയോഗം കണക്കാക്കി മാത്രം ഭക്ഷണം പാചകം ചെയ്തിരുന്ന രീതിയാണ് മുൻ കാലങ്ങളിൽ കൂടുതലായും ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് പച്ചക്കറി, പഴങ്ങൾ, ഇറച്ചി, മീൻ എന്നിവയെല്ലാം ഒന്നോ രണ്ടോ ആഴ്ചയിലേക്ക് ഉള്ളത് ഒരുമിച്ച് കൊണ്ടു വന്ന് ഫ്രിഡ്ജിനകത്ത് സൂക്ഷിക്കുന്ന രീതിയാണ് ഉള്ളത്.

ഇവ കൂടുതൽ ദിവസം ഫ്രിഡ്ജിൽ വച്ച് ഉപയോഗപ്പെടുത്തുമ്പോൾ അത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും എന്ന് മാത്രമല്ല ഫ്രിഡ്ജിനും പല രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

ഫ്രിഡ്ജ് കൂടുതൽ കാലം ഉപയോഗപ്പെടുത്താനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഫ്രിഡ്ജിനും വേണം പ്രത്യേക കരുതൽ ശ്രദ്ധ നൽകാം ഈ കാര്യങ്ങളിൽ.

ഫ്രിഡ്ജിനകത്ത് ഭക്ഷണസാധനങ്ങൾ ഒരു നിശ്ചിത താപനിലയിൽ സെറ്റ് ചെയ്ത് വയ്ക്കുന്നുതു കൊണ്ടു തന്നെ അവ പെട്ടെന്ന് കേടായി പോകുന്നില്ല എന്നത് സത്യം തന്നെ.

എന്നാൽ എല്ലാ ഭക്ഷണപദാർത്ഥങ്ങളും ഇത്തരത്തിൽ ഫ്രിഡ്ജിനകത്ത് സൂക്ഷിച്ച് വയ്ക്കേണ്ടതുണ്ടോ എന്നത് പലരും ചിന്തിക്കാറില്ല.

ബാക്ടീരിയ,വൈറസ് എന്നിവ പെരുകുന്നത് തടഞ്ഞു കൊണ്ടാണ് ഇത്തരത്തിൽ ഭക്ഷണങ്ങൾ കേടാകാതെ സൂക്ഷിക്കുന്നത്.

അതേസമയം കൂടുതൽ കാലത്തേക്ക് ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച് വച്ചാൽ അവ വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് വഴി വെക്കുന്നത്.

ഫ്രിഡ്ജ് കൂടുതൽ കാലം കേടാകാതെ നില നിൽക്കണമെങ്കിലും ചില കാര്യങ്ങളിൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

ഫ്രിഡ്ജിന്റെ ശരിയായ രീതിയിൽ അല്ലാത്ത ഉപയോഗം കറണ്ട് ബില്ല് കൂട്ടുന്നതിനും, കാലങ്ങളോളം ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ ഉപയോഗിക്കാതെ ഇരിക്കുന്നതിനും കാരണമായേക്കാം.

ഫ്രിഡ്ജ് സെറ്റ് ചെയ്യാനായി ഇടം കണ്ടെത്തുമ്പോൾ ഒരു കാരണവശാലും സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന സ്ഥലത്തോ ഈർപ്പം നിലനിൽക്കുന്ന സ്ഥലത്തോ വക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഫ്രിഡ്ജിന്റെ പുറകുവശവും ഭിത്തിയും തമ്മിൽ കുറഞ്ഞത് 10 സെന്റീമീറ്റർ എങ്കിലും ഗ്യാപ്പ് നൽകാനായി ശ്രദ്ധിക്കണം.

മുകൾ ഭാഗത്തേക്കും ഏകദേശം 30 സെന്റീമീറ്റർ ഗ്യാപ്പ് എങ്കിലും നൽകാൻ ശ്രദ്ധിക്കുക. ഫ്രിഡ്ജിന്റെ സൈഡ് ഭാഗങ്ങളിലേക്ക് 5 സെന്റീമീറ്റർ വീതം ഗ്യാപ്പ് നല്കണം . വായു സഞ്ചാരം കുറവുള്ള സ്ഥലങ്ങളിൽ ഫ്രിഡ്ജ് ഒരു കാരണവശാലും വയ്ക്കരുത്.

പ്രത്യേക ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ

അടുക്കളയിലെ മറ്റ് ഉപകരണങ്ങൾക്ക് വേണ്ടി നൽകിയിട്ടുള്ള പവർ പ്ലഗ് ഫ്രിഡ്ജിന് ഉപയോഗപ്പെടുത്തുന്ന രീതി വേണ്ട. ഫ്രിഡ്ജിന് മാത്രമായി ഒരു പ്രത്യേക പവർ പ്ലഗ് നൽകണം. ദൂരയാത്രകൾ പോകുന്ന സമയത്ത് ഫ്രിഡ്ജിനകത്ത് സാധനങ്ങൾ ഒന്നും വയ്ക്കുന്നില്ല എങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ്ഗ് ഊരി ഇടുന്നതാണ് നല്ലത്.

വെള്ളത്തിന്റെ അംശം ഉള്ള കൈ ഉപയോഗിച്ച് പ്ലഗ് അഴിച്ചിടാനായി ശ്രമിക്കരുത്. കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കി നൽകാൻ ശ്രദ്ധിക്കുക.

ലോഹ തകിടുകൾ ഉൾ ഭാഗങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതിനാൽ തന്നെ ഫ്രിഡ്ജിന്റെ ഉൾഭാഗം വൃത്തിയാക്കാനായി രാസവസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഫ്രിഡ്ജിനകത്തെ ദുർഗന്ധം ഒഴിവാക്കുന്നതിനായി ഒരു പഞ്ഞിയിൽ കുറച്ചു വാനില എസൻസ് അതല്ല എങ്കിൽ, അൽപം ബേക്കിംഗ് സോഡ വയ്ക്കുകയോ ചെയ്യാം.

ഫ്രിഡ്ജിനകത്തെ പാർട്ടീഷനുകൾ ഇടയ്ക്ക് പുറത്തെടുത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി തുടച്ച് തിരിച്ചു വയ്ക്കാവുന്നതാണ്.കട്ടിയായി കിടക്കുന്ന ഐസ് വൃത്തിയാക്കാൻ മൂർച്ചയുള്ള ഉപകരണങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.

ഫ്രിഡ്ജിന് കൂടുതൽ ആയുസ്സ് ലഭിക്കാൻ ഇടയ്ക്ക് ഡീഫ്റോസ്‌റ്റ് ചെയ്തിടുന്നത് നല്ലതാണ്. ഡോർ ശരിയായ രീതിയിൽ അടയുന്നില്ല എന്ന് സംശയമുണ്ടെങ്കിൽ റിപ്പർ സീൽ എന്നിവ മാറ്റി നൽകണം.

ഫ്രിഡ്ജിനും വേണം പ്രത്യേക കരുതൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ കാലം ഉപയോഗപ്പെടുത്തുകയും ചെയ്യാം.