ദുർഗന്ധം ഇല്ലാത്ത വീട് ഒരുക്കാനുള്ള പൊടിക്കൈകൾ

ഇനി എത്ര അലങ്കാരം ഉള്ളതായാലും, കോടികൾ ചിലവാക്കിയതായാലും വൃത്തിയില്ലാത്ത, ദുർഗന്ധം വമിക്കുന്ന ഒരു വീട് കാഴ്ചകളെക്കാളും, സൗന്ദര്യത്തേക്കാളും ഉപരി അറപ്പ് മാത്രമേ ഉളവാക്കുകയും ഉള്ളൂ.

ഓരോ വീടുകൾക്കും ഒരോ രീതിയിലുള്ള ദുർഗന്ധമാണ് ഉണ്ടാവുക . വീട്ടിൽ താമസിക്കുന്ന ആളുകൾ ഉപയോഗിക്കുന്ന വസ്തുക്കളുടെയും, പാകം ചെയ്യുന്ന ഭക്ഷണം തുടങ്ങിയവയുമായി എല്ലാം ഈ ഗന്ധം ബന്ധപ്പെട്ടിരിക്കുന്നു.

വീടിനുള്ളിൽ ഉന്മേഷകരമായ സുഗന്ധം പരക്കുന്നത് മാനസികസമ്മർദ്ദം കുറയ്ക്കുകയും അതുവഴി കുടുംബാംഗങ്ങളും, അയൽക്കാരും, എല്ലാവരും തമ്മിൽ ഒരു മാനസിക ഐക്യം രൂപപ്പെടുന്നതിനും കാരണമാകും.

വീട് വൃത്തിയാക്കൽ ഒരിക്കലും ഒരു കാഴ്ചയ്ക്ക് മാത്രമുള്ള പ്രവർത്തിയല്ല.

കാഴ്ചയ്ക്ക് മാത്രമുള്ള പ്രവർത്തിയായി മാറുമ്പോഴാണ് വൃത്തിയുള്ള വീടുകളിൽനിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങുന്നത്.

ഇത്തരം വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ സാധാരണ ക്ലീനിംഗ് മാത്രം മതിയാവില്ല. എന്നാൽ എത്ര ദുർഗന്ധമുള്ള വീട് ആയാൽ പോലും സുഗന്ധപൂരിതമായ ഒരു അന്തരീക്ഷം നിലനിർത്താൻ അടുക്കളയിലും മറ്റും ഉണ്ടാവാറുള്ള ചെറിയ സാധനങ്ങൾ മാത്രം മതിയാകും.

വീട്ടിൽ നിന്ന് ദുർഗന്ധം നീക്കംചെയ്യാനുള്ള എളുപ്പമുള്ള മാർഗ്ഗങ്ങൾ ഇതാ-

ബാത്‌റൂം ദുർഗന്ധം

വീട്ടിൽ ഏറ്റവും അധികം ദുർഗന്ധമുണ്ടാവുന്ന സ്ഥലമാണ് കുളിമുറിയും ടോയ്‌ലറ്റും.

ഈ ദുർഗന്ധം ഒഴിവാക്കുന്നതിനായി ഒരു ടേബിൾ സ്പൂൺ വിനാഗിരി, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ, 10 തുള്ളി എണ്ണ എന്നിവ രണ്ട് കപ്പ് വെള്ളത്തിൽ കലർത്തുക. 

ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിൽ ഒഴിച്ച് ആവശ്യമുള്ളപ്പോൾ ബാത്‌റൂമിൽ തളിക്കാവുന്നതാണ്. 

അല്ലെങ്കിൽ, നാരങ്ങ നീര്, ബേക്കിംഗ് സോഡ എന്നിവ തുല്യ അളവിൽ എടുത്ത് ഒരു പേസ്റ്റ് തയ്യാറാക്കുക. ഇത് അല്പം കട്ടിയായ ശേഷം ബാത്റൂമും ടോയ്ലറ്റും വൃത്തിയാക്കാൻ ഉപയോഗിക്കാവുന്നതാണ്.

വളർത്തുമൃഗങ്ങൾ

വീടിനുള്ളിൽ തന്നെ വളർത്തുന്ന വളർത്തുമൃഗങ്ങൾ വീടുകളിലെ സോഫയിലും മറ്റും ദുർഗന്ധമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഇത്തരം മണം മാറിക്കിട്ടാൻ അല്പം ബേക്കിംഗ് സോഡ സോഫയിൽ വിതറി, 15 മിനിറ്റിനുശേഷം നീക്കം ചെയ്താൽ മാത്രം മതി. വളരെ മോശമായ ഗന്ധമുണ്ടെങ്കിൽ ബേക്കിംഗ് സോഡ രാത്രി മുഴുവൻ ഇട്ടുവെച്ചിട്ട് രാവിലെ നീക്കം ചെയ്യാവുന്നതാണ്. 

മൈക്രോവേവിലെ ദുർഗന്ധം

തുണികൊണ്ട് തുടച്ചായിരിക്കും സാധാരണയായി മൈക്രോവേവ് വൃത്തിയാക്കുന്നത്. ഇത് കൊണ്ട് മാത്രം മൈക്രോവേവിലെ ദുർഗന്ധം മാറില്ല.

ഒരു നാരങ്ങ പകുതിയായി മുറിച്ച് അതിന്റെ ജ്യൂസ് അര കപ്പ് വെള്ളത്തിൽ ഒഴിക്കുക. ഒരു ഗ്ലാസ് പാത്രത്തിൽ ഈ വെള്ളവും നാരങ്ങയുടെ ബാക്കി വന്ന തൊണ്ടും ഇട്ട് മൈക്രോവേവിൽ വെച്ച് 5 മിനിറ്റ് പ്രവർത്തിപ്പിക്കുക.

ഓഫാക്കിയ ഉടനെ ഓപ്പൺ ചെയ്യാതെ, കുറച്ച് സമയം കൂടി അകത്ത് തന്നെ വെക്കുക. അല്പ സമയത്തിന് ശേഷം പാത്രം നീക്കം ചെയ്ത് ഒരു തുണി ഉപയോഗിച്ച് മൈക്രോവേവ് വൃത്തിയാക്കുക.

ദുർഗന്ധം മാറുമെന്ന് മാത്രമല്ല, നാരങ്ങയുടെ നറുമണം ലഭിക്കുകയും ചെയ്യും.

ചവിട്ടികളും ചെരിപ്പുകളും

ഒരു വീട്ടിൽ ദുർഗന്ധം ഉണ്ടാവാൻ ആദ്യം ചാൻസ് ഉള്ള സ്ഥലമാണ്പരവതാനികളും ചവിട്ടികളും. ഇത്തരം ദുർഗന്ധത്തെ നീക്കം ചെയ്യാനായി 1 ടീസ്പൂൺ വിനാഗിരി, 1 ടീസ്പൂൺ ബേക്കിംഗ് സോഡ, 150 മില്ലി ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ ഉപയോഗിച്ച് ഒരു ലിക്വിഡ് ഉണ്ടാക്കി ചവിട്ടികളിലും പരവതാനികളിലും തളിച്ചാൽ മാത്രം മതി. അതുപോലെ ചെരിപ്പുകളും, ഷുകളുമൊക്കെ വീട്ടിലെ ദുർഗന്ധത്തിന് കാരണമാകാറുണ്ട്. ചെരിപ്പുകൾ അലക്ഷ്യമായി വലിച്ചെറിയാതെ കഴുകി വൃത്തിയാക്കി ഷൂ റാക്ക്കളിൽ അടുക്കി വെക്കുന്നത് നല്ലൊരു ശീലമാണ്.

ഫ്രിഡ്ജിന് ഫ്രഷ്‌നർ

Close-up Of Woman’s Hand Wearing Yellow Gloves Cleaning Open Refrigerator With Spray Bottle And Sponge

പലതരം ഭക്ഷണങ്ങളാണ് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്.

ഈ ഭക്ഷണ പദാർത്ഥങ്ങൾ എടുത്തു മാറ്റിയാലും അവയുടെ അവശിഷ്ടങ്ങൾ ബാക്കിയായേക്കും.

 ഫ്രിഡ്ജിലെ ദുർഗന്ധതിന്റെ പ്രധാന കാരണം ഇതാണ്. ഫ്രിഡ്ജ് ഫ്രെഷനർ ഉപയോഗിച്ചാലും ചിലപ്പോൾ ദുർഗന്ധം മാറില്ല.

മാത്രമല്ല മികച്ച സുഗന്ധങ്ങളിൽ മൂടുകയും ചെയ്യുന്നു. ഈ പ്രശ്‍നത്തിനൊരു മികച്ച പരിഹാരമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ ഒരു തുറന്ന പാത്രത്തിലിട്ട് നിങ്ങളുടെ ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ഒപ്പം ഫ്രിഡ്ജ് ഫ്രഷ്‌നർ ഉപയോഗിക്കുക. വർഷത്തിലൊരിക്കൽ മാത്രം ബേക്കിങ് സോഡയുടെ പാത്രം മാറ്റി സ്ഥാപിച്ചാൽ മതിയാവും.

മത്സ്യത്തിന്റെ ഗന്ധം

വീടിനുള്ളിൽ മത്സ്യത്തിന്റെ ഗന്ധം കെട്ടി നിൽക്കുന്നത് പൊതുവെ ആർക്കും ഇഷ്ടമുള്ള കാര്യമല്ല. ചില ഇനം മത്സ്യങ്ങൾ വളരെ മണമുള്ളതാണ്.

വിൻഡോ തുറന്നിട്ടാലും ഫാൻ ഇട്ടാലുമൊന്നും അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. നിങ്ങളുടെ അടുക്കളയിൽ നിന്ന് മീൻ വാസന ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു കപ്പ് വിനാഗിരി ഒരു കപ്പ് വെള്ളത്തിൽ കലർത്തി തിളപ്പിക്കുക. 

ഈ മിശ്രിതം അടച്ചു വെക്കരുത്. വിനാഗിരിയും വെള്ളവും തിളച്ചു വരുന്ന നീരാവി മത്സ്യത്തിന്റെ ദുർഗന്ധം ഇല്ലാതാക്കും.