വീട് വൃത്തിയാക്കാം ചുരുങ്ങിയ സമയത്തിൽ.

വീട് വൃത്തിയാക്കാം ചുരുങ്ങിയ സമയത്തിൽ.വൃത്തിയുള്ള വീട് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.

എന്നാൽ എല്ലാ സമയത്തും വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.വീടിന്റെ ഓരോ മുക്കിലും മൂലയിലും അടിഞ്ഞു കൂടി കിടക്കുന്ന പൊടിയും, മാറാലയും പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടണമെന്നില്ല.

അടുക്കളയിലെ സിങ്കും,വാഷ് എരിയിലെ വാഷ് ബേസിനുമെല്ലാം ഇത്തരത്തിൽ അധികം ശ്രദ്ധയിൽ പെടാത്ത ഭാഗങ്ങളാണ്.

നിരന്തരം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ ചെറിയ രീതിയിലുള്ള അഴുക്ക് പറ്റിയാലുംഅത് ശ്രദ്ധയിൽ പതിയണമെന്നില്ല.

മിക്കപ്പോഴും വാഷ്ബേസിൻ, സിങ്ക് പോലുള്ള ഭാഗങ്ങൾ വൃത്തിയാക്കാനായി കൂടുതൽ പേരും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയാണ് ചെയ്യുന്നത്.

എന്നാൽ ഇങ്ങിനെ ചെയ്യുന്നത് വഴി അത്തരം ഇടങ്ങൾ പൂർണമായും വൃത്തിയായി കൊള്ളണമെന്നില്ല. വീട് വൃത്തിയാക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

വീട് വൃത്തിയാക്കാം ചുരുങ്ങിയ സമയത്തിൽ പരീക്ഷിക്കാം ചില പൊടിക്കൈകൾ.

വീട്ടിലേക്ക് വരുന്ന അതിഥികൾ മിക്കപ്പോഴും ആദ്യം ഉപയോഗപ്പെടുത്തുന്ന ഒരിടം വാഷ് ഏരിയയോട് ചേർന്ന് നൽകിയിട്ടുള്ള വാഷ് ബേസിൻ ആയിരിക്കും.

എന്നാൽ ഈ ഒരു ഭാഗം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാതെ ഇട്ടു കഴിഞ്ഞാൽ വാഷ്ബേസിനിൽ ഭക്ഷണാവശിഷ്ടങ്ങളും,മറ്റും അടിഞ്ഞ് കൂടി ദുർഗന്ധം ഉണ്ടാകുന്ന അവസ്ഥയും കറ പിടിച്ചു കിടക്കുന്ന അവസ്ഥയും കൂടുതലായി കാണാറുണ്ട്.

മാത്രമല്ല പൈപ്പിലൂടെ വെള്ളം ശരിയായ രീതിയിലല്ല ഇറങ്ങിപ്പോകുന്നത് എങ്കിൽ പെട്ടെന്ന് ബ്ലോക്ക് ആകാനുള്ള സാധ്യതയും കൂടുതലാണ്.

അതുകൊണ്ടു തന്നെ അടുക്കളയിലെ പാത്രം കഴുകുന്ന ഭാഗത്ത് സിങ്ക്,വാഷ്ബേസിൻ പൈപ്പ് എന്നിവ ക്ലീൻ ചെയ്യുന്നതിനായി കുറച്ച് ഉപ്പ്,ബേക്കിംഗ് സോഡ എന്നിവ ഇട്ടു നൽകി അതിലേക്ക് കുറച്ച് ചൂട് വെള്ളം ഒഴിച്ച് നൽകിയാൽ മതി.

ഇങ്ങിനെ ചെയ്യുന്നത് വഴി അടഞ്ഞിരിക്കുന്ന പൈപ്പ് തുറക്കുകയും അതിലെ അവശിഷ്ടങ്ങൾ പൂർണ്ണമായും അലിഞ്ഞു പോവുകയും ചെയ്യും.

ബാത്റൂമുകളിൽ ഉണ്ടാകുന്ന പൂപ്പൽ ശല്യം ഒഴിവാക്കാനായി ഒരു തുണിയിൽ അല്പം ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗപ്പെടുത്തി തുടച്ചു നോക്കിയാൽ മതി.

ബാത്റൂം, വാഷ് ഏരിയ എന്നിവിടങ്ങളിൽ നൽകിയിട്ടുള്ള കണ്ണാടി വെട്ടിത്തിളങ്ങുന്നതിനായി തുടക്കാനായി എടുക്കുന്ന തുണി അല്ലെങ്കിൽ സ്പോഞ്ചിൽ അല്പം വിനാഗിരി ചേർത്ത ശേഷം തുടച്ച് നോക്കാവുന്നതാണ്.

അടുക്കളയ്ക്ക് വേണം പ്രത്യേക ശ്രദ്ധ

ഒരു വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തി ആവശ്യമുള്ള ഇടം അടുക്കളയാണ്. വീട്ടിലെ കുടുംബാംഗങ്ങൾക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യുന്നതും, പാത്രങ്ങൾ കഴുകുന്നതും അടുക്കളയിൽ ആയതുകൊണ്ടു തന്നെ എല്ലാം സമയത്തും വൃത്തിയോടെ സൂക്ഷിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ പുറകെ വരും എന്ന കാര്യത്തിൽ സംശയം വേണ്ട.

അടുക്കളയിൽ തന്നെ ഏറ്റവും കൂടുതൽ പച്ചക്കറികളും പഴങ്ങളും ബാക്കി വരുന്ന ഭക്ഷണസാധനങ്ങളും സൂക്ഷിക്കുന്ന ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.

എത്ര വൃത്തിയായി സൂക്ഷിച്ചാലും അതിനകത്ത് ദുർഗന്ധം തങ്ങി നിൽക്കുന്നുണ്ട് എങ്കിൽ അത് ഒഴിവാക്കുന്നതിനായി ഒരു പഞ്ഞിയിൽ കുറച്ച് വാനില എസൻസ് ചേർത്ത് ഡോറിന്റെ സൈഡിലായി വച്ചാൽ മതി.

മാത്രമല്ല കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജിന്റെ പാളികൾ എടുത്ത് മാറ്റി നല്ലപോലെ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ ശേഷം ഒരു ഉണങ്ങിയ ടവ്വൽ ഉപയോഗിച്ച് തുടച്ച് തിരികെ വയ്ക്കാനായി ശ്രദ്ധിക്കുക.

അടുക്കളയിലെ സ്വിച്ച് ബോർഡുകളിൽ എപ്പോഴും കറ പിടിച്ചിരിക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി അവയുടെ മുകളിൽ വെറ്റ് വൈപ്പ് രീതി അപ്ലൈ ചെയ്യാവുന്നതാണ്.

അടുക്കളയുടെ ഫ്ലോറിൽ അടിഞ്ഞു കൂടിയിട്ടുള്ള കറകൾ ഡോറിന്റെ ഹാൻഡിലുകൾ എന്നിവ വൃത്തിയാക്കുന്നതിനു വേണ്ടി വിനാഗിരിയും വെള്ളവും ചേർത്ത മിശ്രിതം ഉപയോഗപ്പെടുത്താവുന്നതാണ്.

പല മുക്കിലും മൂലകളിലും ആയി അടിഞ്ഞു കൂടിയിട്ടുള്ള ഏത് കറകൾ വേണമെങ്കിലും ഇത്തരത്തിൽ ക്ലീൻ ചെയ്യാനായി സാധിക്കും.

അടുക്കളയിൽ എല്ലാ ദിവസവും കൈകാര്യം ചെയ്യുന്ന കട്ടിംഗ് ബോർഡുകൾ കത്തി എന്നിവ വൃത്തിയാക്കുന്നതിന് വേണ്ടി കഴുകുമ്പോൾ അല്പം നാരങ്ങാനീര് തേച്ചു കൊടുക്കാവുന്നതാണ്.

കരിപിടിച്ച പാൻ വൃത്തിയാക്കാനായി വിനാഗിരി ഉപയോഗപ്പെടുത്തിയ ശേഷം ഉരച്ച് കഴുകിയാൽ മതി. എല്ലാ ദിവസവും വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നില്ല എങ്കിലും മാസത്തിൽ ഒരു തവണയെങ്കിലും അവ വൃത്തിയാക്കി നൽകണം.

വൃത്തി കേടായി കിടക്കുന്ന വാഷിംഗ് മെഷീനിൽ നിന്നും തുണി വഴി അസുഖങ്ങൾ പടരാനുള്ള സാധ്യതയും ചെറുതല്ല.

വാഷിംഗ് മെഷീൻ വൃത്തിയാക്കുന്നതിനായി മെഷീനിൽ അല്പം വെള്ളം നിറച്ച് അതിൽ വിനാഗിരി ബേക്കിംഗ് സോഡാ എന്നിവ ചേർത്ത മിശ്രിതം ഒഴിച്ച് ഓൺ ചെയ്ത് കറക്കിയാൽ മതി.

വീട് വൃത്തിയാക്കാം ചുരുങ്ങിയ സമയത്തിനുളിൽ ഇത്തരം വഴികൾ പരീക്ഷിച്ചു കൊണ്ട്.