വീട് പണിയാം: പക്ഷേ ആര് വൃത്തിയാക്കും??? വീട് എന്നും പുതിയത് പോലെ ഇടാൻ പൊടികൈകൾ

വീടുപണി നടക്കുമ്പോൾ ഉണ്ടാകുന്ന അത്ര ബുദ്ധിമുട്ട് ഇല്ലെങ്കിലും കുറച്ചു പാടാണ് പണി കഴിഞ്ഞ വീട് വൃത്തിയായും ഭംഗിയായും നിലനിർത്തി പോകുക എന്നുള്ളത്. 

നമ്മളിൽ കുറച്ചു പേരെങ്കിലും പണി കഴിഞ്ഞിട്ട് പിന്നീട് കാലങ്ങളോളം ഉള്ള ക്ളീനിംഗിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെയാണ് നിർമ്മാണം നടത്തുന്നത്.

എല്ലാവരും സാധാരണ ഉള്ള ക്ളീനിംഗ്, ദിവസേനയോ അല്ലാതെയോ നടത്താറുണ്ടാകും. എന്നാൽ അതുകൊണ്ടൊന്നും വീടിന്റെ എല്ലായിടത്തും ക്ളീൻ ആയെന്ന് വരില്ല.

ചിലർ ഇടക്കൊക്കെ വീട് മുഴുവൻ ആയി ക്ളീൻ ചെയ്യുന്നുണ്ടെങ്കിലും അതു വലിയൊരു ഭാരപ്പെട്ട ജോലിയായി മാറുന്നുണ്ട്. ഒരുമിച്ചു എല്ലാ ഭാഗവും ചെയ്യുമ്പോൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

ചിലരെങ്കിലും ഇതു പോലെ ചെയ്യുന്നുണ്ടാകും എന്ന് കരുതുന്നു.

വീട് വൃത്തിയാക്കൽ എളുപ്പമാക്കാൻ:

ദിവസേന ഉള്ള സാധാരണ ക്ളീനിങ്ങ് പതിവ് പോലെ ചെയ്യുന്നതിനോടൊപ്പം, എല്ലാ മാസത്തിലും ഏതെങ്കിലും ഒരു ഒഴിവു ദിവസം, ഏതെങ്കിലും ഒരു റൂം മാത്രം രാവിലെ മുതൽ ഉച്ച വരെ വീട്ടിലുള്ള എല്ലാവരും ചേർന്ന് മുഴുവൻ ആയുള്ള ക്ളീനിംഗ് ചെയ്യുന്നു. (സഹായത്തിനു ആൾ വേണം എന്നുണ്ടെങ്കിൽ ആരെയെങ്കിലും പുറത്തുനിന്നും വിളിക്കുന്നു )

എന്നിട്ട് വൈകുന്നേരം എല്ലാവരും കൂടി പുറത്തുപോകുന്നു. വലിയ ചിലവ് വരാത്ത ഒരു ഔട്ടിങ്.

ഉദാഹരണത്തിനു, ഒരു ബെഡ് റൂം ആണ് ചെയ്യുന്നത് എങ്കിൽ, അതിൽ വരുന്ന (സാധാരണ ദിവസങ്ങളിൽ ചെയ്യാത്ത) എല്ലാം അന്ന് ചെയ്യുന്നു, അതായത്, കർട്ടൻ കഴുകാനിടുന്നു, വിൻഡോയുടെ ഗ്ലാസ്‌ തുടക്കാൻ ഉണ്ടെങ്കിൽ അത്, ഫാൻ ഇടക്ക് ചെയ്യേണ്ടിവരും,അലമാരയിലെ എല്ലാ ഡ്രെസ്സും പുറത്തേക്ക് എടുത്തിട്ട്, ക്ളീൻ ചെയ്ത ശേഷം ആവശ്യം ഉള്ളത് മാത്രമേ പിന്നീട് തിരിച്ചു വെക്കുകയുള്ളു, കുറച്ചു ഡ്രെസ്സുകൾ എന്തായാലും ബാക്കിയുണ്ടാകും, കുട്ടികളുടെ കൂടുതൽ ഉണ്ടാകും. 

അത് കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ അല്ലെങ്കിൽ അർഹതപ്പെട്ടവർക്കോ അല്ലെങ്കിൽ അവരുടെ കുട്ടികൾക്കോ കൊടുക്കും.

ഇങ്ങിനെ ചെയ്യുമ്പോൾ നമ്മുടെ അലമാരകളിൽ നമുക്ക് ആവശ്യം ഉള്ളത് മാത്രമേ ഉണ്ടാകു എന്ന് മാത്രമല്ല,എപ്പോഴും നീറ്റ് ആക്കി എല്ലാം വെക്കാനുള്ള സ്പെയ്സ് ഉണ്ടാകും.(ഇപ്പോൾ കൂടുതലും നല്ല ഡ്രെസ്സുകൾ തന്നെയായിരിക്കും കാരണം വാങ്ങുന്നത് കൂടുതലും ഉപയോഗിക്കുന്നത് രണ്ടോ മൂന്നോ തവണ മാത്രവും ആയിരിക്കും.)

2018 ലെ വെള്ളപ്പൊക്കത്തിൽ വെള്ളം കയറി വീട് മുഴുവൻ ക്ളീൻ ചെയ്തപ്പോൾ ആണ് ഓരോരുത്തർക്കും ഉപയോഗിക്കാത്തതും അല്ലാത്തതുമായ എന്തുമാത്രം ഡ്രെസ്സുകൾ ഉണ്ടായിരുന്നു എന്ന് മനസ്സിലായത്.

അതുപോലെ തന്നെ കിച്ചൻ ആണെങ്കിലും എല്ലാ കാബോർഡുകളിൽ നിന്നും എല്ലാം പുറത്തേക്ക് എടുത്ത് ക്ളീൻ ചെയ്തതിനു ശേഷം ആവശ്യം ഉള്ളത് മാത്രമേ തിരിച്ചു വെക്കു.ബാക്കിയെല്ലാം മാറ്റിക്കൊണ്ടിരിക്കും. 

എല്ലാ പാത്രങ്ങളും ചെപ്പുകളും കുപ്പികളും ഫ്രിഡ്ജ് വരെ ക്ളീൻ ചെയ്യും. (ഫ്രിഡ്ജ് വർഷത്തിൽ നാലഞ്ചു തവണ എങ്കിലും ചെയ്യണം) ഇതുപോലെ ഓരോ മാസവും ഓരോ സ്ഥലങ്ങളും മാറിമാറി അവിടെത്തെ മുക്കും മൂലയും അടക്കം ക്ളീൻ ചെയ്യും. (ബെഡ് റൂമുകൾ, കിച്ചൻ, സ്റ്റോർ റൂം, വർക്ക് ഏരിയ, ഹാൾ, സ്റ്റോറേജ് സ്പെയ്സുകൾ എന്നിങ്ങനെ മാറിമാറി )

ഇങ്ങിനെ ചെയ്യുമ്പോൾ ആണ് വർഷങ്ങൾ ആയിട്ടും ഇതുവരെ തൊട്ടുനോക്കാത്ത പാത്രങ്ങളും പ്ലെറ്റുകളും ഒക്കെ കാണുന്നതും ഇനിയെങ്കിലും ഉപയോഗിക്കണം എന്ന് തീരുമാനിക്കുകയും ചെയ്യുന്നത്. (തീരുമാനം മാത്രമേ ഉണ്ടാകു, സാധനങ്ങൾ അവിടെത്തന്നെയിരിക്കും, ആർക്കോ എന്നോ എന്തിനോ വേണ്ടി 😃😃)

വലിയ വീട് ആണെങ്കിൽ 12 മാസങ്ങൾ, ചെറിയ വീട് ആണെങ്കിൽ 6 മാസങ്ങൾ കഴിയുമ്പോൾ ഒരു വീട്ടിലെ എല്ലാ സ്ഥലങ്ങളും ക്ളീൻ ചെയ്ത് തീർന്നിട്ടുണ്ടാകും. പതിവ് പോലെ വീണ്ടും ആദ്യത്തേതിൽനിന്നും വീണ്ടും തുടങ്ങും.

വീട് ക്ളീൻ ആകുക മാത്രമല്ല, ആവശ്യം ഇല്ലാത്തതും ആവശ്യത്തിൽ കൂടുതൽ ഉള്ളതും മാറിക്കിട്ടുകയും ചെയ്യുന്നു.

ഇതിൽ ഏറ്റവും പ്രെധാനം, കുട്ടികൾക്ക് ആണ് ഇതിൽ ഏറ്റവും താൽപ്പര്യം എന്നുള്ളതാണ്. അവർ ഇത് ആഘോഷമാക്കി മാറ്റുന്നു. മാത്രമല്ല ചെറുപ്പത്തിലേ ഇതിന്റെ ആവശ്യകത മനസ്സിലാക്കി വളരുകയും ചെയ്യും.

ഇങ്ങനെ പരീക്ഷിച്ചു നോക്കിയാൽ നമ്മൾ അറിയാതെതന്നെ വീട് മുഴുവൻ ക്ളീൻ ആയിക്കിടക്കും. 

വീട്ടിലുള്ളവർക്ക് ഒരു മാനസിക ഉല്ലാസവും കിട്ടും, വീട് ക്ളീൻ ആയും കിട്ടും 😃😃