ഇന്നത്തെ കാലത്ത് എന്തൊക്കെ ജോലി നമുക്ക് തനിയെ ചെയ്യാൻ ആകുമോ അതെല്ലാം സ്വയം ഏറ്റെടുത്തു ചെയ്യുന്നത് തന്നെയായിരിക്കും നല്ലത്. ലേബറിന്റെ ക്ഷാമം, കിട്ടുന്ന ലേബറിന്റെ മികവ് കുറവ്, സമയത്തിന് ലഭിക്കാതിരിക്കുക അങ്ങനെ അനവധിയുണ്ട് പ്രശ്നങ്ങൾ.
മാത്രമല്ല പെയിൻറിങ് വർക്കുകൾ നല്ല ഉത്തരവാദിത്വവും എക്സ്പീരിയൻസും ഉള്ള ലേബർ ചെയ്തില്ലെങ്കിൽ വരാവുന്ന പ്രശ്നങ്ങൾ അനവധിയാണ്.
ഇങ്ങനെ ഒക്കെ നോക്കുമ്പോൾ നമുക്ക് തന്നെ വീടിൻറെ പെയിൻറിങ് ഏറ്റെടുക്കാൻ ആവുമെങ്കിൽ അതിനേക്കാൾ ഉചിതമായ മറ്റൊരു വഴിയില്ല. പാശ്ചാത്യരാജ്യങ്ങളിൽ വീടിൻറെ പെയിൻറിങ് എന്നു പറയുന്നത് പുറത്തെ തൊഴിലാളികൾക്ക് പോകുന്ന ഒരു ജോലിയേയല്ല. അന്തേവാസികളും അവരുടെ ബന്ധുക്കളും കൂട്ടുകാരും കൂടി വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇഷ്ടപ്പെടുന്ന രീതിയിൽ ചെയ്തുതീർക്കുന്ന ഒരു ജോലിയാണ്. ഇങ്ങനെയുള്ള അവസരത്തിൽ ആണ് ഈ ലേഖനം പ്രസക്തമാകുന്നത്. നമുക്ക് തന്നെ വീടിൻറെ പെയിൻറിങ് എങ്ങനെ ചെയ്യാം എന്ന് ചർച്ച ചെയ്യുന്നു:
വീട്ടുകാർക്കു തനിയെ പെയിൻറ് ചെയ്യാൻ സാധിക്കുമോ ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ?
വീട് തനിയെ പെയിൻറ് ചെയ്യാവുന്ന വിവിധ തരം സ്പ്രേ പെയിൻറ് ഗണ്ണുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. കബോർഡുകളിലും മെറ്റൽ ഭാഗങ്ങളിലും പെയിൻറ് ചെയ്യാവുന്ന സ്പ്രേ പെയിൻറ് ബോട്ടിലുകൾ വേറെയും ലഭ്യമാണ്. ശ്രദ്ധയോടെ ചെയ്താൽ വളരെ എളുപ്പമാണ് സ്പ്രെയർ ഉപയോഗിച്ച് പെയിൻറ് ചെയ്യാൻ.
പെയിൻറ് ചെയ്യേണ്ടാത്ത സാധനങ്ങൾ പേപ്പർ ഉപയോഗിച്ച് മൂടി വയ്ക്കുകയാണ് ആദ്യത്തെ ഘട്ടം.
എന്നിട്ട് വാങ്ങിച്ച പെയിൻറ് ബക്കറ്റിൽ നിന്ന് വൃത്തിയുളള മറ്റൊരു ബക്കറ്റിലേക്ക് അരിച്ച് ഒഴിക്കണം. പെയിൻറിൽ കരട് ഉണ്ടെങ്കിൽ സ്പ്രേ ഗണ്ണിന്റെ ദ്വാരം അടഞ്ഞിരിക്കും. അത് ഒഴിവാക്കാനാണ് പെയിന്റ് അരിക്കുന്നത്.
അരിച്ചെടുത്ത പെയിന്റ് പെയിന്റ് ഗണ്ണിന്റെ ടാങ്കിൽ നിറയ്ക്കുക.
ഇനി ഉപയോഗിക്കുന്ന പെയിന്റിനനുസൃതമായി നോസിൽ ഘടിപ്പിക്കുകയാണ് അടുത്ത ഘട്ടം.
ഓരോ ആവശ്യത്തിനുമുളള നോസിലുകൾ ഏതെല്ലാമാണെന്ന് ഇൻസ്ട്രക്ഷൻ മാനുവലിൽ വ്യക്തമായി വിവരിച്ചിട്ടുണ്ടാകും.
ഒരു കഷണം കാർഡ് ബോർഡിലോ തടിക്കഷണത്തിലോ അടിച്ചു നോക്കിയതിനുശേഷം വേണം ഭിത്തിയിൽ അടിക്കാൻ. ഏത് സ്പീഡിൽ അടിക്കണമെന്ന് മനസ്സിലാക്കാൻ ഈ പരീക്ഷണ സമയത്തു പ്രഷർ നോസിൽ വ്യത്യാസപ്പെടുത്തി നോക്കണം.
ഭിത്തിയിൽ നിന്ന് ഏകദേശം 12 ഇഞ്ച് മാറ്റി സ്പ്രേ ഗൺ പിടിച്ചതിനുശേഷം വേണം പെയിന്റ് ചെയ്യാൻ. ഒന്നുകിൽ തിരശ്ഛീനമായോ അല്ലെങ്കിൽ ലംബമായോ വേണം ഗൺ ചലിപ്പിക്കാൻ.
ഒരു കോട്ട് അടിച്ചു കഴിഞ്ഞ് ഉടൻ തന്നെ രണ്ടാമത്തെ കോട്ട് അടിക്കുന്നതാണ് നല്ലത്. ആദ്യത്തെ കോട്ട് മുഴുവനായി ഉണങ്ങിയതിനുശേഷം രണ്ടാം കോട്ടടിച്ചാൽ ആദ്യമടിച്ചതിന്റെ പാടുണ്ടാകും.
ഭിത്തിയുടെ അവസാന ഭാഗമെത്തുന്നതിനു തൊട്ടുമുമ്പ് പെയിന്റങ് ഗൺ ഓഫ് ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ കൂടുതൽ പെയിന്റ് പതിച്ച് മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ ഫിനിഷിൽ കാണും.
കനം കുറഞ്ഞ ഒന്നോ രണ്ടോ കോട്ട് അടിക്കുന്നതാണ് എപ്പോഴും മികച്ച ഫിനിഷിനു നല്ലത്. കനം കൂടിയ കോട്ടാണെങ്കിൽ ഫിനിഷ് കുറവായിരിക്കും.
ഉപയോഗശേഷം പെയിന്റ് തിന്നർ ഉപയോഗിച്ച് ഗൺ തുടച്ചു സൂക്ഷിക്കാം. വീട്ടുകാരുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് പെയിന്റ് ചെയ്യാമെന്നതാണ് ഗുണം.