നിങ്ങളുടെ വീട്ടിൽ ഉള്ള ഓരോ ഗൃഹോപകരണങ്ങളും വീട്ടുടമസ്ഥരുടെ ജീവിതശൈലിയെയും വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കും. കണ്ണിൽ നിറഞ്ഞുനിൽക്കുന്ന ഗ്രഹഉപകരണങ്ങളാണോ നിങ്ങൾക്കു പ്രിയപ്പെട്ടത്? അതോ ആരെയും ആകർഷിക്കുന്ന യൂണിക്കായ ഫർണീച്ചറാണോ? … ഇങ്ങനെയുള്ള പലതരം താൽപര്യങ്ങളും മുൻഗണനകളും പരിഗണിച്ചുവേണം നിങ്ങൾക്കും നിങ്ങളുടെ വീടിനും യോജിച്ച ഫർണിച്ചർ തെരഞ്ഞെടുക്കാൻ.
അലങ്കാരത്തോടൊപ്പം ആവശ്യവും
വീട്ടിലെ ഓരോ ഇഞ്ച് ഇടത്തിനും അത്യധികം ചെലവുള്ളതാണ്. പ്രത്യേകിച്ചും നഗര പ്രദേശങ്ങളിൽ.
അതിനാൽ തന്നെ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഉപയോഗിക്കാനുള്ള സൗകര്യത്തിനാകണം മുന്തിയ പരിഗണന.
പക്ഷേ ആവശ്യം അറിഞ്ഞു തിരഞ്ഞെടുക്കുമ്പോൾ നമ്മളുടെ വീടിന്റെ ടീമിനും അലങ്കാരത്തിനും യോജിച്ചതാകാൻ ശ്രദ്ധിക്കുക.
ഉപയോഗത്തിൽ ലാളിത്യമുള്ള ഫർണിച്ചറുകളുടെ ആവശ്യം ഓരോ ദിവസവും വർധിച്ചുവരികയാണ്. ഉദാഹരണത്തിന്, ഏറ്റവുമധികം സമയം ചെലവഴിക്കുന്ന ഇടമാണ് ടിവി, ലാപ്‌ടോപ് തുടങ്ങിയ വച്ചിരിക്കുന്ന സ്ഥലങ്ങൾ.
ഇതൊക്കെ രണ്ടിനും വ്യത്യസ്തമായ ഇടങ്ങൾ ഒരുക്കണമോ അതോ രണ്ടു ഉപയോഗവും സാധ്യമാകുന്ന തരത്തിൽ ഫർണിച്ചറുകൾ കൊണ്ട് ഈ റൂം ഒരുക്കണമോ എന്നത് തീരുമാനിക്കേണ്ടത് ഉണ്ട്.
നിങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി കഴിഞ്ഞാൽ. ഫർണിച്ചറുകളുടെ തിരഞ്ഞെടുപ്പ് കൂടുതൽ എളുപ്പമാകും. സ്ഥല കുറവുള്ള വീടുകളിൽ മൾട്ടി ഫംഗ്ഷൻ ആയ ഫർണിച്ചറുകൾ നല്ലൊരു തെരഞ്ഞെടുപ്പാണ്.
മുറികൾക്ക് ഇണങ്ങിയ ഫർണിച്ചർ
ഫർണിച്ചർ കൊണ്ട് അലങ്കരിച്ച നിങ്ങളുടെ റൂം ശാന്തവും വിശാലവുമായി തോന്നണമോ? അതോ ഊഷ്‌മളതയും സുഖകരവുമായി തോന്നണമോ?
മുറിയുടെ ആകൃതിയോടും നിറത്തോടും ഇണങ്ങുന്ന ഫർണിച്ചറുകൾ തിരഞ്ഞെടുക്കണോ? മുറിയിൽ ഫർണിച്ചറുകൾ കുത്തിനിറഞ്ഞു നിൽക്കുന്നതായി തോന്നുമോ തുടങ്ങിയ നിരവധി സംശയങ്ങളാണ് ഫർണിച്ചർ തെരഞ്ഞെടുക്കുമ്പോൾ നാം അനുഭവിക്കാറ്.
മുറികളിലേക്ക് ഫർണിച്ചർ തെരഞ്ഞെടുക്കുമ്പോൾ മുറിയുടെ ആകൃതി, വീടിന്റെ മൊത്തത്തിലുള്ള അലങ്കാരങ്ങൾ, ഫർണിച്ചറിന്റെ മുറിയിലെ ആവശ്യം, എല്ലാത്തിനുമുപരി നിങ്ങളുടെ ബജറ്റ് തുടങ്ങിയവ പരിഗണിക്കുക
ലളിതമാക്കാം
സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളിൽ സന്ദർശനം നടത്തുമ്പോഴോ, സിനിമകളിലോ ഒക്കെ നിങ്ങൾക്കിഷ്‌ടപ്പെട്ട ഫർണിച്ചറുകളും രൂപകൽപ്പനകളും കണ്ടിട്ടുണ്ടായിരിക്കാം.
അക്കാര്യം മടികൂടാതെ ഫർണിച്ചർ കടയിലെ സ്റ്റോർ മാനേജരോടു പറയാം, ഡിസൈനറോടു പറയാം. അല്ലെങ്കിൽ ഫോണിൽ ചിത്രമെടുത്തിട്ടുണ്ടെങ്കിൽ അത് അവരെ കാണിക്കാം.
ഫർണിച്ചർ ഡിസൈനർക്കോ സ്റ്റോർ മാനേജർക്കോ നിങ്ങളുടെ അഭിരുചി എളുപ്പത്തിൽ മനസിലാകാൻ ഇതു സഹായിക്കും. അതേപോലെയുള്ള ഫർണിച്ചർ അവർ ലഭ്യമാക്കാൻ ശ്രമിക്കും.
അതിനു സാധിച്ചില്ലെങ്കിൽ അതിനോടു കിടപിടിക്കുന്നവ. അങ്ങനെ നിങ്ങളുടെ മനസിനിണങ്ങിയത് നിങ്ങൾക്കു കിട്ടുന്നു.
ഭംഗിയുള്ള പെയിന്റ്
വീട്ടുപകരണങ്ങളെ ഒട്ടാകെ ഒന്നു വിലയിരുത്തുക. ഏതിലൊക്കെ മാറ്റം വരുത്തണം. പുതിയ ഇടത്തിൽ ഇവയെ എങ്ങനെ കൊള്ളിക്കാം തുടങ്ങിയവയെക്കുറിച്ച് ആലോചിക്കുക. ചിലതു പഴയതായി തോന്നും. അവയ്‌ക്ക് എങ്ങനെ പുതിയ ലുക്ക് നൽകാമെന്നാലോചിക്കാം.
ചിലതിനു പുതിയ അപ്‌ഹോൾസ്റ്ററി നൽകിയാൽ പുതിയ ലുക്ക് വരും. ചെറിയൊരു പെയിന്റടി ചിലപ്പോൾ ഫർണിച്ചറിന്റെ ഭാവം തന്നെ മാറ്റിമറിച്ചേക്കാം.
പഴയെ ഫർണിച്ചറിനു പുതിയ രൂപം നൽകാം. എങ്ങനെ ഒരു ഡ്രസിങ് ടേബിളിനെ ടിവി സ്റ്റാൻഡായി മാറ്റാം. അല്ലെങ്കിൽ ഗോവണിയെ എങ്ങനെ ബുക് ഷെൽഫാക്കാം? ഓപ്‌ഷനുകൾ പലതുണ്ട്. ഒന്നു പരീക്ഷിക്കുകയല്ലേ!
ഫർണിച്ചർ ട്രെൻഡല്ല ടേസ്റ്റ്
ട്രെൻഡുകളെക്കുറിച്ചു വായിക്കുക സുഖമുള്ള കാര്യം തന്നെയാണ്. പക്ഷേ, അവയെ കണ്ണുമടച്ചു പിന്തുടരുത്. കാരണം ഗൃഹോപകരണങ്ങൾ സാധാരണഗതിയിൽ ദീർഘകാല നിക്ഷേപമാണ്.
അതുകൊണ്ടുതന്നെ ഒരു സീസണിലേക്കും മറ്റും നിൽക്കുന്ന ട്രെൻഡിൽ വലിയ ആവേശം കാണിക്കേണ്ടതില്ല. ഇവിടെ താല്‌പര്യത്തിനു മുൻഗണന നൽകുക.
ഒരുപക്ഷേ, മനം മയക്കുന്ന നിറങ്ങളായിരിക്കാം അല്ലെങ്കിൽ ഏതെങ്കിലും വിഷയം ആസ്‌പദമാക്കിയുള്ള ഗൃഹോപകരണങ്ങളായിരിക്കാം ഒരു സീസണിലെ ചൂടൻ ഫാഷൻ. പക്ഷേ ഒരു നിമിഷം നിൽക്കൂ, ആലോചിക്കൂ!
വസ്‌ത്രങ്ങളാണെങ്കിൽ അതിന്റെ ഫാഷൻ നഷ്‌ടപ്പെട്ടാൽ അലമാരയുടെ ഏതെങ്കിലും മൂലയിലേക്കു തള്ളിയിടാം. പിന്നീട് അതേപ്പറ്റി ഓർത്തെന്നും വരില്ല.
എന്നാൽ ഫർണിച്ചറിന്റെ കാര്യം അങ്ങനെയല്ല. വർഷങ്ങളോളം അവയോടൊപ്പം നിങ്ങൾക്കു ജീവിക്കേണ്ടതായുണ്ട്. അതേസമയം നിങ്ങൾക്കു വളരെ അതുല്യമെന്നു തോന്നുന്ന ഫർണിച്ചർ തീർച്ചയായും പരീക്ഷിക്കുകയും വേണം.