ഇന്റീരിയർ ട്രെൻഡിലെ ഫർണിച്ചർ മാറ്റങ്ങൾ.

ഇന്റീരിയർ ട്രെൻഡിലെ ഫർണിച്ചർ മാറ്റങ്ങൾ.വീടിന്റെ ഇന്റീരിയർ ഡിസൈനിൽ ദിനംപ്രതി വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

ഇവയിൽ തന്നെ എടുത്തു പറയേണ്ട കാര്യം ഫർണിച്ചറുകളിൽ വന്ന വലിയ മാറ്റങ്ങളാണ്.

മുൻ കാലങ്ങളിൽ തടിയിൽ തീർത്ത ഫർണിച്ചറുകളോടായിരുന്നു കൂടുതൽ ആളുകൾക്കും പ്രിയമെങ്കിൽ ഇന്ന് ആർട്ടിഫിഷ്യൽ വുഡ് ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നവരാണ് കൂടുതൽ പേരും.

ഇവ തന്നെ ഇറ്റാലിയൻ, അറബിക് ഡിസൈനുകളിലുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.

ഇന്റീരിയർ ഡിസൈൻ ചെയ്ത് നൽകുന്ന ആളുകളെ കൊണ്ട് തന്നെ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ കൂടി നിർമ്മിക്കുക എന്ന രീതിയിൽ ആണ് ഇപ്പോൾ കാര്യങ്ങൾ കണ്ടു വരുന്നത്.

മറ്റൊരു രീതി വീടിന്റെ ഇന്റീരിയറിനോട്‌ ചേർന്ന് നിൽക്കുന്ന നിറങ്ങളിലുള്ള ഫർണിച്ചറുകൾ ഷോപ്പുകളിൽ പോയി തിരഞ്ഞെടുക്കുന്നതാണ്.

എന്തായാലും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ട്രെൻഡ് അനുസരിച്ച് ഫർണിച്ചറുകളിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ഇന്റീരിയർ ട്രെൻഡ് മാറുമ്പോൾ ഫർണിച്ചറുകളിൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

ഇന്റീരിയർ ട്രെൻഡിലെ ഫർണിച്ചർ മാറ്റങ്ങൾ.

വീടു നിറച്ച് ഫർണിച്ചറുകൾ നൽകുക എന്ന രീതിയിൽ നിന്നും തീർത്തും മാറി ലിവിങ് ഏരിയ,ഡൈനിങ്, ബെഡ്റൂം പോലുള്ള ഭാഗങ്ങളുടെ സ്ഥല പരിമിതിക്ക് അനുയോജ്യമായ രീതിയിൽ ഫർണീച്ചറുകൾ തിരഞ്ഞെടുക്കാൻ ഇന്ന് മിക്ക ആളുകളും പഠിച്ചു കഴിഞ്ഞു.

മാത്രമല്ല കണ്ടു മടുത്ത ഡിസൈനുകൾ തിരഞ്ഞെടുക്കാനും ഇന്ന് ആരും താല്പര്യപ്പെടുന്നില്ല.

തങ്ങളുടെ വീട്ടിലേക്ക് പ്രത്യേകമായി ചെയ്തെടുക്കുന്ന കസ്റ്റമൈസ് ഫർണിച്ചറുകൾ തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നവരും കുറവല്ല.

അതുകൊണ്ടുതന്നെ ഒരു വീട്ടിൽ കാണുന്ന ഫർണിച്ചർ ഡിസൈൻ മറ്റൊരു വീട്ടിൽ കാണുക എന്നത് അപൂർവ കാഴ്ചയാണ് ഇപ്പോൾ.

ബെഡ്റൂമുകൾ ആകർഷകമാക്കുന്ന രീതിയിലും ലിവിങ് ഏരിയയിൽ അതിഥികളെ സ്വീകരിക്കുമ്പോൾ കണ്ണഞ്ചിപ്പിക്കുന്ന രീതിയിലും വേണം ഫർണിച്ചറുകൾ എന്ന് തീരുമാനിക്കുന്നവരാണ് മിക്കവരും.

വീടുകളിൽ മാത്രമല്ല ഫ്ലാറ്റുകളിലും സ്ഥലപരിമിതി ഒരു വലിയ വില്ലൻ ആയതുകൊണ്ട് തന്നെ അതിനനുസരിച്ച് സ്റ്റോറേജ് ടൈപ്പ് ഫർണിച്ചറുകൾ ഇന്റീരിയർ ഡിസൈനറോട് പറഞ്ഞു ചെയ്യിപ്പിക്കാനാണ് കൂടുതൽ പേരും താൽപര്യപ്പെടുന്നത്.

വ്യത്യസ്ത റൂമുകൾക്ക് വ്യത്യസ്ത നിറങ്ങൾ തീം എന്നിവ നൽകുന്നുണ്ടെങ്കിൽ അതിന് അനുയോജ്യമായ രീതിയിൽ സ്റ്റഡി ടേബിൾ, ബുക്ക് ഷെൽഫ് ,ബെഡ് എന്നിവ സജ്ജീകറിച്ചു നൽകുന്ന രീതികളും നിലവിലുണ്ട്.

ഡൈനിങ് ടേബിൾ അറേഞ്ച് ചെയ്യുമ്പോൾ

മുൻപ് ഡൈനിങ് ടേബിളി നൊപ്പംതന്നെ ചെയറുകൾ കൂടി ചെയ്തെടുക്കുന്ന രീതിയാണ് മിക്ക വീടുകളിലും കണ്ടു വന്നിരുന്നത്.

ഇന്ന് തടിയിൽ തീർത്ത ഡൈനിങ് ടേബിളിനേക്കാൾ സ്റ്റീൽ, ഗ്ലാസ് എന്നിവ ഉപയോഗപ്പെടുത്തി ഡൈനിങ് ടേബിൾ മനോഹരമാക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.

കൂടാതെ ഡൈനിങ് ടേബിളിനൊപ്പം ചെയർ എന്ന സങ്കല്പം മാറ്റിക്കൊണ്ട് അവിടെ ബെഞ്ചുകൾ സ്ഥാപിച്ചു നൽകുന്ന രീതിയും ഉപയോഗിക്കുന്നുണ്ട്.

സത്യത്തിൽ നമ്മുടെ പഴയകാല വീടുകളുടെ നൊസ്റ്റാൾജിയ നൽകുന്ന രീതിയിലുള്ള ഒന്നാണ് ഇത്തരത്തിൽ ബെഞ്ചുകൾ നൽകുന്നത് എന്ന കാര്യം പലരുടെയും ശ്രദ്ധയിൽ ഉണ്ടായിരിക്കില്ല. മോഡുലാർ,സെമി മോഡുലാർ കിച്ചണുകൾ ഡിസൈൻ ചെയ്യുമ്പോൾ അവയോടൊപ്പം അടുക്കളയിൽ തന്നെ ഡൈനിങ് കൗണ്ടർ സെറ്റ് ചെയ്ത് ചെയറുകൾ നൽകുന്ന രീതിയും ഉപയോഗപ്പെടുത്തുന്നുണ്ട്. തേക്ക്,മഹാഗണി പോലുള്ള വില കൂടിയ തടികളിൽ ഡൈനിങ് ടേബിൾ നിർമ്മിക്കുന്നതിന് പകരമായി റോസ് വുഡ്, പ്ലൈവുഡ്, റബ് വുഡ് പോലുള്ള മരങ്ങളിൽ നല്ല ഫിനിഷിങ്ങോട് കൂടിയ ഡൈനിങ് ടേബിലുകൾ നമ്മുടെ നാട്ടിലെ വിപണികളിൽ ലഭിക്കുന്നുണ്ട്. മറ്റ് തടികളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് വില കുറവാണ് എന്ന് മാത്രമല്ല കാഴ്ചയിൽ കൂടുതൽ ഭംഗിയും ലഭിക്കുന്നു.

മോഡേൺ രീതിയിൽ ബെഡ് ഒരുക്കുമ്പോൾ

ഹെഡ് ബോർഡുകൾ വരുന്ന രീതിയിലുള്ള ബെഡുകൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.ഹെഡ് ബോർഡുകളിൽ തന്നെ അലങ്കാരപ്പണികൾ കൂടി നൽകാൻ പലരും താല്പര്യപ്പെടുന്നു. സ്റ്റോറേജ് ടൈപ്പ് രീതിയിൽ നൽകുന്ന ബെഡിനോടൊപ്പം തലയ്ക്കൽ ഭാഗത്ത് ഒരു ഹെഡ് ലൈറ്റ്, ബുക്ക് ഹോൾഡർ എന്നിവകൂടി നൽകാനാണ് വായന ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്നത്. ബെഡി നോടൊപ്പം ചേർന്ന് ഒരു ചെറിയ ടേബിൾ നൽകി അവിടെ ഒരു ടേബിൾ ലാമ്പ് നൽകാനും പലരും ഇഷ്ടപ്പെടുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടി സജ്ജീകരിക്കുന്ന വീടുകളിൽ പ്രായമായവരുടെ മുറിയിൽ ഒരു ഇന്റർകോം കൂടി ഘടിപ്പിച്ച് നൽകുന്ന രീതി കണ്ടു വരുന്നുണ്ട്. രാത്രി സമയങ്ങളിൽ അത്യാവശ്യം വരികയാണെങ്കിൽ വീട്ടിലെ മറ്റുള്ളവരുമായി ആശയ വിനിമയം നടത്താൻ ഇവ കൂടുതൽ ഉപകാരപ്രദമാണ്. ബെഡുകൾ കസ്റ്റമൈസ് ചെയ്ത് നൽകുന്നതാണ് പുതിയ ട്രെൻഡ് .

ഇവ കാഴ്ചയിൽ ഭംഗി മാത്രമല്ല നൽകുന്നത് മറിച്ച് വീട്ടുകാരുടെ ആവശ്യങ്ങൾക്ക് അനുസൃതമായ രീതിയിൽ ഫർണിച്ചറുകൾ ചെയ്തെടുക്കാൻ സാധിക്കും. ബെഡ്റൂ മുകളിൽ വാർഡ്രോബ് തയ്യാറാക്കുമ്പോൾ പ്രത്യേക ഓർഗനൈസഴ്‌സ് നൽകിയാണ് ചെയ്തെടുക്കുന്നത്. കുട്ടികളുടെ ബെഡ്റൂ മുകളിൽ ടോയ്സ്, ബുക്കുകൾ എന്നിവ അടുക്കി വയ്ക്കുന്നതിന് പ്രത്യേക ആകൃതിയിലുള്ള അലമാരകൾ നിർമ്മിച്ച് നൽകാം. ജോലി ആവശ്യങ്ങൾക്ക് വേണ്ടി വാർദ്രോബിന് അകത്തേക്ക് സെറ്റ് ചെയ്തു നൽകാവുന്ന രീതിയിലുള്ള കമ്പ്യൂട്ടർ ടേബിളുകളും മിക്ക വീടുകളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ലിവിങ് ഏരിയയിൽ തന്നെ ടിവി യൂണിറ്റ് നൽകുമ്പോൾ ഷെൽഫുകൾ നൽകുന്ന രീതി പാടെ മാറി വോൾ ഹൈലൈറ്റ് ചെയ്ത് ഒരു തടിക്കഷണം മാത്രം ഉപയോഗപ്പെടുത്തിയുള്ള ഷെൽഫുകൾ ആണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്.

ഇന്റീരിയർ ട്രെൻഡിലെ ഫർണിച്ചർ മാറ്റങ്ങൾ അനു ദിനം മാറി കൊണ്ടിരിക്കുന്നു എന്നത് പലരും അറിയാതെ പോകുന്ന കാര്യങ്ങളാണ്.