കിടക്ക തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ.

കിടക്ക തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ.വീട്ടിലേക്ക് ഒരു കിടക്ക വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ പലരും പരസ്യങ്ങളിൽ കാണുന്ന കിടക്കകൾ വാങ്ങാനായിരിക്കും ഇഷ്ടപ്പെടുന്നത്.

മികച്ച ഗുണങ്ങൾ വിളിച്ചോതി വിൽക്കുന്ന പല കിടക്കകളും വാങ്ങി കഴിയുമ്പോൾ ആയിരിക്കും യാതൊരു ക്വാളിറ്റിയും ഇല്ല എന്ന കാര്യം മനസിലാകുന്നത്.

മാത്രമല്ല നടുവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് എങ്കിൽ ഒരു ഡോക്ടറുടെ സഹായത്തോടെ അതിന് അനുയോജ്യമായ രീതിയിലുള്ള കിടക്കകൾ നോക്കി തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം.

വഴിയോരങ്ങളിലും മറ്റും വിൽക്കുന്ന കിടക്കകൾ ഓഫറിന് വാങ്ങി വീട്ടിൽ കൊണ്ടു വന്നു ഇടേണ്ട. അവക്ക് അകത്ത് എന്താണ് നിറച്ചിട്ടുള്ളത് എന്ന് കണ്ടെത്താൻ പോലും സാധിക്കില്ല.

പലപ്പോഴും പഴകിയ തുണിയും പഞ്ഞിയും നിറച്ച് ഇത്തരത്തിൽ വൻ ഓഫറിൽ വിൽക്കുന്ന കിടക്കകൾ ആണ് മറ്റു പല ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴി വയ്ക്കുന്നത് എന്ന കാര്യം മറക്കരുത്.

ജീവിതത്തിലെ തിരക്കുകൾ മുഴുവൻ ഒഴിവാക്കി വിശ്രമിക്കാനായി എത്തുമ്പോൾ ഉപയോഗിക്കുന്ന കിടക്ക നല്ലതല്ലെങ്കിൽ നല്ല ഉറക്കവും ലഭിക്കില്ല.

പണ്ടു കാലത്ത് വീട്ടിൽ തന്നെ ഉള്ള പഞ്ഞി ഉപയോഗപ്പെടുത്തി കിടക്കകൾ നിർമിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി കിടക്കകളിൽ വ്യത്യസ്ത രീതിയിൽ തരം തിരിച്ചു വാങ്ങാനായി സാധിക്കും.

സ്പ്രിംഗ് മാട്രസ്, ഫോം മാട്രസ് എന്നിങ്ങിനെ പേരുകളിൽ മാത്രമല്ല ഇവ കാഴ്ചയിലും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു.

വീട്ടിലേക്ക് ആവശ്യമായ കിടക്കകൾ തിരഞ്ഞെടുക്കുന്നതിനു മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

കിടക്ക തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ

കിടക്ക വാങ്ങാനായി ഷോപ്പിലേക്ക് പോകുന്നതിനു മുൻപ് കട്ടിലിന്റെ നീളം,വീതി എന്നിവ ശരിയായ അളവിൽതന്നെ എടുക്കാം. അളവ് എടുക്കുമ്പോൾ വരുന്ന ചെറിയ മാറ്റങ്ങൾ പോലും കിടക്ക വാങ്ങി പിന്നീട് അത് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. കട്ടിലിനേക്കാൾ വലിപ്പമുള്ള കിടക്കയാണ് വാങ്ങുന്നത് എങ്കിൽ അവ കാഴ്ചയിൽ അഭംഗി മാത്രമല്ല നൽകുന്നത് കിടക്കാൻ ഒട്ടും സുഖവും ഉണ്ടാകില്ല. കിടക്കയുടെ വലിപ്പം മാത്രമല്ല കട്ടിലിന്റെ കാര്യത്തിലും ശ്രദ്ധ നൽകണം. കട്ടി കൂടിയതും കുറഞ്ഞതുമായ കിടക്കകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഇവയിൽ തന്നെ ഓർത്തോപീഡിക്ക്ടൈപ്പ് കിടക്കകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വില അൽപം കൂടുതലാണെങ്കിലും നല്ല ഉറക്കം പ്രധാനം ചെയ്യുന്നു.

അതിനുള്ള പ്രധാന കാരണം ശരീരഭാരത്തെ ശരിയായ രീതിയിൽ ബാലൻസ് ചെയ്യാൻ ഇത്തരം കിടക്കകൾക്ക് സാധിക്കുമെന്നതാണ്. പ്രായമായവർക്കും കുട്ടികൾക്കും വേണ്ടി കിടക്ക തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. ഒരുപാട് കട്ടിയിൽ നിർമിക്കുന്ന കിടക്കകൾ പ്രായമായവർക്കും കുട്ടികൾക്കും ഉപയോഗിക്കാൻ അനുയോജ്യമായിരിക്ക-ണമെന്നില്ല.എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന രീതിയിലുള്ള കിടക്ക നോക്കി വാങ്ങിയാൽ പിന്നീട് ക്ലീൻ ചെയ്യുമ്പോൾ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല.

പരസ്യം കണ്ട് കിടക്ക വാങ്ങേണ്ട

മിക്ക ആളുകളും പരസ്യത്തിൽ ആകൃഷ്ടരായി കിടക്ക വാങ്ങുകയും പിന്നീട് കുറച്ചു കാലത്തെ ഉപയോഗം കൊണ്ടു തന്നെ അവ വലിച്ചെറിയേണ്ട അവസ്ഥയും വരാറുണ്ട്. ഇത്തരം കിടക്കകൾ കാഴ്ചയിൽ ഭംഗി നൽകുകയും ഉയർന്ന വിലക്ക് വാങ്ങേണ്ടി വരികയും ചെയ്യാറുണ്ട്. ഒരു ബെഡ് വാങ്ങുമ്പോൾ അതിന് എത്ര സമയത്തേക്ക് വാറണ്ടി ലഭിക്കുമെന്ന കാര്യം ചോദിച്ചു മനസ്സിലാക്കിയ ശേഷം മാത്രം വാങ്ങുക. അങ്ങിനെ ചെയ്യുന്നത് വഴി പിന്നീട് ചെറിയ രീതിയൽ ഡാമേജ് സംഭവിച്ചാലും ഷോപ്പിൽ നിന്നും അവ ശരിയാക്കി നൽകുന്നതാണ്. പരസ്യങ്ങൾ വഴി നടക്കുന്ന മറ്റൊരു വലിയ തട്ടിപ്പാണ് കിടക്ക നിർമ്മിക്കാനായി ആയുർവേദ മൂല്യമുള്ള ചെടികളും വേരുകളും ഉപയോഗിച്ചിട്ടുണ്ട് എന്ന് പറയുന്നത്. ഇവയെല്ലാം വെറും തെറ്റായ പ്രചാരണങ്ങൾ മാത്രമാണ് എന്ന കാര്യം മനസിലാക്കുക. കിടക്ക വാങ്ങാൻ ഓഫ്‌ലൈൻ ഷോപ്പുകൾ തന്നെയാണ് കൂടുതൽ നല്ലത്. ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങുന്ന കിടക്ക ചിലപ്പോൾ വീട്ടിലെത്തുമ്പോൾ ഉദ്ദേശിച്ച രീതിയിൽ ഉള്ളവ ആയിരിക്കണമെന്നില്ല.മാത്രമല്ല സൈസിന്റെ കാര്യത്തിലും വ്യത്യാസങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

പിന്നീട് ഇവ എക്സ്ചേഞ്ച് ചെയ്യാനും റിട്ടേൺ അടിക്കാൻ പറ്റാത്ത സാഹചര്യവും വന്നേക്കാം. പല വീടുകളിലും കിടക്ക തിരഞ്ഞെടുക്കുന്നതിന് വലിയ പ്രാധാന്യമൊന്നും നൽകാറില്ല. എന്നാൽ വീട്ടിലേക്ക് ആവശ്യമായ മറ്റ് എന്ത് സാധനം തിരഞ്ഞെടുക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ നൽകി തിരഞ്ഞെടുക്കേണ്ട-വയാണ് കിടക്കകൾ എന്നത് ഒരിക്കലും മറക്കേണ്ട. അതല്ല എങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ പുറകെ വരും. മറ്റൊരു പ്രധാനകാര്യം ഏതൊരു വസ്തുവിനും എക്സ്പെയറി ഡേറ്റ് നിശ്ചയിച്ചിട്ടുള്ളത് പോലെ കിടക്കകൾക്കും ഒരു നിശ്ചിത കാലത്തെ ഉപയോഗത്തിനായി സമയം നിശ്ചയിക്ക പെട്ടിട്ടുണ്ട്. ആ ഒരു കാലയളവ് കഴിഞ്ഞ് കിടക്ക ഉപയോഗപ്പെടുത്തുകയാണ് എങ്കിൽ കിടക്ക കുഴിഞ്ഞു പോകാനും അത് നടുവേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമായേക്കാം. കിടക്ക മാത്രമല്ല നോക്കി വാങ്ങേണ്ടത് അതിനോടൊപ്പം തന്നെ യോജിച്ച രീതിയിലുള്ള പില്ലോ കൂടി തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.കിടക്കയും പില്ലോയും ഒരേ ബ്രാൻഡ് തന്നെ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ തമ്മിലുള്ള ഹൈറ്റ് കൃത്യമായി മാനേജ് ചെയ്യാൻ സാധിക്കും.

കിടക്ക തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ. കിടക്ക വരുത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം.