വീട്ടിലേക്കാവശ്യമായ ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഏതൊരു വീടിനെ സംബന്ധിച്ചും ഡൈനിംഗ് ടേബിളിന് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്.

ഒരു വീട്ടിലെ അംഗങ്ങൾ എല്ലാവരും ചേർന്ന് കൊണ്ട് ഭക്ഷണം കഴിക്കാനുള്ള ഒരു ഇടമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു.

മാത്രമല്ല ഇന്നത്തെ കാലത്ത് തിരക്കു പിടിച്ച കുടുംബങ്ങളിൽ വീട്ടിലെ ആശയങ്ങൾ പരസ്പരം പങ്കു വെക്കാനുള്ള ഒരു ഇടവും ഡൈനിങ് ടേബിൾ തന്നെയാണ്.

ഒരു വീട്ടിലെ അംഗങ്ങളുടെ എണ്ണത്തെ അനുസരിച്ച് മാത്രമല്ല ഡൈനിങ് ടേബിളിന്റെ അളവ് നിശ്ചയിക്കേണ്ടത്, മറിച്ച് പുതിയതായി രണ്ട് അതിഥികൾ കൂടി വീട്ടിലോട്ട് എത്തുകയാണെങ്കിൽ അവർക്ക് കൂടി ഇരിക്കാവുന്ന രീതിയിലുള്ള ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉചിതം.

വ്യത്യസ്ത ഡിസൈനിലും വലിപ്പത്തിലുമുള്ള ഡൈനിങ് ടേബിളുകൾ ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ്. ഡൈനിങ് ഏരിയ യുടെ വലിപ്പത്തിനനുസരിച്ച് ഒരു ഡൈനിങ് ടേബിൾ എങ്ങിനെ തിരഞ്ഞെടുക്കാം എന്നതാണ് ഇവിടെ വിശദമാക്കുന്നത്.

ഡൈനിങ് ടേബിൾ സെറ്റ് ചെയ്യേണ്ട രീതി

പലപ്പോഴും ഡൈനിങ് ടേബിൾ, ചെയർ എന്നിവ തമ്മിൽ ആവശ്യത്തിന് അകലം ഇല്ലാത്തത് വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് മിക്ക വീടുകളിലും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

ഭക്ഷണം കഴിച്ച് എണീറ്റു നിൽക്കാൻ പോലും ഉള്ള ഗ്യാപ്പ് പലപ്പോഴും ടേബിളിലും ചെയറിനുമിടയിൽ ഉണ്ടാകാറില്ല.

അതുകൊണ്ടുതന്നെ ഡൈനിങ് ചെയർ ടേബിളുമായി സെറ്റ് ചെയ്ത് നൽകുമ്പോൾ മിനിമം 75 സെന്റീമീറ്റർ ഗ്യാപ്പ് എങ്കിലും നൽകണം.

നിർദ്ദേശിച്ച രണ്ടര അടി വലിപ്പത്തിൽ നിന്നും കുറവ് വരികയാണെങ്കിൽ അവിടെ കംഫർട്ടബിളായി ഇരിക്കാൻ സാധിക്കുകയില്ല.

അതേസമയം കുറച്ചുകൂടി സ്ഥലം ലഭിക്കുന്ന ഏരിയയിലാണ് ഡൈനിങ് ടേബിൾ സെറ്റ് ചെയ്യുന്നത് എങ്കിൽ അത് മൂന്ന് അടി അകലം എന്ന അളവിൽ നൽകുന്നതാണ് കൂടുതൽ നല്ലത്.

ഡൈനിംഗ് ചെയറിന്റെ സൈസ് 40 സെന്റീമീറ്ററിനും 50 സെന്റീമീറ്ററിനും ഇടയിൽ നൽകുന്നതാണ് എപ്പോഴും നല്ലത്. അതിൽ കൂടുന്നതും കുറയുന്നതും വലിപ്പത്തെ ബാധിക്കും.

ഡൈനിങ് ടേബിൾ സൈസ് തിരഞ്ഞെടുക്കുമ്പോൾ

വ്യത്യസ്ത അളവുകളിൽ ഉള്ള ഡൈനിങ് ടേബിളുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഡൈനിങ് ടേബിളിന്റെ ഹൈറ്റ് തിരഞ്ഞെടുക്കുമ്പോൾ 75 സെന്റീമീറ്റർ ഉണ്ടായിരിക്കണം.

അങ്ങിനെ ചെയ്യുമ്പോൾ ടേബിളും ചെയറും തമ്മിൽ 25 സെന്റീമീറ്റർ എങ്കിലും ഹൈറ്റ് വ്യത്യാസം ലഭിക്കും. ഡൈനിങ് ടേബിളിന്റെ ചെയർ സ്റ്റിഫ് ആൻഡ് സ്ട്രൈറ്റ് ആകുന്നതാണ് നല്ലത്.

അതായത് ചാരി ഇരിക്കാൻ ഉള്ള ഒരിടം എന്ന രീതിയിൽ ആകരുത് അവിടെ സ്‌പേസ് നൽകേണ്ടത്. ഇരിക്കാനുള്ള കംഫർട്ട് മാത്രം നോക്കി നടുവിൽ ഒരു ചെറിയ സ്ലോപ്പ് ചെയറിന്റെ നടുഭാഗത്ത് നൽകാവുന്നതാണ്.

നാല് പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഡൈനിങ് ടേബിൾ സെറ്റ് ചെയ്യുമ്പോൾ നീളം 4 അടി, വീതി 3അടി എന്ന അളവിലാണ് തിരഞ്ഞെടുക്കേണ്ടത്.

അതേസമയം ആറുപേർക്ക് ഇരുന്ന് കഴിക്കാവുന്ന രീതിയിലുള്ള ഡൈനിങ് ടേബിൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നീളം 6 അടിയും, വീതി 9.5 അടി എന്ന കണക്കിലുമാണ് എടുക്കേണ്ടത്.

ഇത്തരത്തിൽ ഓരോ വീട്ടിലേയും അംഗങ്ങളുടെ എണ്ണം അനുസരിച്ച് എട്ടെണ്ണം ഉൾപ്പെടുന്ന ചെയറുകൾ അല്ലെങ്കിൽ പത്തെണ്ണം ഉൾപ്പെടുന്ന ചെയറുകൾ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.

ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ

ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഒരു ഡൈനിങ് ടേബിൾ സെറ്റ് ചെയ്യുന്ന സ്ഥലത്തിന് 9*10സൈസ് എങ്കിലും നിർബന്ധമായും ഉണ്ടായിരിക്കണം.

എന്നാൽ മാത്രമാണ് അതിന് ചുറ്റും നടന്ന് ഒരാൾക്ക് ഭക്ഷണം വിളമ്പി നൽകാൻ സാധിക്കുകയുള്ളൂ. അതേ രീതിയിൽ തന്നെയാണ് കൂടുതൽ പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്ഥലവും കണക്കാക്കേണ്ടത്.

കോംപാക്ട് രീതിയിൽ വീട് വയ്ക്കുന്നവർക്ക് എപ്പോഴും ഡൈനിങ് ഏരിയയുടെ അളവിനെ ആശ്രയിച്ച് മാത്രമാണ് ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. ഡൈനിങ് ടേബിൾ തന്നെ വ്യത്യസ്ത ഡിസൈനുകളിൽ ഉള്ളത് ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ടേബിളിന്റെ മുകൾവശം ഗ്ലാസ് നൽകിയും, കറക്കി എടുക്കുന്നതും എന്നുവേണ്ട മടക്കിവെക്കാവുന്ന രീതിയിൽ പോലും ഡൈനിങ് ടേബിൾ ഇന്ന് സജ്ജീകരിച്ചു നൽകാം.

ലൈറ്റ് നല്കുമ്പോള്‍

അതേസമയം ഡൈനിങ് ഏരിയയിലേക്ക് ആവശ്യത്തിന് വെളിച്ചം നൽകേണ്ടത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്. അതിനായി ആർട്ടിഫിഷ്യൽ ലൈറ്റുകൾ തന്നെ വ്യത്യസ്ത മോഡലുകളിൽ ഉള്ളത് തിരഞ്ഞെടുക്കാവുന്നതാണ്. ഭക്ഷണം കഴിക്കുന്ന ഏരിയയിലേക്ക് നല്ല രീതിയിൽ വായു,വെളിച്ചം എന്നിവ ലഭിക്കുന്നുണ്ട് എന്ന കാര്യം ഉറപ്പു വരുത്തുക.

ഡൈനിങ് ഏരിയയിൽ നിന്നും കുറച്ച് മാറി മറിഞ്ഞു നിൽക്കുന്ന രീതിയിൽ വേണം വാഷ്ബേസിൻ സെറ്റ് ചെയ്തു നൽകാൻ. ഇതിനായി വാൾ പാർട്ടീഷനുകൾ ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താം. ഭക്ഷണം കഴിക്കുന്ന ഭാഗത്തെ ചൂട് കുറയ്ക്കുന്നതിനായി ഒരു വാൾ മൗണ്ട് ഫാൻ, AC എയർ കൂളർ എന്നിവ തിരഞ്ഞെടുത്ത് നൽകുന്നതും കൂടുതൽ അനുയോജ്യമാണ്. ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ ഗ്ലാസ്,സ്റ്റീൽ, മരം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്നവ ആവശ്യാനുസരണം ബഡ്ജറ്റ് അനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി നല്ല രീതിയിൽ തന്നെ ഒരു ഡൈനിങ് ടേബിൾ ഡൈനിങ് ഏരിയ യിൽ സെറ്റ് ചെയ്ത് നൽകാൻ സാധിക്കും.