മണിയോത്ത് വില്ല – അരനൂറ്റാണ്ട് പഴക്കമുള്ള മുസ്ലിം തറവാട് പുനർനിർമ്മാണം

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മുസ്ലിം തറവാട് കാണാം

കേരളീയ വാസ്തുശില്പ നൈപുണ്യത്തിന്റെ ഉദാഹരണങ്ങളായി നിരവധി തറവാടുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും തലയുയർത്തി നിൽപ്പുണ്ട്. നിരവധി സിനിമകളിലൂടെ നമ്മുടെ മനസ്സിൽ പ്രതിഷ്ഠ നേടിയ എത്രയോ തറവാടുകളുണ്ട്.

എത്ര നവീന നിർമാണസാങ്കേതികവിദ്യകൾ വന്നാലും മലയാളികൾക്ക് പരമ്പരാഗത ശൈലിയിൽ നിർമിച്ച തറവാടുകളോട് ഗൃഹാതുരമായ ഒരിഷ്ടമുണ്ട്.

അതിലൊന്നാണ് കോഴിക്കോട് ജില്ലയിലെ പയ്യോളിയിലുള്ള മണിയോത്ത് വില്ല അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ മുസ്ലിം തറവാട് പരമ്പരാഗത ഭംഗി നിലനിർത്തി പുതിയ കാലത്തേക്ക് മാറ്റിയെടുത്ത കഥയാണിത്.

അടിമുടി പഴമയുടെ പ്രൗഢി നിറയുന്ന തറവാടാണ് മണിയോത്ത്. ചെങ്കല്ലിൽ പണിത പടിപ്പുരയും തടിയിൽ കൊത്തിയെടുത്ത ഗെയ്റ്റും ഫലവൃക്ഷങ്ങൾ തണൽവിരിക്കുന്ന മുറ്റവും കടന്നാണ് തറവാട്ടിലേക്ക് എത്തുന്നത്.

സ്ഥലപരിമിതിയായിരുന്നു ഒരു വിഷയം. കുറച്ചുകൂടി കാലാനുസൃതമായ സൗകര്യങ്ങൾ ഉൾപ്പെടുത്തണം. എന്നാൽ തറവാടിന്റെ പരമ്പരാഗത തനിമയ്ക്ക് ഒരു കോട്ടവും വരാനും പാടില്ല. ഇതായിരുന്നു ഉടമസ്ഥരുടെ ഡിമാൻഡ്. വളരെയേറെ ശ്രദ്ധിച്ചാണ് പുതുക്കിപ്പണി നടത്തിയത് എന്ന് മാറ്റം കണ്ടാൽ വ്യക്തമാകും.

ഒരുനില വീടിനെ ഇരുനിലയാക്കി മാറ്റിയതാണ് പ്രധാന മാറ്റം. ഭിത്തിയുടെ പുനർക്രമീകരണത്തിലൂടെയാണ് താഴത്തെ നിലയിലെ സ്ഥലപരിമിതി മറികടന്നത്.

വീടിനോട് ചേർന്ന് പഴമയ്ക്ക് കോട്ടം തട്ടാതെ കാർപോർച്ച് നിർമിച്ചു. ട്രസ് വർക്ക് ചെയ്ത് മേൽക്കൂരയിൽ ഓടുവിരിച്ചു.

മണിയോത്ത് വില്ല – അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ മുസ്ലിം തറവാട്ടിൽ നമ്മുടെ കേരളീയ വാസ്തുശില്പ പൈതൃകത്തോടൊപ്പം എല്ലാവീട്ടിലും പരീക്ഷിക്കാവുന്ന നിരധി ആശയങ്ങളും ഈ പുതിയ കാലത്തിന്റെ ആവശ്യങ്ങളും കുട്ടിച്ചേർത്തിരിക്കുന്നു

പ്രധാന മാറ്റങ്ങൾ.

പഴയ വീടിന്റെ ചെറിയ വരാന്തയോട് പുതിയൊരു ഭാഗം കൂട്ടിച്ചേർത്ത് വിശാലമാക്കി.

ചെറിയ മൂന്നു കിടപ്പുമുറികൾ ഒരുമിപ്പിച്ചു അത് സ്വീകരണമുറിയാക്കി മാറ്റി.

വൈറ്റ് മാറ്റ് ഫിനിഷ്ഡ് ടൈൽ വിരിച്ച് നിലം പരിഷ്കരിച്ചു.

പഴയ വീട്ടിലെ ഇടനാഴിയെ നടുത്തളമാക്കി മാറ്റി. ഇവിടെ നിസ്കരിക്കാനുള്ള സ്ഥലമൊരുക്കി.

പഴയ അടുക്കളയുടെ ഒരുഭാഗം ഊണുമുറിയാക്കി മാറ്റി.

പുതിയകാല സൗകര്യങ്ങളുള്ള ഒരു അടുക്കളയും വർക് ഏരിയയും പഴയ നിർമിതിയോട് കൂട്ടിച്ചേർത്തു.

പുതുക്കിപ്പണി മുഴച്ചു നിൽക്കാത്തവണ്ണം റസ്റ്റിക് വുഡൻ ഫിനിഷ് നൽകിയത് ശ്രദ്ധേയമാണ്. കോൺക്രീറ്റ് മേൽക്കൂര വരുന്ന ഭാഗത്ത് മുകളിലേക്ക് മുറികൾ പണിതു. ചെങ്കല്ലിന്റെ ടെക്സ്ചറും വലിയ ജനാലകളും നൽകിയതോടെ മുകൾനില വീടിന്റെ പ്രൗഢിയുമായി ഇഴുകിച്ചേരുന്നു. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധം നാച്വറൽ സ്റ്റോൺ പാകി മുറ്റം പരിഷ്കരിച്ചു. ഇടയ്ക്ക് പുല്ലു വച്ച് പിടിപ്പിച്ചു.

മുറ്റത്ത് വീടിന്റെ പ്രൗഢിക്ക് അകമ്പടിയേകി ഒരു മുത്തശിമാവ് നിലനിൽക്കുന്നു. ഇതിൽ ഊഞ്ഞാലും ഇട്ടിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കിളികളുടെ കലപില കൊണ്ട് ഇവിടം സംഗീതസാന്ദ്രമാകും. രാത്രിയിൽ വിളക്കുകൾ കൂടി കൺതുറക്കുന്നതോടെ മുസ്ലിം തറവാട് മൊഞ്ച് വീണ്ടും വർധിക്കുന്നു.

Location- Payyoli, Calicut

Area- 2800 SFT

Owner- Moosa

Designers- Aslam Karadu, Sham salim

VK Tower, Mankavu Calicut

Mob- 773658986

4.2 സെന്റ് വസ്തുവിൽ 1800 sqftൽ അതിഗംഭീരമായ ഒരു വീട്