പുതിയ വീട് വാങ്ങുന്നതിനു മുൻപായി.പുതിയതായി ഒരു വീട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്.

പലപ്പോഴും ഒരു വീട് നിർമ്മിക്കാൻ ആവശ്യമായ സമയവും സ്ഥലവും ഇല്ലാത്തപ്പോഴാണ് നിർമ്മാണം പൂർത്തിയായ ഒരു വീട് വാങ്ങുക എന്നത് പലരുടെയും മനസിലേക്ക് വരുന്നത്.

ഒറ്റ നോട്ടത്തിൽ കണ്ട് ഇഷ്ടപ്പെട്ട് വീട് വാങ്ങുക എന്നതിൽ ഉപരി ആ വീടിന്റെ ചുറ്റുവട്ടം, കാലപ്പഴക്കം,വീട് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ, വീട് നിൽക്കുന്ന സ്ഥലം എന്നിവയെപ്പറ്റിയെല്ലാം വിശദമായി അന്വേഷിക്കണം.

വീട് വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ പരിചയമില്ലാത്ത സ്ഥലങ്ങളിൽ ആണ് വാങ്ങുന്നത് എങ്കിൽ പലരും റിയൽ എസ്റ്റേറ്റ്കമ്പനികൾ, ബ്രോക്കർമാർ, പത്രപരസ്യങ്ങൾ എന്നിവയെയാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

അതുകൊണ്ടു തന്നെ അബദ്ധങ്ങൾ പറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്. വീട് വാങ്ങുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

പുതിയ വീട് വാങ്ങുന്നതിനു മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

റിയൽ എസ്റ്റേറ്റ് കമ്പനി അല്ലെങ്കിൽ ബ്രോക്കർ മുഖാന്തരമാണ് വീട് വാങ്ങുന്നത് എങ്കിൽ അവർക്ക് ഈ ഒരു മേഖലയിൽ എത്ര വർഷത്തെ പ്രവൃത്തി പരിചയം ഉണ്ട് എന്ന കാര്യം ചോദിച്ച് മനസിലാക്കുക.

വീട് നിൽക്കുന്ന സ്ഥലത്തിന്റെ രേഖകൾ എല്ലാം വാങ്ങി കൃത്യമായി പരിശോധിക്കണം.

കൃഷിയിടം, ചതുപ്പുനിലം എന്നിങ്ങനെ വീട് നിർമ്മിക്കാൻ പരിമിതികൾ ഉള്ള സ്ഥലത്താണ് നിർമിച്ചിട്ടുള്ളത് എങ്കിൽ പിന്നീട് നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരികയോ വീട് പൊളിച്ച് മാറ്റേണ്ട അവസ്ഥയോ വന്നേക്കാം.

വീട്ടിലേക്ക് ആവശ്യമായ ജലലഭ്യത, ഇലക്ട്രിക് കണക്ഷൻ എന്നിവ ലഭിച്ചിട്ടില്ലെങ്കിൽ അത് എടുക്കുന്നതിന് ആവശ്യമായ പോസ്റ്റുകൾ സ്ഥാപിക്കാനുള്ള സ്ഥലം, പൈപ്പ് ഇടാൻ ഉള്ള സ്ഥലം , റോഡ് എന്നിവയെപ്പറ്റിയെല്ലാം ചോദിച്ചു മനസിലാക്കണം.

പലപ്പോഴും കൃത്യമായ വഴി ഇല്ലാതെ നിർമ്മിക്കുന്ന വീടുകൾ ആണ് പിന്നീട് വഴി പ്രശ്നങ്ങളിൽ ഏർപ്പെട്ട് വിൽക്കാൻ പോലും പറ്റാത്ത അവസ്ഥ വരുന്നത്.

വീട്ടിൽ മുൻപ് മറ്റുള്ള ആരെങ്കിലും താമസിച്ചിട്ടുണ്ട് എങ്കിൽ അവർ അവിടെ നിന്നും ഒഴിഞ്ഞു പോകാൻ ഇടയായ കാരണങ്ങൾ ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.

എത്ര സെന്റ് സ്ഥലത്താണ് വീട് നിൽക്കുന്നത് എന്നും, സ്ഥലം പാരമ്പര്യമായി കൈമാറി വന്നതാണ് എങ്കിൽ മറ്റ് അവകാശികൾ സ്ഥലത്തിന് ഉണ്ടോ എന്ന കാര്യവും ഉറപ്പു വരുത്തുക.

ബാങ്കിൽ പണയം വെച്ചതോ, ബാധ്യതകൾ ഉള്ളതോ ആയ വീടാണോ എന്നറിയുന്നതിന് കരം അടച്ച രസീത്, മറ്റ് വില്ലേജ് രേഖകൾ എന്നിവയെല്ലാം കൃത്യമായി പരിശോധിക്കുക.

പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ

വീടിന്റെ പുറം മോടി കണ്ട് ഒരു കാരണ വശാലും വീട് വാങ്ങാൻ ശ്രമിക്കരുത് .

വീടിന് പറയുന്ന വില ബ്രോക്കറേജ് ഫീസ്,മറ്റു ഹിഡൻ ചാർജസ് എന്നിവ ഉൾപ്പെട്ടതാണോ അല്ലയോ എന്ന കാര്യം കൃത്യമായി ചോദിച്ചു മനസിലാക്കുക.

അല്ലെങ്കിൽ പിന്നീട് വീട് വാങ്ങി കഴിഞ്ഞാൽ ബ്രോക്കറേജ് ഫീസ് ഇനത്തിൽ വലിയ ഒരു തുക വീണ്ടും നൽകേണ്ടി വരും. വീട് നിർമ്മിക്കാനായി ഉപയോഗപ്പെടുത്തിയ മെറ്റീരിയൽ ഏതെല്ലാമാണ് എന്ന കാര്യവും അറിഞ്ഞിരിക്കണം.

വൈദ്യുത സംബന്ധമായ കണക്ഷനുകൾ എല്ലാം ശരിയായ രീതിയിൽ തന്നെയാണോ നൽകിയിട്ടുള്ളത് എന്ന് പരിശോധിക്കുക.

വീട് വാങ്ങുന്നതിന് മുൻപായി അതേ ഏരിയയിൽ തന്നെ അതേ സ്ക്വയർഫീറ്റ് വലിപ്പമുള്ള വീടിന് ഏകദേശം എത്ര വില നൽകേണ്ടി വരും എന്നതും, മറ്റ് ഏരിയകളിൽ ആ ഒരു വീടിന്റെ അളവിന് എത്ര രൂപ നൽകേണ്ടി വരും എന്നതും ചോദിച്ച് മനസിലാക്കി മാത്രം വീട് വാങ്ങിച്ചാൽ മതി.

വീട്ടിലേക്ക് ആവശ്യത്തിന് ജലലഭ്യത ഇല്ലാത്ത സ്ഥലമാണെങ്കിൽ കുഴൽ കിണർ കുഴിക്കാൻ സാധിക്കുമോ എന്നതും വെള്ളം ലഭിക്കുമോ എന്ന കാര്യവും ഉറപ്പു വരുത്തുക.

ഇന്റീരിയർ വർക്കുകൾ ചെയ്തിട്ടില്ലാത്ത വീടാണ് വിൽപ്പനയ്ക്ക് വെച്ചിട്ടുള്ളത് എങ്കിൽ നിങ്ങൾ പിന്നീട് അതിനായി ചെലവഴിക്കേണ്ട പണം മാറ്റി ബഡ്ജറ്റിനൊതുങ്ങുന്ന രീതിയിൽ വീട് വാങ്ങാനായി ശ്രദ്ധിക്കുക.

വീട് വാങ്ങുന്നതിന് മുൻപായി ഭൂമിയുമായി ബന്ധപ്പെട്ടതും വീടുമായി ബന്ധപ്പെട്ടതുമായ എല്ലാ പേപ്പറുകളും ഒരു വക്കീലിനെ കാണിച്ച് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്ന കാര്യം ഉറപ്പു വരുത്തി മാത്രം സ്ഥലവും വീടും വാങ്ങാനായി ശ്രമിക്കാവുന്നതാണ് എപ്പോഴും നല്ലത്.

ഇത് ഭാവിയിൽ നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് ഒഴിവാക്കാനും സഹായിക്കും.

പുതിയ വീട് വാങ്ങുന്നതിനു മുൻപായി തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.