വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം കേരളത്തില്‍ വ്യാപകമാവുകയാണ്. ഏറ്റവും കൂടുതല്‍ ജലമുള്ള സംസ്ഥാനമാണ് കേരളം, എന്നിട്ടും വേനല്‍ക്കാലത്ത് കിണര്‍ വറ്റി വരളുന്ന അവസ്ഥ ഇപ്പോൾ സാധാരണമാണ്. കേരളത്തിലെ ഭൂഗര്‍ഭജലത്തിന്റെ അളവ് ദിനപ്രതി താഴ്ന്നുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കുടിവെള്ളം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ നമ്മൾ അതീവ ജാഗ്രത പാലിച്ചേ തീരൂ.


കടുത്ത വേനല്‍ ആണ് നാം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. എന്നാല്‍ ശരാശരി മഴ ലഭിച്ചാല്‍ പോലും വറ്റാത്ത കിണര്‍ നിർമിക്കാൻ കഴിയും. അതാണ് കിണര്‍ റീചാര്‍ജിംഗ്. മഴവെള്ള സംരക്ഷണത്തിന്‍റെ മറ്റൊരു രീതിയാണ് ഇതെന്ന് പറയാം.കിണര്‍ റീചാര്‍ജിംഗ് പരീക്ഷിച്ചാല്‍ 2 വര്‍ഷത്തിനുള്ളില്‍ കിണറിലെ ജലത്തിന്‍റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാം. നാലാം കൊല്ലത്തില്‍ എത്തുമ്പോള്‍ കിണര്‍ ഏത് കടുത്ത വേനലിലും വാറ്റത്ത രീതിയിലാകും.


റീചാര്‍ജ് ചെയ്യേണ്ട വിധം


മഴവെള്ളം ശേഖരിക്കുന്നതിനായി മേല്‍ക്കൂരയുടെ അഗ്രഭാഗങ്ങളില്‍ പാത്തികള്‍ ഘടിപ്പിക്കുക. തകരം, പിവിസി, എന്നിങ്ങനെയുള്ളവയുടെ പാത്തി ഉപയോഗിക്കാം.
പാത്തിയിലൂടെ ഒഴുക്കി വരുന്ന വെള്ളത്തെ പൈപ്പില്‍ക്കൂടി താഴെക്ക് എത്തിക്കുക. ഇവിടെ വെള്ളം ശുദ്ധീകരിക്കുന്ന ഒരു “അരിപ്പ ടാങ്ക്’ സ്ഥാപിക്കണം.

ഏറ്റവും അടിയില്‍ ബെബി മെറ്റല്‍, അതിന് മുകളില്‍ ചിരട്ടക്കരി, വീണ്ടും ബെബി മെറ്റല്‍ എന്നിവ പകുതി ഭാഗംവരെ നിറയ്ക്കുക ഇത്തരത്തിലാണ് അരിപ്പ സംവിധാനം ഉണ്ടാക്കുന്നത്.

ടാങ്കിന്റെ ഏറ്റവും അടിഭാഗത്ത് ഒരു പിവിസി പൈപ്പ് ഘടിപ്പിച്ച് കുടിവെള്ള കിണറിലേക്ക് ഇറക്കിക്കൊടുക്കുക. മേല്‍ക്കൂര മഴവെള്ളം ആദ്യം അരിപ്പയിലേക്കും അവിടെവച്ച് ശുദ്ധീകരിക്കുകയും തുടര്‍ന്ന് കിണറിലേക്കു പതിച്ച് കിണറില്‍ സംഭരിക്കുകയും ചെയ്യുന്നു. കിണറ്റിലേക്ക് എത്തുന്ന പെപ്പിന്‍റെ അറ്റത്ത് ഒരു നൈലോണ്‍ വലകെട്ടുകയും വേണം. ആദ്യത്തെ ഒന്നുരണ്ട് മഴയുടെ വെള്ളം കിണറിലെത്താതെ പുറത്തേക്ക് ഒഴുക്കി കളയണം.ശുദ്ധികരണത്തിന്‍റെ ഭാഗമാണിത്.


ഏറ്റവും ലളിതമായ സംവിധാനത്തിലൂടെ നമുക്ക് അമൂല്യമായ ഈ വെള്ളത്തെ കൂടുതല്‍ സംഭരിച്ച് ഉപയോഗിക്കാന്‍കഴിയും. കിണറില്‍ വെള്ളം കുറയുന്ന കുടുംബങ്ങളെല്ലാം കിണര്‍ ചാര്‍ജ് സംവിധാനം പ്രായോഗികമാക്കുകയാണെങ്കില്‍ ഇത് വലിയ നേട്ടമാകും.