സിനിമ, സംഗീതം, പെയിന്റിംഗ്, സാഹിത്യം എന്നിവ ഏറ്റവും പ്രശസ്തമായ കലാരൂപങ്ങളാണ് അത്രത്തോളം പ്രാധാന്യമർഹിക്കുന്ന ഒരു കല തന്നെയാണ് ഗൃഹനിർമ്മാണവും. വീട് എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക സുരക്ഷിതത്വവും ഊഷ്മളമായ ഓർമ്മകളും ആകും അല്ലെ? പക്ഷേ, നമ്മുടെ മനസ്സിലെ വീട് എന്ന ചിത്രത്തെ മാറ്റിമറിക്കുന്ന വിചിത്രമായ വീട് ശൈലികളും ഉണ്ട്.

അസാധാരണവും വിചിത്രവുമായ 8 വീടുകളുടെ കാണാം. മികച്ച ആശയങ്ങളുടെ പിൻബലത്താൽ രൂപപ്പെടുത്തിയ ഇവ മനുഷ്യരുടെ ജീവിത നിലവാരത്തിന് മറ്റൊരു മാനം നൽകുന്നവയാണ്.

ജപ്പാനിലെ സുതാര്യമായ വീട്

രൂപകൽപ്പന ചെയ്തത്: സൗ ഫുജിമോട്ടോ

പ്രത്യേകത: ഒരു മരത്തിന്റെ രൂപത്തിൽ ഗ്ലാസ് കൊണ്ട് നിർമ്മിച്ചത്

ജപ്പാനിലെ സൗ ഫുജിമോട്ടോ ഒരു മരത്തിന്റെ രൂപത്തിൽ ഗ്ലാസിൽ നിർമ്മിച്ചതായി അഭിമാനിക്കുന്നു

ചിന്തിക്കാൻപോലും ധൈര്യപ്പെടാത്ത തരത്തിൽ സുതാര്യമായ ഈ വീട് പൂർണ്ണമായും ഗ്ലാസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പ്രശസ്തനായ സൗ ഫുജിമോട്ടോ എന്ന ആർക്കിടെക്റ്റ്‌ആണ് ഈ വീടിന്റെ ശിൽപ്പി.
മരങ്ങളിൽ വസിച്ചിരുന്ന മനുഷ്യ മുൻഗാമികളുടെ പുരാതന ജീവിതശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സ്വകാര്യതകൾ ഒഴിവാക്കി, സൂര്യപ്രകാശം പൂർണ്ണമായും നിറഞ്ഞുനിൽക്കുന്ന ഈ വീട് ഒരുക്കിയിരിക്കുന്നത്

മൂന്ന് നിലകളുള്ള വീട്ടിൽ മുറികളെ വേർതിരിക്കുന്ന കൂറ്റൻ ഗ്ലാസ് “മതിലുകളും” ഓരോ നിലയും ഒരു വൃക്ഷത്തിന്റെ ശാഖ പോലെയാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിന്റെ എല്ലാ മുറികളും അയൽക്കാർക്കും, വഴിയാത്രക്കാർക്കും പൂർണ്ണമായും കാണാവുന്ന തരത്തിൽ തുറന്നിരിക്കുന്നു. അസാധാരണമായ ഈ രൂപകൽപ്പന നല്ലൊരു വീടിന്റെ എല്ലാ സൗന്ദര്യാത്മക ആകർഷണങ്ങളെയും മുൻനിർത്തിയുള്ള തന്നെയാണ്

കെരെറ്റ് ഹൗസ്, പോളണ്ട്

രൂപകൽപ്പന ചെയ്തത്: Jakub Szczesny

പ്രത്യേകത: ലോകത്തിലെ ഏറ്റവും മെലിഞ്ഞ വീട്

നഗരങ്ങളിലെ പ്രധാന പ്രശ്നമായ സ്ഥല കുറവ് എന്ന വിഷയത്തെ മുൻനിർത്തി ഉള്ളതാണ് ഈ ഡിസൈൻ.

വീടുകളെ കുറിച്ച് സംസാരിക്കുമ്പോൾ, വലിയ ക്ലാസിക് ബെഡ്റൂം, ലിവിംഗ് റൂം, നല്ല അടുക്കള, ബാത്ത്റൂം എന്നിവയെല്ലാം മനോഹരവും വലിപ്പം ഉള്ളതുമായി അല്ലേ നമ്മൾ എപ്പോഴും കരുതുന്നത് ? എന്നാൽ ആർക്കിടെക്റ്റ് Jakub Szczesny അങ്ങനെ അല്ല. നഗരങ്ങളിലെ ചെറിയ സ്ഥലങ്ങൾ പോലും പാഴാക്കരുതെന്ന കാഴ്ചപ്പാടിൽ നിന്നാണ് , രണ്ട് കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ തന്റെ പ്രശസ്തമായ കെററ്റ് വീട് സ്ക്സെസ്നി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അർദ്ധ സുതാര്യമായ ഈ ബഹുനില ഘടനയ്ക്ക് വിൻഡോകളില്ല.ക്ലോസ്‌ട്രോഫോബുകൾക്ക് ഇത് വളരെ ഭയാനകമായി തോന്നിയേക്കാം. ഈ അതുല്യമായ വീടിന്റെ ഏറ്റവും വിശാലമായ ഏരിയ പോലും 122 സെന്റീമീറ്റർ മാത്രമേ ഉള്ളു. ഏറ്റവും ഇടുങ്ങിയ സ്ഥലത്തിന് ഏകദേശം 52 സെന്റീമീറ്റർ വീതിയും. ഇടുങ്ങിയതാണ് എങ്കിലും അതിൽ താമസിക്കുന്നവരുടെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റുന്നുണ്ട് ഈ വീട്

ഹോബിറ്റ് ഹൗസ്, വെയിൽസ്

ഡിസൈനർ: ഡെയ്ൽ

പ്രത്യേകത: പൂർണ്ണമായും സുസ്ഥിരമായ, വുഡ്‌സ് ഹോബിറ്റ് ശൈലിയിലുള്ള വീട്

സുസ്ഥിര ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ഈ ഹോബിറ്റ് വീട് ന്യൂസിലൻഡിലെ ഹോബിറ്റണിലാണ് സ്ഥിതി ചെയ്യുന്നത്.

ഹോബിറ്റ് ആരാധകർക്ക് വളരെ പരിചിതമാണ് ഇത്തരം വീട്. ആഗോളതലത്തിൽ തന്നെ ഏറ്റവും പരിസ്ഥിതി സൗഹൃദമായ വീടായി കണക്കാക്കപ്പെടുന്ന വെയിൽസിലെ ഈ വീട് തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നുതന്നെയാണ്. പ്രകൃതിയോട് ഇണങ്ങിയ ഡിസൈൻ, ഓക്ക് മരങ്ങളുടെ അലങ്കാര വേല, കല്ല്, ചെളി എന്നിവ മാത്രം ഉപയോഗിച്ചാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്

പുനരുപയോഗം ചെയ്ത മരം, ലോഹം, വൈക്കോൽ, ചെളി, കല്ലുകൾ എന്നിവ ശേഖരിച്ചാണ് ഈ അത്ഭുത വീട് നിർമാതാവായ ഡോയൽ ഒരുക്കിയത് .

ഈ വീടിന്റെ ഇന്റീരിയറും വളരെ മനോഹരമാണ് – ചുറ്റും മരക്കൊമ്പുകളും വിളക്കുകളും. എയർ-കൂൾഡ് റഫ്രിജറേറ്ററുകൾ, സോളാർ പാനൽ വൈദ്യുതി, അടുത്തുള്ള അരുവിയിൽ നിന്നുള്ള വെള്ളം തുടങ്ങി പഴമയുടെയും പുതുമയുടെയും വളരെ വിചിത്രമായ ഒരു സങ്കലനം തന്നെയാണ് ഈ വീട്.

ഓൾഡ് വാട്ടർ ടവർ, ബെൽജിയം

ഡിസൈനർ: മൗറോ ബ്രിഗാം

പ്രത്യേകത: ഒരു പഴയ വാട്ടർ ടവറിനുള്ളിലെ ആധുനിക വീട്

ബെൽജിയത്തിലെ ചാറ്റോ ഡിയോ എന്നറിയപ്പെടുന്ന ഒരു പഴയ വാട്ടർ ടവർ താമസയോഗ്യമായ ഭവനമായി രൂപാന്തരപ്പെടുത്തുകയായിരുന്നു .

വാട്ടർ ടവറുകൾ വെള്ളത്തെക്കുറിച്ച് മാത്രം ആണെന്ന് കരുതുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ഇത് ഒന്ന് ശ്രദ്ധിച്ചോളൂ.
ആർക്കിടെക്റ്റ് ആയ മൗറോ ബ്രിഗാം 30 മീറ്റർ ഉയരവും, 60 വർഷം പഴക്കമുള്ള ഈ വാട്ടർ ടവറിനെ ഏറ്റവും ആഡംബരവും ആധുനികവുമായ വീടാക്കി മാറ്റിയിരിക്കുന്നു .

ആധുനിക വീടിന് അനുയോജ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, ഓട്ടോമേഷൻ, സൗണ്ട് സിസ്റ്റം, താപനില നിയന്ത്രണം എന്നിവയും അതിലേറെയും ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. നടുവിലൂടെ കടന്നുപോകുന്ന ചിക് സർപ്പിൾ ആകൃതിയിലുള്ള ഗോവണി എല്ലാ നിലകളെയും ബന്ധിപ്പിക്കുന്നു. പിന്നെ ഒരു മോഡുലാർ കിച്ചൻ, ആഡംബരപൂർണമായ സിറ്റൗട്ട്, കിടപ്പുമുറികൾ എന്നിവയും ഈ വാട്ടർ ടവറിൽ പെടും

കുപ്പത്തൊട്ടിയിലെ വീട് , ന്യൂയോർക്ക് സിറ്റി

രൂപകല്പന ചെയ്തത്: ഗ്രിഗറി ക്ലോഹൻ

പ്രത്യേകത : ഒരു കുപ്പത്തൊട്ടിക്കുള്ളിൽ വീട് നിർമ്മിച്ചിരിക്കുന്നു

മനുഷ്യവാസത്തിന് അനുയോജ്യമായ രീതിയിൽ ഒരു യഥാർത്ഥ ചവറ്റുകുട്ട രൂപാന്തരപ്പെടുത്തിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത് .
ഒരു ക്യാമ്പ് റെന്റിന്റ അത്ര വലിപ്പമേയുള്ളൂ എങ്കിലും അത്യാവശ്യത്തിലധികം സൗകര്യങ്ങളെല്ലാം ഈ കൂരയ്ക്കുള്ളിൽ ഒരുക്കിയിട്ടുണ്ട്.
ഒരു മൂലയിൽ ഒരു മൈക്രോവേവും മിനി-സ്റ്റൗവും ഉള്ള ഒരു ചെറിയ അടുക്കള, ഒരു പ്രൊപ്പെയ്ൻ ടാങ്ക്. ഒരു ചെറിയ ഇരിപ്പിടം കൂടാതെ താഴെ സ്റ്റോറേജ് സ്പേസുള്ള ഒരു ചെറിയ സ്ലീപ്പിംഗ് ഏരിയയുണ്ട് ഈ കുപ്പത്തൊട്ടിക്കുള്ളിൽ ഉണ്ട്.

വ്യത്യസ്തവും യൂണിക്കുമായ വീടുകളുടെ നിരയിൽ ഈ ഡംപ്സ്റ്റർ ഹോം എല്ലായ്പ്പോഴും ഒന്നാമതായിരിക്കും.

തലകീഴായ വീട്, ജർമ്മനി

ഡിസൈനർ: ക്ലോഡിയസ് ഗോലോസും സെബാസ്റ്റ്യൻ മിക്കിക്കിയും

പ്രത്യേകത: തലകീഴായി നിർമ്മിച്ചിരിക്കുന്നു, അകത്തും പുറത്തും വിപരീതം

ഗുരുത്വാകർഷണത്തെ ധിക്കരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ തലകീഴായ വീട്, വ്യത്യസ്തമായ ഒരു താമസസ്ഥലം ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണ്!

.2008-ൽ ജർമ്മനിയിൽ നിർമ്മിക്കപ്പെട്ട ഈ അപ്സൈഡ്-ഡൌൺ ഹൗസ് ലോകത്തിൽ തന്നെ തലകീഴായ വീടുകളിൽ ആദ്യത്തേതാണ്. പോളിഷ് വാസ്തുശില്പികളായ ക്ലോഡിയസ് ഗോലോസും സെബാസ്റ്റ്യൻ മിക്കിക്കിയും ചേർന്നാണ് അസാധാരണവും അതുല്യവുമായ വാസസ്ഥലം നിർമ്മിച്ചത്. Die Welt Steht Kopf (ദി വേൾഡ് അപ്‌സൈഡ് ഡൗൺ) എന്ന അവരുടെ പ്രോജക്റ്റിന്റെ ഭാഗമായാണ് ഇവർ ഇതു നിർമ്മിച്ചത്‌

അവിശ്വസനീയമായ ഈ വസതിക്കുള്ളിലെ തലകീഴായി മാറാത്ത ഒരേയൊരു വസ്തു തട്ടിലേക്ക് അതായത് താഴത്തെ നിലയുടെ പ്രവേശന കവാടത്തിലേക്ക് നയിക്കുന്ന ഗോവണി മാത്രമാണ്. സോഫകൾ, കിടക്കകൾ, ചെടികൾ തുടങ്ങിയവയെല്ലാം സീലിംഗിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. മറ്റൊരു പ്രത്യേകത നിങ്ങളുടെ വിരലുകൾ ഉപയോഗിച്ച് ഫാൻ തിരിക്കാൻ കഴിയും എന്നത് തന്നെ. നാം പഠിച്ചതും മനസ്സിലാക്കിയതും ആയ ഗുരുത്വാകർഷണം നമ്മളെ വഞ്ചിക്കുകയാണോ എന്ന് പുനർവിചിന്തനം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിൽ ആണ് ഈ വീടിന്റെ അലങ്കാരങ്ങൾ പോലും.

ധാരാളം സന്ദർശകരെ ആകർഷിക്കുന്ന ഈ വീട്, വ്യത്യസ്തമായ വീട് നിർമ്മാണ ശൈലിയുടെ നല്ല ഒരു ഉദാഹരണം തന്നെയാണ്.

ടോയ്‌ലറ്റ് ഹൗസ്, ദക്ഷിണ കൊറിയ

ഡിസൈനർ: സിം ജെ-ഡിയോക്ക്

പ്രത്യേകത:  ടോയ്ലറ്റ് ആകൃതിയിലുള്ള വീട്

ഈ വീടിനെ വ്യത്യസ്തമാക്കുന്നത് ഘടനയിലുള്ള ഒരു പ്രത്യേകത തന്നെയാണ്. ഈ വീടു നിർമ്മിച്ചിരിക്കുന്നത് ഒരു ടോയ്‌ലറ്റ് മാതൃകയിലാണ്.

 2007-ൽ ആണ് ഈ അത്ഭുത വീട് നിർമ്മിച്ചത്‌. വേൾഡ് ടോയ്‌ലറ്റ് അസോസിയേഷന്റെ സ്ഥാപകനും ഡിസൈനറുമായ സിം ജെ-ഡിയോക്കിന് തന്നെയാണ് ഈ ടോയ്‌ലറ്റ് വീടിന്റെ ശില്പി.

അവിശ്വസനീയമാം വിധം വിചിത്രമായ ഈ സംരംഭത്തിന് പിന്നിലെ ലക്ഷ്യം കൂടുതൽ ശുചിത്വമുള്ള ഒരു ലോകം നിർമ്മിക്കുക എന്നതാണ്. ലോകമെമ്പാടുമുള്ള ശുചിമുറിയുടെ ശുചിത്വം മെച്ചപ്പെടുത്താൻ സിം ആഗ്രഹിക്കുകയും, കൂടാതെ മോശം ശുചിത്വ രീതികളും ശുചീകരണവും എങ്ങനെയാണ് പകർച്ചവ്യാധികളിലേക്ക് നയിക്കുന്നത് എന്ന അപബോധം പകർന്നു നൽകുകയും ആയിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം

വീടിന്റെ ഘടനയും ചിന്തയും ഇതിനെ ഒരു എലൈറ്റ് അപ്പാർട്ട്മെന്റിന്റെ ആഡംബരങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നില്ല. രണ്ട് കിടപ്പുമുറികൾ, രണ്ട് അതിഥിമുറികൾ, മൂന്ന് ഡീലക്സ് ബാത്ത്റൂമുകൾ എന്നിവ ഈ വീടിനെ ഗംഭീരമാക്കുന്നു. 2009-ൽ സിംന്റെ മരണശേഷം, ശുചിത്വ ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ പ്രതീകമായും, ഒരു ആർട്ട് ഗാലറിയായും ഇന്ന് ഈ കെട്ടിടം ഉപയോഗിക്കുന്നു.

സ്റ്റോൺ ഹൗസ്, പോർച്ചുഗൽ

ഡിസൈനർ: ഗുയിമാരേസ്

പ്രത്യേകത: 4 ഭീമൻ കല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നു.

1972-ൽ എഞ്ചിനീയറായ ഗുയിമാരേസ് നിർമ്മിച്ച ഈ കല്ല് വീട് ഒരു വാസസ്ഥലത്തേക്കാൾ വളരെ മികച്ചതാണ്. കല്ലിന്റെ കൊട്ടാരം എന്ന് വിളിക്കപ്പെടുന്ന ഈ കുറ്റമറ്റ ഘടന യഥാർത്ഥത്തിൽ ഈ പ്രദേശത്ത് തന്നെ ഉണ്ടായിരുന്ന നാല് ഭീമൻ കല്ലുകൾ കൊണ്ടാണ്. ഈ അതിശയകരമായ വാസ്തുവിദ്യാ വിസ്മയത്തിന് പിന്നിലെ ലക്ഷ്യം അവധിക്കാലത്ത് ഒരു ഗ്രാമീണ വിശ്രമസ്ഥലം മാത്രം ആയിരുന്നുവെങ്കിലും പിന്നീട് വിനോദസഞ്ചാരികളുടെ ഒരു ഇഷ്ടകേന്ദ്രമായി ഇത് മാറി.

ഇന്ന് കാസ ഡോ പെനെഡോ എന്ന് വിളിക്കപ്പെടുന്ന ലോകപ്രശസ്തമായ ഒരു മ്യൂസിയമാണ് ഈ കല്ലു വീട്. രണ്ട് നില ഉയരമുള്ള ഈ വീട്ടിലെ താഴത്തെ നില സുഖപ്രദമായ ഒരു സ്വീകരണമുറിയും അടുക്കളയും ഉൾക്കൊള്ളുന്നു, മുകളിൽ ഉറങ്ങുന്ന സ്ഥലമാണ്. രണ്ടു നിലകളെയും ബന്ധിപ്പിക്കാനായി ഒരു തടി ഗോവണിയും ഈ വീട്ടിൽ ഉൾപ്പെടുന്നുണ്ട്.