മോഡേൺ ശൈലിയിലൊരു മൺ വീട്. വീട് നിർമ്മാണ സാമഗ്രികൾക്ക് ദിനംപ്രതി വില വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിന് എങ്ങിനെ പരിഹാരം കണ്ടെത്താൻ സാധിക്കും എന്ന് ആലോചിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന അഖിലേഷിന്റെയും പ്രജിഷയുടെയും വീട്.

8 സെന്റ് സ്ഥലത്ത് 2400 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഈ മൺ വീടിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

മോഡേൺ ശൈലിയിലൊരു മൺ വീട്, പ്രത്യേകതകൾ.

2400 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി പ്രത്യേകതകൾ നൽകിക്കൊണ്ട് നിർമ്മിച്ച വീട് തിരുവനന്തപുരം നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

സാധാരണ വീട് നിർമ്മാണ ശൈലികളിൽ നിന്നും വേറിട്ട് നിൽക്കണം എന്ന ആശയമാണ് ഇത്തരത്തിലുള്ള ഒരു വീടെന്ന ആശയത്തിലേക്ക് തങ്ങളെ നയിച്ചതെന്ന് വീട്ടുകാർ പറയുന്നു.

മാത്രമല്ല പ്രകൃതിക്ക് ഹാനികരമാകാത്ത രീതിയിൽ എങ്ങിനെ വീട് നിർമ്മിക്കാൻ സാധിക്കും എന്നതും മൺ വീട് നിർമ്മിച്ചത് വഴി വീട്ടുകാർക്ക് മറ്റുള്ളവർക്ക് മുൻപിൽ കാണിക്കാനായി സാധിച്ചു.

വെറും 8 സെന്റ് പ്ലോട്ടിൽ പണി കഴിപ്പിച്ച ഈ ഒരു വീട് നിർമ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. തൊട്ടടുത്ത് നിറയെ വീടുകൾ ഉള്ളതു കൊണ്ട് തന്നെ പ്ലോട്ട് കൈകാര്യം ചെയ്യേണ്ട രീതിയിൽ അതീവ ശ്രദ്ധ.

നിർമ്മാണ പ്രവർത്തികൾക്ക് ആവശ്യമായ മണ്ണ് പ്ലോട്ടിൽ നിന്നു തന്നെ എടുക്കുകയാണ് ചെയ്തത്. റാംഡ് എർത്ത് ശൈലിയിലാണ് ഭിത്തികൾ നിർമ്മിച്ചിട്ടുള്ളത്.

വീട്ടിനകത്ത് ചൂട് ഒട്ടും കെട്ടി നിൽക്കാത്ത രീതിയിൽ പുറന്തള്ളാനുള്ള കഴിവ് ഇത്തരം ചുമരുകൾക്ക് കൂടുതലാണ്.

ഭിത്തിയിൽ സിമന്റ് കട്ടകൾക്ക് പകരമായി മൺകട്ടകൾ തന്നെയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. മണ്ണിന്റെ നിറത്തിന് കോട്ടം വരുത്താത്ത രീതിയിൽ കൂടുതൽ ഭാഗത്തെയും ചുവരുകൾ അതേ നിറത്തിൽ തന്നെ നിലനിർത്തിയിരിക്കുന്നു.

കുറച്ചു ഭാഗങ്ങളിൽ മാത്രം വൈറ്റ് നിറമാണ് പെയിന്റിങ്ങിനായി ഉപയോഗിച്ചിട്ടുള്ളത്. വീടിന്റെ മേൽക്കൂര നിർമിക്കുന്നതിനായി ഫില്ലർ സ്ലാബ് രീതിയിൽ ഓട് പാകി നൽകുകയാണ് ചെയ്തിട്ടുള്ളത്.

പ്രകൃതിയിൽ നിന്നും മരങ്ങൾ വെട്ടി നശിപ്പിക്കേണ്ട എന്ന് തീരുമാനം മുന്നിൽ കണ്ട് യുപിവിസി ഉപയോഗിച്ച് നിർമ്മിച്ച ഡോറുകളും ജനാലകളും ഗ്രില്ലുകളും ഉപയോഗപ്പെടുത്തി.

ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്ന രീതി.

പുതിയ ഫർണിച്ചറുകൾ വാങ്ങുന്നത് പരമാവധി കുറക്കാനായി കൂടുതലും പഴയത് തന്നെ അപ് ഫർബിഷ് ചെയ്തെടുത്തു.

എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള വീട്ടിൽ ലിവിങ് ഏരിയ അതിനോട് ചേർന്ന് ഒരു ഡൈനിങ്, രണ്ട് ബെഡ്റൂമുകൾ കിച്ചൻ വർക്കേരിയ, ഒരു മൾട്ടി യൂട്ടിലിറ്റി സ്പേസ് എന്നിവസജ്ജീകരിച്ച് നൽകിയിരിക്കുന്നു. വീടിന്റെ മുകളിലത്തെ നിലയിൽ ഒരു ഫാമിലി ലിവിങ്ങും രണ്ട് കിടപ്പുമുറികളും അതോടൊപ്പം മൾട്ടിയൂട്ടിലിറ്റിക്കും സ്ഥലം കണ്ടെത്തി.

ഡൈനിങ് ഏരിയയും ലീവിങ് ഏരിയയും തമ്മിൽ വേർതിരിക്കാതെ ഓപ്പൺ ലേഔട്ട് രീതിയിൽ ഡിസൈൻ ചെയ്ത് നൽകിയിരിക്കുന്നു. ഈ രണ്ടു ഭാഗങ്ങളെയും തമ്മിൽ പാർട്ടീഷൻ ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ടിവി യൂണിറ്റ് സജ്ജീകരിച്ച് നൽകിയിട്ടുള്ളത്.

പടിഞ്ഞാറ് ഭാഗത്തേക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വീടിന്റെ കിഴക്ക് ഭാഗത്തുള്ള ചുമരിൽ ഒരു വലിയ ഗ്ലാസ് വിൻഡോ നൽകിയിട്ടുള്ളത് വീട്ടിനകത്തേക്കുള്ള പ്രകാശ ലഭ്യത കൂട്ടുന്നതിന് സഹായിക്കുന്നു.

പ്ലോട്ടിൽ ഉണ്ടായിരുന്ന കിണർ അതേപടി നിലനിർത്തിയത് കൊണ്ട് തന്നെ വീട്ടിലേക്കുള്ള ശുദ്ധജല ലഭ്യതയ്ക്ക് യാതൊരു കുറവും വരുന്നില്ല.

രാത്രിയും പകലും ഒരേ രീതിയിൽ തണുപ്പ് നൽകുന്ന വീട്ടിനകത്ത് വായു സഞ്ചാരം നല്ല രീതിയിൽ ഉറപ്പ് വരുത്താൻ ക്രോസ് വെന്റിലേഷൻ രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

കാഴ്ചയിൽ ഭംഗിയും തണുപ്പും നില നിർത്തിക്കൊണ്ട് ഇത്തരത്തിലുള്ള ഒരു മൺ വീട് നിർമ്മിച്ച് നൽകിയത് ഹെറിക്കോൺ ഡെവലപ്പേഴ്സ് എന്ന സ്ഥാപനമാണ്. ഹസൻ നസീഫ്, നജീബ് നാസർ എന്നിവർ ചേർന്നാണ് ഈ വീട് ഡിസൈൻ ചെയ്തിട്ടുള്ളത്.

മോഡേൺ ശൈലിയിലൊരു മൺ വീട്, കാഴ്ചയിൽ നിറയ്ക്കുന്ന കൗതുകങ്ങൾ നിരവധിയാണ്.

Location: Trivandrum

Owners: Akhilesh, Prajisha

Area: 2400 sqft

Design: Hasan Naseef, Najeeb Nazar