വിദേശത്തിരുന്ന് CCTVകൾ നിയന്ത്രിക്കുന്ന വീടുകൾ.

വിദേശത്തിരുന്ന് CCTVകൾ നിയന്ത്രിക്കുന്ന വീടുകൾ.ജോലി ആവശ്യങ്ങൾക്കും മക്കളുടെ വിവാഹ, പഠന ആവശ്യങ്ങൾക്കുമൊക്കെ വേണ്ടി സ്വന്തം നാട്ടിലെ വീടുകൾ ഉപേക്ഷിച്ച് വിദേശത്ത് പോയി താമസമാക്കുന്ന നിരവധി പേരാണ് ഇന്ന് നമ്മുടെ നാട്ടിൽ ഉള്ളത്.

അടുത്തിടെ പുറത്തു വന്ന കണക്കുകൾ ശരിയാണ് എങ്കിൽ കേരളത്തിലെ ആകെ ജനന നിരക്കിനിനോട് ചേർന്ന് നിൽക്കാവുന്ന അത്രയും എണ്ണം വീടുകളും നമ്മുടെ നാട്ടിൽ നിർമ്മിക്കപ്പെടുന്നുണ്ട് എന്ന് കണക്കുകൾ പറയുന്നു.

എന്നാൽ ഇത്തരത്തിൽ നിർമ്മിക്കുന്ന എത്ര വീടുകളിൽ ആൾ താമസം ഉണ്ട് എന്ന കാര്യം പലരും അന്വേഷിക്കുന്നില്ല. നാട്ടിൽ മണിമാളികകൾ നിർമിച്ച് വിദേശ രാജ്യങ്ങളിൽ പോയി വർഷത്തിലൊരിക്കൽ മാത്രം നാട്ടിൽ എത്തുന്ന ആളുകളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരികയാണ്.

ഒഴിഞ്ഞ വീടുകളുടെ എണ്ണം വർധിക്കുന്നത് കൊണ്ട് പല രീതിയിലുള്ള ദോഷങ്ങൾ ആണ് ഉള്ളത്. ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സ്ഥലം കണ്ടെത്താൻ കഷ്ടപ്പെടുന്നവരും, വാടക വീടുകൾ അന്വേഷിച്ച് നടക്കുന്നവർക്കും ഉപകാര പെടാത്തവയാണ് ഇത്തരം വീടുകൾ.

പല രീതിയിലുള്ള സാമൂഹിക പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കി വയ്ക്കുന്നതിലും അടഞ്ഞു കിടക്കുന്ന വീടുകൾക്കുള്ള പങ്ക് അത്ര ചെറുതല്ല.

നാട്ടിൽ നിർമ്മിച്ചിട്ട് പോകുന്ന വീടുകൾ വിദേശരാജ്യങ്ങളിൽ ഇരുന്ന് സിസിടിവി വഴി കൺട്രോൾ ചെയ്യുക എന്നതാണ് പലരും കണ്ടെത്തുന്ന പരിഹാരമാർഗ്ഗം. അടഞ്ഞു കിടക്കുന്ന വീടുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പറ്റി ഒന്ന് മനസിലാക്കാം.

വിദേശത്തിരുന്ന് CCTVകൾ നിയന്ത്രിക്കുന്ന വീടുകൾ.

വീട് നിർമ്മിച്ച് അത്യാവശ്യ കാര്യങ്ങൾക്കായി ഒന്നോ രണ്ടോ വർഷം മാറി നിൽക്കുന്നത് പോലെയല്ല വർഷത്തെ ഒരിക്കൽ നാട്ടിൽ എത്തുമ്പോൾ ഒന്നോ രണ്ടോ ദിവസം താമസിക്കുന്നതിനു വേണ്ടി മാത്രം നിർമ്മിക്കുന്ന വീടുകൾ.

ആളില്ലാത്ത വീടുകൾ സാമൂഹിക-സാമ്പത്തിക പരിസ്ഥിതി പ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ട് എന്നത് പലരും ചിന്തിക്കാത്ത കാര്യമാണ്.

ഇവയിൽ പലതും അത്യാഡംബരം നിറച്ച് വലിയ മാളികകൾ ആണ് എന്നതാണ് മറ്റൊരു വസ്തുത.

40,000 ചതുരശ്ര അടിക്ക് മുകളിൽ വലിപ്പമുള്ള വീടുകൾ പോലും ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.

സ്വന്തം നാടുകളിൽ നിന്നും മികച്ച ജോലികൾ തേടി അന്യനാട്ടിൽ പോയി ജോലി ചെയ്യുന്നവർ തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു വലിയ പങ്ക് നാട്ടിൽ വീട് നിർമിക്കാനായി ഉപയോഗപ്പെടുത്തുകയും പിന്നീട് അവ ഉപയോഗശൂന്യമാകുന്ന രീതിയിൽ ഉപേക്ഷിച്ചു പോകുന്ന അവസ്ഥയും കുറവല്ല.

വീട് നിർമ്മിക്കുമ്പോൾ വീട്ടിൽ സ്ഥിരതാമസം ഉള്ള അംഗങ്ങൾക്ക് അനുസൃതമായ രീതിയിൽ ഒരു വീട് പണിയുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല.

മറ്റ് രാജ്യങ്ങളിൽ ഉള്ള വീടുകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ നമ്മുടെ നാട്ടിൽ നിർമ്മിക്കുന്ന വീടുകൾക്ക് വലിപ്പവും ക്വാളിറ്റിയും കൂടുതലാണ് എന്ന കാര്യം സത്യമാണ്.

എന്നാൽ അത്രയും നല്ല രീതിയിൽ നിർമ്മിച്ച വീടുകളിൽ താമസിക്കാതെ അടച്ചിടുന്നത് കൊണ്ട് എന്താണ് ഗുണം.

വീടുകൾ അടച്ചിടുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ

വീട്ടിൽ ഒരു സിസിടിവി ഫിറ്റ്‌ ചെയ്ത് വിദേശത്തിരുന്ന് പൂർണമായും കൺട്രോൾ ചെയ്യാം എന്ന് കരുതുന്നവർ മനസ്സിലാക്കാതെ പോകുന്ന പല വസ്തുതകളുമുണ്ട്.

വീടിനകത്ത് ഉണ്ടാകുന്ന മോഷണ ശ്രമങ്ങളെ ചെറുക്കാനും, ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ തിരിച്ചറിയാനും സിസിടിവി കൾ ഉപയോഗപ്പെടുത്താൻ സാധിക്കുമായിരിക്കും.

എന്നാൽ മഴക്കാലത്ത് വീടിന് വരുന്ന പ്രധാന പ്രശ്നങ്ങളായ വിള്ളൽ,പൂപ്പൽ എന്നിവയൊന്നും അറിയാനായി ഇവ കൊണ്ട് സാധിക്കില്ല.

വീടിന് പുറത്ത് മാത്രമല്ല വീടിനകത്ത് ഫർണിച്ചറുകൾ ഉണ്ടെങ്കിൽ അവ ദ്രവിച്ച് പോകാനുള്ള സാധ്യതയും കൂടുതലാണ്.

കട്ടിളകൾ, ജനാലകൾ എന്നിവ തണുപ്പ് കൂടുതൽ ഉള്ള സമയത്ത് ഈർപ്പം നിന്ന് ചിതലരിക്കാനുള്ള സാധ്യതകളും മുന്നിൽ കാണണം.

ഈ കാര്യങ്ങൾ മാത്രമല്ല വീടിനകത്ത് പലപ്പോഴും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകിയിട്ടുണ്ടാകും.

യാത്രക്ക് ഇറങ്ങുന്ന സമയത്ത് പലപ്പോഴും അവയുടെ കണക്ഷൻ വേർപെടുത്തി ഇടാൻ പലരും ശ്രദ്ധിക്കാറില്ല.

ശക്തമായ മഴയും മിന്നലും ഉണ്ടാകുന്ന സാഹചര്യത്തിൽ അത്തരം ഉൽപ്പന്നങ്ങൾ ഷോർട്ട് സർക്യൂട്ട് മൂലം അടിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല കൂടുതൽ കാലം ഉപയോഗിക്കാതെ വയ്ക്കുമ്പോൾ പിന്നീട് അവ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ടാകും.

വീടിനകത്ത് വസ്ത്രങ്ങൾ സൂക്ഷിച്ച് വെക്കുന്നുണ്ട് എങ്കിൽ അവ മടക്കിവെച്ച് പോവുകയാണെങ്കിൽ തിരിച്ചു വരുമ്പോഴേക്കും പൊടിഞ്ഞു പോകാനും, പാറ്റ പോലുള്ള പ്രാണികളുടെ ശല്യം ഉണ്ടെങ്കിൽ ഓട്ട വീണ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകും.

കൃത്യമായ ഇടവേളകളിൽ ക്ളീൻ ചെയ്യാതെ ഇടുന്ന വീടുകൾ തിരിച്ച് വരുമ്പോൾ പൊടിയും മാറാലയും നിറഞ്ഞ പ്രത്യേക അന്തരീക്ഷമായിരിക്കും ഉണ്ടാവുക.

ആസ്തമ,അലർജി പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് അത് കൂടുന്നതിനും ഇത് വഴിവെക്കുന്നു.

വാടകക്ക് നൽകാനും ഇഷ്ടപ്പെടുന്നില്ല.

വളരെയധികം പണം ചെലവഴിച്ച് നിർമ്മിക്കുന്ന ആഡംബര വീടുകൾ വാടകയ്ക്ക് നൽകാനും ആരും ഇഷ്ടപ്പെടുന്നില്ല.

വർഷത്തിൽ ഒന്നോ രണ്ടോ തവണ വീട്ടിൽ വരുമ്പോൾ താമസിക്കാൻ എന്ന പേരിൽ നിർമ്മിച്ചിടുന്ന വീടുകൾ ടൗൺ പോലുള്ള ഇടങ്ങളിൽ ഉള്ളവർക്ക് വീട് വയ്ക്കാനുള്ള സ്ഥലം ഇല്ലാതാക്കുകയും, അതേസമയം ഉപയോഗശൂന്യമായി കിടക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ വളരെയധികം ആഡംബരം നൽകി നിർമ്മിച്ച വീടുകൾ വാടകയ്ക്ക് കൊടുത്താലും വാടക ഇനത്തിൽ നൽകേണ്ടി വരുന്നത് വലിയ എമൗണ്ട് ആയിരിക്കും .

ജോലി ആവശ്യങ്ങൾക്കും, പഠന ആവശ്യങ്ങൾക്കും വേണ്ടി താമസസൗകര്യം അന്വേഷിക്കുന്നവർക്ക് അത്രയും വലിയ തുക നൽകി വാടകയ്ക്ക് ഇരിക്കാനും താല്പര്യമുണ്ടാകില്ല.

മാത്രമല്ല മറ്റ് പലരുടേയും പ്രശ്നം വീടിനകത്ത് ഇട്ടിട്ട് പോയിട്ടുള്ള ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വാടകയ്ക്ക് നൽകിയാൽ എന്ത് ചെയ്യുമെന്ന് ആയിരിക്കും.

അതുകൊണ്ടുതന്നെ സ്ഥലം മുടക്കുന്ന കാര്യത്തിലും, ഉപകാരപ്പെടാത്ത രീതിയിലും ഇത്തരത്തിലുള്ള അത്യാഡംബര മണിമാളികകൾ നമ്മുടെ നാട്ടിൽ നിറയും എന്നത് മാത്രമാണ് വസ്തുത.

വിദേശത്തിരുന്ന് CCTVകൾ നിയന്ത്രിക്കുന്ന വീടുകൾ നിർമ്മിച്ചവർ അവ ശരിയായ രീതിയിൽ പ്രയോജനപ്പെടുന്നുണ്ടോ എന്ന കാര്യം ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.