പാർപ്പിട സാക്ഷരതയും ആവശ്യകതയും.കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നുന്ന കാര്യമാണെങ്കിലും പാർപ്പിട സാക്ഷരതക്കും വീട് നിർമ്മിക്കാൻ ആവശ്യമായ ഭൂമി വിനിയോഗിക്കുന്നതിലും വളരെയധികം പ്രാധാന്യമുണ്ട്.

അതായത് നമ്മുടെ പരിസ്ഥിതിക്ക് ഹാനികരമാകാത്ത രീതിയിൽ എങ്ങിനെ വീട് നിർമിക്കാം എന്നതിനെ പറ്റിയുള്ള ധാരണ എല്ലാവർക്കും ഉണ്ടായിരിക്കണം.

അതല്ല എങ്കിൽ എന്ത് സംഭവിക്കും എന്നതിന്റെ ഒരു വലിയ തെളിവാണ് പ്രളയം കൊണ്ടുപോയ വീടുകൾ.

വീട് നിർമ്മാണത്തിനായി ഒരു പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ഘടന, അവിടെ നിർമ്മിക്കാൻ സാധിക്കുന്ന വീടിന്റെ ആകൃതി എന്നീ കാര്യങ്ങളെപ്പറ്റിയെല്ലാം ഒരു ഏകദേശ ധാരണ എല്ലാവർക്കും ആവശ്യമാണ്.

തോന്നിയ രീതിയിൽ കെട്ടിടനിർമ്മാണം നടത്തുകയും പിന്നീട് അവ പല രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ പാർപ്പിട സാക്ഷരത തീർച്ചയായും ഉപകാരപ്പെടുന്ന ഒരു കാര്യമാണ്.

പാർപ്പിട സാക്ഷരതയെ പറ്റിയും വീട് നിർമ്മാണത്തിനായി ഭൂമി തിരഞ്ഞെടുക്കുന്നതനെ പറ്റിയും വിശദമായി മനസ്സിലാക്കാം.

പാർപ്പിട സാക്ഷരതയും ആവശ്യകതയും.

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നില നിർത്തുന്നതിന് പ്രകൃതിയോട് ഇണങ്ങി വീട് നിർമിക്കുക എന്നതാണ് പ്രധാനം.

നിർമാണത്തിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളിലും അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.

പരിസ്ഥിതി സൗഹാർദ്ദപരമായി വീടുകൾ നിർമ്മിക്കുമ്പോൾ അവ വീട് നിർമാണത്തിന്റെ ചിലവ് കുറയ്ക്കുന്നതിലും വലിയ പങ്കു വഹിക്കുന്നു.

പണ്ടു കാലങ്ങളിൽ നമ്മുടെ നാട്ടിലെ വീടുകൾ കൂടുതലായും മണ്ണ് ഉപയോഗപ്പെടുത്തി നിർമിച്ചവയായിരുന്നു. എന്നാൽ ഇന്ന് കോൺക്രീറ്റ് കെട്ടിടങ്ങൾ കൂടി വന്നതോടെ സിമന്റിനും മണലിനും ആവശ്യക്കാർ ഏറെയായി.

പുഴക്കും, പ്രകൃതിക്കും വലിയ രീതിയിലുള്ള ആഘാതങ്ങളാണ് അവ ഉണ്ടാക്കി വച്ചത്.

പ്രകൃതിക്ക് മാത്രമല്ല മാറി വരുന്ന കാലാവസ്ഥയ്ക്കും യോജിക്കുന്ന രീതിയിലാണ് വീട് നിർമ്മിക്കേണ്ടത്.

അത്തരത്തിൽ അല്ലാതെ നിർമ്മിക്കുന്ന വീടുകളാണ് പലപ്പോഴും വളരെ പെട്ടെന്ന് ഇല്ലാതാകുന്നത്.

കാലാവസ്ഥയുടെ സാന്നിധ്യം

നാടിന്റെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസൃതമായ രീതിയിൽ വീട് നിർമിക്കുക എന്നതും വളരെയധികം പ്രധാനമാണ്. നമ്മുടെ നാട്ടിൽ ഒരു വർഷം 40 ശതമാനത്തോളം മരങ്ങൾ കെട്ടിട നിർമ്മാണത്തിനായി മുറിച്ചു മാറ്റപ്പെടുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അതേസമയം ഓസോൺ പാളിയിൽ ഉണ്ടാകുന്ന വിള്ളലുകൾക്കുള്ള പരിഹാരമായി പച്ചപ്പ് നിലനിർത്തുക എന്നതാണ് മുഴക്കുന്ന മുദ്രാവാക്യമെങ്കിലും അവ പരിപാലിക്കാൻ ആരും ശ്രദ്ധ പുലർത്തുന്നില്ല.

ഇനി ഊർജ്ജ വിയോഗത്തിന്റെ കാര്യമെടുത്താൽ ആകെ ഊർജ്ജത്തിന്റെ 35 ശതമാനവും വീട് നിർമ്മാണത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അതായത് വരാനിരിക്കുന്നത് ഒരു വലിയ ഊർജ്ജപ്രതിസന്ധി തന്നെയായിരിക്കും എന്ന് ഇതിൽ നിന്നും ഏകദേശം ഊഹിക്കാം. പ്രകൃതിയെ ഹനിക്കാതെ വീട് നിർമ്മിക്കാമെന്ന് മുറ വിളി കൂട്ടുമ്പോഴും എത്ര പെർ വീട് നിർമാണത്തിൽ അത് പ്രായോഗികമാക്കുന്നുണ്ട് എന്നത് പലരും ചിന്തിക്കുന്നില്ല. പലരുടെയും ചിന്താഗതി താൻ ഒരു വീട് വെച്ചത് കൊണ്ട് ഈ പ്രകൃതിയിൽ എന്ത് സംഭവിക്കും എന്നതാണ്. ഇത് തീർത്തും തെറ്റായ ധാരണ മാത്രമാണ്.

പാർപ്പിട സാക്ഷരതയും ആവശ്യകതയും,ഭൂമിശാസ്ത്രവും വീട് നിർമാണവും

ഭൂമിശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് വീട് നിർമ്മിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.അതു കൊണ്ട് തന്നെ ആരും അതിനു പ്രാധാന്യവും നൽകുന്നില്ല. കേരളത്തിന്റെ ഭൂമിശാസ്ത്രം നോക്കുകയാണെങ്കിൽ അവയെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു. മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തരം തിരിച്ചിട്ടുള്ള നമ്മുടെ നാടിന്റെ ഭൂപ്രകൃതിയിൽ അവയ്ക്കൊന്നും പ്രാധാന്യം നൽകാതെ മലയും മരങ്ങളും മുറിച്ചും വീട് വെക്കുന്ന രീതിയാണ് ഇന്ന് കൂടുതലായും കണ്ടു വരുന്നത്. ഇത്തരത്തിൽ മല തുരന്നു വെക്കുന്ന വീടുകൾ മണ്ണിടിച്ചിൽ ഭീഷണികളെ നേരിടേണ്ടി വരുന്നു എന്നതാണ് സത്യം. തീരപ്രദേശങ്ങളിലും അവസ്ഥ മറ്റൊന്നല്ല തീരദേശങ്ങളിൽ നിന്നും നിശ്ചിത അകലം പാലിച്ചു മാത്രമേ വീട് നിർമ്മിക്കാൻ പാടുള്ളൂ എന്ന് നിയമമുണ്ടെങ്കിലും അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.

കെട്ടിട നിർമ്മാണ നിയമങ്ങൾ കാറ്റിൽ പറത്തുമ്പോൾ

നമ്മുടെ നാട്ടിലെ എല്ലാ വീടുകളും കെട്ടിടനിർമ്മാണ നിയമങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടാണോ നിർമ്മിക്കുന്നത് എന്നത് പലരും അന്വേഷിക്കുന്നില്ല.നിയമം തെറ്റിച്ചു വീട് വച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന മനോഭാവമാണ് പലർക്കുമുള്ളത്. പ്രധാനമായും തണ്ണീർത്തട നിയമത്തിന് മാത്രമാണ് ഇപ്പോഴും കൂടുതൽ പ്രാധാന്യം നൽകുന്നത്. ഏത് വിധേനയും വീട് വയ്ക്കുക എന്നത് മാത്രമാണ് പലരുടെയും മുന്നിലുള്ള ഒരേയൊരു ലക്ഷ്യം.

എല്ലാവിധ നിയമങ്ങളും പാലിച്ചുകൊണ്ട് വീട് നിർമിച്ചാൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല. അതല്ല എങ്കിൽ നിർമ്മിച്ച വീട് പൂർണമായും പൊളിച്ചു കളയേണ്ട അവസ്ഥ വരെ ഉണ്ടായേക്കാം. ഒരു എൻജിനീയറുടെ സഹായത്തോടെ എല്ലാവിധ കെട്ടിട നിയമങ്ങളും പാലിച്ചുകൊണ്ട് തന്നെ വീട് നിർമിക്കാനായി ശ്രദ്ധിക്കുക. അതോടൊപ്പം പ്രകൃതിക്ക് വലിയ രീതിയിൽ പോറലേൽപ്പിക്കാതെ വീട് നിർമിക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.

പാർപ്പിട സാക്ഷരതയും ആവശ്യകതയും അറിഞ്ഞു കൊണ്ട് മാത്രം വീട് നിർമ്മിക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.