ചെറിയ സ്ഥലത്ത് വലിയ വീട് നിർമ്മിക്കാൻ ഒരു മാതൃക

ചെറിയ സ്ഥലങ്ങളിൽ വീട് വെക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് വാദിക്കുന്നവർക്കുള്ള നല്ല ഒരു മറുപടിയാണ് ഈ മുന്ന് സെന്റിൽ തീർത്തിരിക്കുന്ന വീട് .

കൊച്ചിപോലെ ഒരു നഗരത്തിൽ ഇത്തിരി സ്ഥലം കണ്ടെത്തുക എന്നത് പ്രയാസകരവും ,അതിലുപരി പോക്കറ്റ് കാലിയാകുന്നതുമായ ഒരു പ്രവൃത്തി തന്നെയാണ്.ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉത്തമ മാതൃകയാണ് ഈ വീട്

ഈ വീട് ഡിസൈൻ ചെയ്യിതിരിക്കുന്നതു ഷിന്റോ ആണ്. പച്ചപ്പിനെ പരമാവധി വീടിനുള്ളിൽ നിറയ്ക്കണം, ഒപ്പം കാറ്റും വെളിച്ചവും നന്നായി കടക്കണം, ചെറിയ പ്ലോട്ടിൽ, ഞെരുങ്ങിയ ബജറ്റിൽ, ഞെരുക്കമില്ലാത്ത വീട്…

ആവശ്യങ്ങളുടെ നീണ്ടപട്ടിക ഉണ്ടായിരുന്നു. ഷിന്റോ അതിൻപ്രകാരം പ്ലാൻ വരച്ചു. ഡിസൈൻ ചെയ്തു. വളരെയധികം മുൻവിധികളോടെയാണ് പണിതുടങ്ങിയത്.

ഈ ചെറിയ പ്ലോട്ടിൽ ആഗ്രഹങ്ങൾ എല്ലാം പ്രാവർത്തികമാക്കാൻ കഴിയുമോ എന്നതായിരുന്നു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ പ്രതീക്ഷിച്ചതിലും ഭംഗിയായി ഷിന്റോ സ്വപ്നക്കൂട് ഒരുക്കിത്തന്നു.

ബോക്സ് ആകൃതിയാണ് എലവേഷനിൽ നൽകിയത്. ഫ്ലാറ്റ് റൂഫ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കുന്നു. ഓപ്പൺ ടെറസിൽ ജിഐ കൊണ്ട് പർഗോള നൽകി. ഇതിനു താഴെയായി സ്വപ്നമായിരുന്ന ഗാർഡൻ ക്രമീകരിച്ചു.

വീട് ഉൾത്തളം കാണാം

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിൽ ക്രമീകരിച്ചത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ലിവിങ്, വിനോദമുറി, ബാൽക്കണി, ടെറസ് ഗാർഡൻ എന്നിവയും സജ്ജീകരിച്ചു. ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയരുത് എന്നു നിർബന്ധമുണ്ടായിരുന്നു.

ലിവിങ്, ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ ഇടത്തട്ടു നൽകി ക്രമീകരിച്ച ഫാമിലി ലിവിങ് ഏരിയയാണ് വീടിന്റെ ഹൈലൈറ്റ്.

ഇവിടെ ടിവി യൂണിറ്റ് നൽകി. ഇതിനു പുറത്തേക്കുള്ള ജനലുകളിൽ ചെറിയ കട്ടിങ് ഡിസൈൻ നൽകിയതോടെ പുറംകാഴ്ചയും കൗതുകകരമായി. ഗോവണിയുടെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു. റസ്റ്റിക് ഫിനിഷുള്ള ടൈലാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്.

ഊണുമുറിയുടെ ഒരു വശത്തെ ഭിത്തി മുഴുവൻ ഗ്ലാസ് വാതിലുകൾ നൽകി. സുരക്ഷയ്ക്കായി റോളിങ് ഷട്ടറുകളുമുണ്ട്. ഇത് തുറന്നാൽ ചുറ്റുമതിലാണ്.

കിഴക്ക് വശത്തുനിന്നുള്ള കാറ്റും വെളിച്ചവും ഇതിലൂടെ വീടിനകത്തേക്ക് വിരുന്നെത്തുന്നു.

പകൽ ഫാനും ലൈറ്റും ഇടേണ്ട കാര്യമേയില്ല. നിയമപ്രകാരമുള്ള നാലടി സ്ഥലം നൽകിയാണ് ചുറ്റുമതിൽ നിർമിച്ചത്.

ഇതിനിടയ്ക്കുള്ള സ്ഥലം ഉപയോഗിക്കാനൊരു വഴി കണ്ടു. ചുറ്റുമതിലിൽ ജിഐ ട്യൂബ് കൊണ്ട് പില്ലർ നൽകി ഒരു വെർട്ടിക്കൽ ഗാർഡൻ ക്രമീകരിച്ചു.

സ്റ്റോറേജ് ഈ വീടിന് ആവശ്യമായിരുന്നു. അതുകൊണ്ട് കിടപ്പുമുറിയുടെ ഒരു ഭിത്തി മുഴുവൻ വാഡ്രോബിനായി മാറ്റിവച്ചു.

മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിൽ ഓപ്പൺ കിച്ചൻ ക്രമീകരിച്ചു. വൈറ്റ് സ്റ്റെല്ലാർ സ്റ്റോൺ കൗണ്ടറിൽ വിരിച്ചു.

ഉള്ളത് കൊണ്ട് ഓണം മാത്രമല്ല, വിഷുവും ക്രിസ്മസും കൂടി ആഘോഷിച്ച പ്രതീതിയാണ് ഈ വീട്ടിൽ എത്തിയാൽ.

സ്ഥലപരിമിതിയോ ബാഹുല്യമോ അല്ല, ഇടങ്ങൾ എങ്ങനെ ഉപയോഗക്ഷമമാക്കുന്നു എന്നതാണ് പ്രധാനം എന്നു ഈ വീട് നമ്മളെ ബോധ്യപ്പെടുത്തുന്നു.

ഇത് ചെറിയ പ്ലോട്ടിൽ വീടുപണിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമായി പങ്കുവയ്ക്കുന്നു.

ചെലവ് കുറച്ച ഘടകങ്ങൾ

  • എലവേഷൻ ലളിതമായി ഒരുക്കി.
  • ചതുരശ്രയടി കുറച്ചു പരമാവധി സ്ഥല ഉപയുക്തത നൽകി.
  • അകത്തളങ്ങൾ ലളിതമായി അലങ്കരിച്ചു. ചുവരുകൾക്ക് ഇളംനിറങ്ങൾ നൽകി.
  • തടി കൊണ്ടുള്ള ഫർണിഷിങ് പരമാവധി കുറച്ചു. പകരം മൾട്ടിവുഡ് ഉപയോഗിച്ചു.

Plot- 3 cent

Area- 1380 SFT

Designer- Shinto Varghese

Concept Design Studio, Ernakulam

Mob- 9895821633

Budget- 35 Lakhs