വനംവകുപ്പിൽ നിന്ന് വീടിനായി തടിയെടുക്കാം.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒന്നാണ് തടി തിരഞ്ഞെടുക്കൽ.
പണ്ടുകാലങ്ങളിൽ വീട് നിർമ്മിക്കുന്നതിന് ആവശ്യമായ തടി വീടിനു ചുറ്റുമുള്ള മരങ്ങൾ മുറിച്ച് ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇന്ന് ചെറിയ പ്ലോട്ടുകൾ വാങ്ങി വീട് വെക്കുമ്പോൾ തടി പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയാണ് ഉള്ളത്.
ഇത്തരത്തിൽ പുറത്തു നിന്ന് വാങ്ങുന്ന തടിക്ക് വലിയ വിലയാണ് നൽകേണ്ടി വരിക. മാത്രമല്ല അവ ക്വാളിറ്റിയുടെ കാര്യത്തിൽ എത്രമാത്രം നല്ലതാണ് എന്നതും തിരിച്ചറിയാൻ സാധിക്കില്ല.
മറ്റ് സ്ഥലങ്ങളിൽ നിന്നും വാങ്ങുന്ന തടി മില്ലിൽ കൊണ്ടുപോയി സീസണിങ് ചെയ്തു മുറിച്ചു കൊണ്ട് വരുമ്പോഴേക്കും വീട് നിർമ്മാണത്തിനായി മാറ്റി വച്ച ബഡ്ജറ്റിൽ ഒരു വലിയ തുക തന്നെ നഷ്ടമായിട്ടുണ്ടാകും.
എന്നാൽ അതിന് പകരമായി കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന വനം വകുപ്പിൽ നിന്ന് വീട് നിർമ്മാണത്തിന് ആവശ്യമായ തടി നേരിട്ട് വാങ്ങാനായി സാധിക്കുന്നതാണ്.
അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
വനംവകുപ്പിൽ നിന്ന് വീടിനായി തടിയെടുക്കാം.
ഇടനിലക്കാർ ഇല്ലാതെ തന്നെ ഏതൊരാൾക്കും നേരിട്ട് വനം വകുപ്പ് നടത്തുന്ന ലേലത്തിൽ പങ്കെടുത്ത് വീട് നിർമ്മാണത്തിന് ആവശ്യമായ തടികൾ വാങ്ങാൻ സാധിക്കും.
ഓൺലൈൻ വഴിയാണ് ലേലം നടക്കുന്നത്.അതു കൊണ്ട് വനംവകുപ്പ് ഓഫീസിൽ നേരിട്ട് എത്തി ബുദ്ധിമുട്ടേണ്ട അവസ്ഥയും വരുന്നില്ല.
ലേലത്തിനായി വയ്ക്കുന്ന തടിയുടെ ഒരു നിശ്ചിത ഭാഗം വീട് നിർമ്മാണത്തിനായി മാറ്റിവയ്ക്കാൻ നിയമമുണ്ട്.
ഇത്തരം ആവശ്യങ്ങൾക്കായി ലേലത്തിൽ പങ്കെടുക്കുന്നവർക്ക് 8 ക്യുബിക് മീറ്റർ മരമാണ് വാങ്ങാൻ സാധിക്കുക.
കാര്യങ്ങൾ എന്തൊക്കെയാണെങ്കിലും ഒരു മരമില്ലിൽ പോയി തടി പർച്ചേസ് ചെയ്യുന്നതിനേക്കാൾ എത്രയോ ലാഭമുള്ള കാര്യമാണ് നല്ല ക്വാളിറ്റിയുള്ള തടികൾ വനംവകുപ്പിൽ നിന്നും നേരിട്ട് ലേലം വഴി സ്വന്തമാക്കുന്നത്.
ഇപ്പോൾ പലർക്കും സംശയം ഉണ്ടാവുക 8 ക്യുബിക് മീറ്റർ എന്നാൽ എങ്ങിനെയാണ് അളവ് അറിയുക എന്നതായിരിക്കും. ഒരു ക്യുബിക് മീറ്റർ എന്നത് 35 ക്യുബിക് അടിക്ക് സമാനമായിരിക്കും.
തടി ലേലം ചെയ്യുന്ന രീതി
വീട് നിർമ്മാണത്തിന് വേണ്ടി തടി തിരഞ്ഞെടുക്കുമ്പോൾ അത് നോക്കി കണ്ട ശേഷം ക്വാളിറ്റി ഉണ്ടോ എന്ന് ചെക്ക് ചെയ്തു വാങ്ങാനാണ് പലരും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ ലേല കേന്ദ്രത്തിൽ നേരിട്ട് പോയി തടികൾ കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രം പിന്നീട് ഓൺലൈൻ ലേലത്തിൽ പങ്കെടുത്താൽ മതിയാകും. എന്നാൽ മുൻകൂട്ടി വനം വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
ഇതിനായി ഒരു നിശ്ചിത എമൗണ്ട് രജിസ്ട്രേഷൻ ഫീസ് ഇനത്തിലും നൽകേണ്ടിവരും. 573 രൂപയാണ് ഫീസായി അടയ്ക്കേണ്ടി വരുന്നത്.ഈ ഒരു രജിസ്ട്രേഷൻ ഫീസ് ഉപയോഗപ്പെടുത്തി ഒരു വർഷം വരെ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഒരു തവണ ലേലം ലഭിച്ചില്ല എങ്കിൽ നിരാശപ്പെടേണ്ടി വരില്ല. ഒരു വർഷ കാലയളവിൽ എത്ര തവണ വേണമെങ്കിലും ലേലത്തിൽ പങ്കെടുത്ത് മരം വാങ്ങാനായി സാധിക്കും. ലേലത്തിൽ പങ്കെടുക്കുന്ന വ്യക്തിക്ക് വനം വകുപ്പ് സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഈമെയിൽ ഐഡി,ബാങ്ക് അക്കൗണ്ട് പാൻ കാർഡ് എന്നിവ ആവശ്യമാണ്.
തടി തിരഞ്ഞെടുക്കുമ്പോൾ
സാധാരണ ആവശ്യങ്ങൾക്ക് വേണ്ടി തടി തിരഞ്ഞെടുക്കാൻ താല്പര്യമുള്ളവർക്ക് 5 ക്യുബിക് മീറ്റർ അളവിൽ തേക്ക് തടി വാങ്ങാവുന്നതാണ്.2b,2C വിഭാഗത്തിൽ പെട്ട തടികൾ ആണ് ഇത്തരത്തിൽ ലഭിക്കുക. ഓരോ തടിയുടെയും വില നിശ്ചയിക്കുന്നത് അവയുടെ നീളം, വണ്ണം, വിഭാഗം എന്നിവയുടെ അടിസ്ഥാനത്തിലാണ്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 6 വനംവകുപ്പ് ഡിവിഷനുകൾ ആയി കോഴിക്കോട്,പാലക്കാട്, തിരുവനന്തപുരം, കോട്ടയം പെരുമ്പാവൂർ, പുനലൂർ ഡിവിഷനുകളിൽ നിന്നാണ് തടി ലഭിക്കുക. ലേലത്തിനായി വയ്ക്കുന്ന മരത്തടികളിൽ തേക്ക്, പ്ലാവ്, ആഞ്ഞിലി,ഈട്ടി,ഇരുൾ, മരുത് വിഭാഗത്തിൽപ്പെടുന്ന തടികൾ ഉൾപ്പെടുന്നു. എന്ത് ആവശ്യത്തിന് വേണ്ടിയാണോ തടി തിരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് മരം വാങ്ങേണ്ടത്. അതായത് കട്ടിള,ജനൽ എന്നിവ നിർമ്മിക്കുന്നതിനായി കനം കൂടിയ തടികൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.
വനംവകുപ്പിൽ നിന്ന് വീടിനായി തടിയെടുക്കാം എന്നാൽ ഇത്തരം കാര്യങ്ങൾ കൂടി തീർച്ചയായും അറിഞ്ഞിരിക്കണം.