പരമ്പരാഗത ഭവനത്തിന് ഉത്തമ മാതൃക

പണ്ട് നാം കണ്ട് ശീലിച്ചതും എന്നാൽ ഇന്ന് മണ്മറഞ്ഞു പോയതുമായ പരമ്പരാഗത ഭവനത്തിന് ഉത്തമ മാതൃകയാണ് ഈ വീട്

മഹേഷ് തനയത്ത്. തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയായ മഹേഷ് തനയത്ത് ആണ് ഈ വീടിന്റെ ഉടമ .

ഏറെ നാളത്തെ കാത്തിരിപ്പിനും ആലോചനകൾക്കും ശേഷമാണ് വീട് യാഥാർഥ്യമായത്. അതുകൊണ്ട് ഈ വീടിനോട് വൈകാരികമായി വലിയ ബന്ധമാണ് ഇവർക്ക് . മക്കൾ മാളവികയ്ക്കും മീനാക്ഷിക്കും വീട് വളരെ പ്രിയമാണ്.

ഡിസൈനർ ശ്രീജിത്ത് മേനോനാണ് ഈ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയിൽ
മഹേഷിനൊപ്പം ഉണ്ടായിരുന്നത്.

ഒരു തനി ഗ്രാമപ്രദേശമാണ് അരിമ്പൂർ. അവിടെ പണിയുന്ന വീടും, ചുറ്റുപാടുമായി ചേർന്ന് നിൽക്കണമെന്ന് മഹേഷിന് നിർബന്ധമുണ്ടായിരുന്നു.

സിനിമകളിലൊക്കെ വരിക്കാശ്ശേരി മന അടക്കമുള്ള തറവാടുകൾ കാണുമ്പോൾ അദ്ഭുതത്തോടും ആരാധനയോടും നോക്കിനിന്നിട്ടുള്ള മലയാളികൾക്ക് വീട് എന്ന് ഓർക്കുമ്പോൾ തന്നെ അത്തരം ഒരു ചിത്രമാകുമല്ലോ മനസ്സിൽ ഓടിയെത്തുക.

ചെട്ടിനാടൻ ശൈലിയിലുള്ള തറവാടുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നാലുകെട്ടിന്റെ ശില്പമാതൃകയിലാണ് ഈ പരമ്പരാഗത ഭവനം നിർമിച്ചിരിക്കുന്നത് .

നമ്മുടെ കേരളാശൈലിക്കൊപ്പം വിവിധ പരമ്പരാഗത ശൈലികളും വീട്ടിൽ സമന്വയിപ്പിച്ചിട്ടുണ്ട്. വീടിന്റെ പണികളുടെ ഓരോ ഘട്ടവും വളരെ ആസ്വദിച്ചാണ് പൂർത്തിയാക്കിയത് എന്ന് മഹേഷ് സാക്ഷ്യപ്പെടുത്തുന്നു .

പരമ്പരാഗത ശൈലിയിലെ നിർമ്മാണം

വീടിലെ പല സാധനങ്ങളും ചെട്ടിനാട്ടിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്. വീടിനകത്തുള്ള വർണജാലകങ്ങൾ മധുരയിൽ നിന്നും വാങ്ങിയതാണ്.

വീട്ടിലേക്ക് പ്രവേശിക്കുന്ന സിറ്റ്ഔട്ടിലെ തൂണുകൾ ചെട്ടിനാട് നിന്നും വാങ്ങിയതാണ്. സിറ്റ്ഔട്ടിൽ വിരിച്ചിരിക്കുന്നത് ആത്തംകുടി ടൈൽസും.

ചെട്ടിനാട് നിന്നും പണിക്കാരെത്തിയാണ് ടൈലുകൾ വിരിച്ചുനൽകിയത്. അതുപോലെ വീടിന്റെ ഫർണിഷിങ്ങിന്റെ ഓരോ ഘട്ടങ്ങളും നൈപുണ്യമുള്ള പണിക്കാരെ പ്രത്യേകം വിളിച്ചുവരുത്തി ചെയ്യിച്ചതാണ്.

വെട്ടുകല്ലാണ് മുറ്റത്തു വിരിച്ചത്. വാസ്തുപ്രകാരം തുളസിത്തറയും നൽകിയിട്ടുണ്ട്. വീടിന്റെ മുഖപ്പ്, ഉത്തരം, കഴുക്കോൽ, ഗോവണിയുടെ കൈവരികൾ എന്നിവയെല്ലാം മെറ്റൽ കൊണ്ടാണ് നിർമിച്ചത്. ഇതിൽ തടിയുടെ ഫിനിഷ് നൽകി.

ഒറ്റനോട്ടത്തിൽ തടി തന്നെയെന്ന് തോന്നും. പോർച്ചുഗൽ നിന്നാണ് ഓട് ഇറക്കുമതി ചെയ്തത്. പൂപ്പൽ പിടിക്കില്ല, കൂടുതൽകാലം ഈടുനിൽക്കും എന്നിവയാണ് ഗുണങ്ങൾ.

പൂമുഖത്ത് ഒത്തുകൂടി വിശേഷങ്ങൾ പറഞ്ഞിരിക്കാൻ നീളൻ ഇരിപ്പിടവും ചാരുപടികളും നൽകിയിട്ടുണ്ട്. ഭാവിയിൽ ചിതൽശല്യം ഒഴിവാക്കാൻ കൽത്തൂണുകൾക്ക് മേലെയാണ് തടി പൊതിഞ്ഞത്.

കരിങ്കല്ല്, വെട്ടുകല്ല് എന്നിവ കൊണ്ടുള്ള പാനലിങ് വീടിനുള്ളിൽ നൽകിയിട്ടുണ്ട്. ആത്തംകുടി ടൈലുകളുടെ മനോഹാരിത അകത്തളങ്ങളിൽ നിറയുന്നു. ചെട്ടിനാടൻ വീടുകളിൽ കാണാറുള്ള ‘കൊട്ടിൽ’ മാതൃകയിലാണ് പൂജാമുറി. കോഴിക്കോടുള്ള പഴയ വീടുകളിൽ നിന്നും ശേഖരിച്ച ആന്റിക് മൂല്യമുള്ള ഫർണീച്ചറുകളാണ് വീടിനകം അലങ്കരിക്കുന്നത്.

വീടിന്റെ ഹൃദയം നടുമുറ്റമാണ്. ഊണുമുറിയും അടുക്കളയും കിടപ്പുമുറിയുമൊക്കെ നടുമുറ്റത്തിന്റെ കാഴ്ചകളിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മഴയുടെ പ്രതീതി കൃത്രിമമായി സൃഷ്ടിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇനി വേനൽക്കാലത്തും മഴ നനയണമെങ്കിൽ വാട്ടർ സ്‌പ്രേയിങ് സിസ്റ്റം ഓണാക്കിയാൽ മതി. ടാങ്കിൽ നിന്നും ജലം മഴ പോലെ പെയ്തിറങ്ങും. ഈ ജലം പുനരുപയോഗിക്കാമെന്നതിനാൽ പാഴാവുകയുമില്ല.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. മുകൾനിലയിലാണ് മാസ്റ്റർ ബെഡ്‌റൂം. ഇവിടെയിരുന്ന് നടുമുറ്റത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ കിളിവാതിലുകളും നൽകിയിട്ടുണ്ട്.

12 പാളി ജനാലയാണ് നൽകിയിരിക്കുന്നത്. മികച്ച ക്രോസ് വെന്റിലേഷൻ ഇതിലൂടെ ലഭിക്കുന്നു. കിടപ്പുമുറിയുടെ ഭിത്തിയിൽ ടെക്സ്ചർ, ക്ലാഡിങ് നൽകി ഭംഗിയാക്കിയിട്ടുമുണ്ട്. മുകൾനിലയിലെ മാസ്റ്റർ ബെഡ്‌റൂമിൽ ഒരു കിടപ്പുമുറിയിൽ വുഡൻ ടൈൽ വിരിച്ചു.

അടുക്കളയുടെ സീലിങ്ങിൽ ട്രസ് റൂഫിങ് ചെയ്തു. ഈ സ്ഥലം സ്‌റ്റോറേജിനായി ഉപയുക്തമാക്കുകയും ചെയ്തു.

പഴയ തറവാടുകളിൽ വീടിനോട് ചേർന്ന് തുടർച്ചപോലെ ഒരിടമുണ്ടായിരുന്നു. അതേ മാതൃകയിലാണ് പോർച്ച് ഒരുക്കിയത്. എത്ര ടെൻഷൻ ഉള്ള ദിവസമാണെങ്കിലും ജോലി കഴിഞ്ഞു വീടിനകത്തേക്ക് കയറുമ്പോൾ തന്നെ മനസ്സിന് ഒരു തണുപ്പ് അനുഭവപ്പെടുന്നുണ്ട് എന്നാണ് മഹേഷിന്റെ സാക്ഷ്യം. വീട്ടിൽ എത്തുന്ന അതിഥികളുടെ അഭിനന്ദനം കൂടിയാകുമ്പോൾ ഉടമസ്ഥരുടെ സന്തോഷം ഇരട്ടിക്കുന്നു.

Project Facts

28 cents

Area- 4100 SFT

Owner- Mahesh Thanayathu

Designer- Sreejith Menon

courtesy : fb group

4.2 സെന്റ് വസ്തുവിൽ 1800 sqftൽ അതിഗംഭീരമായ ഒരു വീട്