4.2 സെന്റ് വസ്തുവിൽ 1800 sqftൽ അതിഗംഭീരമായ ഒരു വീട്

ടെക്കി ദമ്പതികളായ രെജീഷും പാർവതിയും ഇൻഫോപാർക്കിലാണ് ജോലി ചെയ്യുന്നത്. എറണാകുളത്ത് സെറ്റിൽ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഫ്ളാറ്റുകളോട് ഇരുവർക്കും താൽപര്യമില്ലായിരുന്നു. അങ്ങനെ തേവയ്ക്കൽ എന്ന സ്ഥലത്ത് 4.2 സെന്റ് വസ്തു വാങ്ങി വീട് പണിയുകയായിരുന്നു.

സ്ഥലപരിമിതിക്കുള്ളിൽ പരമാവധി സ്ഥലഉപയുക്തയുള്ള വീട് എന്നതായിരുന്നു ഇരുവരുടെയും അടിസ്ഥാന ആവശ്യം. രണ്ടു വണ്ടി എങ്കിലും പാർക്ക് ചെയ്യാൻ പാകത്തിലുള്ള മുറ്റം വേണം, മൂന്നു കിടപ്പുമുറി വേണം എന്നിങ്ങനെ ചെറിയ മറ്റു ആവശ്യങ്ങളും.

എലിവേഷനെ മൂന്നായി തിരിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മധ്യത്തിലായി ബോക്സ് ആകൃതിയിലുള്ള ക്ലാഡിങ് വോൾ വരുന്നു. വലതുവശത്തായി ഡബിൾ ഹൈറ്റിൽ ഗ്ലാസ് വോൾ ആണുള്ളത്. പുറംകാഴ്ചയിൽ ഭംഗി പകരുന്നതിനൊപ്പം വീടിനുള്ളിൽ പ്രകാശം നിറയ്ക്കുന്നതിലും ഇത് പങ്കുവഹിക്കുന്നു. വെയിലിലെ ചൂടിനെ പ്രതിരോധിക്കാൻ യുവി പ്രൊട്ടക്‌ഷനുള്ള സൺ ഫിലിം ഗ്ലാസിൽ ഒട്ടിച്ചിട്ടുണ്ട് . അതുകൊണ്ട് ആ പേടിയും വേണ്ട. C ചാനൽ ഫ്രെയിംവർക്കിനുള്ളിൽ ടിന്റഡ് ഗ്ലാസ് നൽകിയാണ് കാർ പോർച്ച് ഒരുക്കിയത്.

ഫോയർ, ലിവിങ് കം ഡൈനിങ് ഹാൾ, മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, ഓപ്പൺ കിച്ചൻ, വർക്കേരിയ എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. തുറസായ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ അകത്തേക്ക് കയറുമ്പോൾ ഇടുങ്ങിയ പ്രതീതി അനുഭവപ്പെടില്ല. ഓരോ ഇടങ്ങളും തമ്മിൽ സംവദിച്ചു കൊണ്ട് നിലകൊള്ളുന്നു. ക്രോസ് വെന്റിലേഷൻ ഉറപ്പാക്കാനായി വലിയ ഗ്ലാസ് ജാലകങ്ങൾ നൽകി. അതിനാൽ ചെറിയ പ്ലോട്ടിൽ പണിത വീടാണെന്ന കാര്യം ഓർക്കുകയേയില്ല.

സ്വീകരണമുറിയുടെ ഒരു ഭിത്തി ജിപ്സം ബോർഡ് വച്ച് പാനലിങ് ചെയ്ത ശേഷം സിമന്റ് ടെക്സ്ചർ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ജിപ്സം ഫോൾസ് സീലിങ്ങിൽ എൽ ഇ ഡി ലൈറ്റുകൾ നൽകി മൂഡ് ലൈറ്റിങ് നൽകിയിട്ടുണ്ട്.

വീട്ടിൽ പച്ചപ്പ് വേണം എന്ന ആഗ്രഹത്തിന്റെ ഫലമാണ് പാഷ്യോയുടെ സമീപമുള്ള ചുറ്റുമതിലിൽ നൽകിയ വെർട്ടിക്കൽ ഗാർഡൻ. പരിപാലനം എളുപ്പമാക്കുന്ന പന്നൽ ചെടികളാണ് ഇവിടെ നട്ടത്. വീടിനകത്തെ വായു ശുദ്ധമാക്കാനും ഇവ പങ്കു വഹിക്കുന്നു. ഊണുമുറിയിൽ നിന്നും സ്ലൈഡിങ് ഗ്ലാസ് ഡോർ വഴിയാണ് പാഷ്യോയിലേക്ക് ഇറങ്ങുന്നത്. ഇവിടെ അധിക സുരക്ഷയ്ക്കായി റോളിങ് ഷട്ടറുകളും നൽകിയിട്ടുണ്ട്.

പൊതുവിടങ്ങളിൽ 80X160 സൈസുള്ള വിട്രിഫൈഡ് ടൈലുകളാണ് വിരിച്ചത്. കിടപ്പുമുറികളിൽ 2X2 സൈസ് ടൈൽസും നൽകി. പാഷ്യോയിൽ വുഡൻ ടൈലുകൾ നൽകി വേർതിരിച്ചു. സിറ്റൗട്ടിലും ഗോവണിപ്പടികളിലും ലപ്പോത്ര ഫിനിഷുള്ള ഗ്രാനൈറ്റ് വിരിച്ചു.

സ്റ്റെയർ ഏരിയ ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഗോവണിയുടെ അടിഭാഗത്ത് ഫാമിലി ലിവിങ്, ടിവി യൂണിറ്റ് നൽകി സ്ഥലം ഉപയുക്തമാക്കി. സ്റ്റെയറിന്റെ ആദ്യ ലാൻഡിങ്ങിൽ ഇൻവെർട്ടറും മറ്റും വയ്ക്കാനുള്ള സ്റ്റോറേജ് സ്‌പേസും ഒരുക്കി. ടഫൻഡ് ഗ്ലാസ്+ വുഡ് കോംബിനേഷനിലാണ് കൈവരികൾ.

താഴെ ഒരു കിടപ്പുമുറിയും മുകളിൽ രണ്ടു കിടപ്പുമുറിയും നൽകി. ഗോവണി കയറി എത്തുന്നത് ഓപ്പൺ ഹാളിലേക്കാണ്. ഇരുവർക്കും വർക് ഫ്രം ഹോം സൗകര്യം ലഭിക്കാറുണ്ട്. അപ്പോൾ വീട്ടിലിരുന്നു ജോലി ചെയ്യാൻ ചെറിയൊരു ഓഫിസ് റൂം സെറ്റപ്പ് ചെയ്തിട്ടുണ്ട്.

അപ്പർ ലിവിങ്ങിൽ ടിവി യൂണിറ്റും സോഫ കം ബെഡും നൽകി. അതിഥികൾ താമസിക്കാൻ ഉള്ളപ്പോൾ ഇതിനെ കിടക്കയാക്കി മാറ്റാം. വെറുതെ ഒരു ഗസ്റ്റ് ബെഡ്റൂമിന്റെ അധിക ചെലവ് ഒഴിവാക്കുകയും ചെയ്തു. പ്ലൈവുഡ്, വെനീർ കോംബിനേഷനിലാണ് കട്ടിലും വാഡ്രോബുകളും. ഹെഡ്ബോർഡിൽ ലാമിനേറ്റ് ഫിനിഷ് പാനലിങ്ങും നൽകിയിട്ടുണ്ട്.

മൾട്ടിവുഡിൽ ലാമിനേറ്റ് ഫിനിഷ് നൽകിയാണ് കിച്ചൻ ക്യാബിനറ്റുകൾ. പാൻട്രി കൗണ്ടർ പ്ലൈവുഡ്, വെനീർ ഫിനിഷിലും ഒരുക്കി.

ക്യാന്റിലിവർ ശൈലിയിൽ ഒരുക്കിയ ബാൽക്കണിയാണ് മറ്റൊരാകർഷണം. ഒരു ബോക്സ് പുറത്തേക്ക് തള്ളിനിൽക്കുംവിധമാണ് ഇതിന്റെ രൂപകൽപന. പുറത്തുനിന്നുള്ള നോട്ടമെത്താതെ പുറത്തെ കാഴ്ചകൾ ഇവിടെയിരുന്ന് വീക്ഷിക്കാം. വൈകുന്നേരങ്ങളിലെ വീട്ടുകാരുടെ ഒത്തുചേരൽ ഇടം കൂടിയാണിവിടം.ഓപ്പൺ ടെറസ് കവർ ചെയ്ത് യൂട്ടിലിറ്റി സ്‌പേസ് ആക്കി മാറ്റി. വാഷിങ് മെഷീൻ, ലോൺട്രി സ്‌പേസ് എന്നിവയും ഇവിടെയാണ്.

മുറ്റത്ത് നാച്ചുറൽ സ്റ്റോണും ഗ്രാസും ഇടകലർത്തി നൽകി. വീടിനു ചുറ്റും വെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ പാകത്തിന് പെബിൾസും വിരിച്ചു.

ചുരുക്കത്തിൽ സ്ഥലപരിമിതികളെ അപ്രസക്തമാക്കുന്ന രൂപകൽപനയാണ് ഈ വീടിന്റെ വിജയരഹസ്യം. നഗരത്തിലെ ലക്ഷങ്ങൾ വിലയുള്ള തുണ്ടുഭൂമികളിൽ വീട് സ്വപ്നം കാണുന്ന ഇടത്തരക്കാർക്ക് അനുകരിക്കാവുന്ന ഒരു മാതൃകയുമാണ് ഈ വീട്.

Area -1800 Sqft

Plot – 4.2 Cents

Designer- Shinto Varghese

Concept Design Studio, Ernakulam

courtesy : fb group