വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്‍റെ ആധാരം നഷ്ടപ്പെടുകയാണെങ്കിൽ എന്ത് ചെയ്യണം?

ഒരു വ്യക്തി എത്രമാത്രം പ്രാധാന്യം തന്‍റെ ഐഡൻഡിറ്റി പ്രൂഫിന് നൽകുന്നുണ്ടോ അതേ പ്രാധാന്യം ഒരു ഭൂമിയെ സംബന്ധിച്ച് അതിന്റെ ആധാരത്തിനും നൽകേണ്ട-തുണ്ട്.

അതുകൊണ്ടുതന്നെ വീടിന്റെ യോ സ്ഥലത്തിന്റെയോ ആധാരം നഷ്ടപ്പെടുകയാണെങ്കിൽ അത് വളരെയധികം ഗൗരവമേറിയ ഒരു പ്രശ്നം തന്നെയാണ്.

ആവശ്യമായ നടപടികൾ കൈക്കൊള്ളാത്ത പക്ഷം ആധാരം ലഭിച്ച വ്യക്തി അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇവിടെ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാൽ അത് തിരികെ ലഭിച്ചില്ല എങ്കിൽ അടുത്ത മാർഗം അതിന് ഒരു കോപ്പി ഉണ്ടാക്കുക എന്നതാണ്.

ആധാരം നഷ്ടപ്പെട്ട ഉടനെ ചെയ്യേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

ആധാരത്തിന്റെ കോപ്പി ലഭിക്കാൻ

ആധാരം ഒരു രജിസ്ട്രാർ അല്ലെങ്കിൽ സബ്‌രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുമ്പോൾ അതിന്റെ ഒരു കോപ്പി അവിടെ സൂക്ഷിച്ചു വക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ആധാരം നഷ്ടപ്പെട്ടു എന്ന് ഉറപ്പായാൽ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും സൂക്ഷിച്ചു വെച്ച ആധാരത്തിന്റെ ഒരു കോപ്പി ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യണം.

എന്നാൽ അതിനായി ആധാരത്തിന്റെ നമ്പർ,ആധാരം ചെയ്ത വ്യക്തിയുടെ പേര്, ചെയ്ത തീയതി എന്നിവ ആവശ്യമാണ്.

എന്നാൽ മിക്കപ്പോഴും ആധാരം രജിസ്റ്റർ ചെയ്ത തീയതിയും, ആധാരത്തിന്റെ നമ്പറും മിക്ക ആളുകളുടെയും പക്കൽ ഉണ്ടായിരിക്കുകയില്ല.

അതുകൊണ്ടുതന്നെ ആദ്യം ഇവ കണ്ടെത്തുന്നതിനുള്ള മാർഗ്ഗം അന്വേഷിക്കണം.

ആധാരത്തിന്റെ നമ്പറും രജിസ്റ്റർ ചെയ്ത തീയതിയും കണ്ടെത്തേണ്ട രീതി.

സാധാരണയായി ഒരു മുൻ ആധാരത്തിന്റെ കോപ്പിക്ക് വേണ്ടിയാണ് ഇത്തരത്തിൽ അപേക്ഷ നൽകുന്നത് എങ്കിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരുന്നില്ല.

കാരണം ആധാരത്തിന്റെ മുകൾ ഭാഗത്ത് തന്നെ നമ്പർ നൽകിയിട്ടുണ്ടാകും.

അതേസമയം ഏറ്റവും ഫൈനൽ കോപ്പി എന്ന രീതിയിലാണ് മേൽ ആധാരം ചെയ്യുന്നത്.അതുകൊണ്ടുതന്നെ അതിന്റെ നമ്പർ ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അതിനായി ആദ്യം ഒരു കുടിക്കട അല്ലെങ്കിൽ എൻകമ്പറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കണം. സബ് രജിസ്ട്രാർ ഓഫീസിലേക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചാൽ കുടിക്കിട സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കുടിക്കട അല്ലെങ്കിൽ എങ്കമ്പറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ

എങ്കമ്പറൻസ് സർട്ടിഫിക്കറ്റ് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ലഭിച്ചാൽ ആ സ്ഥലം പണയപ്പെടുത്തിയ തുമായി ബന്ധപ്പെട്ട വിവരങ്ങൾ, ആധാരത്തിന്റെ നമ്പർ , രജിസ്റ്റർ ചെയ്ത തീയതി എന്നിവയെല്ലാം അറിയാൻ സാധിക്കും. ഇതിൽ നിന്നും ആധാരം രജിസ്റ്റർ ചെയ്ത തീയതി ഉപയോഗിച്ച് ഒറിജിനൽ ആധാരത്തിന്റെ കോപ്പിക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അതായത് ഇവിടെ ആധാരം ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്ത് നൽകിയത് എന്ന കാര്യം കൃത്യമായി അറിയാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആധാരം കളഞ്ഞു കിട്ടിയ വ്യക്തി മറ്റാരുടെയെങ്കിലും പേരിലേക്ക് അത് രജിസ്റ്റർ ചെയ്ത് നൽകിയിട്ടുണ്ടോ എന്ന കാര്യവും അറിയാൻ സാധിക്കും.

ആധാരത്തിന്റെ സ്കാൻഡ് കോപ്പി ലഭിച്ചാൽ

ഇപ്പോൾ ലഭിക്കുന്ന സ്കാൻഡ് കോപ്പി ഒരു ഒറിജിനൽ ആധാരത്തിന് സമാനമല്ല.അതുകൊണ്ടുതന്നെ അടുത്തതായി ചെയ്യേണ്ടത് ആധാരം നഷ്ടപ്പെട്ടു എന്ന് കാണിച്ചുകൊണ്ട് പത്ര പരസ്യം നൽകുക എന്നതാണ്. ഇതിൽ എത്ര പത്രങ്ങളിൽ ആണ് പരസ്യം നൽകേണ്ടത് എന്നകാര്യം വില്ലേജ് ഓഫീസിൽ പോയി ചോദിച്ച് മനസ്സിലാക്കുക.

പത്ര പരസ്യം നൽകുമ്പോൾ ആധാരം ലഭിച്ച വ്യക്തി 15 ദിവസത്തിനുള്ളിൽ അത് തിരികെ നൽകണമെന്നും, മാത്രമല്ല നഷ്ടപ്പെട്ട ആധാരം മറ്റാരുടെയെങ്കിലും പേരിലേക്ക് മാറ്റി നൽകുന്നതിൽ താൻ ഉത്തരവാദി ആയിരിക്കില്ല എന്നും, ആധാരത്തിന്റെ നമ്പർ ഉൾപ്പെടുന്ന വില്ലേജ് ഓഫീസ്,സ്ഥലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയും ഉൾപ്പെടുത്തേണ്ടതുണ്ട്. തുടർന്ന് പത്ര പരസ്യത്തിന്റെ ഒരു കോപ്പി ആധാരത്തിന്റെ ഒരു കോപ്പി എന്നിവ കൈവശമുണ്ടെങ്കിൽ ഒർജിനൽ ആധാരത്തിന് പകരമായി ഉപയോഗപ്പെടുത്താവുന്ന രേഖയായി അതിനെ കണക്കാക്കാം.

തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ.

സാധാരണയായി ആധാരം നഷ്ടപ്പെട്ടു കഴിഞ്ഞ് ആവശ്യമുള്ള രേഖകളുടെയെല്ലാം കോപ്പി ലഭിച്ചു കഴിഞ്ഞാൽ മിക്ക ആളുകളും എഴുതുന്നത് അവരുടെ പേരിൽ നിന്നും നഷ്ടപ്പെട്ട ആധാരം കുടുംബത്തിലെ മറ്റാരുടെയെങ്കിലും പേരിലേക്ക് എഴുതി വക്കുക എന്നതാണ് .

അങ്ങിനെ ചെയ്യുന്നത് വഴി കളഞ്ഞു കിട്ടിയ ആധാരം മറ്റാരെങ്കിലും ദുരുപയോഗം ചെയ്ത് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ അത് വാലിഡ് ആകാതെ സൂക്ഷിക്കാൻ സാധിക്കും. പത്ര പരസ്യത്തിന്റെ കോപ്പി, രജിസ്ട്രാർ ഓഫീസിൽ നിന്നും ലഭിക്കുന്ന ആധാരത്തിന്റെ പകർപ്പ് എന്നിവ ഉപയോഗിച്ച് ഉടമയ്ക്ക് ആധാരം തന്റെ ഭാര്യയുടേയോ മക്കളുടെയോ പേരിലേക്ക് രജിസ്റ്റർ ചെയ്ത് നൽകാൻ സാധിക്കും. അതായത് ഇവിടെ ചെയ്യുന്നത് വസ്തു ഇഷ്ടദാനമായി എഴുതി നൽകി ആ സ്ഥലത്തിന്റെ പേരിൽ ഒരു ഒറിജിനൽ ആധാരം ഉണ്ടാക്കിയെടുക്കുക എന്ന രീതിയാണ്

വീടിന്റെ അല്ലെങ്കിൽ സ്ഥലത്തിന്റെ ആധാരം നഷ്ടപ്പെട്ടു എന്ന് ഉറപ്പായാൽ തീർച്ചയായും ഈ കാര്യങ്ങൾ ചെയ്യാനായി ശ്രദ്ധിക്കുക.