നാലര സെന്റിൽ 21 ലക്ഷത്തിന് ഒരു സാധാരണക്കാരന്റെ സ്വപ്നവീട്

സ്ഥലപരിമിതിയെ മറികടന്ന് ആരും കൊതിക്കുന്ന വീട് കുറഞ്ഞ ചെലവിൽ ഒരുക്കിയതിന്റെ വിശേഷങ്ങൾ കാസർഗോഡ് സ്വദേശിയായ നിഗീഷ് പങ്കുവയ്ക്കുന്നു.
ആകെ 4.5 സെന്റ് പ്ലോട്ടാണുള്ളത്. ചെറിയ പ്ലോട്ടിൽ പോക്കറ്റ് ചോരാതെ ഒരു വീട് എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം. വീട് പണിയാനായി പലരെയും സമീപിച്ചെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ പറഞ്ഞു പലരും ഒഴിഞ്ഞു. ഇരുവശത്തും കൂടിയും വഴി പോകുന്നതിനാൽ നിയമപ്രകാരമുള്ള 3 മീറ്റർ സെറ്റ്ബാക്ക് ഇട്ടാൽ പിന്നെ സൗകര്യമുള്ള വീട് പണിയുക ദുഷ്കരമായിരുന്നു. അവസാനം നവാഗതരായ രണ്ടു ആർക്കിടെക്ടുകളാണ് വീടുപണി ഏറ്റെടുത്തത്

ഞങ്ങളുടെ നാട്ടിൽ ചെങ്കല്ല് സുലഭമാണ്. അങ്ങനെ ചെങ്കല്ല് നിർമാണത്തിന് തിരഞ്ഞെടുത്തു. സ്ട്രക്ചറും ചുവരുകളും ചുറ്റുമതിലുമെല്ലാം ചെങ്കല്ലിൽ തന്നെ പണിതു. വെട്ടുകല്ലിനിടയിൽ നൽകിയ ജാലികൾ പുറംകാഴ്ചയിലെ ഭംഗിക്കുപരി വീടിനകത്തെ ക്രോസ്‌വെന്റിലേഷൻ സുഗമമാക്കുന്നു. കൊതുക്, പൊടി ശല്യം ഒഴിവാക്കാൻ ഇതിനിടയിൽ നെറ്റ് ഇട്ടിട്ടുണ്ട്.

കൃത്രിമ അലങ്കാരങ്ങൾ ഒന്നും വീട്ടിൽ കുത്തിനിറച്ചിട്ടില്ല. പാഷൻ ഫ്രൂട്ട് വള്ളികൾ പടർത്തി സിറ്റൗട്ട് ഒരു പച്ചത്തുരുത്താക്കി മാറ്റി. ജിഐ പൈപ്പിൽ ഗ്ലാസ് റൂഫിങ് നൽകി ഒരുക്കിയ ഇവിടെ ഇരുന്നാണ് ഞങ്ങൾ രാവിലെ പത്രം വായിക്കുന്നതും വൈകുന്നേരങ്ങളിൽ കുശലം പറയുന്നതും. വീട്ടിലേക്ക് കയറുമ്പോൾ തന്നെ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഒരു കോർണറിൽ ബുദ്ധപ്രതിമ നൽകിയിട്ടുണ്ട്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, 3 കിടപ്പുമുറികൾ, അപ്പർ ലിവിങ്, രണ്ട് കോർട്ട്യാർഡുകൾ, കിച്ചൻ, വർക്ക് ഏരിയ എന്നിവയാണ് 1450 ചതുരശ്രയടിയിൽ ഒരുക്കിയത്. തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. വെട്ടുകല്ലിന്റെ സ്വാഭാവിക നിറത്തിനൊപ്പം വെള്ള നിറവും അകത്തളത്തിൽ നൽകി.

രണ്ടു കോർട്യാർഡുകളാണ് വീടിന്റെ ഹൃദയം. ഊണുമുറിയോട് ചേർന്നും കിടപ്പുമുറിയോട് ചേർന്നുമാണ് കോർട്യാർഡുകൾ. ഊണുമുറിയോട് ചേർന്നുള്ള കോർട്യാർഡിലേക്ക് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴിയാണ് പ്രവേശിക്കുന്നത്. ഇവിടെ സിറ്റിങ് സ്‌പേസ് നൽകി.

ഓപ്പൺ കിച്ചനാണ്. മറൈൻ പ്ലൈവുഡ് കൊണ്ട് കബോർഡുകൾ ഒരുക്കി. കൗണ്ടറിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു.

ഇതിനു വശത്തുകൂടെയാണ് ഗോവണി. രണ്ടു ചുവരുകൾക്കിടയിലൂടെ പരമാവധി ഡെഡ് സ്‌പേസുകൾ ഒഴിവാക്കിയാണ് ഗോവണിയുടെ ഡിസൈൻ. അതിനാൽ കൈവരികൾ ഒഴിവാക്കാനായി.

കിടപ്പുമുറികളിലെല്ലാം പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന ജനാലകളുണ്ട്. ഇതിനെല്ലാം ഇരിപ്പിട സൗകര്യവുമുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങളും നൽകി.

ഇനിയാണ് ട്വിസ്റ്റ്, ഇത്രയും സൗകര്യങ്ങൾ ഒരുക്കിയിട്ടും സ്ട്രക്ച്റും ഫർണിഷിങ്ങും ചുറ്റുമതിലും അടക്കം ചെലവായത് 21 ലക്ഷം രൂപ മാത്രമാണ്. നിലവിൽ നിരക്കുകൾ വച്ച് നോക്കിയാൽ കുറഞ്ഞത് 30 ലക്ഷം രൂപയെങ്കിലും ആകുന്നിടത്താണ് ഈ ലാഭം. എന്തായാലും നവാഗതർ ആണെങ്കിലും ആർക്കിടെക്ടുകൾ പണിതുനൽകിയ ഈ വീട്ടിൽ ഞാനും കുടുംബവും വളരെ സന്തുഷ്ടരാണ്.

ചെലവ് കുറച്ച ഘടകങ്ങൾ

  • സ്ട്രക്ചറിനും ചുവരുകൾക്കും പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല് ഉപയോഗിച്ചു.
  • അകത്തളങ്ങളിൽ ഇളം നിറങ്ങൾ നൽകി. ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
  • ബാത്റൂമുകളുടെ ചുമരിന് സിമന്റ് ഫൈബർ പാനലുകൾ നൽകി.
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. കൈവരികൾ ഒഴിവാക്കി.

Location- Kanhangad, Kasargod
Plot – 4.5 cents
Area – 1450 sqft.
Owner – Nigesh Kinattinkara
Architects – Sachin Raj, Anand Suresh
A Line Studio, Kasargod
Mob- 9446628262

courtesy : fb group