ട്രഡീഷണൽ വീടുകളും മോഡേൺ വില്ലകളും.

ട്രഡീഷണൽ വീടുകളും മോഡേൺ വില്ലകളും.നമ്മുടെ നാട്ടിലെ ഗ്രാമപ്രദേശങ്ങളിൽ വീടുകൾക്കുള്ള പ്രാധാന്യം ഫ്ലാറ്റുകൾക്ക് നേടിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നത് ഒരു സത്യമായ കാര്യമാണ്.

അതേസമയം ഗ്രാമപ്രദേശങ്ങൾക്കും ടൗണുകൾക്കും ഇടയിലായി വിരലിലെണ്ണാവുന്ന എണ്ണം ഫ്ലാറ്റുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു എന്നതും മറ്റൊരു വസ്തുതയാണ്.

വീടുകളെ അപേക്ഷിച്ച് ഫ്ലാറ്റുകളിലെ താമസം എന്തു കൊണ്ടും വളരെയധികം വ്യത്യാസമുള്ളതാണ്.

എന്നാൽ ഇവയ്ക്കിടയിൽ കേൾക്കുന്ന മറ്റൊരു പേരാണ് വില്ലകൾ. സാധാരണ വീടുകളിൽ നിന്നും മോഡേൺ വില്ലകൾക്ക് എന്തെല്ലാം മാറ്റങ്ങളാണ് ഉള്ളത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല.

അതായത് ഒരു ഫ്ലാറ്റിൽ ലഭിക്കുന്ന അതേ സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് നിർമ്മിക്കുന്ന വലിയ പ്ലോട്ടുകളിലെ ഒന്നിലധികം വീടുകളെയാണ് വില്ലകളായി കണക്കാക്കപ്പെടുന്നത്.

വില്ലകളും സാധാരണ വീടുകളും തമ്മിലുള്ള വ്യത്യാസങ്ങൾ ഒന്ന് വിലയിരുത്താം.

ട്രഡീഷണൽ വീടുകളും മോഡേൺ വില്ലകളും താരതമ്യം.

വില്ലകൾ നിർമ്മിക്കുന്നതിന് വില്ല പ്ലോട്ടുകൾ വാങ്ങി ഓരോരുത്തർക്കും ആവശ്യാനുസരണം നിർമിച്ച് നൽകുകയോ, അതല്ല എങ്കിൽ ബിൽഡർമാൻ ആവശ്യപ്പെടുന്ന ഒരു മാതൃക നിലനിർത്തിക്കൊണ്ട് ആ സ്ഥലത്ത് ഒരു വീട് നിർമ്മിക്കുകയോ ചെയ്യാം.

വില്ലകൾ നിർമ്മിക്കുമ്പോൾ മിക്ക ബിൽഡർമാരും ഒരു പ്രത്യേക മാതൃക ഫോളോ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. അതായത് ഒരു പ്ലോട്ടിലെ എല്ലാ വീടുകളും കാഴ്ചയിൽ ഒരേ രീതിയിൽ ആയിരിക്കണമെന്ന ആവശ്യമാണ് ഇതിലേക്ക് എത്തിക്കുന്നത്.

എന്നാൽ ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടാനുസരണം വീട് നിർമിക്കാവുന്ന രീതിയിൽ പ്ലോട്ടുകൾ നൽകുന്ന ബിൽഡർമാരും കുറവല്ല.

ഒരു പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന എല്ലാ വില്ലകൾക്കും ആവശ്യമായ സൗകര്യങ്ങളെല്ലാം തന്നെ ആ ഒരു കോമ്പൗണ്ടിൽ ഉൾപ്പെടുന്നതാണ്.

കുട്ടികൾക്ക് കളിക്കുന്നതിനുള്ള പ്ലേ ഏരിയ, സ്വിമ്മിംഗ് പൂൾ,ജിം, ക്ലബ്‌ ഹൗസ് സെക്യൂരിറ്റി സംവിധാനം, വെള്ളത്തിന്റെ ലഭ്യത എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്.

എന്നാൽ അതിനായി എല്ലാ മാസവും ഓരോ വീട്ടുകാരും ഒരു നിശ്ചിത തുക മെയിന്റനൻസ് ഇനത്തിൽ ഫീസ് ആയി നൽകേണ്ടി വരും. ലക്ഷ്യൂറീയസ് വില്ലകളുടെ കാര്യത്തിൽ സൗകര്യങ്ങൾ കൂടുതൽ ലഭിക്കുന്നതാണ്.

അതായത് ഷോപ്പിംഗ് മാൾ, സൂപ്പർ മാർക്കറ്റ്, തിയേറ്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നതിൽ അത്ഭുതപ്പെടേണ്ട.

എന്നാൽ കോടികൾ മുടക്കി നിർമ്മിക്കുന്ന നമ്മുടെ നാട്ടിലെ സാധാരണ വീടുകളിൽ പോലും ഇത്തരത്തിലുള്ള സൗകര്യങ്ങളെല്ലാം ലഭിക്കണമെന്നില്ല.

പലപ്പോഴും ആഡംബരം നിറച്ച് ഇഷ്ടമുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുത്തു നിർമിക്കുന്ന വീടുകളിൽ സെക്യൂരിറ്റി സംവിധാനം പാർക്കിംഗ് സംവിധാനം എന്നിവയെല്ലാം സ്വന്തം റിസ്കിൽ കണ്ടെത്തുകയും, നടപ്പിലാക്കുകയും വേണം.

അത്തരം സാഹചര്യങ്ങളിൽ ആണ് വില്ലകൾക്കുള്ള പ്രാധാന്യം വർധിക്കുന്നതും.

ഫ്ലാറ്റുകളിൽ നിന്നും വില്ലകളെ മാറ്റി നിർത്തുന്ന കാര്യങ്ങൾ.

ഫ്ലാറ്റുകളിൽ സ്ഥല പരിമിതി ഒരു വലിയ പ്രശ്നമായി മാറുമ്പോൾ അത്തരം പ്രശ്നങ്ങളെ മറികടക്കാൻ വില്ലകൾക്ക് സാധിക്കും. അതേസമയം ഫ്ലാറ്റുകൾ നൽകുന്ന എല്ലാവിധ സൗകര്യങ്ങളും വളരെ സ്വാതന്ത്ര്യത്തോടു കൂടി ആസ്വദിക്കുകയും ചെയ്യാം.

അപ്പാർട്ട്മെന്റുകളിൽ പ്രധാനമായും നേരിടേണ്ടി വരുന്ന പ്രശ്നം ആവശ്യത്തിന് സ്വകാര്യത ലഭിക്കില്ല എന്നതും കോമൺ വാളുകളുടെ എണ്ണം കൂടുതലാണ് എന്നതും ആയിരിക്കും.

അതേസമയം വീടിന് ചുറ്റും ആവശ്യത്തിന് സ്ഥലം ഉള്ളതു കൊണ്ടുതന്നെ ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വില്ലകൾ മാറ്റിയെടുക്കാം. സ്ഥലത്തിന്റെ അളവിലും വ്യത്യാസങ്ങൾ ഉണ്ടായിരിക്കും.

കോമൺ ഏരിയ കുറയുകയും പ്രൈവറ്റ് സ്‌പേസിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന രീതിയിലാണ് വില്ലകൾക്കുള്ള പ്ലോട്ട് ഡിസൈൻ ചെയ്യുന്നത്.

ഇവ തന്നെ ഇരുനില രീതിയിലോ, ഒരു നില മാത്രം നൽകിയോ നിർമ്മിച്ച് എടുക്കാവുന്നതാണ്. പ്രധാനമായും നഗര ഭാഗങ്ങളിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു വീട്ടിൽ താമസിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് വില്ലകൾ. എന്നാൽ ഇത്രയും സ്ഥലവും സൗകര്യവും ലഭിക്കുന്നതു കൊണ്ട് തന്നെ അപ്പാർട്ട്മെന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് നൽകേണ്ടി വരുന്ന വിലയും വളരെ കൂടുതലായിരിക്കും.

എന്നാൽ ഗ്രാമപ്രദേശങ്ങളിൽ കോടികൾ മുടക്കി നിർമ്മിക്കുന്ന വീടുമായി താരതമ്യം ചെയ്തു വില്ലകൾ സ്വന്തമാക്കാൻ ശ്രമിച്ചാൽ അത് വീടെന്ന പ്രതീക്ഷകളെ തകിടം മറക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.വളരെയധികം ശാന്തമായ ജീവിതം നഗരപ്രദേശങ്ങളിൽ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്നതാണ് വില്ലകൾ.

ട്രഡീഷണൽ വീടുകളും മോഡേൺ വില്ലകളും തമ്മിലുള്ള വ്യത്യാസം ഇതിൽ നിന്നും വ്യക്തമായി കാണുമെന്ന് പ്രതീക്ഷിക്കുന്നു.