വീടിന് സിറ്റൗട്ട് ഒരുക്കാം കൂടുതൽ ഭംഗിയായി.

ഏതൊരു വീടിനെയും സംബന്ധിച്ച് വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഭാഗമായി സിറ്റ് ഔട്ട് കണക്കാക്കുന്നു. അതിനുള്ള പ്രധാന കാരണം വീട്ടിലേക്ക് ഒരു അതിഥി പ്രവേശിക്കുമ്പോൾ ആദ്യമായി കാണുന്ന ഭാഗം സിറ്റൗട്ട് തന്നെയാണ്.

ഫ്ലാറ്റുകളിൽ സിറ്റൗട്ടിനു പ്രാധാന്യം ഇല്ല എങ്കിലും പഴയ കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ സിറ്റൗട്ട് ഒരു അവിഭാജ്യഘടകമായി മാറി.

പഴയ രീതി അനുസരിച്ച് വീട്ടിലേക്ക് ഒരു അതിഥി പ്രവേശിക്കുമ്പോൾ കഴുകാനുള്ള വെള്ളം ഒരു കിണ്ടിയിലും, തുടക്കാൻ ഉള്ള തോർത്ത് ചാരുപടിയിലും നൽകുന്ന രീതി പാരമ്പര്യത്തിന്റെ പ്രൗഢി കാണിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു.

എന്നാൽ ഇന്ന് കാലം മാറി അതനുസരിച്ച് വീടിന്റെ രൂപ ഭംഗിയും മാറി തുടങ്ങിയിരിക്കുന്നു. വീടിന്റെ സിറ്റൗട്ട് കൂടുതൽ ഭംഗിയാക്കാനായി പരീക്ഷിക്കാവുന്ന ചില കാര്യങ്ങളെ പറ്റി മനസ്സിലാക്കാം.

സിറ്റൗട്ട് നിർമ്മിക്കുമ്പോൾ

ഒരു സിറ്റൗട്ടിനെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നത് അതിന്റെ വിശാലത തന്നെയാണ്. വീട്ടിലേക്ക് പ്രവേശിക്കുന്ന മെയിൻ ഡോർ സിറ്റൗട്ടിൽ നിന്നുമാണ് നൽകുന്നത്.

അതുകൊണ്ടുതന്നെ അവ കൂടുതൽ ഭംഗിയുള്ളതും , കൊത്തുപണികൾ ഉള്ളതും ആക്കി നൽകിയാൽ വീടിന് ഒരു പ്രത്യേക ഭംഗി ലഭിക്കും.

അതല്ല എങ്കിൽ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്ന UPVC, സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുത്ത് അവയിൽ വ്യത്യസ്ത നിറങ്ങൾ നൽകാവുന്നതാണ്.

ചാരു പടികൾ നൽകുമ്പോൾ

മുൻ കാലങ്ങളിൽ മരത്തിൽ തീർത്ത ചാരു പടികളാണ് കൂടുതലായും സിറ്റൗട്ട് കളിൽ നൽകിയിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി സ്റ്റീൽ,അലൂമിനിയം എന്നിവ ഉപയോഗിച്ചുള്ള ചാരുപടികൾക്ക് പ്രാധാന്യമേറി.

അതേസമയം ഏറ്റവും മോഡേൺ ആയ രീതിയിൽ ചാരു പടികൾ നൽകാതെ ഓപ്പണായി ഇടുന്ന രീതിയും പിന്തുടരുന്നുണ്ട്.

സിറ്റൗട്ട് പൂർണമായും ഓപ്പണായി ഇടുമ്പോൾ തന്നെ വിശാലത കൂടിയതായി അനുഭവപ്പെടും. മറ്റൊരു രീതി വരാന്തകളുടെ രൂപത്തിൽ വ്യത്യസ്ത ഷേപ്പിൽ സിറ്റൗട്ട് നൽകുന്നതാണ്.

ഇത് നീളത്തിലോ, എൽ ഷേപ്പിലോ ഒക്കെ നൽകുന്നവരുണ്ട്. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വീട് ഉപയോഗിക്കുന്നുണ്ടെങ്കിൽ വരാന്തയിൽ നിന്നും പ്രവേശിക്കാവുന്ന രീതിയിൽ ഒരു ചെറിയ റൂം സിറ്റൗട്ടിനോട് ചേർന്ന് സെറ്റ് ചെയ്തു നൽകാവുന്നതാണ്.

അങ്ങിനെ ചെയ്യുന്നത് വഴി വീട്ടിൽ വരുന്നവർക്ക് ഇരിക്കാനുള്ള ഒരു ഇടം സെറ്റ് ചെയ്യാനും വരാന്ത ഉപയോഗപ്പെടുത്താൻ സാധിക്കും.

സിറ്റ് ഔട്ട് ഓപ്പണായി ഇടുമ്പോൾ.

സിറ്റ് ഔട്ട് ഭിത്തികൾ ഇല്ലാതെ ഓപ്പണായി ഇടുകയാണെങ്കിൽ കാറ്റടിച്ച് കൂടുതൽ ഇലകളും മറ്റും വീഴാനുള്ള സാധ്യതയുണ്ട്.പലപ്പോഴും ഒന്നോ രണ്ടോ ഭിത്തികൾ മാത്രമാണ് സിറ്റൗട്ടിൽ ഉണ്ടാവുക.

അതുകൊണ്ടു തന്നെ അവ പെട്ടെന്ന് ക്ലീൻ ചെയ്യുന്നതിന് ഫ്ലോറിങ്ങിൽ ടൈൽ അല്ലെങ്കിൽ ഗ്രാനൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.

ഇവയിൽ തന്നെ കൂടുതൽ നല്ലത് ഗ്രാനൈറ്റ് തിരഞ്ഞെടുക്കുന്നതാണ്. ഇതിനുള്ള പ്രധാന കാരണം ഗ്രാനൈറ്റ് ഒരു നാച്ചുറൽ സ്റ്റോൺ ആയതുകൊണ്ട് തന്നെ അവ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ പ്രവർത്തിക്കുന്നു എന്നതാണ്.

കൂടുതൽ സൂര്യപ്രകാശം ഏൽക്കുമ്പോൾ ഫെയ്ഡ് ആകാനുളള സാധ്യതയും ഗ്രാനൈറ്റിന് കുറവാണ്.

ഷൂ റാക്ക് നൽകുമ്പോൾ

എല്ലാ വീട്ടിലും ചെരിപ്പ് വയ്ക്കാനായി ഒരു പ്രത്യേക ഇടം സജ്ജീകരിച്ച് നൽകുന്നതാണ് നല്ലത്. വൃത്തിയോടെയും അടുക്കും, ചിട്ടയോട് കൂടിയും ചെരിപ്പുകൾ അറേഞ്ച് ചെയ്യുന്നതിന് ഒരു ഷൂ റാക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഇൻ ബിഎൽറ്റ് ഷൂ റാക്കുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.ഇത് സിറ്റൗട്ടിൽ കൂടുതൽ ഏരിയ ലഭിക്കുന്നതിന് സഹായിക്കുന്നു.

സിറ്റ് ഔട്ടിനോട് ചേർന്നുള്ള ഭിത്തിയിൽ 15 സെന്റീമീറ്റർ നീളത്തിൽ ഒരു സ്ലാബ് നൽകി കൊണ്ട് ഷൂ റാക്ക് നിർമ്മിച്ചെടുക്കാം. അതല്ല എങ്കിൽ റെഡിമെയ്ഡ് ആയ നല്ല ഷൂ റാക്കുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഷൂ റാക്ക് സജ്ജീകരിക്കാനായി കാർപോർച്ചിന്റെ ഭാഗമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കൂടുതൽ നല്ലതാണ്.

വരുന്നവർക്ക് എളുപ്പത്തിൽ ചെരിപ്പ് അഴിച്ചു വെച്ച് വീട്ടിലേക്ക് പ്രവേശിക്കാൻ സാധിക്കും.

സിറ്റൗട്ടിൽ ഉപയോഗിക്കാനായി ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.

അത്യാവശ്യ കാര്യങ്ങൾക്ക് വീട്ടിലേക്ക് വരുന്ന അതിഥികൾക്ക് ഇരിക്കാനായി മരത്തിൽ തീർത്തതോ അതല്ല എങ്കിൽ പ്ലാസ്റ്റിക് മെറ്റീരിയലിൽ നിർമ്മിച്ചതോ ആയ ചെയറുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

കൂടുതൽ വിശാലമായ സ്ഥലം സിറ്റൗട്ടിൽ ഉണ്ടെങ്കിൽ അവിടെ ഒരു സ്വിങ് ചെയർ നൽകാം.

ചാരുപടികൾ ഉള്ള സിറ്റൗട്ട് ആണ് എങ്കിൽ ചാരുപടി കൾക്ക് ചുറ്റും ആളുകൾക്ക് ഇരിക്കാനുള്ള ഇടം ലഭിക്കുന്നതാണ്.

അതല്ല എങ്കിൽ മരത്തിൽ തീർത്ത ബെഞ്ചുകൾ വ്യത്യസ്ത ഡിസൈനിലും പാറ്റേണിലും സിറ്റൗട്ടിൽ നൽകുകയാണെങ്കിൽ അവ കൂടുതൽ ഭംഗി നൽകും.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഏതെങ്കിലും രീതിയിലുള്ള പ്ലാന്റുകൾ തിരഞ്ഞെടുത്ത് നൽകിയാൽ അത് കാണുന്നവർക്ക് വീട്ടിലേക്ക് കയറുമ്പോൾ കണ്ണിന് ഒരു കുളിർമ നൽകുന്ന കാഴ്ചയായിരിക്കും.

ഇത്തരത്തിൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് തന്നെ വീടുകളിൽ സിറ്റൗട്ട് ഭംഗിയായി അറേഞ്ച് ചെയ്യാവുന്നതാണ്.