സ്മാർട്ട് ചട്ടിയും ഗാർഡനിങ്‌ രീതികളും.

സ്മാർട്ട് ചട്ടിയും ഗാർഡനിങ്‌ രീതികളും.പണ്ടു കാലത്തെ രീതികളിൽ നിന്നും വ്യത്യസ്തമായി ഗാർഡനിംഗ് എന്ന ആശയത്തിന് പുതിയ ഒരു തലമാണ് ഇപ്പോൾ ഉള്ളത്.

മുറ്റം നിറയെ ചെടികൾ വെച്ചുപിടിപ്പിക്കാൻ ഉള്ള സ്ഥലവും, സൗകര്യവും ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി ഫ്ലാറ്റ് ജീവിതം നമ്മെ പഠിപ്പിക്കുന്നത് കുറഞ്ഞ സ്ഥലത്ത് എങ്ങിനെ ജീവിക്കാം എന്നതാണ്.

കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും ഗാർഡങ്ങിന്നോടുള്ള ഇഷ്ടം ആർക്കും കുറയുന്നില്ല.

വീടിനകത്ത് ഒരു ഇന്റീരിയർ പ്ലാന്റ് എങ്കിലും നൽകുകയും, ബാൽക്കണി പോലുള്ള സ്ഥലങ്ങളിൽ സൗകര്യങ്ങൾക്ക് അനുസരിച്ച് ചെടിച്ചട്ടികൾ വയ്ക്കാനും താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും.

ചെടിക്ക് മാത്രമല്ല ചെടിചട്ടി കൾക്കും വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നു കഴിഞ്ഞു.

മുൻകാലങ്ങളിൽ പ്രധാനമായും കളിമണ്ണിൽ തീർത്ത ചട്ടികൾ ആണ് ചെടികൾ നടനായി ഉപയോഗപ്പെടുത്തിയിരുന്നത്.

എന്നാൽ ഇന്ന് സിമന്റ്, സെറാമിക് ചട്ടികൾ മാത്രമല്ല സ്മാർട്ട്‌ ചട്ടികൾ വരെ വിപണിയിലെത്തിക്കഴിഞ്ഞു. വ്യത്യസ്ത ചട്ടികളും ഗാർഡനിംഗ് രീതിയും വിശദമായി മനസ്സിലാക്കാം.

സ്മാർട്ട് ചട്ടിയും ഗാർഡനിങ്‌ രീതികളും.

കാഴ്ചയിൽ പച്ചപ്പ് നിറയ്ക്കുക മാത്രമല്ല ചെടികൾ സമ്മാനിക്കുന്നത് പകരം വീടിനകത്തെ ചൂട് കുറയ്ക്കുന്നതിലും, ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിലും ചെടികൾക്കുള്ള പ്രാധാന്യം ചെറുതല്ല.

ഇന്റീരിയർ ഡിസൈനിങ്ങിൽ ഇൻഡോർ പ്ലാന്റുകൾ ക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. ഏതൊരു ചെറിയ മുറിക്കും വലിപ്പം തോന്നിപ്പിക്കാനായി ഒരു ഇൻഡോർ പ്ലാന്റ് നൽകുന്നതു വഴി സാധിക്കും.

ഇപ്പോൾ ചെടികൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന ചെടിചട്ടി കൾക്കും വളരെയധികം പ്രാധാന്യം വന്നിരിക്കുന്നു. ഒരു ഡെക്കറേറ്റീവ് ഐറ്റം എന്ന രീതിയിലാണ് ചെടിച്ചട്ടികൾ പലരും തിരഞ്ഞെടുക്കുന്നത്.

വീടിന്റെ ഇന്റീരിയറിനോട് നീതി പുലർത്തുന്ന രീതിയിൽ വാഷ് എരിയ, പാർട്ടീഷൻ, കിച്ചൺ സ്ലാബ്, ഡൈനിങ് ടേബിൾ എന്നിവിടങ്ങളിലും ഇൻഡോർ പ്ലാന്റുകൾ ക്കുള്ള പ്രാധാന്യം വർദ്ധിച്ചു.

വ്യത്യസ്ത ഷേപ്പിലും,നിറങ്ങളിലുമുള്ള പോട്ടുകൾ കുറഞ്ഞ വലിപ്പം തൊട്ട് ആവശ്യമുള്ള വലിപ്പത്തിൽ വരെ കസ്റ്റമൈസ് ചെയ്ത വാങ്ങിക്കാനും സാധിക്കും.

ഒരു കുഞ്ഞൻ ചിരട്ടയുടെ വലിപ്പത്തിൽ തൊട്ട് ഭീമൻ പോട്ടുകൾ വരെ ഗാർഡനിങ്ങിൽ ഇടം പിടിച്ചു കഴിഞ്ഞു.

ഹോൾ സെയിൽ നിരക്കിൽ ചെടിച്ചട്ടികൾ വാങ്ങുകയാണെങ്കിൽ 10 രൂപയിൽ തുടങ്ങി 2000 രൂപ വരെയുള്ള ചെടിച്ചട്ടികൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

ചെടിച്ചട്ടിയിലെ മാറുന്ന ട്രെൻഡ്

ട്രെൻഡ് അനുസരിച്ച് ചെടിച്ചട്ടികളിലും വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ വന്നു. കളി മൺചട്ടികൾ ആണ് തുടക്കത്തിൽ കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നത് എങ്കിൽ പിന്നീട് ഫൈബർ, തെർമോപ്ലാസ്റ്റിക് മെറ്റീരിയലുകളിൽ ഉള്ള ചെടിച്ചട്ടികൾ ക്ക് പ്രാധാന്യം വർദ്ധിച്ചു. കളി മൺചട്ടികൾ ഉപയോഗപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന പായൽ പൂപ്പൽ എന്നിവയുടെ ശല്യം ഒരു പരിധി വരെ ഒഴിവാക്കാൻ ഇത്തരം ചട്ടികൾക്ക് സാധിച്ചു. ഇവയ്ക്ക് മാർക്കറ്റിൽ വളരെയധികം ഡിമാൻഡ് ലഭിക്കാനുള്ള മറ്റു ചില കാരണങ്ങൾ താരതമ്യേനെ മറ്റു ചട്ടികളെ അപേക്ഷിച്ച് ഭാരക്കുറവ്, കൂടുതൽ കാലം ഈടു നിൽക്കും എന്നിവയെല്ലാമാണ്. അതോടൊപ്പം ആവശ്യാനുസരണം ഇഷ്ടമുള്ള നിറങ്ങളിൽ പെയിന്റ് ചെയ്ത് ചട്ടികൾ വാങ്ങാനും സാധിക്കും.

ഹാങ്ങ് ചെയ്യുന്നതോ, ഫ്ലോറിൽ വയ്ക്കുന്നതോ ആയ ചട്ടികൾ തിരഞ്ഞെടുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം അവയുടെ താഴെ ഭാഗം ലീക്ക് ആകുന്നതാണ്. എന്നാൽ അതിന് ഒരു പരിഹാരമെന്നോണം താഴെ പ്ലേറ്റുകൾ വെച്ച് നൽക്കുന്ന രീതി ഉണ്ടായിരുന്നു എങ്കിലും അവ പൂർണ്ണമായും ഫലപ്രദമാണ് എന്ന് പറയാൻ സാധിക്കില്ല. അതേസമയം വ്യത്യസ്ത നിറങ്ങളിലും, ആകൃതിയിലുമുള്ള സെറാമിക് ചട്ടികളോട് എല്ലാകാലത്തും ആളുകൾക്ക് പ്രിയം കൂടുതലാണ്. മറ്റു ചട്ടികളെ അപേക്ഷിച്ച് സെറാമിക് ചട്ടികൾക്ക് വില അല്പം കൂടുതലാണ്. ഇന്റീരിയർ,എക്സ്റ്റീരിയർ ചെടികൾക്ക് വേണ്ടി ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ് സെറാമിക് ചട്ടികൾ. ഇവ കൂടാതെ ചെമ്പ്,സ്റ്റീൽ പിച്ചള പോലുള്ള മെറ്റീരിയലുകളും ചെടിച്ചട്ടി കൾക്കിടയിൽ സ്ഥാനം പിടിച്ചു.

സ്മാർട്ട്‌ ചട്ടികളുടെ കാലം

ഇന്ന് നമുക്ക് ചുറ്റുപാടുമുള്ള എല്ലാ കാര്യങ്ങളും സ്മാർട്ട്‌ ആയി മാറി കഴിഞ്ഞു. അതനുസരിച്ച് ചെടിച്ചട്ടികളും സ്മാർട്ടായി. ആവശ്യത്തിൽ കൂടുതൽ വെള്ളം നിറഞ് ലീക്ക് ആവുന്ന അവസ്ഥ ഒഴിവാക്കാനും, ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഒഴിക്കാൻ ഓർമ്മിപ്പിക്കാനും കഴിവുള്ളവയാണ് സ്മാർട്ട് ചട്ടികൾ. ചെടിയിൽ എത്രമാത്രം വെള്ളത്തിന്റെ അംശം ഉണ്ടെന്ന് കൃത്യമായി മോണിറ്റർ ചെയ്യാൻ സ്മാർട്ട്‌ ചട്ടികൾ ഉപയോഗപ്പെടുത്തുന്നത് വഴി സാധിക്കും.വാട്ടർ ലെവൽ ഇൻഡിക്കേറ്റർ കൃത്യമായി എത്ര വെള്ളം ചെടിക്ക് ആവശ്യമാണ് എന്നത് വീട്ടുകാരനെ അറിയിക്കും.

മാത്രമല്ല എല്ലാ ദിവസവും വെള്ളം ഒഴിച്ചു നൽകുന്നതിന് പകരം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ മാത്രമാണ് ഇത്തരം ചട്ടികളിൽ വെള്ളമൊഴിച്ചു നൽകേണ്ടി വരുന്നുള്ളൂ. സ്മാർട്ട്‌ ചെടികൾക്ക് വലിയ വില കൊടുക്കേണ്ടി വരും എന്ന് ചിന്തിക്കുന്ന വർക്കുള്ള ഉത്തരം 150 രൂപ മുതൽ ഇവ വാങ്ങാൻ സാധിക്കും എന്നതാണ്.അതേസമയം സ്മാർട്ട്‌ ചട്ടികൾ വാങ്ങാൻ ആഗ്രഹിക്കാത്തവർക്ക് പരീക്ഷിക്കാവുന്ന മറ്റൊരു കാര്യം സാധാരണ ചട്ടികളിൽ തന്നെ മെറ്റൽ, ജിപ്സം പൗഡർ എന്നിവ ഉപയോഗപ്പെടുത്തി ഈർപ്പം നിലനിർത്തുന്ന രീതിയാണ്.

സ്മാർട്ട് ചട്ടിയും ഗാർഡനിങ്‌ രീതികളും,വെര്‍ട്ടിക്കല്‍ ഗാര്‍ഡനും സെറ്റ് ചെയ്യാം

ട്രെൻഡ് അനുസരിച്ച് ഗാർഡനിങ്ങിൽ മാറ്റം കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർ വെർട്ടിക്കൽ ഗാർഡൻ രീതിയിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. സ്റ്റീൽ, വുഡൻ പാനൽ ഉപയോഗപ്പെടുത്തി ചെടികൾ നിരയായി തൂക്കിയിടുന്ന രീതിയാണ് കൂടുതലായും കണ്ടു വരുന്നത്.

കൂടാതെ ഒന്നോ രണ്ടോ ചെടികൾ മാത്രം പരസ്പരം ഹാങ്ങ് ചെയ്യുന്ന രീതിയിലും വേർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യാം. ഗാർഡനിങ് ചെയ്യാൻ സ്ഥലപരിമിതി ഉള്ളവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് വെർട്ടിക്കൽ ഗാർഡനുകൾ. വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വേർട്ടിക്കൽ ഗാർഡുനുകളും സ്മാർട്ട് ചട്ടികളും ഗാർഡനിങ്ങിൽ തീർക്കുന്നത് പുതിയ വിസ്മയങ്ങൾ തന്നെയാണ്.

സ്മാർട്ട് ചട്ടിയും ഗാർഡനിങ്‌ രീതികളും മനസിലാക്കി കാലത്തിനൊത്ത മാറ്റം ചെടികളിലും ചമക്കാം.